scorecardresearch

നെഞ്ചുക്ക് നീതി: കരുണാനിധിയുടെ പൈതൃകത്തിന്റെ പ്രസക്തി

"കരുണാനിധി, തന്റെ രാഷ്ട്രീയ പോരാട്ടങ്ങളെല്ലാം തന്നെ തമിഴ്‌നാടിനുള്ളിൽ ഒതുക്കിയെങ്കിലും അവയുടെ പ്രതിധ്വനികൾ സംസ്ഥാനത്തിന്റെ അതിർത്തികൾക്കപ്പുറവും അലയടിച്ചു. ഇന്ത്യയുടെ മറ്റു പല പ്രദേശങ്ങളും ഇപ്പോൾ മാത്രം കൈകാര്യം ചെയ്യുന്ന രാഷ്ട്രീയം പലരീതിയിലും അവർ മുൻ‌കൂട്ടി നടപ്പിൽ വരുത്തിയിരുന്നു"

"കരുണാനിധി, തന്റെ രാഷ്ട്രീയ പോരാട്ടങ്ങളെല്ലാം തന്നെ തമിഴ്‌നാടിനുള്ളിൽ ഒതുക്കിയെങ്കിലും അവയുടെ പ്രതിധ്വനികൾ സംസ്ഥാനത്തിന്റെ അതിർത്തികൾക്കപ്പുറവും അലയടിച്ചു. ഇന്ത്യയുടെ മറ്റു പല പ്രദേശങ്ങളും ഇപ്പോൾ മാത്രം കൈകാര്യം ചെയ്യുന്ന രാഷ്ട്രീയം പലരീതിയിലും അവർ മുൻ‌കൂട്ടി നടപ്പിൽ വരുത്തിയിരുന്നു"

author-image
Amrith Lal
New Update
karunanidhi ,amrit lal

“നെഞ്ചുക്ക് നീതി” (ഹൃദയത്തിൽ നീതി) - ഇന്നലെ ചെന്നൈയിൽ അന്തരിച്ച എം കരുണാനിധി തന്റെ ആത്മകഥയ്ക്ക് നൽകിയ പേര് അതായിരുന്നു. പ്രശസ്ത കവി സുബ്രഹ്മണ്യഭാരതിയുടെ വളരെ പ്രചാരം നേടിയ ഒരു ഗാനത്തിൽ നിന്നെടുത്ത ഈ വാക്യം എട്ടു ദശകങ്ങളോളോം നീണ്ടുനിന്ന കരുണാനിധിയുടെ രാഷ്ട്രീയ ജീവിതത്തെ   തികച്ചും അനുയോജ്യമായ രീതിയിൽ സംഗ്രഹിക്കുന്നു. ഒപ്പം, രാഷ്ട്രീയത്തിന്റെ പരിണിതഫലങ്ങളുടെ നൈരന്തര്യം പ്രവചിക്കുകയും ചെയ്യുന്നു.

Advertisment

കരുണാനിധിയുടെ രാഷ്ട്രീയമെന്നത്, മതേതരത്വം, ജാതി, ഫെഡറലിസം, പ്രാദേശിക ഐക്യം, എന്നീ ആശയങ്ങളിലും പൊതു കാര്യങ്ങളിലെ അവയുടെ പങ്കാളിത്തത്തിലും ചുറ്റിത്തിരിയുന്ന ഒന്നായിരുന്നു. രാഷ്ട്രം മറ്റൊരു പൊതു തെരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങുന്ന, ഈ പ്രശ്നങ്ങൾ വീണ്ടും രാഷ്ട്രീയത്തിന്റെ മുഖ്യവേദിയിലേയ്ക്കു മടങ്ങിവരുന്ന വേളയിലാണ് അദ്ദേഹത്തിന്റെ വിയോഗമുണ്ടായത്.

ഡി. എം. കെയുടെ ഈ ആചാര്യൻ, തന്റെ രാഷ്ട്രീയ പോരാട്ടങ്ങളെല്ലാം തന്നെ തമിഴ്‌നാടിനുള്ളിൽ ഒതുക്കി നിർത്തുന്നതിനാണ് ശ്രമിച്ചതെങ്കിലൂം അവയുടെ പ്രതിധ്വനികൾ സംസ്ഥാനത്തിന്റെ അതിർത്തികൾക്കപ്പുറവും അലയടിച്ചിരുന്നു. ഇന്ത്യയുടെ മറ്റു പല പ്രദേശങ്ങളും ഇപ്പോൾ മാത്രം കൈകാര്യം ചെയ്യുന്ന രാഷ്ട്രീയം പലരീതിയിലും അവർ മുൻ‌കൂട്ടി നടപ്പിൽ വരുത്തിയിരുന്നു.

തന്റെ കൗമാരത്തിലാണ്കരുണാനിധി, പെരിയാർ ഇ വി രാമസ്വാമിയുടെ സ്വാഭിമാന പ്രസ്ഥാനത്തിൽ അംഗമായത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ്, മദ്രാസ് പ്രസിഡൻസിയിൽ, പ്രത്യേകിച്ചും തമിഴ് സംസാരിക്കുന്ന ഇടങ്ങളിൽ, ജാതിവിരുദ്ധ ദ്രാവിഡദേശമെന്ന പുരോഗമനകാഴ്ചപ്പാടോടെ പെരിയാർ തന്റെ രാഷ്ട്രീയം സ്ഥാപിച്ചെടുത്തത്. തമിഴ് ഭാഷയ്ക്കും സംസ്കാരത്തിനും സവിശേഷപ്രാധാന്യം നൽകുന്ന ദ്രാവിഡ ഐക്യവും ഒപ്പം,  ബ്രാഹ്മണിക്കൽ സങ്കല്‍പ്പങ്ങളെയും ജാതി വിഭജനങ്ങളെയും തിരസ്കരിക്കുന്ന സാമൂഹിക സമത്വമെന്ന ആശയവും  ഇന്ത്യൻ നാഷണൽ​കോൺഗ്രസിന്റെ കേന്ദ്രീകൃത ദേശീയതയ്ക്ക് എതിരായി  അദ്ദേഹം ഉയർത്തിപ്പിടിച്ചു.karunanidhi,amrit lal

Advertisment

സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക നീതി എന്നതായിരുന്നു പെരിയാറിന്റെ ആദർശത്തിന്റെയും അത് പ്രചരിപ്പിച്ച ജനമുന്നേറ്റത്തിന്റെയും കേന്ദ്രബിന്ദു; ജാതിയും മതവും സാമൂഹിക സമത്വത്തെ തകർക്കുന്ന ആശയങ്ങളാകയാൽ, അവയെ തിരസ്കരിക്കുകയും ചെയ്തു.

പെരിയാറിന്റെ പുരോഗമനാശയങ്ങൾ , ആ ദേശത്തെ സാമൂഹ്യബന്ധങ്ങളിൽ പരിവർത്തനമുണ്ടാക്കി. ഈ മാറ്റങ്ങൾ നടപ്പാക്കുന്നതിൽ, കരുണാനിധിക്ക് പ്രാഥമികമായ ഒരു പങ്കുണ്ടായി, ആദ്യമത് പെരിയാറിന്റെ യുവ അനുയായി എന്ന നിലയിലായിരുന്നുവെങ്കിൽ പിന്നീടത്, പെരിയാറിന്റെ ശക്തനായ അനുഭാവിയായിരിക്കുകയും സ്വതന്ത്ര ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനായി പിന്നീട് തന്റെ ഉപദേഷ്ടാവിൽ നിന്നുമകലുകയും അതിനുശേഷം പ്രസ്ഥാനത്തിന്റെ രാഷ്ടീയ മുഖത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത അനുയായിയാകുകയും ചെയ്ത സി എൻ അണ്ണാദുരൈയുടെ“തമ്പി“ ( അനുജൻ) എന്നനിലയിലായിരുന്നു.

അൻപത് വർഷത്തിലേറെ ഡി എം കെ യുടെ പ്രസിഡന്റ്, ആറുദശകത്തോളം  നിയമസംഭാംഗത്വം, പ്രാസംഗികൻ, പ്രഗൽഭനായ എഴുത്തുകാരൻ - തിരക്കഥകൾ, നോവലുകൾ, ഡിഎം കെ മുഖപത്രമായ മുരശൊലിയിലെ  രാഷ്ടീയ ലേഖനങ്ങൾ... എന്നിങ്ങനെ പല നിലകളിൽ കരുണാനിധി തമിഴ്നാട്ടിലെ രാഷ്ട്രീയാതിരുകൾക്ക് രൂപം നൽകി.

അഞ്ച് തവണയായി, 19 വർഷം തമിഴ് നാട് മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ, ദ്രാവിഡ മുന്നേറ്റത്തിന്റെ ആദർശങ്ങളെ അദ്ദേഹം ഭരണനയങ്ങളാക്കി മാറ്റി. സമൂഹത്തിനെ ജനാധിപത്യവൽക്കരിക്കുന്നതിന്റെ ഭാഗമായ  നയപരമായ ഇടപെടൽ എന്ന നിലയ്ക്ക് ജാതിയടിസ്ഥാനത്തിലുള്ള സംവരണമെന്ന ആശയം നേരത്തെ തന്നെ പ്രായോഗികമാക്കിയ സംസ്ഥാനമാണ് മദ്രാസ് പ്രസിഡൻസി.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജോലികളിൽ ജാതി സംവരണമേർപ്പെടുത്തിയ ജസ്റ്റീസ് പാർട്ടിയുടെയും പെരിയാറിന്റെ സ്വാഭിമാന പ്രസ്ഥാനത്തിന്റെയും പാരമ്പര്യത്തിൽ നിന്നും നിർമ്മിതമായ ഡി എം കെ, അധികാരത്തിന്റെ പരിധികളിൽ നിന്നും അകറ്റി നിർത്തപ്പെട്ട സമുദായങ്ങളിലേയ്ക്കും സംവരണം വ്യാപിപ്പിച്ചു.

കരുണാനിധി ഉയർത്തിപ്പിടിച്ച സ്വത്വരാഷ്ട്രീയം അതിൽ തന്നെ അവസാനിക്കുന്ന ഒന്നായിരുന്നില്ല. അദ്ദേഹമതിനെ സംസ്ഥാനത്തിന്റെ സാമൂഹിക വൈവിധ്യത്തെ, ഭരണത്തിൽ കൂടുതൽ പ്രതിനിധീകരിക്കപ്പെടുന്നതിനുള്ള ഉപാധിയായി കാര്യക്ഷമമായ രീതിയിൽ ഉപയോഗിച്ചു, പൊതുസേവനങ്ങളുടെയും വസ്തുക്കളുടെയും വിതരണം മെച്ചപ്പെടുത്തുക എന്നതിന് കൂടുതൽ പ്രാധാന്യമുണ്ടായി.

വിപുലമായ പൊതു ഗതാഗത സം‌വിധാനം, സർക്കാർ വിദ്യാലയങ്ങൾ, റേഷൻ കടകൾ, എന്നിങ്ങനെയുള്ള പലതിന്റെയും രൂപീകരണം, ആരോഗ്യ, സാമൂ‍ഹികരംഗങ്ങളിൽ ഉയർന്ന മാനങ്ങൾ കൈവരിച്ചുകൊണ്ട്, തമിഴ് നാടിനെ ഒരു വ്യാവസായികശക്തിയാക്കി മാറ്റുന്നതിനുള്ള ഉപാധികളായി. എ ഐ എ ഡി എം കെ നേതാക്കളിൽ നിന്നും വ്യത്യസ്തമായി, സഹായ സൗജ്യന്യ വിതരണങ്ങളോടും അത്തരം നയപരിപാടികളോടും വിമുഖനായ രാഷ്ട്രീയ നേതാവായിരുന്നു കരുണാനിധി.karunanidhi,amrit lal

പ്രത്യേക തമിഴ് രാജ്യമെന്ന ആവശ്യത്തെ,ഫെഡറൽ ഇന്ത്യയ്ക്കായുള്ള ഒരു രാഷ്ട്രീയ ആവശ്യമായി ഡി എം കെ പരിണമിപ്പിച്ചതിന്റെ ക്രെഡിറ്റ്  കരുണാനിധിക്കും അദ്ദേഹത്തിന്റെ  രാഷ്ട്രീയഗുരുവുമായിരുന്ന അണ്ണാദുരൈയ്ക്കുമാണ്. ‘സർവ്വാധികാരങ്ങളുമുള്ള കേന്ദ്രമെന്ന ആശയത്തിന് കരുണാനിധി എക്കാലവും എതിരായിരുന്നു. രാജ്യത്തിന്റെ പ്രാദേശികവും ഭാഷാപരവും മതപരവും വംശീയവുമായ നാനാത്വങ്ങൾക്കനുസൃതമായി വികേന്ദ്രീകൃതമായ ഒരു ഫെഡറൽ സംവിധാനത്തിനു വേണ്ടി അദ്ദേഹം വാദിച്ചിരുന്നു.

മറ്റൊരു തരത്തിൽ പറഞ്ഞാൽ, തമിഴ് ഘടകത്തെ, ഇന്ത്യൻ ദേശീയതയുടെ കീഴിൽ വരുന്ന ഒരു സാംസ്കാരിക ഉപദേശീയത എന്ന രീതിയിൽ പുനഃപരിഗണിക്കുന്നതിനായി ഫെഡറൽ ഇന്ത്യ എന്ന ആശയത്തെ ഡി എം കെ മുൻപോട്ട് വച്ചു. ഡി എം കെയുടെ കേന്ദ്ര -സംസ്ഥാന ബന്ധങ്ങളെക്കുറിച്ചുള്ള സൂക്ഷ്മ വീക്ഷണം  ഇന്ത്യൻ ദേശീയതയും ഭരണസംവിധാനത്തെയും കൂടുതൽ സമ്പന്നമാക്കി. മതേതരമായ ഒരു പൊതു സംസ്കാരം രൂപീകരിക്കുന്നതിനായി പെരിയാറിന്റെ പുരോഗമന പൈതൃകത്തിൽ നിന്നും ദ്രാവിഡ മുന്നേറ്റത്തിൽ നിന്നും കരുണാനിധി പാഠങ്ങൾ ഉൾക്കൊണ്ടു.

ജാതിമത വിഭജനങ്ങൾ, ഭരണഘടനാപരമായ വിഭജനങ്ങൾക്കതീത മാകുന്നതിനും പൊതുജീവിതത്തെ സ്വാധീനിക്കുന്നതിനും കരുണാനിധി അനുവദിച്ചില്ല. സേതു സമുദ്രമെന്ന പദ്ധതിക്ക് മതത്തിന്റെ നിറം കൊടുത്ത് അതിനെ എതിർക്കുവാൻ വന്ന ഹിന്ദുത്വശക്തികളെ “രാമൻ എഞ്ചിനീയറായിരുന്നോ“ എന്ന ചോദ്യം കൊണ്ട് എതിരിടുവാൻ കലൈഞ്ജർക്കല്ലാതെ ആർക്ക് കഴിയുമായിരുന്നു?

തമിഴ്‌നാട് രാഷ്ട്രീയം ഒരു അസ്ഥിരതയിൽ നിൽക്കുന്ന സമയത്താണ് കരുണാനിധിയുടെ വിയോഗമുണ്ടായിരിക്കുന്നത്. നേതാവിന്റെ പിൻ‌മുറ അവകാശപ്പെട്ടുകൊണ്ട് ഘടകങ്ങൾ തമ്മിലടിക്കുന്ന എ ഐ എ ഡി എം കെ, ജയലളിതയുടെ മരണത്തിന്റെ ആഘാതത്തിൽ നിന്നും ഇനിയും മുക്തമായിട്ടില്ല. വെള്ളിത്തിരയിലെ തങ്ങളുടെ ജനപിന്തുണ, രാഷ്ട്രീയ മൂലധനമാക്കിമാറ്റുവാൻ കഴിയുമെന്ന് വിശ്വസിച്ച് രജനികാന്തും കമലാഹാസനും സ്വന്തം രാഷ്ട്രീയപാർട്ടികൾ രൂപീകരിച്ചിരിക്കുന്നു.

ദേശീയ പാർട്ടികളിലും അവരുടെ നയപരിപാടികളിലുമുള്ള സംസ്ഥാനത്തിന്റെ സംശയങ്ങളെ അതിജീവിക്കുവാൻ കോൺ‌ഗ്രസ്സിനും ബി ജെ പിയ്ക്കും കഴിയുന്നില്ല. 65 കാരനായ എം കെ സ്റ്റാലിനെ നേതാവായി, 2016 ൽ, തിരഞ്ഞെടുത്തതിനാൽ ഡി എം കെയിൽ നേതൃത്വപ്രശ്നം പരിഹരിക്കപ്പെട്ടതായി കരുതാം. എങ്കിലും, പാർട്ടിക്ക് വഴികാട്ടാൻ കരുണാനിധി ഇനിയില്ല.karunanidhi ,amrit lal

അണ്ണായുടെ മരണവും എം ജി ആർ പദ്ധതിയിട്ട വിഭജനവും ഡി എം കെ അതിജീവിച്ചത് കരുണാനിധിയുടെ സംഘടനാ പാടവം മൂലമാണ്. ഇവയിൽ രണ്ടാമത്തെ പ്രശ്നം ജില്ലാ നേതൃത്വങ്ങൾക്കും കരുണാനിധിയുടെ തന്നെ നേതൃത്വത്തിനെതിരായ വിമർശനങ്ങൾക്കും ഇടം കൊടുക്കുകയും ചെയ്തു. ഏതു പ്രതിസന്ധിയിലും ഒപ്പം നിൽക്കുന്ന വിശ്വസ്തരായ ഒരു സഹപ്രവർത്തകവൃന്ദം അദ്ദേഹത്തിനുണ്ടായിരുന്നു. 1976 ൽ കരുണാനിധി സർക്കാരിനെ ഇന്ദിരാഗാന്ധി പിരിച്ചുവിട്ട അവസരത്തിലും, രാജീവ് ഗാന്ധി വധത്തിന് ശേഷം  1991ൽ പിരിച്ചുവിടപ്പെട്ടപ്പോഴും പിന്നീട്, ജയലളിത ഭരണത്തിലെത്തിയപ്പോൾ അഴിമതിയാരോപണങ്ങളുടെ പേരിൽ ജയിലിൽ പോകേണ്ടിവന്നപ്പോഴും ഇവർ അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നു.

യാതൊരു വിധ ചേരിപ്പോരുകളുമില്ലാതെ, എൻ ഡി എ യിൽ അംഗമാകുവാനും പിന്നീടത് വിട്ടു പോരുവാനും ഡി എം കെ യെ അനുവദിച്ചത് അണികൾക്ക് കലൈഞ്ജരിലുള്ള വിശ്വാസമാണ്.

Read More:നെരുപ്പ് പടർന്ത കാലത്തിന്റെ കലൈഞ്ജർ

ഒരു സംഘാടകൻ, ജനനേതാവ്, ദേശീയ പാർട്ടികളുമായുള്ള ബന്ധത്തിന്റെ ഇടനിലക്കാരൻ എന്നീ നിലകളിലുള്ള സ്റ്റാലിന്റെ കഴിവുകൾ, അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിലേയ്ക്ക് ഡി എം കെ എന്ന പാർട്ടിയെ എങ്ങനെ തയാറാക്കുന്നു എന്നതിൽ പരീക്ഷിക്കപ്പെടും.

ദ്രാവിഡ പ്രസ്ഥാനം സ്ഥാപിച്ചെടുത്ത പഴയ ആശയസമന്വയങ്ങൾ ഇന്ന് തകർന്നുകൊണ്ടിരിക്കുകയാണ്. . പ്രസ്ഥാനത്തിന്റെ ജാതി വിരുദ്ധ​പാരമ്പര്യത്തെ തന്നെ പല ദലിത് ഗ്രൂപ്പുകളും ചോദ്യം ചെയ്യുന്നുണ്ട്. മത വിശ്വാസങ്ങളുടെ തിരിച്ചുവരവാണ് ഇന്ന് തമിഴ് നാട്ടിൽ​. ജാതി മത ധ്രുവീകരണങ്ങൾ തമിഴ് നാട്ടിൽ സാധാരണമാണ്.

Read More: കരുണാനിധി എന്ന ദ്രാവിഡ രാജാവ്

കർഷകരുടെ പ്രശ്നങ്ങളും ജലദൗർലഭ്യവും ദ്രാവിഡ രാഷ്ട്രീയ സർക്കാരുകൾ നടപ്പാക്കിയ ഭരണത്തിന്റെ പാരിസ്ഥിതിക കണക്കെടുപ്പ് ആവശ്യപ്പെടുന്നു. സംസ്ഥാനത്തിന്റെ ക്ഷേമനടപടികളുടെ പരിമിതികളും അവയുടെ സാമ്പത്തിക പ്രത്യാഘാതങ്ങളും കൂടുതൽ പ്രകടമായി കാണപ്പെട്ടു തുടങ്ങുന്നു. ഈ വർത്തമാനകാല പ്രതിസന്ധികളെ അതിജീവിക്കുന്നതിന് സ്റ്റാലിന്റെ ഡി എം കെ പല തുറകളിലും ഒരു സമഗ്ര അഴിച്ചുപണിയ്ക്ക് വിധേയമാകേണ്ടിവരും.

കലൈഞ്ജർ ഇനി ഇല്ല, തീർച്ചയായും, പക്ഷേ ഡി എം കെ, വരും കാലത്തേയ്ക്ക്  പ്രയാണത്തിനാശ്രയിക്കുന്നത് അദ്ദേഹത്തിന്റെ പൈതൃകമാണ്, അതിലാണവർ അതിന് രൂപം കൊടുക്കുന്നതും.

Read More: അമൃത് ലാൽ എഴുതിയ മറ്റ് ലേഖനങ്ങൾ ഇവിടെ വായിക്കാം

മൊഴിമാറ്റം: സ്മിത മീനാക്ഷി

Dmk Karunanidhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: