ബെംഗളുരു: വിവരങ്ങളുടെ സ്വകാര്യത സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ അവിഭാജ്യഘടകമാണെന്നും അതു ലംഘിക്കാനാവില്ലെന്നും കര്‍ണാടക ഹൈക്കോടതി. വിവാഹമോചനക്കേസില്‍ മൂന്നാമതൊരാളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ മൊബൈല്‍ സേവന ദാതാവിനെ അനുവദിച്ച കുടുംബകോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണു ഹൈക്കോടതി വിധി.
”സ്വന്തം, കുടുംബം, വിവാഹം, മറ്റു സാന്ദര്‍ഭിക ബന്ധങ്ങള്‍ എന്നിവയുടെ സ്വകാര്യത സംരക്ഷിക്കാന്‍ ഒരു പൗരന് അവകാശമുണ്ട്. വിവര സ്വകാര്യതയും സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ അവിഭാജ്യ ഘടകമാണ്. അതിനാല്‍, ഹര്‍ജിക്കാരന്റെ മൊബൈല്‍ ടവര്‍ വിശദാംശങ്ങള്‍, അദ്ദേഹം കക്ഷി പോലുമല്ലാത്ത കേസില്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുന്ന ഉത്തരവ് നിസ്സംശയമായും വിവര സ്വകാര്യത ലംഘിക്കുന്നു,” ജസ്റ്റിസ് എം നാഗപ്രസന്ന ഉത്തരവില്‍ പറഞ്ഞു.
2018 മുതല്‍ നടക്കുന്ന ഒരു വിവാഹമോചന കേസിലാണു മൂന്നാം കക്ഷിയുടെ മൊബൈല്‍ ടവര്‍ വിശദാംശങ്ങള്‍ പങ്കുവയയ്ക്കാന്‍ ബംഗളൂരുവിലെ കുടുംബ കോടതി നിര്‍ദേശം നല്‍കിയത്. ഭര്‍ത്താവിന്റെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍, സ്ത്രീയുടെ കാമുകനെന്ന് ആരോപിക്കപ്പെടുന്നയാളുടെ ടവര്‍ വിശദാംശങ്ങളുടെ വിശദാംശങ്ങളാണു തേടിയത്. ഈ വിവരങ്ങള്‍ തന്റെ ഭാര്യയും മൂന്നാം കക്ഷിയും തമ്മിലുള്ള ബന്ധം തെളിയിക്കുമെന്നായിരുന്നു ഭര്‍ത്താവിന്റെ വാദം.
കുടുംബ കോടതിയുടെ ഉത്തരവിനെതിരെ മൂന്നാം കക്ഷി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഭാര്യ വിവാഹമോചനക്കേസ് ഫയല്‍ ചെയ്തതായി ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, ഒരു കേസും പോലും ഫയല്‍ ചെയ്യാത്ത ഭര്‍ത്താവിന്റെ ഹര്‍ജിയെ സഹായിക്കാന്‍ മൂന്നാം കക്ഷിയുടെ ടവര്‍ വിശദാംശങ്ങള്‍ തേടി സമന്‍സ് അയയ്ക്കാനോ ബന്ധപ്പെട്ട കോടതിയില്‍ ഹാജരാക്കാനോ അനുവദിക്കുന്നതിനു വാറന്റില്ലെന്നു നവംബര്‍ 30 ലെ ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കി.
അവിഹിത ബന്ധവുമായി ബന്ധപ്പെട്ട ആരോപണത്തിന്റെ പേരില്‍ മാത്രമാണു മൂന്നാം കക്ഷി ചിത്രത്തില്‍ വന്നതെന്നു കോടതി പറഞ്ഞു. ഹര്‍ജിക്കാരനും ഭാര്യയും തമ്മിലുള്ള അവിഹിത ബന്ധം തെളിയിക്കാന്‍ ആഗ്രഹിക്കുന്ന ഭര്‍ത്താവിന്റെ വിചിത്രമായ അഭ്യര്‍ഥനയില്‍ മൂന്നാം കക്ഷിയുടെ സ്വകാര്യത ലംഘിക്കുന്നത് അനുവദിക്കാനാവില്ലെന്നു കോടതി പറഞ്ഞു.
സ്വകാര്യതയ്ക്കുള്ള അവകാശം, ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരം പൗരന്മാര്ക്ക് ഉറപ്പുനല്‍കുന്ന ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തില്‍ അന്തര്ലീനമായതാണെന്നു ജസ്റ്റിസ് നാഗപ്രസന്ന പറഞ്ഞു.