/indian-express-malayalam/media/media_files/2025/09/24/trump3352-2025-09-24-19-35-32.jpg)
ഫയൽ ഫൊട്ടോ
വാഷിങ്ടൺ: ന്യായമായ വ്യാപാര കരാറിൽ എത്തിയില്ലെങ്കിൽ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 155 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തിങ്കളാഴ്ച വൈറ്റ് ഹൗസിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായി നിർണായക ധാതു കരാറിൽ ഒപ്പുവെച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്.
നവംബർ ഒന്നിന് മുൻപായി വ്യാപാര കരാറിൽ എത്താനായില്ലെങ്കിൽ 155 ശതമാനം തീരുവ ഏർപ്പെടുത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. ചൈന അമേരിക്കയോട് വളരെ ബഹുമാനം പുലർത്തുന്ന രാജ്യമാണെന്നാണ് താൻ കരുതുന്നതെന്നും തീരുവയുടെ രൂപത്തിൽ ഭീമമായ തുകയാണ് നിലവിൽ ചൈന അമേരിക്കയ്ക്ക് നൽകിക്കൊണ്ടിരിക്കുന്നതും ട്രംപ് പറഞ്ഞു. നിങ്ങൾക്കറിയാവുന്നതുപോലെ, അവർ 55% ശതമാനം താരിഫ് ആണ് യുഎസ് ഉൽപ്പന്നങ്ങൾക്ക് ഈടാക്കുന്നതെന്നും ട്രംപ് പറഞ്ഞു.
Also Read: ദീപാവലി ആഘോഷങ്ങൾക്കു പിന്നാലെ ശ്വാസംമുട്ടി ഡൽഹി; വായു മലിനീകരണം അതിരൂക്ഷം
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെ നേരിൽ കാണുമെന്ന് സൂചിപ്പിച്ച ട്രംപ്, ഇരുവർക്കും വളരെ നല്ല ബന്ധമുണ്ടെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ തങ്ങൾ ദക്ഷിണ കൊറിയയിൽ കൂടിക്കാഴ്ച നടത്തുമെന്നും പറഞ്ഞു. വളരെ ശക്തമായ വ്യാപാര കരാറിൽ എത്തുമെന്നാണ് കരുതുന്നതെന്നും ഇരു രാജ്യങ്ങളും സംതൃപ്തരായിരിക്കുമെന്നും ചൈനീസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് ട്രംപ് കൂട്ടിച്ചേർത്തു.
Also Read: 'ഷോലെ'യിലെ ജയിലർ; നടൻ ഗോവർധൻ അസ്രാണി അന്തരിച്ചു
മുമ്പ് നിരവധി രാജ്യങ്ങൾ യുഎസിനെ മുതലെടുത്ത് നേട്ടം ഉണ്ടാക്കിയിരുന്നുവെന്നും, എന്നാൽ വ്യാപാര കരാർ ഉണ്ടാക്കിയതിനുശേഷം ഇപ്പോൾ അത് അവസാനിച്ചുവെന്നും ട്രംപ് പറഞ്ഞു. അതേസമയം, ട്രംപിന്റെ പ്രസ്താവനയ്ക്കു മണിക്കൂറുകൾക്ക് ശേഷം, ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) സ്ഥിരം പ്രതിനിധി സ്ഥാനത്ത് നിന്ന് ലി ചെങ്‌ഗാങ്ങിനെ പിൻവലിച്ചതായി ചൈന സ്ഥിരീകരിച്ചു.
Read More: റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തുന്നതുവരെ ഇന്ത്യ ഉയർന്ന താരിഫ് നൽകേണ്ടി വരും: ഡൊണാൾഡ് ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.