/indian-express-malayalam/media/media_files/uploads/2021/05/Stan-Swamy.jpg)
ന്യൂയോര്‍ക്ക്: എല്‍ഗാര്‍ പരിഷത്ത്-മാവോയിസ്റ്റ് ബന്ധ കേസില്‍ കസ്റ്റഡിയില്‍ കഴിയവെ മരിച്ച ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്യാന്‍ ഉപയോഗിച്ച ഡിജിറ്റല്‍ തെളിവുകള്‍ അദ്ദേഹത്തിന്റെ കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡ്രൈവില്‍ 'സ്ഥാപിച്ചതാ'ണെന്നു യുഎസ് ഫോറന്‍സിക് സ്ഥാപനം. മസാച്യുസെറ്റ്സ് ആസ്ഥാനമായുള്ള ഡിജിറ്റല്‍ ഫോറന്‍സിക് സ്ഥാപനമായ ആഴ്സനല്‍ കണ്‍സള്‍ട്ടിങ്ങാണ് ഇക്കാര്യം ആരോപിച്ചത്.
ഭീമ-കൊറേഗാവ് കേസില്‍, മനുഷ്യാവകാശ സംരക്ഷകരായ റോണ വില്‍സണിന്റെയും സുരേന്ദ്ര ഗാഡ്ലിങ്ങിന്റെയും ഡിവൈസുകളില്‍ ഡിജിറ്റല്‍ തെളിവുകള്‍ നിക്ഷേപിച്ചതായി കണ്ടെത്തിയെന്ന് ആഴ്സനല്‍ കണ്‍സള്‍ട്ടിങ് അതിന്റെ നേരത്തെയുള്ള റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതിനു സമാനമായി ഫാ. സ്റ്റാന്‍ സ്വാമിയുടെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡ്രൈവില്‍ തെളിവുകള്‍ നിക്ഷേപിച്ചുവെന്നാണു ആഴ്സനല്‍ കണ്‍സള്‍ട്ടിങ്ങിന്റെ വെളിപ്പെടുത്തല്‍.
ഫാ. സ്റ്റാന്‍ സ്വാമിയുടെ കമ്പ്യൂട്ടറിന്റെ ഇലക്ട്രോണിക് കോപ്പി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണു തെളിവുകള്‍ സ്ഥാപിച്ചതായുള്ള ആഴ്സനല്‍ കണ്‍സള്‍ട്ടിങ് ആരോപിച്ചിരിക്കുന്നത്. ഒരു ഹാക്കര്‍ അദ്ദേഹത്തിന്റെ കമ്പ്യൂട്ടറില്‍ നുഴഞ്ഞുകയറി തെളിവുകള്‍ സ്ഥാപിച്ചതായി കണ്ടെത്തിയെന്നു കമ്പനിയുടെ പുതിയ റിപ്പോര്‍ട്ട് ഉദ്ധരിച്ചുള്ള വാഷിങ്ടണ്‍ പോസ്റ്റ് വാര്‍ത്തയില്‍ പറയുന്നു.
''സ്വാമിയുടെ ഹാര്‍ഡ് ഡ്രൈവില്‍ അന്‍പതിലധികം ഫയലുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. അദ്ദേഹവും മാവോയിസ്റ്റുകളും തമ്മിലുള്ള ബന്ധം കെട്ടിച്ചമച്ച കുറ്റകരമായ രേഖകള്‍ അവയില്‍ ഉള്‍പ്പെടുന്നു. സ്വാമിക്കെതിരായ റെയ്ഡിന് ഒരാഴ്ച മുമ്പ് (2019 ജൂണ്‍ അഞ്ചിന്) കുറ്റാരോപണം തെളിയിക്കാന്‍ ഉദ്ദേശിച്ചുള്ള അവസാന രേഖ അദ്ദേഹത്തിന്റെ കമ്പ്യൂട്ടറില്‍ സ്ഥാപിച്ചു. രേഖകളുടെ ആധികാരികതയെക്കുറിച്ച് വിദഗ്ധര്‍ സംശയം പ്രകടിപ്പിച്ചിട്ടും ഇവയുടെ അടിസ്ഥാനത്തിലാണു ഭീമ കൊറേഗാവ് കേസില്‍ ഫാ. സ്റ്റാന്‍ സ്വാമിയെ ആദ്യം അറസ്റ്റ് ചെയ്തത്.''റിപ്പോര്‍ട്ടില്‍ പറയുന്നു.
2017 ഡിസംബര്‍ 31-നു പൂണെയിലെ ശനിവാര്‍വാഡയില്‍ നടന്ന 'എല്‍ഗാര്‍ പരിഷത്ത്' സമ്മേളനത്തില്‍ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളുമായി ബന്ധപ്പെട്ടതാണ് എല്‍ഗാര്‍ കേസ്. ഈ പ്രസംഗങ്ങള്‍ അടുത്ത ദിവസം നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള കൊറേഗാവ്-ഭീമ യുദ്ധസ്മാരകത്തിന് സമീപം അക്രമത്തിനു കാരണമായെന്നാണു പൂണെ പൊലീസിന്റെ ആരോപണം. മാവോയിസ്റ്റുകളുടെ പിന്തുണയോടെയാണു സമ്മേളനം നടന്നതെന്നും പൊലീസ് ആരോപിച്ചു.
കേസില്‍ അറസ്റ്റിലായ സ്റ്റാന്‍ സ്വാമി, ഇടക്കാല ജാമ്യത്തിനായി കാത്തിരിക്കുന്നതിനിടെ 2021 ജൂലൈയില്‍ എണ്‍പത്തിനാലാം വയസിലാണു മരിച്ചത്. കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ആശുപത്രിയിലേക്കു മാറ്റാന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്നു മേയ് 28നു അദ്ദേഹത്തെ മുംബൈ ഹോളിഫാമിലി ആശുപത്രിയിലേക്കു മാറ്റി. ഇവിടെ വച്ചായിരുന്നു അന്ത്യം.
ഫാ. സ്റ്റാന്‍ സാമിയെ നിയമ നടപടികള്‍ പാലിച്ചാണു തടങ്കലില്‍ വച്ചതെന്നാണ് അദ്ദേഹത്തിന്റെ മരണത്തിനുശേഷം വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞത്. അദ്ദേഹത്തിനെതിരായ കുറ്റങ്ങളുടെ പ്രത്യേക സ്വഭാവം കാരണം ജാമ്യാപേക്ഷകള്‍ കോടതികള്‍ നിരസിച്ചതായി കഴിഞ്ഞവര്‍ഷം വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.