/indian-express-malayalam/media/media_files/uploads/2020/11/narendra-modi.jpg)
ന്യൂഡൽഹി: മറ്റെല്ലാത്തിനുമുപരി രാജ്യത്തിന്റെ ഐക്യത്തിനും അന്തസ്സിനുമായിരിക്കണം ജനങ്ങൾ പ്രാധാന്യം നൽകേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൗരി- ചൗര സംഭവത്തിന്റെ നൂറാം വാര്‍ഷിക ആഘോഷങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യവേയാണ് മോദി ഇക്കാര്യം പറഞ്ഞത്. ഉത്തര്‍പ്രദേശിലെ ഖോരക്പുരിലാണ് വാര്‍ഷിക ആഘോഷങ്ങള്‍.
1922 ഫെബ്രുവരി 5-ന് ഉത്തർപ്രദേശിലെ ചൗരി ചൗരായിൽ വച്ച് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന ഒരു ജാഥയിൽ പങ്കെടുത്ത ആളുകൾക്കെതിരെ പൊലീസ് വെടിവയ്ക്കുകയും തുടർന്ന് ജനക്കൂട്ടം പൊലീസ് സ്റ്റേഷൻ ആക്രമിച്ച് തീയിടുകയും ചെയ്ത സംഭവമാണ് ചൗരി ചൗരാ സംഭവം എന്ന പേരിൽ ഇന്ത്യൻ ചരിത്രത്തിൽ അറിയപ്പെടുന്നത്. ഈ സംഭവത്തിൽ മൂന്ന് സിവിലിയന്മാരും 22 പൊലീസുകാരും കൊല്ലപ്പെട്ടു.
Read More: 'സമാധാനപരമായ പ്രതിഷേധം ജനാധിപത്യത്തിന്റെ മുഖമുദ്ര'; കർഷകസമരത്തിൽ അമേരിക്ക
രക്തസാക്ഷികളുടെ സ്മരണയ്ക്കായി യുപി സർക്കാർ സംസ്ഥാനത്തെ 75 ജില്ലകളിലും ഒരു വർഷത്തെ ആഘോഷമാണ് പദ്ധതിയിട്ടിരിക്കുന്നത്.
ചൗരി ചൗര സംഭവത്തിലെ രക്തസാക്ഷികൾക്ക് ഇന്ത്യയുടെ ചരിത്രത്തിൽ അർഹമായ ബഹുമാനം ലഭിച്ചിട്ടില്ലെന്നു പറഞ്ഞ മോദി സ്വാതന്ത്ര്യസമരസേനാനികളുടെ സംഭാവന ആഘോഷിക്കുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത യുപി സർക്കാരിനെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രശംസിച്ചു.
"ചൗരി ചൗര സംഭവം ഒരു പൊലീസ് സ്റ്റേഷന് തീയിടുന്നതിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. അതിന്റെ സന്ദേശം വളരെ വലുതാണ്. പല കാരണങ്ങളാൽ, ഇത് ഒരു ചെറിയ സംഭവമായി കണക്കാക്കപ്പെട്ടു. തീ സ്റ്റേഷനിൽ മാത്രമല്ല ആളുകളുടെ ഹൃദയത്തിലായിരുന്നു,” പ്രധാനമന്ത്രി പറഞ്ഞു.
ചരിത്ര സംഭവത്തിലെ രക്തസാക്ഷികളെക്കുറിച്ച് നാം ചർച്ച ചെയ്യാതിരുന്നത് നിർഭാഗ്യകരമാണെന്ന് മോദി വിശേഷിപ്പിച്ചു. “ചരിത്രത്തിന്റെ പേജുകളിൽ അവർക്ക് പ്രാധാന്യം നൽകിയിട്ടില്ലെങ്കിലും, അവരുടെ രക്തം രാജ്യത്തിന്റെ മണ്ണിലാണ്, അത് നമ്മെ പ്രചോദിപ്പിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
Read More: ഷഹീൻ ബാഗ് ആവർത്തിക്കരുതെന്ന് പ്രതിപക്ഷത്തോട് സർക്കാർ; പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ദമാകും
വിവാദമായ മൂന്ന് കാർഷിക നിയമങ്ങളിൽ ഉത്തർപ്രദേശിൽ വർദ്ധിച്ചുവരുന്ന അസ്വസ്ഥതകൾക്കിടയിൽ, രാജ്യത്തിന്റെ പുരോഗതിക്ക് പിന്നിൽ കർഷകരാണെന്നും ചൗരി ചൗര സമരത്തിൽ കർഷകർ പ്രധാന പങ്കുവഹിച്ചുവെന്നും മോദി പറഞ്ഞു. "കഴിഞ്ഞ ആറ് വർഷത്തിനിടെ കർഷകരെ സ്വാശ്രയരാക്കാനുള്ള നടപടികൾ കേന്ദ്രസർക്കാർ സ്വീകരിച്ചതായി മോദി പറഞ്ഞു. പകർച്ചവ്യാധികൾക്കിടയിലും കാർഷിക മേഖല വളർന്നു. കർഷകരുടെ താല്പര്യത്തിനായി ഞങ്ങൾ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്."
മറ്റെല്ലാത്തിനുമുപരി രാജ്യത്തിന്റെ ഐക്യത്തിനും അന്തസ്സിനും മുൻഗണന നൽകാമെന്ന് പ്രതിജ്ഞയെടുക്കണമെന്ന് മോദി പൗരന്മാരോട് ആവശ്യപ്പെട്ടു. “ഈ വികാരത്തോടെ, ഇന്ത്യയിലെ ഓരോ പൗരനോടുമൊപ്പം നാം മുന്നോട്ട് പോകണം,” അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us