അന്‍സാരിയുടെ ‘ഹിഗ്വിറ്റ’ ലേഖനം ഏതൊക്കെ രീതിയില്‍ ശരിയാണെന്നു സ്ഥാപിച്ചെടുത്താലും അതുകൊണ്ടുണ്ടായ ഒരു ഗുണം/ദോഷം പറയാതിരിക്കാനാവില്ല. അതിനു ശേഷം കഥയെഴുതുന്ന എല്ലാവരും കഥാപാത്രങ്ങള്‍ക്കു പേരിടാന്‍ പേടിച്ചു. പലവട്ടം ആലോചിച്ചു. താന്‍ രാഷ്ട്രീയശരികളുടെ കളത്തില്‍ നിന്നും പുറത്താവുമോ എന്ന സ്വത്വഭയം അവരെ ചില കഥകളില്‍ നിന്നും ഒഴിവാക്കുക കൂടി ചെയ്തിട്ടുണ്ടാവണം. പക്ഷേ, ആ വിധത്തിലുള്ള ചര്‍ച്ചകളെല്ലാം നടന്നത് നമ്മുടെ എഴുത്തിന്റെ, വായനയുടെ വൃത്തത്തിനകത്തായിരുന്നു. ഒന്നാലോചിച്ചാല്‍ അനുകൂലിച്ചും എതിര്‍ത്തുമുള്ള ഇത്തരം ആശയവിനിമയങ്ങള്‍ എക്കാലത്തും നമ്മുടെ സാംസ്‌ക്കാരിക മണ്ഡലത്തിലുണ്ടായിരുന്നു. സംസ്‌ക്കാരം അനേകം നിലപാടുകളുടെ സമന്വയമാണെന്നും അത്തരം വിവിധ ആലോചനകളില്‍ നിന്നുമാണ് അതു മുന്നോട്ട് പോകുന്നത് എന്നും എടുത്തു പറയേണ്ടതുണ്ട്.

കലയിലെ ശരിതെറ്റുകള്‍ അതിനുള്ളില്‍ത്തന്നെ, ആ സാഹചര്യങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടു വേണ്ടേ ചര്‍ച്ച ചെയ്യപ്പെടാന്‍? അത്തരം ചില കാര്യങ്ങളില്‍ സാമാന്യമായെങ്കിലും ബന്ധമുള്ള ആളുകള്‍ വേണ്ടേ ചര്‍ച്ചയ്ക്ക് വരുന്നതും? പക്ഷേ, നിര്‍ഭാഗ്യവശാല്‍ അങ്ങനെയല്ല സംഭവിക്കുന്നത്. ഇതു സാഹിത്യത്തിന്റെയും കലയുടെയും ദുരന്തമാണ്. മറ്റു വിഷയങ്ങളില്‍ അവയുമായി പരിചയമുള്ള ആളുകളാവും എതിര്‍പ്പുകളുമായി വരുക എന്നാല്‍ ഇവിടെ ഏതൊരാള്‍ക്കും, വായിച്ചാലും ഇല്ലെങ്കിലും, കണ്ടാലും കണ്ടില്ലെങ്കിലും കയറിവന്ന് അഭിപ്രായം പറയുവാനോ, ഭീഷണിപ്പെടുത്തുവാനോ ആക്രമിക്കാനോ എളുപ്പമാണ്. മതങ്ങളാണെങ്കില്‍ സദാ ആയുധസജ്ജരായി നിൽക്കുകയാണ്. സ്വന്തം വിശ്വാസങ്ങളില്‍ അവയുടെ വിശ്വാസികള്‍ക്കുള്ളതിനേക്കാള്‍ വിശ്വാസക്കുറവ് ആര്‍ക്കുമില്ല. എളുപ്പം തകരുന്നതാണ് അവരുടെ കോട്ടകള്‍. തൊട്ടാല്‍ പൊടിയുന്നത്രയും ദുര്‍ബ്ബലരായ ദൈവങ്ങളെയും വേദപുസ്തകങ്ങളെയും വച്ചാണോ അവര്‍ ലോകത്തെ രക്ഷിക്കാന്‍ നടക്കുന്നത്?

എസ്. ഹരീഷ് അരാഷ്ട്രീയവാദിയാണെന്ന് ചിലരെഴുതുന്നു. അയാളുടെ കഥകള്‍ വായിച്ചിട്ടുള്ള ആരും അങ്ങനെ പറയുമെന്നു തോന്നുന്നില്ല. വിവാദത്തിനു വരുന്നവര്‍ക്കെന്തു വായന, കാഴ്ച! ഇനി അരാഷ്ട്രീയ വാദിയാണെങ്കില്‍ത്തന്നെയെന്ത്? എക്കാലത്തും രാഷ്ട്രീയശരികളിലൂടെ മാത്രമാണോ നമ്മുടെ എഴുത്തു മുന്നോട്ടു പോയിട്ടുള്ളത്? ‘ഖസാക്കിന്റെ ഇതിഹാസ’ത്തില്‍ കൊഴണശ്ശേരിയിലെ സഖാക്കളോട് രവി ചോദിക്കുന്ന ചോദ്യം ഓര്‍മ്മിക്കുക. ‘ശിവരാമൻ നായരുടെ പാടത്ത്  കൊയ്യാൻ പോകുന്ന ചെറുമികൾ മാറുമറയ്ക്കാതെ പണിയെടുക്കുന്നതു നല്ലതല്ലേ’ എന്നായിരുന്നു രവിയുടെ സംശയം. ഒന്നൊന്നര നൂറ്റാണ്ടുകാലത്തെ കേരളത്തിന്റെ പുരോഗമന പ്രസ്ഥാനങ്ങളേയും മുന്നേറ്റങ്ങളേയും ഒറ്റയടിക്ക് ആ വഷളന്‍ ചോദ്യം റദ്ദുചെയ്തു കാണിക്കുന്നു. അതേ സമയം രവി എന്ന കഥാപാത്രത്തിന്റെ ചിത്രീകരണം മറ്റൊരു തരത്തില്‍ സാധ്യമാവുമായിരുന്നില്ല. കൊഴണശ്ശേരിയിലെ സഖാക്കള്‍ക്കൊപ്പം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് രവി മുദ്രാവാക്യം മുഴക്കിയിരുന്നുവെങ്കില്‍ ഒരുപക്ഷേ, പലേടത്തുനിന്നും വിജയനു കൈയ്യടി കിട്ടുമായിരുന്നു. പക്ഷേ, ഖസാക്ക് ഉണ്ടാകുമായിരുന്നില്ല.

s. hareesh, writer, e santhoshkumar

എസ് ഹരീഷിന്റെ ‘മീശ’ നോവൽ വായിച്ച് വിഷ്ണുറാം വരച്ച ചിത്രം

ഹരീഷിന്റെ നോവല്‍ രണ്ടാഴ്ച പിന്നിട്ടിട്ടേയുള്ളൂ. അതിലെ ഒരു കഥാപാത്രത്തിന്റെ അഭിപ്രായമാണ് ഇപ്പോള്‍ വിവാദത്തില്‍. അതുതന്നെ ഇടയില്‍നിന്നും എടുത്ത ചില വാക്യങ്ങള്‍. നോവലിസ്റ്റ് അയാളുടെ കഥാപാത്രങ്ങളുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനല്ല. ഒ.വി വിജയന്‍ പാടത്ത് സ്ത്രീകള്‍ മാറുമറയ്ക്കാതെ പണിയെടുക്കണം എന്ന് ആഗ്രഹിച്ചിരുന്നിട്ടില്ലാത്തതുപോലെ. നോവല്‍ ആത്മകഥയാവണം, നേരിട്ടുള്ള അനുഭവമാവണം എന്നൊക്കെ ധരിച്ചു വശായിട്ടുള്ള സാധുക്കള്‍ സ്വയം ആലോചിക്കേണ്ട സവിശേഷ സന്ദര്‍ഭം കൂടിയാണിത്. ഏറ്റവും വലിയ ആശങ്ക, ഇക്കാലത്ത് ഒരു വില്ലന്‍ കഥാപാത്രത്തെപ്പോലും ചിത്രീകരിക്കാന്‍ സൈബര്‍ പോരാളികളുടെ കൈയ്യൊപ്പു വാങ്ങേണ്ടി വരുമോ എന്നുള്ളതാണ്. അങ്ങനെ വരുമ്പോള്‍ പുതിയൊരു കാലത്ത് നമ്മുടെ സാഹിത്യത്തിലെയും സിനിമയിലെയും വില്ലന്മാരെല്ലാവരും ജ്ഞാനസ്‌നാനപ്പെട്ട് ദൈവഘോഷണത്തിന് ഇറങ്ങിത്തിരിക്കുമോ എന്നേ കാത്തിരിക്കാനുള്ളൂ.

ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍ ദൈവത്തിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്തിട്ടുണ്ട്. അതേ സമയം ആ നേട്ടങ്ങളെയൊക്കെ ഉപയോഗിച്ച് ദൈവപ്രചാരകര്‍ കൂടുതല്‍ ശക്തിയില്‍ ദൈവത്തെ പ്രതിരോധിച്ചുകൊണ്ടിരിക്കുന്നു. ഗാന്ധിജിക്കെതിരെ മാത്രമേ ആര്‍ക്കെങ്കിലും ഇന്ത്യയില്‍ ഇന്നു സംസാരിക്കാനാവൂ എന്ന് ഈയിടെ രാമചന്ദ്ര ഗുഹ എഴുതിയല്ലോ. ചിലപ്പോള്‍ ശാസ്ത്രകാരന്മാര്‍ക്കും യുക്തിവാദികള്‍ക്കും എതിരെയും തര്‍ക്കത്തിനു പോവാന്‍ സാധിക്കുമായിരിക്കും. അവരത്ര ശക്തരുമല്ല. അതേസമയം സര്‍വ്വശക്തരായ മതങ്ങളുടെയും ദൈവങ്ങളുടെയും കാര്യം അങ്ങനെയാണോ? ന്യൂനപക്ഷമെങ്കിലും അതിശക്തരായ ആരാധകര്‍ ദൈവത്തിന്റെ പേരില്‍ മനുഷ്യവിരുദ്ധമായ പരിപാടികളില്‍ നിരന്തരം ഏര്‍പ്പെടുന്നു. പക്ഷേ, എന്നിട്ടും ദൈവത്തിന്റെ കാര്യത്തില്‍ വലിയ തെളിവുകള്‍ കാണിക്കാനില്ല. അദ്ദേഹം ഉണ്ടോ? ഉണ്ടെങ്കില്‍ത്തന്നെ എവിടെ? ഇത്രയേറെ ദുരിതങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞ ഒരു കാലത്തിലല്ലെങ്കില്‍ പിന്നെയെപ്പോഴാണ് ദൈവം സന്നിഹിതനാവേണ്ടത്?

പക്ഷേ, ആരാധകരുടെ ചെയ്തികളും വാക്കുകളും അദ്ദേഹത്തിന്റെ നിത്യശത്രുവായ സാത്താനെക്കുറിച്ച് നമ്മെ നിരന്തരം ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇത്തരം ആരാധകരുള്ളിടത്തോളം കാലം പിശാച് ഉണ്ട് എന്നുള്ളതിന് മറ്റു തെളിവുകളുടെ ആവശ്യമില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Opinion news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ