/indian-express-malayalam/media/media_files/4pQuhQsBi7UhrZOF9CG2.jpg)
പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും
ന്യൂഡൽഹി: ആഴ്ചകൾ നീണ്ട സസ്‌പെൻസുകൾക്കും അനിശ്ചിതത്വത്തിനും ഒടുവിൽ പരമ്പരാഗത ഗാന്ധി കുടുംബ സീറ്റുകളായ ഉത്തർപ്രദേശിലെ റായിബറേലിയിലെയും അമേഠിയിലെയും സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു. അമേഠിയെക്കാൾ സുരക്ഷിത സീറ്റായ റായ്ബറേലിയിലാണ് മുതിർന്ന കോൺഗ്രസ് നേതാവായ രാഹുൽ ഗാന്ധി മത്സരിക്കുന്നത്. 2019 ലെ തിരഞ്ഞെടുപ്പിൽ അമേഠിയിൽ മത്സരിച്ച രാഹുൽ ബിജെപിയുടെ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടിരുന്നു.
രണ്ട് പതിറ്റാണ്ടിലേറെയായി അമേഠിയിലും റായ്ബറേലിയിലും നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ സ്വാധീനമുള്ള പ്രതിനിധിയായ കിഷോരിലാൽ ശർമ്മയെയാണ് അമേഠിയിൽ സ്ഥാനാർത്ഥിയായി പാർട്ടി തിരഞ്ഞെടുത്തത്. ഇത്തവണ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. രണ്ടു സീറ്റുകളിലേക്കും നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന ദിനത്തിലാണ് സ്ഥാനാർത്ഥികളെ സംബന്ധിച്ച കോൺഗ്രസ് പ്രഖ്യാപനം പുറത്തുവന്നത്. മേയ് 20 നാണ് രണ്ടു സീറ്റുകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് നടക്കുക.
25 വർഷത്തിനുശേഷം ആദ്യമായാണ് ഗാന്ധി കുടുംബമല്ലാത്ത ഒരാൾ അമേഠിയിൽനിന്നും മത്സരിക്കുന്നത്. 1999-ൽ കോൺഗ്രസ് അധ്യക്ഷയായി ചുമതലയേറ്റതിന് ശേഷം ഒരു വർഷത്തിന് ശേഷമാണ് സോണിയാ ഗാന്ധി ഇവിടെ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 2004 ൽ സോണിയ ഗാന്ധി റായ്ബറേലിയിലേക്ക് മാറി.
2019ലെ തോൽവിക്ക് ശേഷം അമേഠി ഒരു കുടുംബ സീറ്റ് അല്ലാതായി മാറിയെന്നതാണ് രാഹുൽ റായ്ബറേലിയിലേക്ക് മാറിയതിന് പിന്നിലെ പ്രധാന കാരണമെന്ന് പാർട്ടി നേതാക്കൾ പറയുന്നു. രാഹുൽ വയനാട്, റായ്ബറേലി എന്നിവിടങ്ങളിൽ നിന്ന് വിജയിച്ചാൽ, റായ്ബറേലിയുമായുള്ള കുടുംബത്തിന്റെ ദീർഘകാല ബന്ധം ചൂണ്ടിക്കാട്ടി കേരള മണ്ഡലം ഉപേക്ഷിക്കുന്നത് എളുപ്പമാകുമെന്നും നേതാക്കൾ കരുതുന്നുണ്ട്.
അമേഠിയിൽ വീണ്ടും തോൽക്കുമോയെന്ന ഭയം ഉറപ്പായും കോൺഗ്രസിനുണ്ട്. മാത്രമല്ല, ഈ സീറ്റിൽനിന്നും മത്സരിക്കില്ലെന്ന് രാഹുൽ ഉറച്ച തീരുമാനവുമെടുത്തിരുന്നു. അതേസമയം, മത്സര രംഗത്തേക്ക് വരാൻ രാഹുലും പ്രിയങ്കയും ആദ്യം വിമുഖത കാട്ടിയെന്നാണ് പാർട്ടി നേതാക്കൾ പറഞ്ഞിരുന്നത്. റായ്ബറേലിയിൽ വിജയിച്ചാലും, വയനാട്ടിൽ രണ്ടാം തവണയും വിജയിച്ചാൽ അവിടം വിട്ട് പോകാനാകില്ലെന്ന് രാഹുൽ വാദിച്ചിരുന്നു.
പ്രിയങ്കയോട് മത്സരിക്കാൻ ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറായില്ല. ഒടുവിൽ രാഹുലിനെ മത്സരിപ്പിക്കാൻ തീരുമാനിപ്പിച്ചുവെന്നും വൃത്തങ്ങൾ പറഞ്ഞു. ഹിന്ദി ഹൃദയഭൂമിയിൽ നിന്ന് ഗാന്ധി കുടുംബത്തിൽനിന്നുള്ളവർ മത്സരിക്കാത്തത് മോശം രാഷ്ട്രീയ സന്ദേശം നൽകുമെന്ന പാർട്ടിയിൽ ഉയർന്ന അഭിപ്രായത്തിന് രാഹുൽ ഒടുവിൽ വഴങ്ങിയതായി വൃത്തങ്ങൾ പറഞ്ഞു.
സ്വാതന്ത്ര്യത്തിനു ശേഷം, കോൺഗ്രസിന് അമേഠിയും റായ്ബറേലിയും മൂന്നു തവണ വീതം നഷ്ടപ്പെട്ടിട്ടുണ്ട്. 1977ൽ അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി റായ്ബറേലിയിൽ നിന്ന് രാജ് നരേനോട് പരാജയപ്പെട്ടു. 1996-ലും 1998-ലെ പൊതുതിരഞ്ഞെടുപ്പിലും ഗാന്ധി കുടുംബത്തിൽനിന്നുള്ളവർ മത്സരിക്കാതിരുന്നപ്പോൾ കോൺഗ്രസിന് വീണ്ടും സീറ്റ് നഷ്ടപ്പെട്ടു. പക്ഷേ അതിനുശേഷം അവിടെ പരാജയപ്പെട്ടിട്ടില്ല.
അതുപോലെ, 1977ലും 1998ലും (ഗാന്ധി കുടുംബത്തിൽനിന്നും അല്ലാത്തവർ) 2019ലും അമേഠിയിൽ കോൺഗ്രസ് പരാജയപ്പെട്ടു. 2019ൽ അമേഠിയിൽ നിന്ന് രണ്ട് തവണ എംപിയായ രാഹുൽ 55,000 വോട്ടുകൾക്ക് അവിടെ പരാജയപ്പെട്ടു. 2004 മുതൽ റായ്ബറേലി എംപിയായ സോണിയ ആ സീറ്റ് നിലനിർത്തി. 2019 ൽ യുപിയിൽ നിന്ന് കോൺഗ്രസ് നേടിയ ഏക സീറ്റ് അതാണ്.
ഉത്തർപ്രദേശ് മന്ത്രി ദിനേഷ് പ്രതാപ് സിങ്ങാണ് റായ്ബറേലിയിലെ ബിജെപി സ്ഥാനാർത്ഥി. അമേഠിയിൽ ഇത്തവണയും സ്മൃതി ഇറാനിയാണ് പാർട്ടിക്കായി മത്സരിക്കുന്നത്.
Read More
- ലൈംഗികാതിക്രമ വിവാദം: പ്രജ്വൽ രേവണ്ണയെ പുറത്താക്കി ജെഡിഎസ്
- ‘രാജ്യത്ത് ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീം പുരുഷന്മാർ’: മോദിയുടെ ‘കൂടുതൽ കുട്ടികൾ’ആരോപണത്തിൽ ഒവൈസി
- മതം പറഞ്ഞ് വോട്ട് തേടി: ബിജെപി യുവനേതാവ് തേജസ്വി സൂര്യക്കെതിരെ കേസെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ
- 'കൈയ്യടിക്കാനും പാത്രം കൊട്ടാനുമൊക്കെ പറയും' ; ഇനി മോദി കരയുമെന്നും രാഹുൽ ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.