/indian-express-malayalam/media/media_files/Vk7hCdUjGnK2YTGD0UdE.jpg)
എക്സ്പ്രസ് ഫൊട്ടോ
ഈ വർഷാവസാനം ആന്ധ്രാപ്രദേശിൽ ഒരേസമയം നടക്കാനിരിക്കുന്ന നിയമസഭാ, പാർലമെന്റ് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള എല്ലാ അടവുകളും പയറ്റുകയാണ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി. കഴിഞ്ഞ തവണത്തെ പോലെ എളുപ്പമായിരിക്കില്ല കാര്യങ്ങൾ എന്ന തിരിച്ചറിവിലാണ് വൈ എസ് ആർ കോൺഗ്രസും ജഗനും താഴേത്തട്ടിലേക്ക് ഇറങ്ങിച്ചെന്നുള്ള രാഷ്ട്രീയ ഇടപെടലുകൾ ഇപ്പോൾ നടത്തുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വെള്ളിയ്ഴ്ച്ച വിജയവാഡയിലെ സ്വരാജ് മൈതാനിയിൽ ഉയർന്ന ഡോ ബി ആർ അംബേദ്കറുടെ 125 അടി പ്രതിമ. സംസ്ഥാനത്തെ പട്ടികജാതി (എസ്‌സി) ജനവിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കാനുള്ള തന്ത്രമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ ഏപ്രിലിൽ, അന്നത്തെ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) സർക്കാർ ഹൈദരാബാദിൽ സമാനമായ 125 അടി ഉയരമുള്ള പ്രതിമ ഉദ്ഘാടനം ചെയ്തിരുന്നു, എന്നാൽ റാവുവിനും ബി ആർ എസിനും അതിന് പ്രതീക്ഷിച്ച ഫലം ലഭിച്ചില്ല എന്നതാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് വിജയത്തോടെ വ്യക്തമായത്. രാജ്യത്തെ അംബേദ്കറുടെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണ് ആന്ധ്രയിലേതെന്ന് അവകാശപ്പെടുന്ന വൈഎസ്ആർസിപി സർക്കാർ ദളിത് വോട്ടർമാരെ ലക്ഷ്യമിട്ട് മറ്റ് നിരവധി പദ്ധതികളും ആവിഷ്ക്കരിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തണമെന്ന പ്രതിപക്ഷ ആഹ്വാനത്തിനിടയിൽ വെള്ളിയാഴ്ച ആന്ധ്രയിൽ സംസ്ഥാനത്തെ ജാതി സർവേ ആരംഭിച്ചു.
ആന്ധ്രയിലെ ദളിത് വോട്ടുകൾ
ആന്ധ്രാപ്രദേശിലെ ജനസംഖ്യയുടെ 19% പട്ടികജാതി വിഭാഗമാണ്. വിജയവാഡയിലെ പ്രതിമയെ സർക്കാർ 'സാമൂഹ്യ നീതിയുടെ പ്രതിമ' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. 2019 മെയിൽ നടന്ന തിരഞ്ഞെടുപ്പിൽ, 151 നിയമസഭാ സീറ്റുകൾ നേടി വൈഎസ്ആർസിപി അധികാരത്തിൽ വരുന്നതിൽ പ്രധാന പങ്ക് വഹിച്ചത് ദളിത് പിന്തുണയായിരുന്നു. തെലുങ്കുദേശം പാർട്ടിയും (ടിഡിപി) ജനസേന പാർട്ടിയും ചേർന്ന് ജഗനെതിരെ ഒന്നിച്ചു നിൽക്കുകയും അദ്ദേഹത്തിന്റെ സഹോദരി വൈ എസ് ശർമിള ആന്ധ്രാപ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ തലപ്പത്തെത്തിക്കൊണ്ട് സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കിമറിക്കാൻ ഒരുങ്ങുകയും ചെയ്തതോടെ വൈഎസ്ആർസിപി മുന്നും പിന്നും നോക്കാതെ ഗോദയിലേക്ക് ഇറങ്ങിയിരിക്കുകയാണ്.
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയിൽ നിന്നുള്ള സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ ടിഡിപി അടുത്തിടെ വൈഎസ്ആർസിപിക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. ദളിതർ മുന്നാക്ക ജാതിയിലുള്ള വൈഎസ്ആർസിപി അനുഭാവികളാൽ ആക്രമിക്കപ്പെടുന്നുവെന്നായിരുന്നു ടിഡിപിയുടെ ആരോപണം.
"ദലിത് അവകാശങ്ങളുടെ ദീപ വാഹകനാണ് ജഗൻ. എസ്‌സി, എസ്ടി, ബിസി, ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ജഗൻ ചെയ്തതുപോലെ ഒരു നേതാവോ മുഖ്യമന്ത്രിയോ ചെയ്തിട്ടില്ല. അംബേദ്കർ പ്രതിമ ദളിതരുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും ശാക്തീകരണത്തിന്റെ പ്രകാശഗോപുരമാണ്. ടിഡിപിയും (മുൻ മുഖ്യമന്ത്രി) ചന്ദ്രബാബു നായിഡുവും ദലിതുകളെ വോട്ടിനായി മാത്രം ഉപയോഗിച്ചു, ദലിതുകളെ ഒരിക്കലും ബഹുമാനിച്ചില്ല. പ്രതിമയ്ക്ക് 404 കോടി രൂപ ചെലവായെന്ന നായിഡുവിന്റെ വിമർശനം അദ്ദേഹം ദളിത് വിരുദ്ധനാണെന്ന് തെളിയിക്കുന്നു. ജഗൻ നിരവധി ക്ഷേമ പദ്ധതികളിലൂടെ ദളിതരെ ശാക്തീകരിക്കുകയും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുകയും ചെയ്യുന്നു, ”സംസ്ഥാന സാമൂഹികക്ഷേമ മന്ത്രി ഡി മെരുഗു നാഗാർജുന പറയുന്നു.
വൈഎസ്ആർസിപിയുടെ ദളിത് മുന്നേറ്റം
ആന്ധ്രാപ്രദേശിലെ ദലിത് ജനസംഖ്യയിൽ ഭൂരിഭാഗവും - പ്രാഥമികമായി മാഡിഗകളും മലകളും - വൈഎസ്ആർസിപി സർക്കാരിന്റെ നിരവധി ക്ഷേമ പദ്ധതികളിൽ ഉൾപ്പെടുന്നു.
അനാച്ഛാദനത്തിന് മുന്നോടിയായുള്ള തന്റെ സന്ദേശത്തിൽ, ജഗൻ പട്ടികജാതി വിഭാഗങ്ങളെ നേരിട്ട് പരാമർശിച്ചില്ലെങ്കിലും, 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് വാഗ്ദാനം ചെയ്ത ഒമ്പത് ക്ഷേമ സംരംഭങ്ങളുടെ സമാഹാരമായ 'നവരത്നാലു' പദ്ധതികളെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു.
“ഇന്ത്യയുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, ലിംഗപരമായ ഭൂപ്രകൃതികളിൽ അംബേദ്കറുടെ മഹത്തായ സംഭാവനകളെ ഈ ഉയർന്ന പ്രതിമ പ്രതിഫലിപ്പിക്കുന്നു. ഒരു നൂറ്റാണ്ടിനു ശേഷവും, അദ്ദേഹത്തിന്റെ ദർശനാത്മകമായ വാക്കുകൾ പ്രതിധ്വനിക്കുന്നു, അത് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നു. അദ്ദേഹത്തിന്റെ ശാശ്വതമായ തത്ത്വങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട്, നമ്മുടെ ഗവൺമെന്റ് അവയെ നമ്മുടെ 'നവരത്നാലു' സംരംഭങ്ങളിൽ ചേർത്തു. ഈ സുപ്രധാന സന്ദർഭം ആഘോഷിക്കുന്നതിനും അംബേദ്കർ മുറുകെപിടിച്ച സമത്വത്തിന്റെയും നീതിയുടെയും പൈതൃകത്തിലേക്ക് വീണ്ടും സമർപ്പിക്കുന്നതിനും ഞങ്ങളോടൊപ്പം ചേരൂ," ജഗൻ പറഞ്ഞു.
നേരത്തെ, 2022 ജൂണിൽ, സംസ്ഥാന സർക്കാർ പുതുതായി സൃഷ്ടിച്ച കോണസീമ ജില്ലയെ ഡോ ബി ആർ അംബേദ്കർ കോനസീമ ജില്ല എന്ന് പുനർനാമകരണം ചെയ്തിരുന്നു.
അംബേദ്കർ പ്രതിമയും തെലങ്കാനയും
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു അല്ലെങ്കിൽ കെസിആർ, 2023 ഏപ്രിലിൽ, സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മുമ്പായിരുന്നു. അംബേദ്കറുടെ ചെറുമകൻ പ്രകാശ് അംബേദ്കറുടെ സാന്നിധ്യത്തിലായിരുന്നു പ്രതിമ അനാച്ഛാദനം. 119 അസംബ്ലി നിയോജക മണ്ഡലങ്ങളിൽ നിന്നും ദളിതരെ ക്ഷണിക്കുകയും പരിപാടിയിൽ പങ്കെടുപ്പിക്കുകയും ചെയ്തിരുന്നു.
എന്നാൽ കഴിഞ്ഞ നവംബറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിആർഎസ് പരാജയപ്പെട്ടതിനെ മുൻനിർത്തി വിലയിരുത്തുമ്പോൾ പ്രതിമ സ്ഥാപിച്ചതൊന്നും പൊതുജനവികാരത്തെ സ്വാധീനിച്ചില്ല എന്ന് വേണം മനസ്സിലാക്കാൻ. ദളിത് ബന്ധു പദ്ധതിക്ക് കീഴിലുള്ള ധനസഹായത്തിലെ അതൃപ്തി ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ഗ്രാമീണ നിയോജക മണ്ഡലങ്ങളിലെ ദളിത് വോട്ടർമാർ ബിആർഎസിൽ നിന്ന് വിട്ടുനിൽക്കുകയും കോൺഗ്രസിലേക്ക് കൂറ് മാറുകയും ചെയ്തതായാണ് വിലയിരുത്തപ്പെടുന്നത്.
തെലങ്കാനയിലെ ജനസംഖ്യയുടെ 18-19% വരുന്ന ദളിതരിലേക്ക് കെസിആർ സർക്കാരും മറ്റ് പല നടപടികളിലൂടെയും എത്തിയിരുന്നു. 2022-ൽ ഹൈദരാബാദിലെ പുതിയ സെക്രട്ടേറിയറ്റ് കെട്ടിടത്തിന് അംബേദ്കറുടെ പേര് നൽകിയതായിരുന്നു മറ്റൊരു നീക്കം.
Read More
- രാമക്ഷേത്രത്തിലേക്ക് പൊതുജന പ്രവേശനം എന്നുമുതൽ? വിഗ്രഹ പ്രതിഷ്ഠക്ക് മുന്നോടിയായി നടക്കുന്ന പൂജാവിധികൾ; 'രാം ലല്ലയുടെ' പ്രതിഷ്ഠാ വിശേഷങ്ങൾ
- ദേശീയ നേതൃത്വത്തിന്റെ എതിർപ്പിനിടയിലും അയോധ്യ സന്ദർശിച്ച് യു പിയിലെ കോൺഗ്രസ് നേതൃത്വം
- മണിപ്പൂരിനെ ഇന്ത്യയുടെ ഭാഗമായി മോദി കാണുന്നില്ല; നഷ്ടപ്പെട്ടതെല്ലാം കോൺഗ്രസ് തിരിച്ചുപിടിക്കും: രാഹുൽ ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.