/indian-express-malayalam/media/media_files/2025/03/15/wm1x42aWDzp6CDCywCG3.jpg)
ചിത്രം: എക്സ്
ഡൽഹി: ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവ ഏർപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതാണ് പിഴ ചുമത്താൻ കാരണമെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ നടപടി. കഴിഞ്ഞ ദിവസം ഇന്ത്യയ്ക്കുമേൽ പ്രഖ്യാപിച്ച തീരുവ പ്രാബല്യത്തിൽ വരുന്നതിന് ഏതാനും മണിക്കൂറുകൾക്കു മുമ്പാണ് ട്രംപ് അധിക തീരുവയുമായി ബന്ധപ്പെട്ട എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചത്.
പുതിയ ഉത്തരവോടെ, യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന ഭൂരിഭാഗം ഇന്ത്യൻ ഉൽപ്പന്നങ്ങളും 50 ശതമാനം തീരുവ നേരിടേണ്ടിവരും. ട്രംപ് ആദ്യം പ്രഖ്യാപിച്ച 25 ശതമാനം തീരുവ ഓഗസ്റ്റ് 7 മുതലും, പുതിയ തീരുവ 21 ദിവസത്തിനു ശേഷവും പ്രാബല്യത്തിൽ വരും. ഇതിനകം ഗതാഗതത്തിലുള്ള ചരക്കുകൾ ഒഴികെ, യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന എല്ലാ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും തീരുവ ബാധകമാകുമെന്ന് എക്സിക്യൂട്ടീവ് ഉത്തരവിൽ വ്യക്തമാക്കുന്നു.
Also Read: ഇന്ത്യയ്ക്ക് വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്
ഇന്ത്യ നിലവിൽ നേരിട്ടോ അല്ലാതെയോ റഷ്യൻ ഫെഡറേഷനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും, നിലവിലുള്ള ദേശീയ അടിയന്തരാവസ്ഥ പരിഹരിക്കുന്നതിന് താരിഫുകൾ ആവശ്യവും ഉചിതവുമാണെന്നും ഉത്തരവിൽ പറയുന്നു. റഷ്യയുടെയോ മറ്റു രാജ്യങ്ങളുടെയോ പ്രതികാര നടപടികളെയോ വിന്യാസത്തിലെ മാറ്റങ്ങളെയോ ആശ്രയിച്ച് ഉത്തരവിൽ മാറ്റമുണ്ടാകാമെന്നും വൈറ്റ് ഹൗസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം, റഷ്യയിൽ നിന്ന് വൻതോതിൽ എണ്ണ വാങ്ങി ഇന്ത്യ വലിയ ലാഭത്തിന് വിൽക്കുന്നുവെന്ന് ആരോപിച്ച്, തീരുവ ഗണ്യമായി ഉയർത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. അതേസമയം, ട്രംപിൻ്റെ തീരുവ ഭീഷണിക്കെതിരെ ഇന്ത്യയും രം​ഗത്തെത്തിയിട്ടുണ്ട്. അമേരിക്കയും യൂറോപ്യൻ യൂണിയനും ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്നുവെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നടപടി ന്യായീകരിക്കാനാവാത്തതും യുക്തിരഹിതവുമാണ്. രാജ്യ സുരക്ഷയ്ക്കും സാമ്പത്തിക സുരക്ഷയ്ക്കും ആവശ്യമായ നടപടി സ്വീകരിക്കും എന്ന് വിദേശകാര്യ വക്താവ് അറിയിച്ചു.
Also Read: പഠനം നിഷേധിച്ച് താലിബാൻ; ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ സാധ്യതകൾ തേടി അഫ്ഗാനിലെ പെൺകുട്ടികൾ
ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവയും അധിക പിഴയും ചുമത്തുമെന്നായിരുന്നു ട്രംപ് ദിവസങ്ങൾക്കു മുൻപ് പ്രഖ്യാപിച്ചത്. വർഷങ്ങളായി വ്യാപാര ബന്ധം തുടരുന്നുണ്ടെങ്കിലും ഈയിടെയായി ഇന്ത്യയുമായി താരതമ്യേന ചെറിയ ബിസിനസ്സ് മാത്രമേ യുഎസ് ചെയ്തിട്ടുള്ളൂ. കാരണം, ഇന്ത്യയുടെ താരിഫുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണെന്ന് കുറ്റപ്പെടുത്തിയ പ്രസിഡന്റ് ഇന്ത്യ നമ്മുടെ സുഹൃത്താണെന്നും തീരുവ പ്രഖ്യാപനത്തിനൊപ്പം ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.
Read More: ഷാങ്ഹായ് ഉച്ചകോടി: ഗാൽവാൻ സംഘർഷത്തിനു ശേഷം ആദ്യമായി പ്രധാനമന്ത്രി ചൈനയിലേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.