/indian-express-malayalam/media/media_files/2025/09/19/chabar-port-2025-09-19-11-09-57.jpg)
ചബഹാർ തുറമുഖം (ഫയൽ ചിത്രം)
തെഹ്റാൻ: ഇറാനിലെ സുപ്രധാന ചബഹാർ തുറമുഖവുമായി ബന്ധപ്പെട്ട പദ്ധതിക്ക് നൽകിയിരുന്ന ഉപരോധ ഇളവുകൾ പിൻവലിച്ച് അമേരിക്ക. സെപ്റ്റംബർ 29 മുതൽ ഉപരോധങ്ങൾ പ്രാബല്യത്തിൽവരും. ഇറാനെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തുന്നതിൻറെ ഭാഗമായാണ് നീക്കം എന്നാണ് യുഎസ് വാദമെങ്കിലും തുറമുഖ വികസനത്തിൽ പങ്കാളിയായ ഇന്ത്യയെ അടക്കം ബാധിക്കുന്നതാണ് തീരുമാനം.
Also Read:ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണം; ആറാം തവണയും യുഎന്നിൽ പ്രമേയത്തെ എതിർത്ത് അമേരിക്ക
ഉപരോധത്തിലുണ്ടായിരുന്ന ഇളവുകൾ നീക്കം ചെയ്യുമെന്നും ഈ മാസം 29 മുതൽ ഉപരോധം നിലവിൽ വരുമെന്നും യുഎസ് വിദേശകാര്യ ഡെപ്യൂട്ടി വക്താവ് തോമസ് പിഗോട്ട് പറഞ്ഞു. ചബഹാർ തുറമുഖത്തിന്റെ പ്രവർത്തനങ്ങൾക്കായി 2018ൽ നൽകിയ ഉപരോധ ഇളവാണ് ഇതോടെ യുഎസ് പിൻവലിക്കുന്നത്. 2018ലെ ഇറാൻ ഫ്രീഡം ആൻഡ് കൗണ്ടർ പ്രോലിഫെറേഷൻ ആക്ട്(ഐഎഫ്സിഎ) പ്രകാരമാണ് ഉപരോധം ഏർപ്പെടുത്തിയത്. 7,200 കിലോമീറ്റർ ദൈർഘ്യമുള്ള അന്താരാഷ്ട്ര ഉത്തര ദക്ഷിണ ഗതാഗത ഇടനാഴിയിലെ പ്രധാന ഹബ്ബാണ് ചബഹാർ എന്ന പ്രത്യേകതയും ഉണ്ട്.
Also Read:റഷ്യയില്‍ തീവ്രഭൂചലനം; 7.8 തീവ്രത, സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു
ഇറാന്റെ തെക്കൻതീരത്തെ എണ്ണ സമ്പുഷ്ടമായ സിസ്റ്റാൻ- ബലൂചിസ്താൻ പ്രവിശ്യയിലാണ് ചബഹാർ ആഴക്കടൽ തുറമുഖം സ്ഥിതി ചെയ്യുന്നത്. പാക്കിസ്ഥാനെ മറികടന്ന് അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും ഒരു വ്യാപാര പാത നൽകുന്നതിനാൽ ചബഹാർ ഇന്ത്യയെ സംബന്ധിച്ച് തന്ത്രപ്രധാനമായ പ്രാധാന്യം അർഹിക്കുന്ന തുറമുഖമാണ്. അതിനാൽ തന്നെ ഉപരോധ ഇളവ് റദ്ദാക്കുന്നത് രാജ്യത്തിന്റെ നിർണായക പദ്ധതികളെ ബാധിക്കും. തുറമുഖത്തിന്റെ നിർമാണപ്രവർത്തനത്തിനടക്കം സാമ്പത്തികമായി വലിയ പങ്കുവഹിക്കുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടിയാകും ഇത്.
Also Read:നേപ്പാളിലെ ഇടക്കാല സർക്കാരിനെ സ്വാഗതം ചെയ്ത് അമേരിക്ക
ഇറാനുമായി വ്യാപാര ഇടപാടുകളിൽ ഏർപ്പെടുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കടുത്ത ഉപരോധമേർപ്പെടുത്തുമെന്ന് മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ചബഹാർ തുറമുഖ വികസനത്തിന് ഇന്ത്യയ്ക്ക് ഇളവ് അനുവദിക്കുകയായിരുന്നു.
ഇന്ത്യയും- ഇറാനും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ നിർണായകമായ പങ്ക് വഹിക്കുമെന്ന് കരുതുന്ന തുറമുഖമാണ് ചബഹാർ. 2003 മുതൽ ഇന്ത്യയും ഇറാനും തമ്മിലുള്ള ചർച്ചയിലെ പ്രധാന അജണ്ടയാണ് ചബഹാറിന്റെ വികസനം. ഇതുവഴി വ്യാപാര മുന്നേറ്റമാണ് ഇന്ത്യ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്.
Read More:ന്യൂയോർക്ക് ടൈംസിനെതിരെ മാനനഷ്ടകേസ് നൽകി ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.