ബോധമില്ലാതെ, മരണത്തോട് പോരാടി കരുണാനിധി ചെന്നൈയിലെ കാവേരി ഹോസ്പിറ്റലിൽ കിടക്കുന്ന ജൂലൈ ഇരുപത്തിയൊൻപത്തിന് എനിക്ക് നൈറ്റ് ഡ്യൂട്ടിയായിരുന്നു. ഒരു പതിനൊന്നുമണിയോടെ ഇരുപത്തിനാല് ടിക്കറ്റുകൾ താംബരത്തേയ്ക്കെടുത്തിരുന്ന പാഞ്ചാരിമേളസംഘത്തിലെ അംഗങ്ങൾ അത് ക്യാൻസൽ ചെയ്തുതരണമെന്ന് ആവശ്യപ്പെട്ട് തിരികെ വന്നപ്പോൾ ഞാൻ ഒരു കാര്യം ഉറപ്പിച്ചു.
കലൈഞ്ജർ പോയിട്ടുണ്ടാകും.
അവർ വാർത്ത സ്ഥിരീകരിച്ചു. ഒരു മണിക്കൂർ മുൻപ് കരുണാനിധി മരിച്ചുപോയെന്നും താംബരത്തൊക്കെ പോലീസുകാർ നിർബന്ധമായി കടകൾ അടപ്പിക്കുകയും ആളുകളെ പിരിച്ചുവിടുകയും ചെയ്യുകയാണെന്നും , അവരോടു തമിഴ്നാട്ടിലേക്ക് ഇപ്പോൾ വരുന്നത് സുരക്ഷിതമല്ലെന്ന് അവിടെയുള്ള ഒരു പരിചയക്കാരൻ പറഞ്ഞതായും അവർ അറിയിച്ചു.
നെറ്റിൽ വാർത്താചാനലുകളൊന്നും അങ്ങനെയൊരു വാർത്ത അറിയിക്കുന്നുണ്ടായിരുന്നില്ല. കോയമ്പത്തൂരിലുള്ള ഒരു വനിതാ സുഹൃത്തിനെ വിളിച്ച് ഞാൻ കാര്യം അന്വേഷിച്ചപ്പോൾ വാർത്ത വ്യാജമാണെന്നും കലൈഞ്ജർ താൽക്കാലത്തേയ്ക്ക് ഈ കൊടുങ്കാറ്റും തരണം ചെയ്തു എന്നവർ പറഞ്ഞു. കൂട്ടത്തിൽ അവർ പറഞ്ഞ ഒരു കാര്യമാണ് എന്നെ പിടിച്ചുലച്ചത് .
“അവര്‍ അഡ്മിറ്റാനതിലേന്ത് ഇങ്ക ഫേസ്ബുക്കിലവും വാട്ട്സ് ആപ്പിലവും പശങ്ക ട്രോള്ളോട് ട്രോൾ താൻ ”
വീൽ ചെയറിലിരിക്കുന്ന കരുണാനിധിയോടു പേരക്കുട്ടികൾ തങ്ങളുടെ അച്ഛന്റെ തിഥിയായിരുന്നു ഇന്നലെ എന്ന് പറയുന്നത് തുടങ്ങി മേഘങ്ങളിലിരുന്ന് എം ജി യാറും ജയലളിതയും “അവൻ വരാമെയെ ഇരുക്കാനേ. അവനും വന്താൽ താൻ ഇങ്കെ നാം ജോറാക ശണ്ഠ പോട്ടുക്ക മുടിയും ” എന്ന് പരസ്പരം പറയുന്ന ട്രോളുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നുവത്രെ തമിഴിലെ സാമൂഹ്യ മാധ്യമങ്ങൾ. ഒരു മരണവും കൂടി യുവത സാമൂഹ്യ മാധ്യമങ്ങളിലൂടെ ആഘോഷിക്കുകയാണ്.
സമീപകാലത്ത് ഒരു അറിയപ്പെടുന്ന കലാനിരൂപകൻ “പെർഫോമെൻസ് ആർട്ടി”നെക്കുറിച്ച് തന്റെ ബ്ലോഗ്ഗിൽ എഴുതുന്നതിനിടെ ആ കലാരൂപത്തിന്റെ ഇന്ത്യയിൽ തന്നെയുള്ള ആദ്യവും പ്രധാനപ്പെട്ടതുമായ ഒരു ദൃഷ്ടാന്തം ഗാന്ധിജിയുടെ ദണ്ഡിയാത്രയാണെന്ന് എഴുതുകയുണ്ടായി. അത് വായിച്ച മാത്രയിൽ എന്റെ മനസ്സിലൂടെ പെട്ടെന്ന് കരുണാനിധിയുടെ രൂപം പാഞ്ഞുപോയി. തമിഴകത്തിന്റെ ചരിത്രഗതിയിൽ തിരിപ്പുമുനയായ ഒരു ബഹുജനപ്രക്ഷോഭവും അത് ലോകശ്രദ്ധയിലെത്താൻ കാരണമായ മറ്റൊരു വലിയ “പെർഫോമെൻസും” എന്റെ മനസ്സിലേക്കോടിയെത്തി. അതിന്റെ സാക്ഷാത്ക്കാരത്തിന് പുറകിൽ കരുണാനിധിയെന്ന കുശാഗ്രബുദ്ധിയുള്ള രാഷ്ട്രീയക്കാരനായിരുന്നു.

“തമിഴ്നാട്ടിലെ പ്രത്യേക രാഷ്ട്രീയം” എന്നൊരു വിശേഷണം തന്നെ നാം എപ്പോഴും ഉപയോഗിക്കാൻ കാരണക്കാർ നാലുപേരാണ്. ഇ.വി.ആർ എന്ന തന്തൈ പെരിയോർ , അണ്ണാദുരൈ , കരുണാനിധി എം.ജി.ആർ. ആ നാലുപേരും ഒരുമിച്ച് ഒരേ ലക്ഷ്യങ്ങൾക്ക് പോരാടിയിരുന്ന ഒരു കാലത്തെ കുറിക്കുന്ന അമൂല്യമായ ഒരു ഫോട്ടോയുണ്ട്. സമരമുഖത്തെ ഈ സഖാക്കളിൽ ചിലർ വഴി പിരിയുകയും ശത്രുക്കളായി തീർന്നതും നാം പിന്നീട് കണ്ടു.എങ്കിലും മണിരത്നത്തിന്റെ “ഇരുവർ”എന്ന സിനിമയിൽ ഈ കാലത്തെ വിശേഷിപ്പിക്കാൻ ഉപയോഗിച്ച വാക്കുകൾ സത്യമായി അവശേഷിക്കുന്നു.
“തമിഴക ഉള്ളറൈകളിൽ നെരുപ്പ് പടർന്ത ഒരു കാലം .”
പെരിയോരുടെ നെരിപ്പോടിൽ നിന്ന് പടർന്ന ആ തീപ്പൊരി തമിഴത്തെയാകെ ജ്വലിപ്പിച്ച ഒരു അഗ്നിയായി പടർത്തുന്നതിൽ കാറ്റായി പ്രവർത്തിച്ചവരാണ് ബാക്കി മൂന്നുപേരെങ്കിലും കരുണാനിധിയ്ക്ക് അവരിൽ ഒരു പ്രത്യേക സ്ഥാനം തമിഴ് ജനത നൽകിയിട്ടുണ്ട്. അതിനു വഴിതെളിച്ച ഒരു സംഭവത്തെയാണ് കുറച്ച് മുൻപ് “പെർഫോമെൻസ് ആർട്ടു”മായി ഇണക്കി ഞാൻ അവതരിപ്പിച്ചത്. തമിഴ്നാട്ടിലെ എന്റെ ഔദ്യോഗിക ജീവിതത്തിനിടയിൽ ഉണ്ടായ രസകരമായ അനുഭവത്തിന്റെ ആഖ്യാനത്തിലൂടെ ഞാൻ കരുണാനിധിയെക്കുറിച്ചു ചില കാര്യങ്ങൾ പറയാം.
1991ലെ തിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെ ജയിക്കുകയും ജയലളിത മുഖ്യമന്ത്രിയാകുന്നതിനും തൊട്ടുമുന്‍പുള്ള കാലത്താണ് ഞാന്‍ റെയില്‍വേയില്‍ ജോലികിട്ടി തിരുച്ചിയിലെത്തുന്നത്. വളരെ ഉള്‍നാടന്‍ സ്റ്റേഷനുകളില്‍ ജോലിയെടുക്കേണ്ടിവന്ന ആ കാലം ഏറെ വ്യത്യസ്തങ്ങളായ അനുഭവങ്ങള്‍ പ്രദാനം ചെയ്തിട്ടുണ്ട്. നാട്ടിന്‍പുറങ്ങളിലെ സ്റ്റേഷനുകളില്‍ ജോലി ചെയ്യാന്‍ വൈമനസ്യം കാട്ടുകയും നഗരങ്ങളിലെ ജംക്ഷനുകളില്‍ മാത്രം ഔദ്യോഗിക ജീവിതം തളച്ചിടുകയും ചെയ്യുന്നവര്‍ തങ്ങള്‍ക്ക് വന്നുചേരുന്ന വലിയ നഷ്ടത്തെക്കുറിച്ച് ഒരിക്കലും ബോധാവാന്മാരാവുകയോ, ആയാല്‍ തന്നെ അത് സമ്മതിച്ചുതരികയോ ചെയ്യാറില്ല.
1994ന്റെ ആരംഭമാസത്തില്‍ ഒരു “പണിഷ്മെന്റ് ട്രാന്‍സ്ഫറിന്റെ” ബലത്തിലാണ് ഞാന്‍ കല്ലക്കുടി പളംഗനാഥം എന്ന സ്റ്റേഷനില്‍ ജോലിയെടുക്കാനായി വണ്ടിയിറങ്ങുന്നത്. ഡാല്‍മിയ ഗ്രൂപ്പിന്റെ വലിയ സിമന്റ് കമ്പനി പ്രവര്‍ത്തിച്ചിരുന്ന സ്ഥലമായിരുന്നു അത്. നാലു ജോഡി പാസഞ്ചര്‍ വണ്ടികളെക്കൂടാതെ തിരുച്ചിയില്‍ നിന്നും ചെന്നയിലേക്ക് പോകുന്ന “മലക്കോട്ടയ്” എന്ന് മാത്രം തമിഴനും തമിഴത്തിയും വിളിക്കുന്ന റോക്ക്ഫോര്‍ട്ട് എക്സ്പ്രസ്സും അവിടെ നില്ക്കുമായിരുന്നു.
ഡാല്‍മിയ സിമന്റ് കമ്പനിയില്‍ നിന്നുമുള്ള ഗുഡ്സ് വണ്ടികളിലൂടെയുള്ള സിമന്റിന്റെ കയറ്റിവിടലിലൂടെ കിട്ടിയിരുന്ന പണം തിരുച്ചി ഡിവിഷന്റെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നായിരുന്നു.
എന്നാല്‍ തമിഴനും തമിഴത്തിക്കും ഇതൊന്നുമല്ല കല്ലക്കുടിയെന്നാല്. തങ്ങള്‍ക്കന്യമായ ഒരു സംസ്കൃതി അടിച്ചേല്‍പ്പിക്കപ്പെടുന്നു എന്ന് തോന്നിയ ഒരു ഇരുണ്ട കാലത്ത്, തങ്ങളുടെ സ്വാഭിമാനം ലോകത്തിന്റെ മുഖത്തിനുനേരെ ഉയര്‍ത്തിക്കാട്ടപ്പെട്ട ഒരു തീക്ഷ്ണമായ ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ച ഒരു ജ്വലിക്കുന്ന ഓര്‍മ്മയാണ് ഇന്നും അവര്‍ക്ക് കല്ലക്കുടി.
നമ്മുടെ സംസ്ഥാനരൂപീകരണത്തില്‍ മുഖ്യമായ പങ്കുവഹിച്ച പുന്നപ്ര, വയലാര്‍ എന്ന രണ്ടു ദേശങ്ങളുടെ പേര് എങ്ങനെ വേര്തിരിക്കാനാകാ തെ ഒന്നായി പറയപ്പെടുന്നുവോ, അതെ പോലെയാണ് തമിഴര്‍ക്ക് കല്ലക്കുടിയും പഴംഗനാഥവും.
1950കളുടെ ആരംഭത്തിലാണ് കരുണാനിധി ‘പരാശക്തി’ എന്നു പേരുള്ള ഒരു തിരക്കഥ എഴുതുന്നത്. അത് സിനിമയാക്കപ്പെട്ടുവെങ്കിലും അതിലെ ബ്രാഹ്മണ്യത്തിനെതിരായ മൂര്‍ച്ചയേറിയ വചനസ്ഫുലിംഗങ്ങള് അവരെ പ്രകോപിപ്പിക്കുകയും അത് നിരോധിക്കപ്പെടുകയും ചെയ്തു. 1952ല്‍ സിനിമ റിലീസ് ചെയ്യപ്പെട്ടപ്പോള്‍ തമിഴകം അതിനെ മാറോട് പുല്കുകയായിരുന്നു.
“ഓടിനാള് .. ഓടിനാള് … അവള് വാഴ്ക്കയിന് ഓരത്തുക്കേ ഓടിനാള്..” തുടങ്ങിയ അതിലെ വാചകങ്ങള്‍ യുഗങ്ങളായി ചാതുര്‍വര്‍ണ്യത്തിന്റെ ഭാരം പേറി തീര്‍ത്തും അവശരായിരുന്ന ഒരു ജനതയ്ക്ക് നല്കിയ ആവേശം കുറച്ചൊന്നുമായിരുന്നില്ല.
ജനമനസ്സുകളില്‍ കരുണാനിധി ഒരു വേറിട്ട സാഹിത്യകാരനായും നേതാവായും വളരുമ്പോഴായിരുന്നു ഡാല്‍മിയ സിമന്റ് കമ്പനി തുടങ്ങിയതിനു പകരം നന്ദിസൂചകമായി അവിടുത്തെ റെയില്‍വേ സ്റ്റേഷന് നല്കപ്പെട്ടിരുന്ന “ഡാല്‍മിയാപുരം” എന്ന പേര് ആ നാടിന്റെ പേരായ “കല്ലക്കുടി” എന്നാക്കി മാറ്റണമെന്ന ഒരു സമരം അവിടെ തുടങ്ങുന്നത്.
1953 ജൂലൈ 10ന്, സിമന്റ് കമ്പനിയിലെ തൊഴിലാളികളും പണിമുടക്കി ബഹുജനങ്ങളോടൊപ്പം ചേര്‍ന്നു. സ്റ്റേഷനും പരിസരവും ആളുകളെക്കൊണ്ട് നിറഞ്ഞു. കരുണാനിധിയുടെ സാന്നിധ്യം സമരത്തിന്റെ തീവ്രത കൂട്ടുകയും, ജനങ്ങള്‍ പൊലീസിനെ വകവയ്ക്കാതെ റെയില്‍വേ സ്റ്റേഷന്റെ പരിസരത്തും പ്ലാറ്റ്ഫോമിലെ ബോര്‍ഡിലും കല്ലക്കുടി എന്ന പേര് കടലാസില്‍ എഴുതി ഒട്ടിക്കാനും തുടങ്ങി.
തിരുച്ചിയില്‍ നിന്നും പോലീസിന്റെ ഒരു വന്‍ സന്നാഹം അവിടെ തമ്പടിച്ചിരുന്നു. അന്നത്തെ സൗത്ത് ഇന്ത്യന്‍ റെയില്‍വേ സൂപ്രണ്ട് സര്‍വ്വ സന്നാഹത്തോടെ എങ്ങനെയും റെയില്‍വേ ഗതാഗതത്തിനു തടസ്സം നേരിടരുതെന്ന കേന്ദ്രത്തിന്റെ ആജ്ഞ നടപ്പാക്കാന്‍ ഒരുങ്ങി തലേദിവസം മുതല്‍ അവിടെയുണ്ടായിരുന്നുവത്രെ. മുൻ സൈനിക ഓഫീസറും മലയാളിയുമായ കേണൽ മാധവ മേനോനായിരുന്നു ആ സൂപ്രണ്ടെന്ന് സ്ഥിരീകരിച്ചിട്ടില്ലാത്ത വാർത്തയുമുണ്ട്. വെടിവെയ്പ്പിലേക്ക് കാര്യങ്ങള്‍ നീങ്ങുമോ എന്ന് തോന്നിപ്പിച്ചപ്പോഴായിരുന്നു ഒരു തീവണ്ടി സ്റ്റേഷനിലേയ്ക്ക് കടന്നത്.
മണിരത്നത്തിന്റെ ‘ഇരുവർ’ (1997) എന്ന ചലച്ചിത്രത്തിൽ ഈസംഭവം ചിത്രീകരിച്ചിരിക്കുന്നത് ഇവിടെ കാണാം
പ്ലാറ്റ്ഫോമിൽ നിന്നിരുന്ന കരുണാനിധി അവിടെനിന്നും ഒരു നിമിഷംകൊണ്ട് താഴേയ്ക്കിറങ്ങി വണ്ടി വന്നിരുന്ന ട്രാക്കില്‍ കിടന്നു. അലയടിച്ച ആവേശത്തില്‍ മൂന്നാളുകള്‍ കൂടി ട്രാക്കിലേയ്ക്കിറങ്ങി.
ത്രൂ സിഗ്നല്‍ ഇട്ടിരുന്ന വണ്ടി ഒരു കാരണവശാലും നിര്‍ത്തരുതെന്ന് സ്റ്റേഷന് മാസ്റ്റരോട് സൂപ്രണ്ട് ഉത്തരവിട്ടു.
ആളുകളും പൊലീസും തമ്മിലുള്ള ഉന്തും തള്ളും കണ്ട തീവണ്ടിയുടെ ഡ്രൈവര്‍ ബ്രേക്കിട്ട് വണ്ടി നിര്‍ത്തുകയും തന്റെ അടുക്കല്‍ വന്ന് വണ്ടിയെടുക്കാന്‍ ആക്രോശിച്ച സൂപ്രണ്ടിനെ വകവയ്ക്കാതെ എഞ്ചിനില്‍ നിന്നും ഇറങ്ങിയോടി.
കലൈഞ്ജരുടെ കഴുത്തിനും നിര്‍ത്തപ്പെട്ട എഞ്ചിന്റെ ചക്രത്തിനും തമ്മില്‍ അടികളുടെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ എന്ന് പിന്നീട് ഇസൈ മുരശ് നാഗൂര് ഹനീഫ തന്റെ “കല്ലക്കുടികൊണ്ട കരുണാനിധി” എന്ന ഐതിഹാസികമായ ഗാനത്തില്‍ പാടിയത് തെല്ല് അതിശയോക്തിയാ ണെങ്കിലും, കല്ലക്കുടിയില്‍ അന്ന് “മദ്ധ്യഅരശിന് തേരോട്ടത്തുക്ക് കലൈഞ്ജര്‍ തടൈയിട്ടാര്” എന്ന തമിഴന്റെ ഇന്നുമുള്ള ഹുങ്ക് അരങ്ങേറുകതന്നെ ചെയ്തു.
“കല്ലക്കുടി കൊണ്ട കരുണാനിധി” എന്ന പാട്ട് ഇവിടെ കേൾക്കാം
കരുണാനിധിക്ക് പുറകെ അന്ന് കൂടെയുണ്ടായിരുന്ന കണ്ണദാസനും കൂട്ടരും പാളത്തിൽ കിടന്നു. കാര്യങ്ങൾ കൈവിട്ടുപോകുന്നു എന്ന് മനസ്സിലാക്കിയ പൊലീസ് ലാത്തി വീശിയെങ്കിലും ആൾക്കൂട്ടം ചിതറിയോടാതെ തിരിച്ചടിച്ചു. പിന്നീടുണ്ടായ വെടിവെയ്പ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടുവെങ്കിലും ആളുകൾ പിരിഞ്ഞുപോകാൻ കൂട്ടാക്കിയില്ല.
ജനക്കൂട്ടത്തിന്റെ പ്രജ്ഞാശക്തിക്ക് മുന്നില്‍ നിസ്സഹായനായ സൂപ്രണ്ടിന് നാമമാറ്റത്തിന് വേണ്ട ശുപാര്‍ശ കേന്ദ്രത്തിലേക്ക് അയയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കാം എന്ന ഉറപ്പ് നല്‍കേണ്ടിവന്നു. എങ്കിലും ഈ നിർദ്ദേശം നടപ്പായത് പിന്നെയും ഒന്നര പതിറ്റാണ്ടുകൾക്ക് ശേഷം തമിഴ്നാട്ടിൽ ഡി.എം.കെ. ഭരണത്തിലേറുമ്പോൾ മാത്രമായിരുന്നു.
പിന്നീട്, പേരുമാറ്റത്തിന് ഔദ്യോഗികമായ അനുമതി നൽകപ്പെട്ടപോള് കല്ലക്കുടിയോടു ചേര്‍ന്ന് കിടന്നിരുന്ന പഴംഗനാഥം എന്ന ഗ്രാമത്തിന്റെ പേരും അതോടു ചേര്‍ക്കപ്പെട്ടു. കാരണം അന്ന് തീവണ്ടിപ്പാളത്തിനിരുവശത്തും കൂടിയ പതിനായിരങ്ങളില്‍ ഏറെ പേര് ഈ ഗ്രാമത്തില്നിന്നുമുള്ളവരായിരുന്നു,

പിന്നീടുള്ള ജീവിതയാത്രയ്ക്കിടയിലെ, ജാലകത്തിലൂടെ കടന്നുവന്ന തണുത്തകാറ്റേറ്റ് കലൈഞ്ജരുടെ ഉള്ളിലെ തീപ്പൊരിയും പതുക്കെ അണഞ്ഞില്ലാതെയാകുന്നത് നമുക്ക് കാണേണ്ടിവന്നു. എന്നാല്‍ ഒരിക്കല്‍ക്കൂടി കല്ലക്കുടിയിലെ തീവണ്ടിയെ തടുത്തുനിര്‍ത്തിയ കരുണാനിധിയെ നമുക്ക് കാലം കാട്ടിതന്നു. അടിയന്തിരാവസ്ഥ കൊടുമ്പിരികൊണ്ടിരിക്കു ന്ന വേളയില്‍ “അതെല്ലാം തമിഴകത്തിന് എല്ലയ്ക്ക് വെളിയെ താന്‍. മദ്ധ്യ അരശിന് അവസരകാല ശട്ടമെല്ലാം നമ്മ എല്ലയ്ക്കുള്ളേ കെടയാത്” എന്ന് തമിഴ് ജനതയോട് സംശയം കൂടാതെ പറഞ്ഞപ്പോഴായിരുന്നു അത്. സാക്ഷാൽ ദുർഗ്ഗാദേവി എന്ന് അന്ന് വാഴ്ത്തപ്പെട്ടിരുന്ന ഇന്ദിരാ ഗാന്ധിയെ സ്തബ്ധയാക്കിയ ഒരു പ്രസ്താവനയും കൂടിയായിരുന്നു ഇത് .
എം.ജി.ആറിനോടൊപ്പം ചേർന്ന് കരുണാനിധിയെ അധികാരത്തിൽ നിന്നുമിറക്കിയ ഇന്ദിര ആ തിരസ്ക്കാരത്തിൽ നിന്നുമുണ്ടായ പക കരുണാനിധിയുടെ മകനും അറസ്റ്റുചെയ്യപ്പെട്ട യുവനേതാവുമായ സ്റ്റാലിന്റെയടുക്കലാണ് തീർത്തത്. അത്രയ്ക്ക് ഭീകരമായ മർദ്ദനമായിരുന്നു സ്റ്റാലിന് അനുഭവിക്കേണ്ടി വന്നത്.
1994ലെ കല്ലക്കുടി മറ്റേതൊരു തമിഴക ഗ്രാമവും പോലെ തന്നെയായിരുന്നു. ആളുകള്‍ രാവിലെ എഴുന്നേറ്റു പുറമ്പോക്കുകളിലും, വയലുകളിലും റെയില്വേട്രാക്കുകളിലും ഇരുന്ന് പ്രാഥമികാവശ്യങ്ങൾ നിറവേറ്റിയ ശേഷം ദാരിദ്ര്യത്തിലാഴ്ന്ന അവരവരുടെ ജീവിതങ്ങളില്‍ മുഴുകി. ഡാല്‍മിയ സിമന്റ് കമ്പനിയുടെ പരിസരത്തുള്ള പല ചായക്കടകളില്‍പ്പോലും മേൽക്കീഴ് ജാതികളെ വേർതിരിക്കുന്ന ഇരട്ട ടംബ്ലര്‍ സമ്പ്രദായം നിലനിന്നിരുന്നു. കമ്പനിയില്‍ ജോലി ലഭിക്കാന്‍ ഇടയായ പല ദേശവാസികളും തങ്ങളുടെ ഗ്രാമങ്ങള്‍ വിട്ടു കമ്പനിയുടെ കോളനിയിലേക്ക് താമസം മാറി.
കല്ലക്കുടി കല്ലക്കുടിയായും ഡാല്‍മിയാപുരം ഡാല്‍മിയാ പുരവുമായിത്തന്നെ നിലനിന്നു.
ഇനി ഈ കുറിപ്പെഴുതാന്‍ തോന്നിയ, എനിക്ക് കല്ലക്കുടിയില്‍ വെച്ചുണ്ടായി എന്ന് ആദ്യം പറഞ്ഞ അനുഭവത്തെക്കുറിച്ച് പറയാം. അന്ന് നൈറ്റ് ഡ്യൂട്ടിയായിരുന്നു. രാവിലെ നാലേകാലിനാണ് തിരുച്ചിയിലേക്കുള്ള റോക്ക്ഫോര്‍ട്ട് എക്സ്പ്രസ് കല്ലക്കുടിയില്‍ എത്തുക. കൂടിവന്നാല്‍ നാലഞ്ചു ടിക്കറ്റ് പോയാലായി. വണ്ടിവന്നു ഏറെ നേരമായിട്ടും പോകാതെ നില്ക്കുന്നത്തിന്റെ കാരണം എന്തായിരിക്കും എന്ന് ആലോചിക്കുമ്പോഴായിരുന്നു കൗണ്ടറില്‍ രണ്ടുപോലീസുകാര്‍ കാരണം തിരക്കി വന്നത്. വണ്ടിയുടെ ഫസ്റ്റ്ക്ലാസ് കോച്ചില്‍ കലൈഞ്ജരും സംസാരവും ഉണ്ടെന്നും, ഉറക്കം വിട്ടെഴുന്നേറ്റ കലൈഞ്ജര്‍ വണ്ടിയെടുക്കാത്തതിന്റെ കാരണം തിരക്കിവരാന്‍ പറഞ്ഞയച്ചുവെന്നും അവര്‍ പറഞ്ഞു.
ഓഫീസ് പൂട്ടി, അവരെയും കൊണ്ട് സ്റ്റേഷന് മാഷിന്റെയടുക്കല്‍ കൊണ്ട്പോകുമ്പോഴേക്കും അവിടെ ചെറിയ ഒരു ആള്‍ത്തിരക്ക് ഉണ്ടായിക്കഴിഞ്ഞിരുന്നു.
“അയ്യോ.. അവര്‍ കീഴെ ഇറങ്കീട്ടാര് പോലയിരുക്ക്” എന്നും പറഞ്ഞു പോലീസുകാര്‍ വേഗത്തിലങ്ങോട്ട് പോയി.
പ്ലാറ്റ്ഫോറത്തില്‍ കലൈഞ്ജരോടൊപ്പം രാസാത്തിയമ്മാളും നിന്നിരുന്നു. വിവരമറിഞ്ഞ സ്റ്റേഷന് മാഷും ഓഫീസിനു വെളിയില്‍ വന്നു. പാളത്തിലേയ്ക്ക് വിരല്‍ചൂണ്ടി രാസാത്തിയോട് കലൈഞ്ജര്‍ തന്റെ പ്രസിദ്ധമായ കുരലില്‍ പറഞ്ഞു.
“ദാ.. അങ്കെ താന്‍ അന്ട്രു നാന് വണ്ട്രിക്ക് മുന്നാടി തല വെയ്ത്ത് പടുത്തേന്”
ഇതിനോടകം അവര്‍ ഞങ്ങള്‍ നില്ക്കുന്നതിനടുത്തെത്തിയിരുന്നു.
സിഗ്നലിന്റെ കുഴപ്പമാണെന്നും, ഇനിയും ഒരു പത്തുനിമിഷം കഴിഞ്ഞാല്‍ വണ്ടിഎടുക്കുമെന്ന് മാഷ് അദ്ദേഹത്തോട് പറഞ്ഞു.
കലൈഞ്ജര്‍ മാഷിന്റെ പോക്കറ്റില്‍ കുത്തിവച്ചിരുന്ന നെയിംബാഡ്ജ് നോക്കി പേര് വായിച്ചു.
“കതിരവന്‍”
അദ്ദേഹത്തിന്റെ മുഖം ഒരായിരം സൂര്യന്മാര് ഒരുമിച്ച് ഉദിച്ചപോലെ പ്രകാശമയമായി.
“റൊമ്പ സന്തോഷം തമ്പി. നാന് വരട്ടുമാ ?”
ഞങ്ങളും കൈക്കൂപ്പി.
നേരം വെളുക്കുവോളം കതിരവന്‍ എന്നോട് കലൈഞ്ജരില്‍ ഒരു കാലത്ത് തങ്ങള്‍ അര്‍പ്പിച്ചിരുന്ന പ്രതീക്ഷയെക്കുറിച്ചും, പിന്നീട് തങ്ങള്‍ക്കുണ്ടായ മോഹഭംഗത്തെക്കുറിച്ചും സംസാരിച്ചു.
പ്രധാനപ്പെട്ട ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ വേണ്ടിയായിരുന്നു കലൈഞ്ജര്‍ തിരുച്ചിയിലേക്ക് വന്നത്. പതിനായിരങ്ങളോട്, താന്‍ അതിരാവിലെ തമിഴ് മക്കളുടെ സ്വാഭിമാനം അവര്‍ വീണ്ടെടുത്ത കല്ലക്കുടിയില്‍ അവിചാരിതമായി ഇറങ്ങിയതും, അവിടെ കതിരവന്‍ എന്ന് പേരായ ഒരു ചെറുപ്പക്കാരനായ സ്റ്റേഷന് മാസ്റ്റര്‍ തന്നെ എതിരേറ്റതും എല്ലാം ഒരു നിമിത്തമാണെന്നും, അത് തീമുക്കയുടെ സൂര്യന് വീണ്ടും ഉദിക്കുന്നതിന്റെ നാന്ദിയാണെന്നും പറഞ്ഞു.
“ഇന്ട്രു കാലൈയില് നാന് കതിരവനൈ ഇരണ്ട് വാട്ടി പാര്ത്തേന്” എന്നും പറഞ്ഞായിരുന്നു അദ്ദേഹം തന്റെ പ്രസംഗം ആരംഭിച്ചതെന്ന് മുരശൊലി വാര്‍ത്തയും കൊടുത്തു. തങ്ങളുടെ പ്രസംഗങ്ങളുടെ ആരംഭത്തിൽ തന്നെ കേൾവിക്കാരെ കൈകളിലെടുത്ത് അമ്മാനമാടാനുള്ള കഴിവ് തമിഴകത്തിലെ നേതാക്കൾക്ക് ജന്മസിദ്ധമാണ്.
പണ്ട് കേട്ടൊരു കഥ ഓർത്തുപോകുന്നു . 1967ലെ തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണം മുറുകിയ സമയത്ത് അരിയല്ലൂരിൽ അണ്ണാദുരയെയും കാത്ത് ഒരു ലക്ഷത്തിൽ കുറയാത്ത ഒരു ആൾക്കൂട്ടം ഒരു മൈതാനിയിൽ തിങ്ങിയിരിക്കുകയാണ്. വൈകുന്നേരം ആറുമണിക്ക് എത്തിച്ചേരേണ്ട അറിഞ്ജർ എത്തുമ്പോൾ സമയം രാത്രി പത്തരയോടടുത്തിരുന്നു.
വാഹനത്തിൽ നിന്നുമിറങ്ങിയ അണ്ണാ സ്വീകരണത്തിനൊന്നും കാത്തുനിൽക്കാതെ നേരെ മേടയിൽക്കയറി മൈക്കിന് മുൻപിൽ നിന്ന് അടുക്കുമൊഴിയിലുള്ള തന്റെ പ്രസംഗം ആരംഭിച്ചു.
“മാസം ചിത്തിരൈ …
നേരം പത്തരൈ…
കൺകളിൽ നിത്തിരൈ …
പേശുവതോ അണ്ണാദുരൈ …”
ആൾക്കൂട്ടത്തിന്റെ ആരവം അങ്ങ് മദിരാശിയിൽ കേട്ടു. അതാ കിടക്കുന്നു ഡി എം കെ യുടെ പെട്ടിയിൽ വോട്ട് ഒരു ലക്ഷം.
വാഴ്വിന്റെ ഓരത്ത് പ്രതീക്ഷയേതുമില്ലാതെ ചടഞ്ഞിരുന്ന ഒരു ജനതയുടെ സ്വാഭിമാനം തിരിച്ചറിയാൻ അവരെ പ്രാപ്തരാക്കുക. അഭിമാനം വീണ്ടെടുത്ത ഒരു ജനതയ്ക്കു സ്വന്തം ഭാഗധേയം നിർണ്ണയിക്കാനാകുമെന്ന മോഹിപ്പിക്കുന്ന സ്വപ്നത്തിൽ അവരെ മുഴുകാൻ വിടുക. പല സാമൂഹിക തുറകളിലും അവരെ പങ്കാളികളാവാൻ സജ്ജരാകുക. ഈ നല്ലകാര്യങ്ങളൊക്കെയും കരുണാനിധിയുടെ കിരീടത്തിൽ തുന്നി ചേർക്കുന്നവരുണ്ട്.
മറിച്ച് , ഇന്ത്യ കണ്ട കൗശലക്കാരായ രാഷ്ട്രീയ നേതാക്കളിൽ ഇയാളാണ് പ്രഥമ സ്ഥാനം അലങ്കരിക്കാൻ അർഹനെന്ന് നിസ്സംശ്ശയം പറയുന്നവരുമുണ്ട്.
അതൊക്കെ കാലം തെളിയിക്കട്ടെ. പക്ഷെ ഒന്നുണ്ട് അപ്പോഴും ബാക്കിയായി. പോരാട്ടങ്ങളിലൂടെ ഒരു ജനപഥത്തെ നയിക്കുമ്പോൾ , ആ പോരാട്ടത്തിന്റെ മുൻപന്തിയിൽ നിന്നുകൊണ്ടുതന്നെ അടിയും ഇടിയും വെടിയുണ്ടയും ഏറ്റുവാങ്ങാൻ മടിയില്ലാതിരുന്ന നേതാക്കളുടെ കാലത്തുള്ള അവസാനത്തെ അതികായനാണ് ബോധം മങ്ങിയും തെളിഞ്ഞും കാവേരി ഹോസ്പ്പിറ്റലിന്റെ “തീവ്ര ചികിത്സ അറയിൽ ” നൂൽപ്പാലത്തിലൂടെ സഞ്ചരിച്ച് മറുകരയിലേയ്ക്ക് മടങ്ങിയ ഈ വയസ്സൻ. പകയും വിദ്വേഷവും മാറ്റിവച്ച് അദ്ദേഹത്തിന് സ്വസ്ഥത ആശംസിക്കുക എന്നത് നമ്മുടെ മര്യാദയിൽ പെടും. ജീവിതത്തിലും മരണത്തിലും.
പെരുംതന്തയ്ക്കു സ്വസ്ഥി.