/indian-express-malayalam/media/media_files/uploads/2022/05/pc-george-arrest-hate-speech-kerala-police-647419-FI.jpg)
Photo: Facebook/ PC George
Top News Highlights: സോളാര്‍ കേസിലെ മുഖ്യപ്രതിയുടെ പീഡനപരാതിയില്‍ അറസ്റ്റിലായ ജനപക്ഷം നേതാവും മുന്‍ എംഎല്‍എയുമായ പി സി ജോര്‍ജിന് കോടതി ജാമ്യം. ഉപാധികളോടെയാണ് ജോര്‍ജിന് ജാമ്യം അനുവദിച്ചത്. ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്റെ ശക്തമായ ആവശ്യത്തെ മറകടന്നാണ് കോടതി ഉത്തരവ്. പരാതിക്കാരിക്ക് വിശ്വാസ്യതയില്ലന്നും മുൻ മുഖ്യമന്ത്രിക്കെതിരെയടക്കം ബലാത്സംഗ പരാതി നൽകിയിട്ടുണ്ടെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. ജോര്‍ജിന്റെ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് ജയിലിലേക്ക് അയക്കരുതെന്നും പ്രതിഭാഗം വാദിച്ചു.
അറസ്റ്റിലായ ജോര്‍ജിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് പരാതിക്കാരി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ജോര്‍ജിന്റെ അറസ്റ്റ് ഉണ്ടാകുമെന്ന് അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം തന്റെ ശത്രുവായിരുന്നില്ലെന്നും പരാതിക്കാരി കൂട്ടിച്ചേര്‍ത്തു. പീഡന ആരോപണങ്ങള്‍ അറസ്റ്റിലായതിന് പിന്നാലെ ജോര്‍ജ് തള്ളിയിരുന്നു. ഈ വര്‍ഷം ഫെബ്രുവരി 10 ന് തിരുവനന്തപുരത്തെ ഗസ്റ്റ് ഹൗസില്‍ വച്ച് ലൈംഗിക താത്പര്യത്തോടെ തന്നെ സമീപിച്ചെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നുമാണ് പരാതിക്കാരി ജോര്‍ജിനെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണം.
അതിനിടെ, ഉദയ്പൂര്‍ കൊലപാതക കേസിലെ നാല് പ്രതികളെ സിബിഐ കോടതി ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) കസ്റ്റഡിയില്‍ വിട്ടു. പത്ത് ദിവസമാണ് കസ്റ്റഡി കാലാവധി. പ്രവാചകനെക്കുറിച്ചുള്ള മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയുടെ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് കനയ്യ ലാൽ തെലിയെന്നയാളെ ജൂൺ 28 ന് കൊലപ്പെടുത്തിയെന്നാണ് കേസ്. മുഹമ്മദ് റിയാസ്, ഘൗസ് മുഹമ്മദ്, ആസിഫ് ഹുസൈന്‍, മൊഹ്സിന്‍ ഖാന്‍ എന്നിവരാണ് പ്രതികള്‍. കോടതിയിലെത്തിച്ച പ്രതികള്‍ക്ക് നേരെ വലിയ തോതില്‍ ജനരോക്ഷമുണ്ടായി.
- 21:50 (IST) 02 Jul 2022ദൈവത്തിന് നന്ദിയെന്ന് പിസി ജോര്‍ജ്
പീഡനക്കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ ദൈവത്തിന് നന്ദി പറഞ്ഞ് ജനപക്ഷം നേതാവ് പി സി ജോര്‍ജ്. കേസിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ജോര്‍ജ് ആരോപിച്ചു. പിണറായിയും ഫാരിസ് അബൂബക്കറുമാണ് കേസിന് പിന്നില്‍. ഫാരിസിന്റെ നിക്ഷേപങ്ങള്‍ പിണറായി വിജയന് പങ്കുണ്ട്. മുഖ്യമന്ത്രിയുടെ അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു.
- 21:20 (IST) 02 Jul 2022പീഡനക്കേസ്: പി സി ജോര്‍ജിന് ഉപാധികളോടെ ജാമ്യം
സോളാര്‍ കേസിലെ മുഖ്യപ്രതിയുടെ പീഡനപരാതിയില്‍ അറസ്റ്റിലായ ജനപക്ഷം നേതാവും മുന്‍ എംഎല്‍എയുമായ പി സി ജോര്‍ജിന് കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജോര്‍ജിന് ജാമ്യം അനുവദിച്ചത്.
- 20:53 (IST) 02 Jul 2022ഉദയ്പൂര്‍ കൊലപാതകം: പ്രതികളെ പത്ത് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു
ഉദയ്പൂര്‍ കൊലപാതക കേസിലെ നാല് പ്രതികളെ സിബിഐ കോടതി ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) കസ്റ്റഡിയില്‍ വിട്ടു. പത്ത് ദിവസമാണ് കസ്റ്റഡി കാലാവധി. പ്രവാചകനെക്കുറിച്ചുള്ള മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയുടെ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് കനയ്യ ലാൽ തെലിയെ ജൂൺ 28 ന് മുഹമ്മദ് റിയാസും ഘൗസ് മുഹമ്മദും ചേർന്ന് വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്.
- 19:52 (IST) 02 Jul 2022നൂപുര്‍ ശര്‍മയെ പിന്തുണച്ച കെമിസ്റ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ മൃഗഡോക്ടര്‍ അറസ്റ്റില്‍
പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ബി ജെ പി വക്താവായിരുന്ന നൂപുര്‍ ശര്‍മ നടത്തിയ വിവാദ പരാമര്‍ശങ്ങളെ പിന്തുണച്ചുള്ള വാട്സ്ആപ്പ് പോസ്റ്റ് പ്രചരിപ്പിച്ച കെമിസ്റ്റ് ഉമേഷ് കോല്‍ഹെ (54) കൊല്ലപ്പെട്ട സംഭവത്തില്‍ മൃഗഡോക്ടര്‍ അറസ്റ്റില്‍. നാല്‍പ്പത്തിനാലുകാരനായ യൂസഫ് ഖാന്‍ ബഹാദൂര്‍ ഖാനെ അമരാവതിയിലെ കോട്‌വാലി സിറ്റി പൊലീസാണ് അറസ്റ്റ് ചെയ്തത്.
- 18:57 (IST) 02 Jul 2022നേമം കോച്ചിംഗ് ടെര്‍മിനല്‍ ഉപേക്ഷിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രം പിന്മാറണമെന്ന് മുഖ്യമന്ത്രി
നേമം കോച്ചിംഗ് ടെര്‍മിനല്‍ ഉപേക്ഷിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം എം.പിമാര്‍ പാര്‍ലമെന്‍റില്‍ ശക്തമായി ഉന്നയിക്കണം. പാര്‍ലമെന്‍റിന്‍റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായുള്ള എംപിമാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
- 18:05 (IST) 02 Jul 2022പീഡനക്കേസില്‍ പി സി ജോര്‍ജിനെതിരെ വ്യക്തമായ തെളിവുകളുണ്ട്: പരാതിക്കാരി
പീഡനക്കേസില്‍ അറസ്റ്റിലായ ജനപക്ഷം നേതാവും മുന്‍ എംഎല്‍എയുമായ പി സി ജോര്‍ജിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് പരാതിക്കാരി. ജോര്‍ജിന്റെ അറസ്റ്റ് ഉണ്ടാകുമെന്ന് അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം തന്റെ ശത്രുവായിരുന്നില്ലെന്നും പരാതിക്കാരി കൂട്ടിച്ചേര്‍ത്തു. പരാതി നല്‍കുന്നതിനായി മാനസികമായ തയാറെടുപ്പ് ആവശ്യമായിരുന്നു. അതിനാലാണ് ഇന്ന് പരാതി നല്‍കിയതെന്നും അവര്‍ വ്യക്തമാക്കി.
- 17:02 (IST) 02 Jul 2022ഹോട്ടലുകള്‍ക്ക് ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ്
ഹോട്ടലുകള്‍ക്ക് ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ്തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ ഹോട്ടലുകള്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി തുടങ്ങിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
പരിശോധനകള്‍ക്കും നടപടിക്രമങ്ങള്‍ക്കും ശേഷം ത്രീ സ്റ്റാര്‍ മുതല്‍ ഫൈവ് സ്റ്റാര്‍ വരെയുള്ള റേറ്റിംഗാണ് നല്‍കുന്നത്. കടകള്‍ വലുതോ ചെറുതോ എന്നതല്ല സുരക്ഷിതമായ ഭക്ഷണവും വൃത്തിയുള്ള സാഹചര്യവുമാണ് വളരെ പ്രധാനം. വൃത്തിയോടൊപ്പം നാല്‍പ്പതോളം ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് റേറ്റിംഗ് നല്‍കുന്നത്. ഫൈവ് സ്റ്റാര്‍ റേറ്റിംഗുള്ള സ്ഥാപനങ്ങള്‍ ഗ്രീന്‍ കാറ്ററിയിലും ഫോര്‍ സ്റ്റാര്‍ റേറ്റിംഗുള്ള സ്ഥാപനങ്ങള്‍ ബ്ലൂ കാറ്റഗറിയിലും ത്രീ സ്റ്റാര്‍ റേറ്റിംഗുള്ള സ്ഥാപനങ്ങള്‍ യെല്ലോ കാറ്റഗറിയിലുമാണ് വരിക. ത്രീ സ്റ്റാറിന് താഴെയുള്ളവര്‍ക്ക് റേറ്റിംഗ് നല്‍കുന്നതല്ല.
ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ അടങ്ങുന്ന പ്രത്യേക സ്‌ക്വാഡാണ് അപേക്ഷ നല്‍കിയ സ്ഥാപനങ്ങളില്‍ ശുചിത്വ മാനദണ്ഡ പ്രകാരം പ്രീ ഓഡിറ്റ് നടത്തുന്നത്. പ്രീ ഓഡിറ്റില്‍ കണ്ടെത്തുന്ന നൂനതകളും അത് പരിഹരിച്ച് ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങളും നല്‍കുന്നു. ഭക്ഷ്യ വസ്തുക്കളുടെ ഗുണമേന്മ ഉള്‍പ്പെയുള്ളവ പരിശോധിക്കും. മാത്രമല്ല ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ക്ക് പരിശീലനവും നല്‍കും. അതിന് ശേഷം എഫ്.എസ്.എസ്.എ.ഐ.യുടെ നേതൃത്വത്തില്‍ ഫൈനല്‍ ഓഡിറ്റ് നടത്തിയാണ് സര്‍ട്ടിഫിറ്റ് നല്‍കുന്നത്.
രണ്ട് വര്‍ഷത്തേയ്ക്കുള്ള സ്റ്റാര്‍ റേറ്റിംഗാണ് നല്‍കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം മാനദണ്ഡങ്ങള്‍ പാലിച്ച് വീണ്ടും റേറ്റിംഗ് നിലനിര്‍ത്താവുന്നതാണ്. റേറ്റിംഗ് ലഭ്യമായ സ്ഥാപനങ്ങള്‍ സര്‍ട്ടിഫിക്കറ്റ്, ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കണം. ഈ സ്ഥാപനങ്ങളെ ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരീക്ഷിക്കുന്നതാണ്. ഓരോ ഹോട്ടലിലും മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് റേറ്റിംഗ് ഉയര്‍ത്താവുന്നതാണ്. ഇതിലൂടെ ഹോട്ടലുകള്‍ തമ്മിലുള്ള ആരോഗ്യകരമായ മത്സരം ഉണ്ടാക്കാനും അവരുടെ കച്ചവടം ഉയര്‍ത്താനും പൊതുജനങ്ങള്‍ക്ക് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കാനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
- 16:05 (IST) 02 Jul 2022ഒരു സ്ത്രീയേയും പീഡിപ്പിക്കുകയില്ല, വസ്തുത തെളിയിക്കും: പി സി ജോര്‍ജ്
സോളാര്‍ കേസ് പ്രതിയുടെ പീഡന ആരോപണങ്ങള്‍ തള്ളി ജനപക്ഷം നേതാവും മുന്‍ എംഎല്‍എയുമായ പി സി ജോര്‍ജ്. ഞാന്‍ ഒരു സ്ത്രീയേയും പീഡിപ്പിക്കുകയില്ല. ഞാന്‍ ഒരു പൊതുപ്രവര്‍ത്തകനാണ്. എന്റെ എടുത്തു വരുന്ന സ്ത്രീകളോട് സ്നേഹവും ബഹുമാനവും കാണിക്കുന്ന വ്യക്തിയാണിത്. ഉമ്മന്‍ ചാണ്ടിക്കെതിരായ പീഡനക്കേസില്‍ സിബിഐക്ക് സത്യസന്ധമായ മൊഴി നല്‍കിയതിന്റെ പ്രതികാരമാണിത്, ജോര്‍ജ് പറഞ്ഞു.
- 15:07 (IST) 02 Jul 2022കാലവർഷം രാജ്യം മുഴുവൻ വ്യാപിച്ചു
കാലവർഷം ഇന്ന് ( ജൂലൈ 2) രാജ്യം മുഴുവൻ വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സാധാരണ എത്തിച്ചേരേണ്ടതിനും 6 ദിവസം മുൻപെ ഇത്തവണ രാജ്യം മൊത്തത്തിൽ വ്യാപിച്ചു .
ബംഗ്ലാദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് വടക്കൻ ഒഡിഷക്ക് മുകളിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. അറബികടലിൽ പടിഞ്ഞാറൻ കാറ്റ്ശക്തമാകുന്നതിന്റെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലൊടുകൂടിയ വ്യപകമായ മഴ തുടരാൻ സാധ്യത.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത 5 ദിവസം ശക്തമായ മഴക്കും ജൂലൈ 5 &,6 തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
- 14:34 (IST) 02 Jul 2022പി സി ജോര്‍ജിനെതിരെ പീഡന പരാതി
ജനപക്ഷം നേതാവും മുന്‍ പൂഞ്ഞാര്‍ എംഎല്‍എയുമായ പി സി ജോര്‍ജിനെതിരെ പീഡന പരാതി. സോളാര്‍ അഴിമതി കേസിലെ മുഖ്യപ്രതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു. ജോര്‍ജിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഈ വര്‍ഷം ഫെബ്രുവരി 10 ന് തിരുവനന്തപുരത്തെ ഗസ്റ്റ് ഹൗസില്‍ വച്ച് ലൈംഗിക താത്പര്യത്തോടെ തന്നെ സമീപിച്ചെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നുമാണ് പരാതിക്കാരി ജോര്‍ജിനെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണം.
- 13:15 (IST) 02 Jul 2022കാലിക്കറ്റ് സർവകലാശാലയിലെ സുരക്ഷാ ജീവനക്കാരൻ സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു
കാലിക്കറ്റ് സർവ്വകലാശാല ക്യാംപസിൽ സ്‌കൂൾ വിദ്യാർത്ഥിയെ പീഡപ്പിക്കാൻ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. സർവ്വകലാശാലയിലെ താത്കാലിക സുരക്ഷാ ജീവനക്കാരനും വിമുക്തഭടനുമായ മണികണ്ഠനാണ് അറസ്റ്റിലായത്. വള്ളിക്കുന്ന് സ്വദേശിയായ ഇയാൾ ഡ്യൂട്ടിക്കിടെയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. വിദ്യാർത്ഥിനി സുഹൃത്തുക്കളോടൊപ്പം കഴിഞ്ഞ ദിവസം ക്യാംപസ് ഭൂമിയിലൂടെ വീട്ടിലേക്ക് പോകാൻ ശ്രമിച്ചിരുന്നു. ഇവരെ മണികണ്ഠൻ തടയുകയും തിരിച്ചയക്കുകയും ചെയ്തു. എന്നാൽ ഇവരിൽ ഒരാളെ മണികണ്ഠൻ പിന്നീട് തിരിച്ചു വിളിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് വിവരം.
- 12:55 (IST) 02 Jul 2022ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തി ഡൽഹി പൊലീസ്
ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ പൊലീസ് കൂടുതൽ കുറ്റങ്ങൾ ചുമത്തി. ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചേർത്തത്. ശനിയാഴ്ച സുബൈറിനെ പൊലീസ് കോടതിയിൽ ഹാജരാക്കി. 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി അപേക്ഷ പൊലീസ് സമർപ്പിച്ചു. സുബൈറും ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.
- 11:52 (IST) 02 Jul 2022ആവിക്കലിൽ സംഘർഷം; പൊലീസിന് കല്ലേറ്, ലാത്തി വീശി
മലിനജല പ്ലാന്റിനെതിരെ തീരദേശ ഹര്‍ത്താല്‍ നടക്കുന്ന കോഴിക്കോട് ആവിക്കലില്‍ പൊലീസും സമരക്കാരും തമ്മിൽ വന്‍ സംഘര്‍ഷം. പൊലീസിന് നേരെ കല്ലേറുണ്ടായി. സമരക്കാര്‍ ബാരിക്കേഡ് തകര്‍ത്തു. പൊലീസ് ലാത്തി വീശി. കണ്ണീർ വാതകം പ്രയോഗിച്ചു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. രാവിലെ മുതൽ വൈകുന്നേരം വരെയാണ് ഇവിടെ ഹർത്താൽ പ്രഖ്യാപിച്ചിരുക്കുന്നത്.
- 11:42 (IST) 02 Jul 2022വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണം; അതിജീവിത സുപ്രീംകോടതിയിൽ
ബലാത്സംഗ കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി അതിജീവിത സുപ്രീംകോടതിയെ സമീപിച്ചു. കേസിൽ വിജയ് ബാബുവിനെ പൊലീസ് ചോദ്യം ചെയ്തു വരുന്നതിനിടെയാണ് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചത്. വിജയ് ബാബുവിനെ കഴിഞ്ഞ ദിവസം പീഡനം നടന്നു എന്ന് പറയപ്പെടുന്ന കൊച്ചിയിലെ ഹോട്ടലുകളിൽ എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. ഹൈക്കോടതി ജാമ്യം നൽകിയതിനാൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ട ശേഷമാണ് ചോദ്യം ചെയ്യൽ നടത്തുന്നത്.
- 11:36 (IST) 02 Jul 2022ഉദയ്‌പൂർ കൊലപാതകം: ‘ഗംഭീരമായ എന്തെങ്കിലും ചെയ്യൂ’; പ്രതികൾക്ക് പാകിസ്ഥാനിൽ നിന്ന് ലഭിച്ച നിർദേശം ഇങ്ങനെ
ഉദയ്പൂരിലെ കനയ്യലാൽ എന്ന തയ്യൽക്കാരന്റെ കൊലപാതകം പാകിസ്ഥാനിലുള്ള ‘സൽമാൻ ഭായ്’ എന്ന വ്യക്തി ‘സൂക്ഷ്മമായി ആസൂത്രണം ചെയ്തതും’ ‘പ്രേരണ നൽകി’ ചെയ്യിച്ചതുമാണെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ടെത്തി. ‘സമാധാനപരമായ പ്രതിഷേധം ഒരു ഫലവും നൽകില്ല’ ആയതിനാൽ പ്രവാചകനെക്കുറിച്ചുള്ള പരാമർശങ്ങൾക്ക് മറുപടിയായി ‘ഗംഭീരമായ എന്തെങ്കിലും ചെയ്യണം’ എന്ന നിർദേശമാണ് പ്രതികൾക്ക് നൽകിയത് എന്നാണ്, ഇന്ത്യൻ എക്സ്പ്രസ് മനസിലാക്കുന്നത്.
- 10:30 (IST) 02 Jul 2022മോഡൽ ഷഹാനയുടെ മരണം, ഭർത്താവ് കുറ്റക്കാരൻ; കുറ്റപത്രം സമർപ്പിച്ചു
കോഴിക്കോട് മോഡൽ ഷഹാനയുടെ മരണത്തിൽ ഭർത്താവ് സജാദ് കുറ്റക്കാരനെന്ന് കുറ്റപത്രം. ഷഹാനയെ മാനസികവും ശാരീരികവുമായി സജാദ് പീഡിപ്പിച്ചിരുന്നു. ഷഹാനയുടെ ഡയറി കുറിപ്പുകളിൽ ഇതിന്റെ തെളിവുണ്ടെന്നും പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തിൽ പറയുന്നു. മെയ് 13ന് ആണ് കോഴിക്കോട് പറമ്പിൽ ബസാറിലെ വാടക ക്വാർട്ടേഴ്സിൽ ഷഹാനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷഹാന ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഭർത്താവിനെതിരെ ഷഹാനയുടെ കുടുംബം പരാതിയുമായി രംഗത്തെത്തിയതോടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
- 10:15 (IST) 02 Jul 2022സ്‌പൈസ് ജെറ്റ് വിമാനത്തിനുള്ളിൽ പുക; തിരിച്ചിറക്കി
ഡൽഹിയിൽ നിന്ന് ജബൽപൂരിലേക്ക് സർവീസ് നടത്തുന്ന സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ക്യാബിനിൽ നിന്ന് പുക ഉയർന്നതിനാൽ ഡൽഹിയിൽ തിരിച്ചിറക്കി. 5000 അടി ഉയരത്തിൽ പറന്നുയർന്ന ശേഷമാണ് വിമാനത്തിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഡൽഹി വിമാനത്താവളത്തിൽ എല്ലാ യാത്രക്കാരെയും സുരക്ഷിതമായി തിരച്ചിറക്കിയെന്നും സ്‌പൈസ് ജെറ്റ് അറിയിച്ചു.
- 10:12 (IST) 02 Jul 2022മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെ ഉദ്ധവ് താക്കറെ ശിവസേനയിൽ നിന്ന് പുറത്താക്കി
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെ ശിവസേന നേതാവ് ഉദ്ധവ് താക്കറെ പാർട്ടിയിൽ നിന്ന് പുറത്താക്കി. "ശിവസേന പാർട്ടി അധ്യക്ഷൻ എന്ന നിലയിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച്, പാർട്ടിയിൽ നിന്ന് ഞാൻ നിങ്ങളെ നീക്കം ചെയ്യുന്നു," മഹാരാഷ്ട്ര മുഖ്യമന്ത്രി ഷിൻഡെയ്ക്ക് അയച്ച കത്തിൽ താക്കറെ എഴുതി.
- 10:07 (IST) 02 Jul 2022ഇറാനിൽ ശക്തമായ ഭൂചലനം; യു എ ഇയിലും പ്രകമ്പനം
ഇറാനിൽ ഭൂചലനമുണ്ടായതിന് പിന്നാലെ യുഎഇയിലും ശക്‌തമായ പ്രകമ്പനം അനുഭവപ്പെട്ടതായി യുഎഇ നിവാസികൾ. ശനിയാഴ്ച പുലർച്ചെയാണ് ഇറാനിൽ റിക്ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതിനു പിന്നാലെ രണ്ടു തവണ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടതായി യുഎഇ നിവാസികൾ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. കൂടുതൽ വായിക്കാം.
- 09:38 (IST) 02 Jul 2022എകെജി സെന്റർ ആക്രമണം: പിന്നിലാര്?, ഉത്തരം കണ്ടെത്താനാകാതെ പൊലീസ്
ലസ്ഥാനത്തെ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ പ്രതിയെ പിടികൂടാനാകാതെ പൊലീസ്. സംഭവം നടന്ന 24 മണിക്കൂർ പിന്നിട്ടിട്ടും പ്രതിയിലേക്ക് എത്താൻ പൊലീസിന് സാധിച്ചിട്ടില്ല. പരിസരത്തെ സിസിടിവി ദൃശ്യങ്ങളും സാമൂഹ്യമാധ്യമ അക്കൗണ്ടുകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കുറിച്ചുള്ള വ്യക്തമായ സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല എന്നാണ് വിവരം. കൂടുതൽ വായിക്കാം.
- 08:43 (IST) 02 Jul 2022അമരാവതിയിലെ കടയുടമയുടെ കൊലപാതകവും നൂപുർ ശർമ്മയെ പിന്തുണച്ചതിനെന്ന് സംശയം
മഹാരാഷ്ട്രയിലെ അമരാവതിയിൽ കടയുടമ കൊലചെയ്യപ്പെട്ടത് നുപൂർ ശർമ്മയെ പിന്തുണച്ചതിനാണെന്ന് സംശയം. ഉദയ്പൂരിൽ തയ്യൽക്കാരൻ കനയ്യലാൽ കൊല്ലപ്പെടുന്നതിന് കൃത്യം ഒരാഴ്ച മുമ്പ്, ജൂൺ 21 ന് ആണ് അമരാവതി ജില്ലയിൽ 54 കാരനായ ഉമേഷ് പ്രഹ്ലാദറാവു കോൽഹെ കൊല്ലപ്പെട്ടത്. കൂടുതൽ വായിക്കാം.
- 08:34 (IST) 02 Jul 2022തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ
തിരുവനന്തപുരം കല്ലമ്പലത്ത് ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. ചാത്തമ്പാറ കടയില്‍ വീട്ടില്‍ മണിക്കുട്ടനും കുടുംബവുമാണ് മരിച്ചത്. മണിക്കുട്ടൻ, ഭാര്യ, രണ്ട് മക്കൾ മണിക്കുട്ടന്റെ ഭാര്യയുടെ അമ്മയുടെ സഹോദരി എന്നിവരാണ് മരിച്ചത്. മണിക്കുട്ടൻ തൂങ്ങിമരിച്ചനിലയിലും മറ്റുള്ളവരെ വിഷംകഴിച്ച നിലയിലുമാണ് കണ്ടെത്തിയത്. മണിക്കുട്ടന്‍ നടത്തിയിരുന്ന തട്ടുകടയ്ക്കെതിരെ പഞ്ചായത്തിലെ ആരോഗ്യവിഭാഗം നടപടിയെടുത്തിരുന്നു. ഇതിനെത്തുടര്‍ന്ന് രണ്ടുദിവസമായി കട തുറന്നിരുന്നില്ല. കടബാധ്യത ഉണ്ടായിരുന്നതായും നാട്ടുകാര്‍ പറയുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
- 08:26 (IST) 02 Jul 2022മീൻപിടിക്കാൻ പോകാൻ പാടില്ല; മുന്നറിയിപ്പ്
കേരള-ലക്ഷദ്വീപ്-കർണാടക നാലാം തീയതി വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മീൻപിടിക്കാൻ കടലിൽ പോകാൻ പാടില്ല.
- 08:24 (IST) 02 Jul 2022ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
ജൂലൈ 3 രാത്രി 11.30 വരെ വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരളതീരത്ത് 3.3 മുതല്‍ 3.6 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
- 08:24 (IST) 02 Jul 2022അടുത്ത മൂന്ന് മണിക്കൂറിലെ മഴ സാധ്യത
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്
- 08:21 (IST) 02 Jul 2022എകെജി സെന്ററിന് കല്ലെറിയുമെന്ന് ഫെയ്‌സ്‌ബുക്ക് പോസ്റ്റ്; ഒരാളെ ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് എ കെ ജി സെന്റെറിന് കല്ലെറിയുമെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടയാളെ പൊലീസ് ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം അന്തിയൂർ കോണം സ്വദേശിയെയാണ് ചോദ്യം ചെയ്യുന്നത്. കഴക്കൂട്ടം പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.