“നഗരചത്വരത്തിൽ ഒന്നിച്ചു കൂടി നാമാരെയാണ് കാത്തിരിക്കുന്നത്?

പൈശാചികർ ഇന്ന് വരുന്നുണ്ടത്രേ.

ജനസഭയിൽ എന്താണിത്ര ആലസ്യം?
സഭാപ്രതിനിധികളെന്താണ് നിയമനിർമ്മാണം നടത്താതെ വെറുതെയിരിക്കുന്നത്?

പൈശാചികർ ഇന്ന് വരുന്നുണ്ട്.
പ്രതിനിധികൾ ഇനിയെന്ത് നിയമമാണുണ്ടാക്കുക?
പൈശാചികർ വന്നാൽ നമുക്കുവേണ്ട നിയമങ്ങൾ
അവരുണ്ടാക്കിക്കോളും.”

അലക്സാൻഡ്രിയയിൽ ജനിച്ച ഗ്രീക്ക്കവി സി. പി. കവഫിയുടെ (Constantine Peter Cavafy) ‘പൈശാചികരെയും കാത്ത്’ (Waiting for the Barbarians) എന്ന പ്രശസ്തമായ കവിതയിലെ വരികളാണിവ. നമുക്ക് പക്ഷേ പൈശാചികരെ കാത്തിരിക്കേണ്ട ആവശ്യമില്ല; അവർ വന്നു കഴിഞ്ഞു: അസഭ്യവർഷത്തിന്റെ, ഭീഷണിയുടെ, കൊലപാതകത്തിന്റെ നിയമസംഹിത തീർത്തുകഴിഞ്ഞു.

നൊബെൽ പുരസ്കാരം ലഭിച്ച പോർച്ചുഗീസ്എഴുത്തുകാരൻ ഷൂസെ സരമാഗു (Jose Saramago) ഒരിക്കൽ ഇസ്രയേൽ ഉപരോധമേർപ്പെടുത്തിയ പലസ്തീനിലെ രമാല (Ramallah) പട്ടണം സന്ദർശിക്കുകയുണ്ടായി. പലസ്തീനിൽ ഇസ്രയേൽ സേന ഉണ്ടാക്കിയിരിക്കുന്നത് നാസി കോൺസൻട്രേഷൻ ക്യാമ്പായ ഔഷ്‌വിറ്റ്സിലേതിന് സമാനമായ അന്തരീക്ഷമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യഹൂദ മതപുരോഹിതർ മാത്രമല്ല അദ്ദേഹത്തിന്റെ പ്രസ്താവനയിൽ എതിർപ്പുമായി രംഗത്തെത്തിയത്. ഇസ്രയേലി എഴുത്തുകാരനായ അമോസ് ഓസും (Amos Oz) അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. രമാലയെ ഔഷ്‌വിറ്റ്സുമായി താരതമ്യം ചെയ്യുന്നത് സരമാഗുവിനെ സ്റ്റാലിനോട് ഉപമിക്കുന്നതുപോലെയാണെന്ന് അദ്ദേഹം എഴുതി. തികഞ്ഞ കമ്മ്യൂണിസ്റ്റ് വിശ്വാസിയായ സരമാഗുവിനെതിരെയുള്ള മുനവെച്ച പരിഹാസമായിരുന്നു അത്. ഇസ്രായേൽ സരമാഗുവിന്റെ പുസ്തകത്തിന് നിരോധനം ഏർപ്പെടുത്തി. അദ്ദേഹം പക്ഷേ, കുലുങ്ങിയില്ല; പ്രസ്താവന പിൻവലിച്ചതുമില്ല: കാരണം തന്റെ ‘യേശുക്രിസ്തുവിന്റെ സുവിശേഷം ‘(The Gospel According to Jesus Christ) എന്ന നോവലിന്റെ പേരിൽ വധഭീഷണിപോലും നേരിടേണ്ടി വന്നിട്ടുണ്ട് അദ്ദേഹത്തിന്. വത്തിക്കാനും പോർച്ചുഗീസ് ഗവൺമെന്റ് പോലും അദ്ദേഹത്തിന് എതിരെ നിന്നു. മറ്റൊന്നുമായിരുന്നില്ല

മതനിന്ദയായിരുന്നു അദ്ദേഹത്തിനെതിരെ ആരോപിക്കപ്പെട്ട കുറ്റം.
അദ്ദേഹം നടത്തിയ മതനിന്ദയെന്താണെന്ന് നമുക്കൊന്നു നോക്കാം:

‘എന്നാൽ യേശുക്രിസ്തുവിന്റെ ജനനം ഈവണ്ണം ആയിരുന്നു. അവന്‍റെ അമ്മയായ മറിയ യോസേഫിന് വിവാഹം നിശ്ചയിക്കപ്പെട്ട ശേഷം അവർ കൂടിവരുമ്മുമ്പെ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി എന്നു കണ്ടു. അവളുടെ ഭർത്താവായ യോസേഫ് നീതിമാനാകകൊണ്ടും അവൾക്ക് ലോകാപവാദം വരുത്തുവാൻ അവന്നു മനസ്സിലായ്മകൊണ്ടും അവളെ ഗൂഢമായി ഉപേക്ഷിപ്പാൻ ഭാവിച്ചു. ഇങ്ങനെ നിനച്ചിരിക്കുമ്പോൾ കർത്താവിന്റെ ദൂതൻ അവന് സ്വപ്നത്തിൽ പ്രത്യക്ഷനായി: ദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ ചേർത്തു കൊൾവാൻ ശങ്കിക്കേണ്ട, അവളിൽ ഉൽപ്പാദിതമായത് പരിശുദ്ധാത്മാവിനാൽ ആകുന്നു.’

ഇങ്ങനെയാണ് യേശുവിന്റെ ജനനത്തെപ്പറ്റി മത്തായിയുടെ സുവിശേഷത്തിൽ (1:18-21 ) പറയുന്നത്. എന്നാൽ സരമാഗുവിന്റെ നോവലിൽ കർത്താവിന്റെ ആഗമനം ഇങ്ങനെയൊന്നുമല്ല:

‘(മൂത്രമൊഴിച്ചു കഴിഞ്ഞപ്പോൾ) ജോസഫ് വീട്ടിനകത്തു കയറി വാതിലടച്ചു. മുറിയിലെ നിഴലുകളുമായി കണ്ണുകൾ പൊരുത്തപ്പെടുന്നതിനായി അയാൾ ഒരു നിമിഷം നിന്നു. മുറിയിലെ വിളക്ക് നേരിയ വെളിച്ചം മാത്രം വീഴ്ത്തി. മേരി ഉണർന്നു കിടക്കുകയായിരുന്നു. ജോസഫ് അവളുടെ മേൽനിന്ന് പുതപ്പു നീക്കിയയുടനെ അവൾ വസ്ത്രമുയർത്തി. ജോസഫ് അവളുടെ ശരീരത്തിലേക്ക് കയറി. തന്‍റെ കടമയറിയാവുന്ന ഏതൊരു വിവാഹിതയെയും പോലെ, ഒരു ഭൂതോദയത്താൽ അവൾ കാലുകൾ അകറ്റിക്കൊടുത്തു. സർവവ്യാപിയായിട്ടും, ജോസഫിന്റെ മാംസം മേരിയുടേതിലേയ്ക്ക് എങ്ങനെയാണ് തുളച്ചു കയറിയതെന്ന് പരിശുദ്ധാത്മാവായതിനാൽ, ദൈവത്തിന് കാണാൻ കഴിഞ്ഞില്ല ജോസഫിന്റെ പരിശുദ്ധബീജം മേരിയുടെ അമൂല്യമായ ഗർഭപാത്രത്തിൽ – ജീവന്റെ പവിത്രമായ ഉറവിടവും പാനപാത്രവും – ചിന്നിയപ്പോൾ ദൈവം അവിടെ ഉണ്ടായിരുന്നുപോലുമില്ല. സകലതിന്റെയും സ്രഷ്ടാവാണെങ്കിൽ പോലും സത്യത്തിൽ ദൈവത്തിനു മനസ്സിലാകാത്ത പല കാര്യങ്ങളമുണ്ട്.’

s hareesh, jayakrishnan, saramgoo

ചിത്രീകരണം : ജയകൃഷ്ണൻ

മനുഷ്യപുത്രനായ യേശുവിനെക്കൊണ്ട് ദൈവപുത്രനായ യേശുവിനെ മായ്ച്ചുകളയുകയാണ് സരമാഗു. അദ്ദേഹത്തിനുമേൽ മതനിന്ദ ആരോപിക്കപ്പെട്ടതിൽ അത്ഭുതമില്ല. മതമേലാളന്മാർ മാത്രമല്ല പോർച്ചുഗീസ് ഗവൺമെന്റും അദ്ദേഹത്തിന് വിലക്കേർപ്പെടുത്തി: യൂറോപ്യൻ യൂനിയന്റെ അരിയോസ്തോ പുരസ്കാരത്തിന് പരിഗണിക്കാൻ സമർപ്പിച്ച ഈ നോവൽ പോർച്ചുഗീസ് സർക്കാർ പിൻവലിച്ചു. ഏകാധിപതിയ സലോസാറിനും (Antonio de Oliveira Saiazar) തുടർന്നു വന്ന പട്ടാളഭരണകൂടത്തിനും എതിരെ നടന്ന പോർച്ചുഗീസ് വിപ്ലവത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇരുപത് വർഷത്തോളം തടവറയിൽ കഴിച്ചുകൂട്ടിയ സരമാഗു, ജനാധിപത്യ സർക്കാരിന്റെ ഈ ജനവിരുദ്ധതക്കെതിരെ പ്രതിഷധിച്ച് ഭാര്യയോടൊപ്പം രാജ്യം വിട്ടു.

എസ്. ഹരീഷിനെതിരെ നമ്മുടെ മതദ്രോഹവിചാരകരുടെ ( lnquisitors) ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഇത്രയും എഴുതിയത്. അതിലത്ഭുതപ്പെടേണ്ടതില്ല: മതോന്മാദികൾ അങ്ങനെയാണ്. എഴുത്തുകാരനും എഴുത്തുമൊന്നും അവരുടെ വിഷയമല്ല, സകലതിലും അവർ സ്വന്തം ക്രൂരതയുടെ പ്രതിബിംബങ്ങൾ കാണുന്നു എന്നിട്ടതിനെ വേട്ടയാടുന്നു. ഒരർത്ഥത്തിൽ ഇത് എഴുത്തിന്റെ ഉരകല്ല് കൂടിയാണ്. സരമാഗുവിനെപ്പോലെ ഇത്തരം ഭീഷണികളെ അതിജീവിക്കുന്നവനാണ് എഴുത്തുകാരൻ. അല്ലാതെ ഭയന്ന് പിന്മാറുന്നവനല്ല.

കവഫിയുടെ കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്:
“പൈശാചികർ വന്നില്ലെങ്കിൽ നമ്മളെന്തു ചെയ്യും?
അവർ, ഒരു തരത്തിൽ നമ്മുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരമായിരുന്നു”

അക്കാര്യത്തിൽ നമ്മൾ പേടിക്കേണ്ടതില്ല- പൈശാചികർ ഒരിക്കലും വരാതിരിക്കില്ല; അവർ വന്നു കൊണ്ടേയിരിക്കും.

Read More : കീരിക്കാടനെക്കൊണ്ട് താരാട്ട് പാടിക്കുമ്പോള്‍- ഇ സന്തോഷ് കുമാര്‍ എഴുതുന്നു 

Get Malayalam News and latest news update from India and around the world. Stay updated with today's latest Opinion news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ