/indian-express-malayalam/media/media_files/2025/03/07/YVtvPKWRNiH9AkbPmJ3i.jpg)
നിഷാന്ത് കുമാർ (വീഡിയോ ദൃശ്യം)
പട്‌ന:നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാർ രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു.കഴിഞ്ഞയാഴ്ച നിതീഷ് കുമാറിനൊപ്പം മകൻ നിഷാന്ത് ബക്ത്യാർപുരിലെ പൊതുചടങ്ങിൽ പങ്കെടുത്തതോടെയാണ് അഭ്യൂഹങ്ങൾ പ്രചരിച്ചത്.
അതേസമയം, നിഷാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പാർട്ടിക്കുള്ളിൽ ചർച്ചകളൊന്നും ആരംഭിച്ചിട്ടില്ലെന്ന് മുതിർന്ന ജെഡിയു നേതാക്കൾ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. എന്നാൽ, നിഷാന്തിന്റെ രാഷ്ട്രീയ പ്രവേശനം തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിക്ക് ഗുണം ചെയ്യുമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
രാഷ്ട്രീയത്തിൽ നിന്നകന്നു നിന്നിരുന്ന നിഷാന്ത് ആദ്യമായാണൊരു പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. നിതീഷ് കുമാറിന്റെ പിതാവ് കവിരാജ് രാംലഖൻ സിങ് ഉൾപ്പെടെയുള്ള സ്വാതന്ത്ര്യ സമര സേനാനികളുടെ പ്രതിമകളിൽ പുഷ്പഹാരം അണിയിക്കുന്ന ചടങ്ങിനിടെ നിഷാന്ത് മാധ്യമങ്ങളോടു സംസാരിച്ചു. ബീഹാറിന്റെ വികസനം മുന്നിൽക്കണ്ട് നിതീഷ് കുമാറിന് വോട്ടുചെയ്യണമെന്നാണ് നിഷാന്ത് മാധ്യമങ്ങളോട് സംസാരിച്ചത്. ഇതോടെയാണ് നിഷാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ചുള്ള ചർച്ചകൾ കുടുതൽ സജീമായത്.
മക്കൾ രാഷ്ട്രീയത്തിന്റെ വിമർശകന് മനംമാറ്റമോ?
മക്കൾ രാഷ്ട്രീയത്തിന്റെ കടുത്ത വിമർശകനായിരുന്നു നിതീഷ് കുമാർ എക്കാലത്തും. അതിനാൽ നിതീഷ് കുമാറിന്റെ മകൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചാൽ മുഖ്യപ്രതിപക്ഷമായ ആർജെഡിയും കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളും സംഭവം രാഷ്ട്രീയായുധമാക്കി ഉയർത്തുമെന്ന് കാര്യത്തിൽ തർക്കമില്ല. മക്കൾ രാഷ്ട്രീയത്തിന്റെ കടുത്ത വിമർശകന് മനംമാറ്റം ഉണ്ടായോയെന്ന് ചോദ്യം പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ഉന്നയിച്ചു. മറ്റ് പ്രതിപക്ഷ നേതാക്കളും വിമർശനവുമായി രംഗത്തെത്തിക്കഴിഞ്ഞു.
അതേസമയം, നിഷാന്ത് പൊതുപരിപാടിയിൽ പങ്കെടുത്തതിനെ രാഷ്ട്രീയ പ്രവേശനമായി കാണേണ്ട കാര്യമില്ലെന്ന് മുതിർന്ന ജെഡിയു നേതാവ് ഇന്ത്യൻ എക്‌സ്പ്രസിനോട് പ്രതികരിച്ചു. നിഷാന്ത് പാർട്ടിപരിപാടികളിലൊന്നും പങ്കെടുത്തിട്ടില്ല. മകന്റെ രാഷ്ട്രീയപ്രവേശനം സംബന്ധിച്ച് ഒരുകാര്യവും നിതീഷ് കുമാർ പാർട്ടി ഘടകത്തിൽ പങ്കുവെച്ചിട്ടില്ല. ഇപ്പോൾ ഉയരുന്നതെല്ലാം ഊഹാപോഹങ്ങൾ മാത്രമാണെന്നും മുതിർന്ന ജെഡിയു നേതാവ് വ്യക്തമാക്കി.
അതേസമയം, നിഷാന്ത് കുമാറിനെ പോലുള്ള യുവാക്കൾ രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന വാദവുമായി ജെഡിയു മന്ത്രി ശ്രാവൺ കുമാർ രംഗത്തെത്തി. സംഭവത്തിൽ നിതീഷ് കുമാർ ഇതുവരെയും പ്രതികരിച്ചില്ല. ഈ വർഷമാണ് ബീഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.
Read More
- ദശലക്ഷണക്കിന് അനുയായികളുള്ള പാസ്റ്റർ ലൈംഗികാതിക്രമക്കേസിൽ പ്രതി
- മൻമോഹൻ സിങിന്റെ സ്മാരകം നിർമിക്കാൻ കുടുംബത്തിന്റെ അനുമതി
- ബോട്ട് വാങ്ങിയത് ആഭരണം വിറ്റും ഭൂമി പണയപ്പെടുത്തിയും; ആദ്യം പേടിയുണ്ടായിരുന്നു എന്ന് കുംഭമേളയിൽ 30 കോടി സമ്പാദിച്ച തോണിക്കാരൻ
- Kannada Actress Ranya Rao: നടി രന്യ റാവു 14 കിലോ സ്വർണം കടത്തിയത് ശരീരത്തിൽ കെട്ടിവെച്ച്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.