തെന്നിന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായനായിരുന്നു 94 കാരനായ മുത്തുവേല്‍ കരുണാനിധി. അഞ്ച് തവണ മുഖ്യമന്ത്രിയായ ദ്രാവിഡ നേതാവ്. 50 വർഷം തുടർച്ചയായി ഒരു പാർട്ടിയുടെ അനിഷേധ്യനായ അധ്യക്ഷനായിരുന്ന് ഇന്ത്യയിൽ മറ്റൊരു രാഷ്ട്രീയചരിത്രത്തിമെഴുതി. ഏറെക്കാലം രോഗഗ്രസ്തനായി കഴിഞ്ഞപ്പോഴും രാമ പാദുകം വെച്ചു ഭരിച്ച ഭരതനെ പോലെ നേതൃപദവി അദ്ദേഹത്തിന് നല്കി അദ്ദേഹത്തിന്റെ ഇളയമകന് എം കെ സ്റ്റാലിന് പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് ആയി തുടർന്നു. പ്രസിഡന്റ് പദവി ദ്രാവിഡ യോദ്ധാവിന് തന്നെ നല്‍കികൊണ്ട് പാര്‍ട്ടി പ്രവർത്തിച്ചത്. ഡി എം കെയ്ക്ക് ആ നേതാവിലുള്ള അചഞ്ചലവിശ്വാസം കൊണ്ടാണ്. ദ്രാവിഡ കഴക (ഡി കെ) കാലത്ത് പെരിയാര്‍ ഇ വി രാമസ്വാമിനായ്ക്കരുടെയും ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപകനായ സി എന്‍ അണ്ണാദുരയുടെയും വത്സല ശിഷ്യന് ദ്രാവിഡ രാഷ്ട്രീയത്തിന്റെ അവസാന വാക്കായിരുന്നു അവാസനം വരെയും. ദേശീയ രാഷ്ട്രീയത്തിലും കൈ കൊടുത്ത തമിഴ് നേതാവായിരുന്നു കരുണാനിധി.
‘ഉടൽ മണ്ണുക്ക് ഉയിർ തമിഴ്ക്ക്’ എന്ന ഉശിരന്‍ ഡയലോഗ് ആണ് കരുണാനിധിയെ കാണുമ്പോള്‍ എപ്പോഴും ഓര്‍മ്മ വരാറ്. അതിശക്തമായ പ്രാദേശിക വാദത്തിന് പെരിയാറും അണ്ണാദുരയും അടിത്തറ ഇട്ടിരുന്നുവെങ്കിലും അത് തമിഴന്റെ വികാരമാക്കി മാറ്റിയത് കരുണാനിധിയാണ്. പില്കാലത്ത് എം ജി ആറും ജയലളിതയും അതില്‍ വെള്ളം ചേര്ത്തിരിക്കാമെങ്കിലും ആ പ്രാദേശികവികാരം തമിഴ്നാട്ടിൽ ഇന്നും ഉച്ച സ്ഥായിയില്‍ തുടരുന്നതിന് പിന്നില്‍ അദ്ദേഹമാണ്.
ജീവിതത്തിലും രാഷ്ട്രീയത്തിലും പലവട്ടം കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടും അക്ഷോഭ്യനായി നിന്ന നേതാവാണ് അദ്ദേഹം.”കാലത്തിന്റെ കട്ടായം”,അപ്പോഴെല്ലാം അദ്ദേഹം പറയും. അതെ, അദേഹത്തെ പോലെ കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിച്ച മറ്റൊരു രാഷ്ട്രീയക്കാരന് തമിഴ്നാട്ടില്‍ ഉണ്ടാവില്ല .കുശാഗ്രബുദ്ധിയായ അദ്ദേഹം തമിഴകത്തെ മുഴുവന്‍ തന്റെയും പാര്‍ട്ടിയുടെയും ഒപ്പം നിര്‍ത്തി .ആ പാര്‍ട്ടിയില്‍ നിന്ന് ഭിന്നിച്ചു പോയവര്‍ പോലും കഴകത്തിന്റെ ആശയങ്ങളും ആദര്‍ശങ്ങളും സ്വാംശീകരിച്ചു.
തന്റെ പതിനാലാമത്തെ വയസ്സില്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ അളഗര്‍ സ്വാമിയുടെ വാക്ക് കേട്ട് രാഷ്ട്രീയത്തില്‍ ഇറങ്ങിയ കരുണാനിധി .യുവാക്കളെ ഉദ്ബോധിപ്പിക്കാന് ‘തമിള്‍ നേഷന്‍’ എന്നൊരു പത്രവും തുടങ്ങി. പിന്നിട് അദ്ദേഹം സ്ഥാപിച്ച വിദ്യാര്‍ഥി പ്രസ്ഥാനം ഡി എം കെയുടെ ആദ്യ വിദ്യാര്‍ഥി വിഭാഗമായി മാറി പെരിയാറിന്റെയും അണ്ണായുടെയും രാഷ്ട്രീയ ശിക്ഷണത്തില്‍ വളര്‍ന്ന, കരുണാനിധി എന്ന നേതാവിനെ ശുദ്ധികരിച്ചെടുത്തത് ഹിന്ദി വിരുദ്ധ പോരാട്ടമാണ് കല്ലാകുറിച്ചി റെയില്‍വേസ്റ്റേഷന്റെ പേര് ഡാല്‍മിയപുരം എന്ന് മാറ്റുന്നതിനെതിരെ അദ്ദേഹം നടത്തിയ പ്രക്ഷോഭം അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാഗധേയവും മാറ്റിമറിച്ചു . അന്നത്തെ മദ്രാസ് സംസ്ഥാനത്ത് ഭരണകക്ഷിയായിരുന്ന കോൺഗ്രസ്സിന്റെ തകര്‍ച്ചയിലേക്ക് നയിച്ച പോരാട്ടമായിരുന്നു അത് . ആ സമരം അദ്ദേഹത്തിന് മറ്റൊരു ജീവിതസഖിയെയും സമ്മാനിച്ചു. യുവാവായ ദ്രാവിഡ പോരാളിയില്‍ അനുരക്തയായ രാജാത്തി അമ്മാള്‍ .പില്കാലത്ത് ഡി എം കെയില്‍ എം പി വരെയായി ഉയര്‍ന്ന കവി കൂടിയായ കനിമൊഴിയുടെ അമ്മ. ടു ജി അപവാദത്തില്‍ പ്രതിയായി കനിമൊഴി ഡല്‍ഹിയില്‍ വിചാരണതടവുകാരിയായി കഴിയുന്നത് കാണേണ്ട ദൗര്ഗ്യവും ആ ദ്രാവിഡ കുലപതിക്കുണ്ടായി .
1957ല്‍. മുപ്പത്തി മൂന്നാം വയസ്സില്‍ കുഴിത്തലയില്‍ നിന്ന് എം എല്‍ എ ആയി വിജയിച്ച കരുണാനിധി പതിമൂന്നു തവണ എം എല്‍ എ ആയി. അഞ്ച് തവണ മുഖ്യമന്ത്രിയും. അണ്ണാദുരയുടെ മരണശേഷം 69 ല്‍ മുഖ്യമന്ത്രിയായ അദേഹം പാര്‍ട്ടിയുടെ ആദ്യത്തെ പ്രസിഡന്റുമായി. പക്ഷെ അത്ര സുഗമമായിരുന്നില്ല ആ രാഷ്ട്രീയ യാത്ര. ഡി എം കെയില്‍ മക്കള്‍ തിലകമായിരുന്ന എം ജി ആറിനെതിരെ നടത്തിയ ചില രാഷ്ട്രീയ സിനിമ നീക്കങ്ങള്‍ അദ്ദേഹത്തിന് നേരെ തിരിച്ചടിച്ചു മൂത്ത പുത്രന് മു ക മുത്തുവിനെ സിനിമനടനായി ഉയര്‍ത്താനുള്ള നീക്കം തനിക്കെതിരെ യുള്ള ഒരു വെല്ലുവിളിയായയാണ് എംജി ആര് കണ്ടത്. അതെ തുടര്‍ന്ന് അദ്ദേഹം എ ഐ എ ഡി എം കെ രൂപികരിച്ച് പാര്‍ട്ടി വിട്ടു. ദിണ്ടിഗല്‍ ഉപതെരഞ്ഞെടുപ്പില്‍ ഡി എം കെ യെ തോൽപ്പിച്ച് ആ പാർട്ടി സ്വന്തമായ അസ്ഥിത്വം സ്ഥാപിക്കുകയും ചെയ്തു.
കരുണാനിധിക്ക് ‘നലം ,മക്കള്‍ നലം’ എന്നാണ് ആപ്തവാക്യമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ശക്തമായ ആരോപണം .കുടുംബത്തോടും മക്കളോടുള്ള അമിതമായ സ്നേഹം ഇന്ന് വലിയ അതിശയമായി തോന്നുകയില്ലെങ്കിലും ആ ആരോപണം മതിയായിരുന്നു ഡി എം കെയുടെ തെരഞ്ഞെടുപ്പ് വിജയങ്ങളെ ഉലയ്ക്കാന്‍. എം ജി ആര് മരിക്കുന്നത് വരെ കരുണാനിധിക്ക് രാഷ്ട്രീയ മേല്‍കോയ്മ നഷ്ടപ്പെട്ടു. .പക്ഷെ ഒരു കേഡര്‍ പാര്‍ട്ടിയായ ഡി എം കെ യുടെ അടിത്തറയെ അത് തെല്ലും ബാധിച്ചില്ല. പില്കാലത്ത് ജയലളിത എ ഐ എ ഡി എം കെ യെ നയിച്ചപ്പോഴും പി എം കെ പോലെയുള്ള ജാതിയ വിഭാഗീയ കക്ഷികള്‍ അരങ്ങുവാണ് തുടങ്ങിയപ്പോഴും എം ഡി എം കെ പോലെയുള്ള തീവ്ര ദ്രാവിഡ കക്ഷികള്‍ വെല്ലുവിളി ഉയർത്തിയപ്പോഴും ഡി എം കെ യുടെ പ്രസക്തിയും സ്വാധീനവും നഷ്ടപെട്ടിട്ടില്ല .കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നടന് വിജയകാന്തിന്റെ നേതൃത്വത്തില്‍ മുന്നാമാതൊരു കക്ഷി വോട്ടുകള്‍ ഭിന്നിപ്പിച്ചത് കൊണ്ടുമാത്രമാണ് ഡി എം കെയ്ക്ക് അധികാരം ലഭിക്കാതെ പോയത്. ഒരു പക്ഷെ അന്ന് ജയിച്ചിരുന്നെങ്കില്‍ അധികാരത്തില്‍ വന്ന ഏറ്റവും പ്രായമേറിയ മുഖ്യമന്ത്രിയായി അദ്ദേഹം മാറുമായിരുന്നു
ഒരു ഭരണാധികാരി എന്ന നിലയില്‍ തമിഴ്നാടിനെ മുന്‍നിര സംസ്ഥാനമാക്കി മാറ്റുന്നതില്‍ അദ്ദേഹം വലിയ പങ്കു വഹിച്ചു. കാമരാജ് തുടങ്ങി വെച്ച വ്യവസായവല്‍ക്കരണവും കര്‍ഷകാഭിമുഖ്യ പരിപാടികളും അദ്ദേഹത്തിന്റെ ഭരണത്തില്‍ ശക്തമായി .2006ല്‍ 7000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതിതള്ളികൊണ്ടാണ് കരുണാനിധി ഭരണം തുടങ്ങുന്നത് തന്നെ. വ്യവസായ പാര്‍ക്കുകള്‍ മുതല്‍ മെട്രോ വരെ എല്ലാത്തിലും തന്നെ അദ്ദേഹത്തിന്റെ കൈയൊപ്പ് കാണാം
അടിയന്തിരാവസ്ഥ കാലത്ത് അധികാരത്തില്‍ തുടര്‍ന്ന പ്രതിപക്ഷ മുഖ്യമന്ത്രി എന്ന നിലയില്‍ തമിഴ്നാട് അന്ന് ഇന്നത്തെ പ്രമുഖ നേതാക്കളുടെ ഒളി സങ്കേതമായി മാറി. ഇവിടെ വെച്ചാണ് അന്ന് തീപ്പൊരി നേതാവായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് കേരളത്തിലെ ഒരു ഡാം തന്നെ തകര്‍ക്കാന്‍ പദ്ധതിയിടുന്നത്. (ഈ വിപ്ലവകാരികളുടെ ഓരോ ഭ്രാന്തമായ അശയങ്ങള്‍! അന്ന് അതിനെതിരെ ശക്തമായി നിന്നത് ആര് എം മനക്കലാത്ത് എന്ന മറ്റൊരു സോഷ്യലിസ്റ്റ് നേതാവ് ആയിരുന്നു.അക്കാലത്തെകുറിച്ചുള്ള ഓര്‍മകളില്‍ എന്നോടു മനക്കലാത് പറഞ്ഞതാണിത് ) ഏതായാലും ഈ പ്രതിപക്ഷഭരണം തുടരാന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സമ്മതിച്ചില്ല. ഭരണഘടനയുടെ 356 ആം വകുപ്പ് അനുസരിച്ചു ആ സര്‍ക്കാര്‍ ഡിസ്മിസ് ചെയ്യപ്പെട്ടു
പിന്നിട് അദ്ദേഹം അധികാരത്തില്‍ എത്തുന്നത് 89 ല്‍ എം ജി ആറിന്റെ മരണശേഷം. ആ സര്‍ക്കാരിനെയും ജയലളിതയുമായുള്ള രാഷ്രീയ ബന്ധത്തിന് വേണ്ടി കോണ്‍ഗ്രസ് സര്‍ക്കാര്‍ ഡിസ്മിസ് ചെയ്തു എങ്കിലും 96ഇല് അഴിമതിയില്‍ മുങ്ങിത്താണ ജയലളിത സര്‍ക്കാരിനെ പുറത്താക്കി കോൺഗ്രസ്സ് വിട്ട മൂപ്പനാരുടെയും ചിദംബരത്തിന്റെയും ടി എം സി യുടെ പിന്തുണയോടെ അദ്ദേഹം അധികാരത്തിലെത്തി. 2006 ല്‍ വീണ്ടും അദ്ദേഹം കോൺഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രിയായി. ന്യൂനപക്ഷ സര്‍ക്കാരിന്റെ മുഖ്യമന്ത്രി എന്ന് ജയലളിത തുടരെതുടരെ ഒളിയമ്പുകള്‍ എയ്തെങ്കിലും ഡി എം കെയുടെ കോൺഗ്രസ്സുമായുള്ള ബന്ധത്തെ അത് ബാധിച്ചില്ല, ഇത് വരെ. “ഇന്ദിരയുടെ മരുമകളെ വരിക വരിക” എന്നദ്ദേഹം സോണിയയെ സ്വാഗതം ചെയ്തത് കരഘോഷത്തോടെയായിരുന്നു മെറിന കടൽക്കരയില് തടിച്ചു കുടിയ ജനകൂട്ടം സ്വീകരിച്ചത് .
രാഷ്ട്രീയമായി വലിയ കൊടുങ്കാറ്റുകളാണ് അദ്ദേഹത്തിന് അതിജീവിക്കേണ്ടി വന്നത്. പാര്‍ട്ടിക്ക് വേണ്ടി അറുപതുകളില്‍ നൊടിയിട കൊണ്ടു ലക്ഷം രൂപ സമാഹരിച്ചു അണ്ണാദുരയെ അതിശയിപ്പിച്ച നേതാവാണ് കരുണാനിധി. പിന്നിട് പല അഴിമതി കേസുകളിലും അദ്ദേഹത്തിന്റെ പേരുയര്‍ന്നു വന്നു. വീരാണ്ണം അണക്കെട്ടുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനു നേരെ അഴിമതിയാരോപണം ഉയര്‍ന്നു. പൂര്‍ത്തിയാക്കാത്ത ആ പദ്ധതിയെ സൂചിപ്പിച്ച് വലിയ കുഴലുകളുമായി എ ഐ ഡി എം കെ പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പു കാലത്ത് പ്രകടനം നടത്തുക പതിവായിരുന്നു.പില്കാലത്ത് ജയലളിതയാണ് ആ പദ്ധതി പൂർത്തിയാക്കിയത് ഇന്നത്തെ ചെന്നൈയുടെ പ്രധാന കുടിവെള്ള സ്രോതസ്സാണിത് .അതെ കാലത്ത് മസ്ടര് റോള്‍ കുംഭകോണത്തിലും പാര്‍ട്ടി പെട്ടു . പില്കാലത്ത് കേന്ദ്രത്തില്‍ കോണ്‍ഗ്രസുമൊത്ത് കേന്ദ്രത്തില്‍ അധികാരം പങ്കിടുമ്പോള്‍ ഉണ്ടായ ടൂ ജി കുംഭകോണത്തിലും അദ്ദേഹത്തിന്റെ പാര്‍ട്ടി പെട്ടു. മന്ത്രി എ രാജയും മകള്‍ കനിമൊഴിയും ജയിലില്‍ അടയ്ക്കപ്പെട്ടു. പില്ക്കാലത്ത് കുറ്റവിമോചിതര് ആയിയെങ്കിലും ഒരു ലക്ഷത്തി എഴുപത്തിയാരായിരം രൂപയുടെ അനുമാന നഷ്ടം വലിയ വാര്‍ത്തയായി.കേന്ദ്രത്തിലും സംസ്ഥാനത്തും ഡി എംകെയ്ക്കും കോൺഗ്രസ്സിനും ഭരണം നഷ്ടപ്പെട്ടു .
തനിക്കെതിരെയുള്ള സര്‍ക്കാരിയ കമ്മീഷൻ റിപ്പോര്‍ട്ടും അഴിമതി ആരോപണങ്ങളും അദ്ദേഹം ചിരിച്ചു തള്ളും.ഒട്ടേറെ തമിഴ് സിനിമകള്‍ സംവിധാനം ചെയ്യുകയും തിരക്കഥകള്‍ രചിക്കുകയും ചെയ്ത തനിക്ക് പണമുണ്ടാക്കാന്‍ അനായാസമായി കഴിയും എന്നദ്ദേഹം ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി .പില്കാലത്ത് ജയലളിതയുടെ പേരിലുള്ള അഴിമതിക്കേസുകള്‍ പുറത്തു വന്നതോടെ അഴിമതി എന്നത് തമിഴ് നാട് രാഷ്ട്രീയത്തിലെ പ്രധാന ഘടകമല്ലാതായി.എങ്കിലും ലക്ഷം കോടി കണക്കുമായി വന്ന ടു ജി അഴിമതി വീണ്ടും ജനത്തെ ഉലച്ചു.
ഇന്ത്യയിൽ പുതിയ ചരിത്രമെഴുതിയ 1989 ലെ ദേശീയ സഖ്യമെന്ന വി പി സിങ്ങിന്റെ നേതൃത്വത്തിലുളള സർക്കാരിലൂടെയാണ് ഡി എം കെ ദേശീയ രാഷ്ട്രീയത്തിലെ സ്വാധീനം തെളിയിക്കുന്നത്. 96 കളില്കോണ്ഗ്രസ് പിന്തുണയോടെ രൂപികരിക്കപ്പെട്ട മുന്നാം മുന്നണിയിലും ദേവഗൗഡ സർക്കാരിലും ഡി എം കെ പ്രധാന കക്ഷിയായിരുന്നു. രണ്ടു ലുങ്കി ധാരികള്‍ ദേശീയ രാഷ്ട്രീയം നിയന്ത്രിക്കുമെന്ന പി ചിദംബരത്തിന്റെ വാക്കുകള്‍ അവിടെ അന്വർത്ഥമാകുകയായിരുന്നു .പക്ഷെ രാജീവ് ഗാന്ധി കൊലക്കേസിലെ ഗൂഡാലോചന അന്വേഷിച്ച ജെയിന് കമ്മിഷന് റിപ്പോര്‍ട്ട് ഡി എം കയ്ക്കെതിരെ ശക്തമായ നിഗമനങ്ങളില്‍ എത്തിയതോടെ സീതാറാം കേസരിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് കോലാഹലം ഉയര്‍ത്തി ഡി എം കെ യെ ഭരണത്തില്‍ നിന്ന് പുറത്താക്കി.അതോടെ മൂന്നാം മുന്നണി തന്നെ അപ്രസക്തമാകുകയായിരുന്നു.
പിന്നിട് വീണ്ടും വര്‍ദ്ധിത തിളക്കത്തോടെ ഡി എം കെ വാജ്പേയിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാരില്‍ അംഗമായി .മരുമകന് മുരൈശൊലി മാരന്റെ സമ്മര്‍ദ്ദമാണ് ഇതിനു പിന്നിലെന്ന് പലരും കരുതുന്നു എന്നാല്‍ ഗുജറാത്തിലെ കൂട്ടകൊല കരുണാനിധിയെ ഇരുത്തി ചിന്തിപ്പിച്ചിരിപ്പിക്കണം .പിന്നിട് നാം കാണുന്നത് ബദ്ധ ശത്രുക്കളെ പോലെ കഴിഞ്ഞിരുന്ന ഡി എം കെ യും കോൺഗ്രസ്സും ഒന്ന് ചേര്‍ന്ന് തിരഞ്ഞെടുപ്പ് നേരിട്ട് അധികാരത്തിലെത്തുന്നതാണ് . രണ്ടു വട്ടം കേന്ദ്ര ത്തില്‍ ആ ബന്ധം അധികാരം നിലനിര്‍ത്തി .അവസാനമായി ഡി എം കെ മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളാണ് ആ ഭരണത്തിന്റെ അന്തകനായതും . പില്കാലത്ത് കോൺഗ്രസ് സംഖ്യം ഡി എം കെ വിട്ടുവെങ്കിലും ബന്ധത്തില്‍ വലിയ മാറ്റമുണ്ടായിട്ടില്ല.
ഭരണാധികാരി എന്ന നിലയിലും പാര്‍ട്ടി പ്രസിഡന്റ് എന്ന നിലയിലും ശ്രീലങ്കയിലെ തമിഴ് തീവ്രവാദസംഘങ്ങളോട് പുലര്‍ത്തിയ അനുഭാവമാണ് കരുണാനിധിക്കെതിരെ ഉയർന്ന ശക്തമായ ആരോപണം. തമിഴ് നാട്ടില്‍ എല്‍ ടി ടി ഇ ക്കും മറ്റും പൂര്‍ണ സ്വാതന്ത്ര്യം അനുവദിക്കുക വഴി സംസ്ഥാനം ഭീകരവാദത്തിന്റെ ഇരയായി മാറിയതായി പ്രതിയോഗികള്‍ ആരോപിച്ചു. ശ്രീപെരുംപെതൂരില് രാജീവ് ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ കൊല്ലപ്പെട്ടതോടെ ഡി എം കെ രാഷ്ട്രീയമായി ഉള്‍വലിയേണ്ട നിലയിലായി. ആ സഹതാപ തരംഗത്തില്‍ ജയലളിതയുടെ എ ഐ എ ഡി കെ, ഡി എം കെ യുടെ ശക്തികേന്ദ്രങ്ങള്‍ പോലും തൂത്തു വാരി എം ജി ആറിനെയും ഡി എം കെ യും സൗകര്യപൂര്‍വ്വം ഉപയോഗിച്ചു വന്ന എല്‍ ടി ടിക്ക് ഈ വധാത്തോടെ തമിഴ്നാട്ടില്‍ സ്വീകാര്യത നഷ്ടപ്പെട്ടു. കേസില്‍ സുബ്ബലക്ഷ്മി ജഗദീശനെപോലെ പല ഡി എം കെ പ്രമുഖരും പ്രതികൂട്ടിലായി. പിൽക്കാലത്ത് അവരെ കേന്ദ്രമന്ത്രിസഭയില്‍ അംഗമാക്കി കരുണാനിധി നാടകീയമായി പ്രതികാരം വീട്ടുകയും ചെയ്തു.
1989 മാര്‍ച്ച് 25 ന് ബജറ്റ് സമ്മേളനത്തില്‍ ജയലളിത ആക്രമിക്കപ്പെട്ടതാണ് അദ്ദേഹത്തിന്റെ ഭരണകാലത്തെ മറ്റൊരു വടു. കരുണാനിധിയുടെ കൈയില്‍ നിന്ന് ബജറ്റ് പ്രസംഗം തട്ടിത്തെറിപ്പിച്ച ജയലളിതയ്ക്ക് നേരെ നിയമസഭയില്‍ ഉണ്ടായ ആക്രമണം തികച്ചും നിന്ദ്യമായിരുന്നു.ആ ആക്രമണം ജയലളിതയുടെ വളര്‍ച്ചയില്‍ ഒരു നാഴികക്കല്ലായി മാറി. പൊതുവേ മികച്ച പാര്‍ലമെന്ററിയന്‍ ആയ കരുണാനിധിക്ക് അത് നിയന്ത്രിക്കാന്‍ കഴിയാതെ പോയത് എന്തുകൊണ്ടാകാം എന്ന് ഇന്നും എനിക്കൊരു അതിശയമായി തോന്നുന്നു. ജയ ഭയപ്പെട്ട് രാഷ്ട്രീയം വിടുമെന്ന് കലൈഞ്ജര്‍ കരുതിയിരുന്നോ? അതോ വ്യക്തിപരമായ വിദ്വേഷം അദ്ദേഹത്തിന്റെ രാഷ്ട്രീയ മര്യാദ ഇല്ലാതക്കിയോ ?
ഇതിലെല്ലാം പ്രധാനമായ ആരോപണം കരുണാനിധി മക്കള്‍ക്കും ബന്ധുക്കള്‍ക്കും അധികാരത്തിലും പാര്‍ട്ടിയിലും നല്കിയ പ്രാധാന്യമാണ് .ഒന്നുമില്ലാതെ തിരുവാരൂര്‍ നിന്ന് വന്ന കരുണാനിധി കുടുംബം എങ്ങനെ ഇത്ര സമ്പന്നര്‍ ആയി എന്ന് എപ്പോഴും ജയ ചോദിക്കുന്ന ചോദ്യമാണ് അദ്ദേഹത്തിന്റെ ഇളയ മകന് എം കെ സ്റ്റാലിന് ആണ് ഡി എം കെ വര്‍ക്കിങ് പ്രസിഡന്റ്. സ്റ്റാലിൻ പാര്‍ട്ടിയില്‍ ഉയരുന്നുവെന്നു കണ്ടു തന്റെ സാധ്യതകള്‍ ഇല്ലാതാകുന്നു എന്ന് കണ്ടറിഞ്ഞ വൈകോ പാര്‍ട്ടി വിട്ടു എം ഡി എം കെ സ്ഥാപിച്ചു. പാര്‍ട്ടിയില്‍ അത് വലിയ തകർച്ച ഉണ്ടാക്കുമെന്ന് ഭയന്നാണ് തെക്കന്‍ ജില്ലകള്‍ പിടിക്കാനായി രണ്ടാമത്തെ മകന് അഴഗിരിയെ അദ്ദേഹം മധുരയില്‍ നിയോഗിച്ചത് പക്ഷെ അഴഗിരി സംഘടനാതലത്തില്‍ ശക്തനായി ഉയര്‍ന്നു. പിന്നിട്, സ്റ്റാലിന്റെ ഉയര്‍ച്ച ഉറപ്പാക്കാന്‍ അഴഗിരിയെ പുറത്താക്കാന്‍ കരുണാനിധി നിര്‍ബന്ധിതനായി ഒരര്‍ത്ഥത്തില്‍ അഴഗിരിയുടെ നഷ്ടം പാര്‍ട്ടിയെ ബാധിച്ചുവെന്ന് വേണം കരുതാന്‍. ഇതിനിടെ തന്റെ മരുമകന്റെ കുടുംബവുമായും അദ്ദേഹം രാഷ്രീയമായും കുടുബപരമായും ഉരസി. സണ്‍ ടിവി ക്ക് ബദല്‍ കലൈഞ്ജര്‍ ടിവി വരുന്നത് അങ്ങനെയാണ്. ടുജി കേസിലേയ്ക്ക് നയിച്ചത് അതാണെന്ന് ചിലരെങ്കിലും കരുതുന്നുണ്ട് . പിന്നിട് ദയാനിധി മാരനുമായും കലാനിധിയുമായി സന്ധിയുണ്ടായെങ്കിലും ആ ബന്ധം ഇന്നും അത്ര ഊഷ്മളമല്ല.
ഡി എം കെ യെ പലപ്പോഴും മലയാളികള്‍ ഓര്‍ക്കുക മലയാളി വിരോധത്തിന്റെ പേരിലാണ്. എം ജി ആറിന്റെ മലയാളി വേരുകള്‍ അതിന് കാരണമായിട്ടുണ്ടാകാം. എം ജി ആര് മരിച്ചപ്പോള്‍ മൗണ്ട് റോഡില്‍ അദ്ദേഹത്തിന്റെ പ്രതിമ ചിലര്‍ തകർക്കുന്നതിന് ഞാന്‍ സാക്ഷിയായിട്ടുണ്ട്. പക്ഷെ പിന്നിട് മലയാളികളുമായും പാര്‍ട്ടി തള്ളിപറഞ്ഞ ബ്രാഹ്മണരുമായും ഡി എം കെ വളരെ അടുത്തു.
രാഷ്ട്രീയത്തിലെയും ജീവിതത്തിലെയും ഈ പ്രതിസന്ധികൾക്കിടയിലും കരുണാനിധി മറക്കാത്ത ഒരു കാര്യമുണ്ട് തമിഴ് നാടിന്റെ പുരോഗതിക്ക് വേണ്ടിയുള്ള യത്നങ്ങള്‍. “തമിഴകത്തെ വിജയഗാഥയില്‍ ആ ലേഡി അല്ല എന്റെ ഡാഡി ആണ് വലിയ പങ്കു വഹിച്ചതെന്ന്” സ്റ്റാലിന് പറഞ്ഞത് വെറും വാക്കല്ല.
നിയമസഭയിലും വെളിയിലും മുഴങ്ങുന്ന ഏവരെയും ആകര്‍ഷിക്കുന്ന പ്രസംഗത്തിന്റെ ഉടമയാണ് കരുണാനിധി. തന്റെ അനുഭവവും പരിചയവും സാഹിത്യത്തിലും കലയിലുമുള്ള അറിവുമെല്ലാം ആ പ്രസംഗങ്ങളില്‍ പ്രതിഫലിക്കും. അതേപോലെ അറിയപ്പെടുന്ന എഴുത്തുകാരനാണ് അദ്ദേഹം. തമിഴ് ക്ലാസിക്കുകള്‍ അദ്ദേഹത്തിന്റെ വിരല്‍ തുമ്പില്‍ ഉണ്ട്. സിനിമയിലും അദ്ദേഹം ഒരു അത്ഭുതമാണ്. ആ സംഭാഷണങ്ങള്‍ക്ക് ജീവന് നൽകിയാണ് ശിവജി ‘നടികര്‍ തിലക’വും എം ജി ആര് ‘മക്കള്‍ തിലക’വുമായത്.
പക്ഷേ അതിലുമുപരി ദ്രാവിഡ രാഷ്ട്രീയത്തിലെ കുലപതിയാണ് അദ്ദേഹം. ഒരു പക്ഷെ കാമരാജിന് ശേഷം തമിഴ്നാട് കണ്ട അഖിലേന്ത്യ നേതാവ് .
Read More: പി എസ് ജോസഫ് എഴുതിയ ലേഖനങ്ങൾ ഇവിടെ വായിക്കാം
ഇന്ത്യ ടുഡേയുടെ മുൻ എക്സിക്യൂട്ടീവ് എഡിറ്ററാണ് ലേഖകൻ