/indian-express-malayalam/media/media_files/uploads/2018/07/sudhir-hareesh.jpg)
മൂന്ന് ലക്കം കൊണ്ട് ഒരു നോവലിന്റെ ജീവിതം പൂർത്തിയാക്കിയാണ് എസ്. ഹരീഷിന്റെ 'മീശ' പിൻവാങ്ങുന്നത്. കേരളീയ സമൂഹത്തെക്കുറിച്ചുള്ള പല മിഥ്യാധാരണകളും തുറന്നു കാട്ടാൻ ഹരീഷിന്റെ നോവൽ ഖണ്ഡത്തിന് സാധിച്ചിരിക്കുന്നു. ഇതൊരു ചെറിയ കാര്യമല്ല. പ്രസിദ്ധീകരണം പൂർത്തിയാക്കപ്പെടുകയും നോവൽ പൂർണ്ണമായും വായനക്കാരന്റെ കൈകളിലേക്ക് എത്തുകയും ചെയ്തിരുന്നെങ്കിൽ സാധിക്കുമായിരുന്നതിനേക്കാൾ വലിയ ദൗത്യമാണ് അതിന്നിപ്പോൾ നിർവ്വഹിച്ചിരിക്കുന്നത്. മലയാളിയുടെ കാപട്യം ഇതു പോലെ തുറന്നു കാട്ടപ്പെട്ട മറ്റൊരു സംഭവം സമീപ കാലത്തൊന്നും കേരളത്തിന്റെ ചരിത്രത്തിലില്ല. നോവൽ എന്ന നിലയിലുള്ള ഒരു വിലയിരുത്തൽ ഇനി അസാധ്യവും അപ്രസക്തവുമാണല്ലോ.
എന്തു കൊണ്ടാണ് ഹരീഷിന് ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നത്? ഓരോ മലയാളിയും സ്വയം ചേദിക്കേണ്ട ചോദ്യമാണത്. ഹരീഷെന്ന മിടുുക്കനായ ചെറുകഥാകൃത്തിന്റെ ആദ്യ നോവലാണ് 'മീശ'. മലയാള സാഹിത്യ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നോവൽ. മൂന്നാം ലക്കത്തോടെ അതിന്റെ ജീവിതം അവസാനിച്ചിരിക്കുന്നു. എന്തു കൊണ്ട്?
നോവലിന്റെ രണ്ടാം ലക്കത്തിൽ ഒരു കഥാപാത്രം സാന്ദർഭികമായി പറഞ്ഞ ഒരഭിപ്രായം ഹിന്ദു വിശ്വാസത്തിനെ വ്രണപ്പെടുത്തി എന്നാണ് എതിർക്കുന്നവർ പറയുന്ന വാദം. ഇത്രയും പൊള്ളയായ ഒരു വാദം വേദേതിഹാസങ്ങളുടെ പിൻബലത്തോടെ മുന്നേറിയ ഒരു സമൂഹത്തിൽ നിന്നും കേൾക്കേണ്ടി വരിക എന്നതിൽപ്പരം നാണക്കേട് മറ്റൊന്നുമില്ല. ഭാവനയിൽ കൊരുത്ത ഒരു കഥയിലെ ഒരു കഥാപാത്രത്തിന്റെ കേവലാഭിപ്രായം കൊണ്ട് തകർന്നടിയുന്ന ഒന്നാണ് ഹിന്ദു മൂല്യങ്ങൾ എന്നു വന്നാൽ പിന്നെന്തു പറയാൻ? ഭാരത സംസ്ക്കാരത്തിന്റെ കുത്തകാവകാശം അവരുടെ കൈകളിലാണെന്ന് ശാഠ്യം പിടിച്ചു കൊണ്ട് അവരതിനെ അവഹേളിക്കുന്നത് കാണേണ്ടിവന്ന സന്ദർഭം കൂടിയാണിത്. ഇതാണ് ഹരീഷ് വിവാദത്തിലൂടെ നമ്മൾ തിരിച്ചറിയേണ്ടത്.
Read More: 'എഴുത്തുകാർ കഥാപാത്രങ്ങളുടെ മനഃസാക്ഷി സൂക്ഷിപ്പുകാരല്ല' ​ഇ. സന്തോഷ് കുമാർ എഴുതുന്നു
/indian-express-malayalam/media/media_files/uploads/2018/07/s-hareesh-.jpg)
മലയാളി കേവലം മത ജീവികളായി മാറിയതിന്റെ ദൃഷ്ടാന്തമാണ് നോവലിനെതിരെ ഉയർന്ന പ്രതിഷേധം. നമ്മുടെ സാഹിത്യവുമായോ, സംസ്ക്കാരവുമായോ യാതൊരു ബന്ധവുമില്ലാത്തവരാണ് ഇതിന്റെ പിന്നിൽ എന്ന കാര്യത്തിൽ സംശയമില്ല. ഈ കേരളത്തിലെ ക്ഷേത്രങ്ങളിൽ പുരുഷാർത്ഥകൂത്ത് എന്നൊരു കലാരൂപം അരങ്ങേറിയിരുന്നു. നൂറ്റാണ്ടുകളായി അത് കേട്ടിട്ട് ഹിന്ദു വിശ്വാസികൾക്ക് വല്ലതും സംഭവിച്ചുവോ? വിശ്വാസങ്ങൾ ഇല്ലാതായോ? മൂല്യങ്ങൾ കൈമോശം വന്നുവോ? ആ പരിപാടി അവതരിപ്പിച്ച കലാകാരമാരായ ചാക്യന്മാർ പറഞ്ഞത്ര 'വ്രണിത ഭാഷണങ്ങൾ' പറയുവാൻ ഹരീഷിനെന്നല്ല ഇക്കാലത്തെ ഒരു കലാകാരനും സാധ്യമല്ല. അത് കേട്ടാസ്വദിച്ച ഒരു സമൂഹത്തിന്റെ മുന്നിലാണ് പുതിയ ഹിന്ദുത്വ വെളിച്ചപ്പാടന്മാർ ഉറഞ്ഞു തുള്ളുന്നത്. കേരളത്തിലെ ഹിന്ദു സമൂഹം ഇത്രയും ചപലതയോടെ ഒരിക്കലും സ്വയം അവഹേളനത്തിന് വിധേയമായിട്ടില്ല. ഹിന്ദു വിശ്വാസികളുടെ നേതൃത്വം പിടിച്ചടക്കാൻ ശ്രമിക്കുന്നവരുടെ ആത്മവിശ്വാസക്കുറവാണ് വിയോജിപ്പായും വെറുപ്പായും ആക്രമമായും ഇപ്പോൾ അരങ്ങു തകർക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ അതിഹൈന്ദവന്റെ പിടിയിലാണ് ഇന്നത്തെ കേരളീയ സമൂഹം .
മലയാള സാഹിത്യത്തിൽ നിന്ന് ധാരാളം ഉദാഹരണങ്ങൾ നിരത്താൻ കഴിയും. വിശ്വാസങ്ങളെപ്പറ്റി, വിശ്വാസികളെപ്പറ്റി , ദൈവത്തെപ്പറ്റി ഭിന്നാഭിപ്രായങ്ങൾ പറഞ്ഞവയായി. എൻ.എൻ.പിള്ളയും പോഞ്ഞിക്കര റാഫിയും കെ.ടി.മുഹമ്മദും മതങ്ങൾക്കും ദൈവങ്ങൾക്കും എതിരെ എഴുതിയപ്പോൾ ഈ നാട്ടിലെ ഹിന്ദുവിന്റെയും കൃസ്ത്യാനിയുടെയും മുസൽമാന്റെയും വിശ്വാസങ്ങൾക്ക് പോറലേറ്റില്ല. രക്തം തിളച്ചില്ല. കാരണം അവരൊക്കെ യഥാർത്ഥ വിശ്വാസികളായിരുന്നു. അവർക്ക്, ആ സമൂഹത്തിന് വകതിരിവുണ്ടായിരുന്നു. അവർ നല്ല മനുഷ്യരായിരുന്നു. അവരെ മുന്നോട്ടു നയിച്ചത് സംസ്കാരമായിരുന്നു. എഴുത്തും വായനയും അവരുടെ ജീവിത മൂല്യങ്ങളെ ശുദ്ധീകരിച്ചു കൊണ്ടിരുന്നു. അവരുടെ വിശ്വാസങ്ങളിൽ അവർക്ക് ഉത്തമ വിശ്വാസമുണ്ടായിരുന്നു. 'ചുമ്മാ ' തെറിക്കുന്ന മൂക്കായല്ല അവർ അവരുടെ മൂല്യങ്ങളെക്കണ്ടത്.
ഇതിനാണ് മാറ്റം വന്നിരിക്കുന്നത്. തെരുവിലെ ഹിന്ദു ഇന്ന് വല്ലാതെ അരക്ഷിതനായി പെരുമാറുന്നു. അവൻ ഉത്തരങ്ങൾക്ക് പകരം മോശപ്പെട്ട മാതൃകകളിൽ നിന്ന് അസംബന്ധ ചോദ്യങ്ങൾ കണ്ടെത്തുന്നു. തെളിച്ചു പറയാം. കേരളത്തിലെ ഹിന്ദുത്വ വാദികൾ, അതി ഹൈന്ദവർ താദാത്മൃപ്പെടാൻ മത്സരിക്കുന്നത് മറ്റിടങ്ങളിലെ പോലെ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും നുണപ്രചാരണത്തിന്റെയും കാര്യത്തിൽ മുന്നിലെത്താനാണ്. അതിനാണവർ ഹരീഷിനോട് കൊമ്പു കോർക്കുന്നത്. 'മീശ' വിവാദം തന്നെ അതിന് ഉദാഹരണമാണ്. ഇതെഴുതിയത് ആരാണെന്നോ, ഇത് മാതൃഭൂമി പത്രത്തിലാണോ ആഴ്ചപതിപ്പിലാണോ വന്നതെന്നോ, ഇത് കഥയാണോ നോവലാണോ ലേഖനമാണോ എന്നും പോലും നിശ്ചയമില്ലാതെയാണ് പ്രതിഷേധങ്ങളും ആക്രമണങ്ങളും നടത്തുന്നതും. അതേക്കുറിച്ച് പ്രചരിപ്പിക്കുന്നതും അവർക്കറിയാത്ത കാര്യങ്ങൾ മാത്രമാണ്. ഈ മത്സരത്തിൽ മുന്നേറിയെന്ന് അഹങ്കരിക്കാൻ ഇനി കേരളത്തിലെ വർഗീയ ഹിന്ദുത്വ വാദികൾക്ക് സാധിക്കും. ഈ മത്സരത്തിൽ അവർ സ്ത്രീപക്ഷത്തിന്റെയും പാരമ്പര്യപക്ഷത്തിന്റെയും മുഖം മൂടിയണിയും. ഈ വിവാദത്തിലും അത്തരമൊരു തലം ഉയർത്തിക്കൊണ്ടുവരാൻ അവർ ബോധപൂർവ്വം ശ്രമിക്കുന്നുണ്ട്.
Read More: 'സ്വന്തം പ്രതിബിംബത്തെ വേട്ടയാടുന്നവർ' ജയകൃഷ്ണൻ എഴുതുന്നു
നോവലിന്റ നഷ്ടം എന്നതിലപ്പുറം കേരള സമൂഹത്തിന്റെ ശക്തിയില്ലായ്മ തുറന്നു കാട്ടപ്പെട്ടു എന്ന നിലയിൽ ഈ വിവാദത്തെ വായിച്ചെടുക്കണം. ഇവിടെ ഹരീഷല്ല പിൻവാങ്ങിയത്. നമ്മൾ ഉയർത്തിക്കൊണ്ടു വന്ന നവോത്ഥാന മൂല്യങ്ങളാണ്. ഹിന്ദുവല്ല തോല്പിച്ചത്; അതി ഹൈന്ദവരാണ്. അവരിൽ നിന്നുള്ള മോചനമാണ് 'മീശ'യിലൂടെ എസ്. ഹരീഷ് എന്ന യുവ എഴുത്തുകാരൻ കേരളത്തോട് ആവശ്യപ്പെടുന്നത്. അതിഹൈന്ദവരുടെ ഭീരുത്വമാണ് ഇപ്പോൾ നിറഞ്ഞാടുന്നത്. അവരോടുള്ള പോരാട്ടത്തിൽ യഥാർത്ഥ മതവിശ്വാസികളെ വിശ്വാസത്തിലെടുക്കണം. അല്ലാതെയുള്ള ശ്രമങ്ങൾ പരാജയപ്പെടും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us