ന്യൂഡൽഹി: കാര്‍ഷിക ബില്ലുകളിന്മേലുള്ള ആരോപണ പ്രത്യാരോപണങ്ങളില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ദമാകും. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയിലാകും ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ കാര്‍ഷിക ബില്ലുമായി ബന്ധപ്പെട്ട നയം വ്യക്തമാക്കുക.

പാർലമെന്റിൽ വിപുലമായ ചർച്ചകൾക്ക് ശേഷമാണ് പുതിയ കാർഷിക നിയമങ്ങൾ പാസാക്കിയതെന്ന് ബിജെപി വാദിച്ചു. കർഷകർ പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിന് സർക്കാരിന്റെ വാതിലുകൾ എപ്പോഴും തുറന്നിരിക്കുകയാണെന്നും പ്രക്ഷോഭത്തെ മറ്റൊരു ഷഹീൻബാഗാക്കി മാറ്റരുതെന്നും പ്രതിപക്ഷ പാർട്ടികളോട് സർക്കാർ അഭ്യർത്ഥിച്ചു.

“ഈ മൂന്ന് സുപ്രധാന കാർഷിക നിയമങ്ങളുടെ പ്രയോജനങ്ങൾ 10 കോടിയിലധികം ആളുകളിലേക്കും ചെറുകിട കർഷകരിലേക്കും എത്തിത്തുടങ്ങി. കർഷകരുടെ അവകാശങ്ങളിലും സൗകര്യങ്ങളിലും കുറവുണ്ടായിട്ടില്ല. ഈ കാർഷിക പരിഷ്കാരങ്ങളിലൂടെ സർക്കാർ കർഷകർക്ക് പുതിയ അവകാശങ്ങൾ നൽകിയിട്ടുണ്ട്,” രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് തുടക്കമിട്ട ബിജെപി അംഗം ഭുവനേശ്വർ കലിത പറഞ്ഞു.

Read More: ഉത്തരവാദിത്തമില്ലാത്ത പ്രതികരണങ്ങൾ; കർഷക സമരത്തെ പിന്തുണച്ച സെലിബ്രിറ്റികൾക്ക് കേന്ദ്രത്തിന്റെ വിമർശനം

സർക്കാരിന് കർഷകരോട് അങ്ങേയറ്റം ആദരവുണ്ടെന്നും കൃഷിമന്ത്രി നരേന്ദ്ര തോമറും റെയിൽവേ മന്ത്രി പീയൂഷ് ഗോയലും പ്രശ്‌നപരിഹാരത്തിനായി പലതവണ ചർച്ചകൾ നടത്തിയെന്നും കലിത പ്രതിപക്ഷത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. “എല്ലാ പ്രശ്നങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണ്. എന്നാൽ ഞങ്ങളുടെ സുഹൃത്തുക്കളോടുള്ള എന്റെ അഭ്യർത്ഥന, ദയവായി ഇത് മറ്റൊരു ഷഹീൻ ബാഗാക്കരുത്,” അദ്ദേഹം പറഞ്ഞു.

പ്രമേയത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ അംഗങ്ങൾക്ക് കർഷകരുടെ വിഷയം ഉന്നയിക്കാൻ കഴിയുമെന്ന് രാജ്യസഭാ ചെയർമാൻ നായിഡു ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.

ലോക്‌സഭ ഇന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയിലേക്ക് കടക്കാനാകും ശ്രമിക്കുക. ബംഗാളില്‍ നിന്നുള്ള ബിജെപി അംഗം ലോക്മത് ചാറ്റര്‍ജി നന്ദിപ്രമേയം അവതരിപ്പിച്ചെങ്കിലും രണ്ട് ദിവസങ്ങളിലും പ്രതിപക്ഷ പ്രതിഷേധത്തില്‍ നന്ദിപ്രമേയത്തിന്മേലുള്ള ചര്‍ച്ചകളിലേക്ക് ലോക്‌സഭയ്ക്ക് കടക്കാന്‍ സാധിച്ചിരുന്നില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook