മക്ക: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്കു തുടക്കം കുറിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ 10 ലക്ഷം ഹാജിമാര്‍ മിനായില്‍. കഴിഞ്ഞ ദിവസങ്ങളിൽ കഅ്ബ പ്രദക്ഷിണം (ത്വവാഫുല്‍ ഖുദൂം) നടത്തിയശേഷമാണു ഹാജിമാര്‍ മിനായിലേക്കു നീങ്ങിയത്.
കാല്‍നടയായും ബസുകളിലുമായാണു ഹാജിമാര്‍ മിനായിലെത്തിയത്. തമ്പുകളുടെ നഗരമെന്ന് അറിയപ്പെടുന്ന മിനായില്‍ വിപുലമായ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. 20.05 ലക്ഷം ചതുരശ്ര മീറ്റര്‍ ചുറ്റളവിലാണ് ആധുനിക സംവിധാനങ്ങളോടെയുള്ള ഒരു ലക്ഷം ടെന്റുകളാണ് ഇവിടെയുള്ളത്.
ഇനി ചൊവ്വാഴ്ച വരെ മിനാ നഗരം പ്രാര്‍ഥനാ നിരതരായ ഹാജിമാരാല്‍ സജീവമായിരിക്കും. ദുല്‍ഹജ്ജ് എട്ടായ ഇന്ന് ഹാജിമാര്‍ക്ക് പ്രത്യേക ആരാധനകളൊന്നുമില്ല. പുലര്‍ച്ചെ വരെ മിനായില്‍ തങ്ങുന്ന ഹാജിമാര്‍ ളുഹര്‍, അസര്‍, മഗ്രിബ്, ഇശാ, സുബഹി നിസ്‌കാരങ്ങള്‍ ഇവിടെ നിര്‍വഹിക്കും. ഇന്ന് പുലര്‍ച്ചെ സുബ്ഹി നിസ്‌കാരത്തിനുശേഷം അറഫയിലേക്കു നീങ്ങും. ഉച്ചയോടെ മുഴുവന്‍ ഹാജിമാരും അറഫയിലെത്തും.
ദുല്‍ഹജ്ജ് ഒന്‍പതായ ഇന്നാണ് ഹജ്ജിന്റെ പ്രധാന കര്‍മമായ അറഫ സംഗമം. ഇസ്ലാമിക കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ടതും വിശുദ്ധവുമായി കണക്കാക്കപ്പെടുന്ന അറഫ ദിനം ഇത്തവണ വെള്ളിയാഴ്ചയാണെന്നതും ഈ ഹജ്ജ് സീസണിന്റെ പ്രത്യേകതയാണ്. ദുല്‍ഹജ്ജ് പത്താം ദിവസമായ ജൂലൈ ഒൻപതിനാണു ബലിപെരുന്നാള്‍ (ഈദ് അല്‍ അദ).
അറഫാ സംഗമത്തിലെ ഖുതുബയ്ക്കു മസ്ജിദുന്നമിറയില്‍ മുസ്ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍െ സെക്രട്ടറി ശൈഖ് ഡോ.മുഹമ്മദ് ബിന്‍ അബ്ദുല്‍ കരീം അല്‍ ഇസയാണു നേതൃത്വം നല്‍കുന്നത്. ഹിജ്‌റ പത്താം വര്‍ഷം ലക്ഷത്തില്‍പരം അനുയായികളുമായുള്ള മുഹമ്മദ് നബിയുടെ വിടവാങ്ങല്‍ പ്രസംഗത്തെ അനുസ്മരിച്ചുള്ളതാണു മസ്ജിദുന്നമിറയിലെ അറഫ ഖുതുബ.
കനത്ത ചൂടിന്റെ സാഹചര്യത്തില്‍ ആരോഗ്യസുരക്ഷയ്ക്കു വേണ്ട മുന്‍കരുതലുകളെടുക്കാന്‍ ഹാജിമാരോട് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. മക്ക, പുണ്യസ്ഥലങ്ങള്‍, മദീന, ജിദ്ദ എന്നിവിടങ്ങളില്‍ ഇന്ന് പരമാവധി താപനില 28-43 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്നും ഉപരിതല കാറ്റില്‍ മണിക്കൂറില്‍ 10 മുതല്‍ 38 കിലോമീറ്റര്‍ വരെ വേഗതയില്‍ പൊടിപടലങ്ങള്‍ ഉയരുമെന്നുമാണു സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം.
തീര്‍ഥാടകര്‍ക്കു രോഗശാന്തിയും പ്രതിരോധ സേവനങ്ങളും നല്‍കുന്നതിനായി പുണ്യസ്ഥലങ്ങളില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ആരോഗ്യ മന്ത്രാലയം തയാറാക്കിയിട്ടുണ്ട്. മിന, ജമറാത്ത്, അറഫാത്ത്, മുസ്ദലിഫ എന്നിവിടങ്ങളിലെ പുണ്യസ്ഥലങ്ങളില്‍ 93 ആരോഗ്യ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഉയര്‍ന്ന യോഗ്യതയുള്ള ആരോഗ്യ, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫുകളുടെ സേവനം ഈ കേന്ദ്രങ്ങളില്‍നിന്ന് ലഭ്യമാകും.
മിനായില്‍ നാല് ആശുപത്രികളിലും 26 ആരോഗ്യ കേന്ദ്രങ്ങളിലുമായി 550 കിടക്കകളാണ് സജ്ജമാക്കിയിരിക്കുന്ന്. 100 ചെറിയ ആംബുലന്‍സുകളും 75 വലിയ ആംബുലന്‍സുകളും തയാറാണ്.
5,765 മലയാളികള്‍ ഉള്‍പ്പെടെ 79,468 തീര്‍ത്ഥാടകരാണ് ഇന്ത്യയില്‍നിന്ന് ഇത്തവണ ഹജ്ജിന് എത്തിയിരിക്കുന്ന്ത. ഇന്ത്യന്‍ ഹാജിമാര്‍ക്കുള്ള വിശദമായ ക്യാമ്പ് റൂട്ട് മാപ്പ് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മിന, അറഫ എന്നിവിടങ്ങളിലെ ഇന്ത്യന്‍ ക്യാമ്പ് റൂട്ട് മാപ്പാണിത്.