തിരുവനനന്തപുരം: തലസ്ഥാനത്തെ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ പ്രതിയെ പിടികൂടാനാകാതെ പൊലീസ്. സംഭവം നടന്ന 24 മണിക്കൂർ പിന്നിട്ടിട്ടും പ്രതിയിലേക്ക് എത്താൻ പൊലീസിന് സാധിച്ചിട്ടില്ല. പരിസരത്തെ സിസിടിവി ദൃശ്യങ്ങളും സാമൂഹ്യമാധ്യമ അക്കൗണ്ടുകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കുറിച്ചുള്ള വ്യക്തമായ സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല എന്നാണ് വിവരം.
വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് സിപിഎം പാർട്ടി ആസ്ഥാനമായ എകെജി സെന്ററിലേക്ക് സ്കൂട്ടറിൽ എത്തിയ അക്രമി സ്ഫോടകവസ്തു എറിഞ്ഞത്. കെട്ടിടത്തിന്റെ ചുറ്റുമതിൽ പതിച്ച സ്ഫോടക വസ്തു വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചതിന് പിന്നാലെ അക്രമി മിന്നൽവേഗത്തിൽ കടന്നുകളയുകയായിരുന്നു. സമീപത്തെ വീടിന്റെ സിസിടിവിയിൽ നിന്ന് അക്രമി വണ്ടിയിൽ എത്തുന്നതും സ്ഫോടക വസ്തു എറിയുന്നത്തിന്റെയും ദൃശ്യങ്ങൾ ലഭിച്ചെങ്കിലും അക്രമിയുടെ മുഖമോ വണ്ടി നമ്പറോ കൃത്യമായി ലഭിച്ചിട്ടില്ല. സ്ഥലത്ത് വെളിച്ചം ഇല്ലാതിരുന്നതാണ് തിരിച്ചറിയാൻ കഴിയാത്തതിന് കാരണം എന്നാണ് പൊലീസ് പറയുന്നത്.
പരിസരത്ത് നിന്ന് പൊലീസ് ശേഖരിച്ചു സൈബര്‍ സെല്ലിന് കൈമാറിയ വിഡിയോ ദൃശ്യങ്ങള്‍ കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങളാക്കി മാറ്റി വീണ്ടും പരിശോധിക്കാനാണ് പൊലീസ് തീരുമാനം. കുന്നുകുഴിയിലെ ചില വീടുകളിലും പൊലീസ് പരിശോധന നടത്തിയിരുന്നു. ഒരു മിനിറ്റ് 32 സെക്കൻഡ് നേരത്തിലാണ് പ്രതി ആക്രമണം നടത്തി കടന്നുകളഞ്ഞത്.
കുന്നുകുഴിയില്‍ നിന്നു വരമ്പശേരി ജംക്ഷനില്‍ വരെ പ്രതി എത്തിയിട്ടുണ്ട് എന്നാണ് നിലവിൽ വ്യക്തമായിട്ടുള്ളത്. ഇവിടെ റോഡ് രണ്ടായി തിരിയുന്നുണ്ട്. അവിടെ നിന്നു പ്രതികള്‍ ലോ കോളജ് ഭാഗത്തേക്ക് പൊയെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ നിഗമനം. ഇവിടങ്ങളിൽ ഉൾപ്പെടെയുള്ള 30 സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
കൈകൊണ്ടു നിര്‍മിക്കുന്ന സ്ഫോടക വസ്തുവാണെന്നും എറിഞ്ഞയാള്‍ ഇതു കൈകാര്യം ചെയ്യുന്നതില്‍ മുന്‍പരിചയമുള്ളയാളാണെന്നും ഫോറൻസിക് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. സ്ഫോടക ശേഷി കുറഞ്ഞ വസ്തുവാണെന്ന് നിഗമനം. സ്ഥലത്തെ കുറിച്ച് വ്യക്തമായ അറിവുള്ള ആളാണ് പ്രതിയെന്നാണ് പൊലീസ് പറയുന്നത്. പ്രതി നഗരത്തിൽ തന്നെയാളെന്നും പൊലീസ് കരുതുന്നു. അസിസ്റ്റന്റ് കമ്മിഷണർ ഡികെ ദിനിലിന്റെ നേതൃത്വത്തിൽ 14 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. എഡിജിപി വിജയ് സാഖറെയുടെ മേൽനോട്ടത്തിലാണ് അന്വേഷണം.
അതേസമയം, പാർട്ടിഓഫീസുകൾക്ക് നേരെയുള്ള ആക്രമണത്തിൽ പൊലീസ് ഇരുട്ടിൽ തപ്പുന്നത് ഇത് ആദ്യമായല്ല. ബിജെപി സംസ്ഥാന കമ്മിറ്റി കുന്നുകുഴിയിൽ പ്രവർത്തിക്കുമ്പോള്‍ ബൈക്കിലെത്തിയ ഒരാള്‍ നാടൻ പടക്കമെറിഞ്ഞിരുന്നു. മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതിയിലേക്ക് എത്താനായില്ല. എകെജി സെന്റർ ആക്രമിക്കപ്പെട്ടതിന് കൃത്യം അഞ്ചുവർഷം മുൻപാണ് ഇത്.
സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ, സംഭവം നടന്ന് നാല് വർഷം കഴിഞ്ഞിട്ടും പൊലീസിന് പ്രതികളെ പിടികൂടാനായിട്ടില്ല. കുണ്ടമൺകടവിലെ ആശ്രമത്തിലുണ്ടായ തീപ്പിടിത്തത്തിൽ രണ്ട് കാറടക്കം മൂന്ന് വാഹനങ്ങൾ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുണ്ടാവുകയും ചെയ്തിരുന്നു. 2018 ഒക്ടോബർ 27ന് ആയിരുന്നു സംഭവം. ശബരിമല യുവതീപ്രവേശന വിഷയത്തിൽ സർക്കാരിനെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിക്കപ്പെട്ടത്. അന്ന് ഉടൻ പ്രതികളെ പിടികൂടുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
അതേസമയം, സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിക്കപ്പെട്ട് ഒരു ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാകാത്തത് പൊലീസിന് തലവേദനയും ഒപ്പം തന്നെ നാണക്കേടുമായി മാറിയിട്ടുണ്ട്. ഉടനെ പ്രതിയിലേക്ക് എത്താമെന്ന വിശ്വാസത്തിലാണ് അന്വേഷണസംഘം.
Also Read: Top News Live Updates: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് 13 ജില്ലകളിൽ യെല്ലോ അലർട്ട്