/indian-express-malayalam/media/media_files/2025/02/07/QN7omGlq4xxHkgGY60uC.jpg)
800 അനധികൃത കൂടിയേറ്റക്കാരെ നാടുകടത്തി യുകെ
ലണ്ടൻ: അനധികൃത കൂടിയേറ്റത്തിനെതിരെ ഡോണൾഡ് ട്രംപിൻ്റെ ശൈലി മാതൃകയാക്കി യുകെയും. രാജ്യത്ത് നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെ കണ്ടെത്താൻ റെയ്ഡുകൾ ആരംഭിച്ചു. "യുകെ-വൈഡ് ബ്ലിറ്റ്സ്" എന്ന് വിശേഷിപ്പിക്കുന്ന റെയ്ഡുകളിലൂടെ ഇതുവരെ 800 പേരെ നാടുകടത്തി.
കുടിയേറ്റ തൊഴിലാളികൾ ജോലി ചെയ്യുന്ന ഇന്ത്യൻ റസ്റ്ററൻ്റുകൾ, ബാറുകൾ, കൺവീനിയൻസ് സ്റ്റോറുകൾ, കാർ വാഷ് സെന്ററുകൾ തുടങ്ങിയ ഇടങ്ങളിൽ റെയ്ഡുകൾ നടത്തിയിരുന്നു. ബ്രിട്ടീഷ് ഹോം സെക്രട്ടറി യെവെറ്റ് കൂപ്പർ നേരിട്ട് മേൽനോട്ടം വഹിക്കുന്നതിനാൽ, അനധികൃത കൂടിയേറ്റക്കാർക്കെതിരെ കർശന നടപടിയാണ് പോലീസ് സ്വീകരിക്കുന്നത്.
കഴിഞ്ഞ ആഴ്ച വടക്കൻ ഇംഗ്ലണ്ടിലെ ഹംബർസൈഡിലുള്ള ഒരു ഇന്ത്യൻ റസ്റ്ററൻ്റിൽ റെയ്ഡ് നടത്തിയത്തിലൂടെ ഏഴ് പേരെ അറസ്റ്റ് ചെയ്യുകയും നാല് പേരെ ജയിലിൽ അടയ്ക്കുകയും ചെയ്തു. കഴിഞ്ഞ മാസം മാത്രം യുകെയിൽ 609 അറസ്റ്റുകൾ രേഖപ്പെടുത്തി.
റസ്റ്ററൻ്റുകൾ, ടേക്ക് എവേകൾ, കഫേകൾ എന്നിവടങ്ങളിൽ നിന്നാണ് കൂടുതൽ പേർ അറസ്റ്റിലായത്. നാടുകടത്തപ്പെടുന്ന ആളുകളെ ബസിൽനിന്ന് ഇറക്കി ചാർട്ടർ വിമാനത്തിന്റെ സ്റ്റെയർവേയിൽ കയറുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നു. ഈ വിമാനങ്ങളിൽ നാടുകടത്തിയവരിൽ ചിലർ മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ, മോഷണം, ബലാത്സംഗം, കൊലപാതകം എന്നിവയ്ക്ക് ശിക്ഷിക്കപ്പെട്ട കുറ്റവാളികളും ഉൾപ്പെടുന്നു.
ലേബർ പാർട്ടി ഗവൺമെൻ്റിൻ്റെ അതിർത്തി സുരക്ഷ, അഭയം, കുടിയേറ്റ ബിൽ ഈയാഴ്ച പാർലമെൻ്റിൽ അവതരിപ്പിക്കാനിരിക്കെയാണ് റെയ്ഡുകൾ. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ക്രിമിനൽ സംഘങ്ങളെ തകർക്കാൻ പുതിയ നിയമനിർമാണം ലക്ഷ്യമിടുന്നു.
സംഘടിതമായി ആക്രമണം നടത്തുന്ന സംഘങ്ങൾക്കെതിരെ കൂടുതൽ കാര്യക്ഷമമായ നടപടിയെടുക്കാൻ നിയമപാലകർക്ക് കൂടുതൽ അധികാരം നൽകുന്നതിനാണ് പുതിയ അതിർത്തി സുരക്ഷ, അഭയം, കുടിയേറ്റ ബിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അനധികൃത കുടിയേറ്റത്തിൽ തൻ്റെ സർക്കാർ കർശനമാണെന്ന് തെളിയിക്കാൻ പ്രധാനമന്ത്രി കെയർ സ്റ്റാർമർ വരും ദിവസങ്ങളിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.