scorecardresearch

Sri Lanka crisis: ഗോട്ടബയ രാജ്യം വിട്ടതിനുപിന്നാലെ കൊളംബോയിൽ തെരുവ് യുദ്ധം

പ്രസിഡന്റ് ഗോട്ടബയ രാജ്യം വിട്ടതോടെ ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ ചുമതലയേറ്റെടുക്കുകയും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സുരക്ഷാ സമിതിയെ നിയോഗിക്കുകയും ചെയ്തു

പ്രസിഡന്റ് ഗോട്ടബയ രാജ്യം വിട്ടതോടെ ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ ചുമതലയേറ്റെടുക്കുകയും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സുരക്ഷാ സമിതിയെ നിയോഗിക്കുകയും ചെയ്തു

author-image
WebDesk
New Update
srilanka, srilanka crisis, ie malayalam

കൊളംബോ: പ്രസിഡന്റ് ഗോട്ടബയ രാജപക്‌സ ശ്രീലങ്കയിൽനിന്ന് രക്ഷപ്പെട്ട് മണിക്കൂറുകൾക്ക് ശേഷം, രാജ്യത്തെ പ്രക്ഷുബ്ധമാക്കിയ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ നിയന്ത്രിക്കാൻ സമിതിയെ നിയോഗിച്ച് പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, ട്രൈഫോഴ്‌സ് കമാൻഡർമാർ, ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് എന്നിവരടങ്ങുന്നതാണു സമിതി. ഗോട്ടബയയുടെ അഭാവത്തിൽ പ്രതിഷേധസമയത്ത് പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ സമിതിക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് വിക്രമസിംഗെ പറഞ്ഞു.

Advertisment

ഗോട്ടബയ രാജ്യം വിട്ടതിനെത്തുടർന്ന് പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ ഓഫീസ് ആക്രമിച്ചതോടെ, കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ വ്യാഴാഴ്ച രാവിലെ വരെ രാജ്യവ്യാപകമായി വിക്രമസിംഗെ കർഫ്യൂ പ്രഖ്യാപിച്ചു. തന്റെ ഓഫീസ് ആക്രമിക്കാൻ പ്രതിഷേധക്കാർക്ക് ഒരു കാരണവുമില്ലെന്ന് വിക്രമസിംഗെ പ്രസ്താവനയിൽ പറഞ്ഞു. "അവർ പാർലമെന്ററി നടപടികൾ നിർത്താൻ ആഗ്രഹിക്കുന്നു. എന്നാൽ നമ്മൾ ഭരണഘടനയെ മാനിക്കണം,'' അദ്ദേഹം പറഞ്ഞു.

നേരത്തെ, പ്രധാനമന്ത്രിയുടെ ഓഫീസിനു സമീപം തടിച്ചുകൂടിയ വലിയൊരു കൂട്ടം പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചതിനെത്തുടർന്ന് ഒരു യുവാവ് മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വൈകുന്നേരത്തോടെ കൊളംബോയിലെ ഫ്ലവർ റോഡിലെ പിഎംഒ പരിസരം പ്രതിഷേധക്കാർ കയ്യടക്കി.

ഉച്ചകഴിഞ്ഞ്, ഒരു കൂട്ടം പ്രതിഷേധക്കാർ ഓഫിസ് പരിസരത്ത് പ്രവേശിച്ചതിനാൽ ഔദ്യോഗിക ടെലിവിഷനായ ശ്രീലങ്കൻ രൂപവാഹിനി കോർപറേഷന് സംപ്രേഷണം താൽക്കാലികമായി നിർത്തിവയ്ക്കേണ്ടിവന്നു. "സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളും" വിനോദ പരിപാടികളുമായി ബന്ധപ്പെട്ട വാർത്തകൾ മാത്രം സംപ്രേഷണം ചെയ്യണമെന്നു പ്രക്ഷോഭകർ ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധക്കാർക്ക് രാജ്യത്തോട് സംസാരിക്കാൻ 15 മിനിറ്റ് സമയം ലഭിച്ചു. പിന്നാലെ ചാനൽ സംപ്രേഷണം നിർത്തിവച്ചെങ്കിലും അൽപ്പം കഴിഞ്ഞ് പുനഃരാരംഭിച്ചു.

Advertisment

അതിനിടെ, പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിയെത്തുടർന്നാണ് പ്രസിഡന്റ് ഗോട്ടബയയ്ക്ക് മാലദ്വീപിലേക്കു പോകാൻ വിമാനം നൽകിയതെന്നു ശ്രീലങ്കൻ വ്യോമസേന അറിയിച്ചു. രാജ്യത്തെ പ്രധാന രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എഎൻ-32 വിമാനത്തിൽ എഴുപത്തി മൂന്നുകാരനായ രാജപക്‌സയ്ക്കു പുറമെ ഭാര്യ ലോമ, ഒരു അംഗരക്ഷകൻ എന്നിവരും നാല് യാത്രക്കാരും ഉണ്ടായിരുന്നതായി ലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മാലദ്വീപിൽ എത്തിയ ശേഷം, ഗോട്ടബയ സിംഗപ്പൂരിലേക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്നതായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാർത്താ ഏജൻസി പറഞ്ഞു. രാവിലെ, കൂടുതലും ചെറുപ്പക്കാരും സ്ത്രീകളും ഉൾപ്പെട്ട ഒരു കൂട്ടം പ്രതിഷേധക്കാർ രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റിൽ നിന്ന് കുറച്ച് കിലോമീറ്റർ അകലെയുള്ള പിഎംഒയിലേക്ക് നീങ്ങി. നിരവധി പ്രതിഷേധക്കാർ തെരുവുകളിൽ “റെനിൽ പോകൂ, വീട്ടിലേക്ക് പോകൂ” എന്ന് മുദ്രാവാക്യം വിളിക്കുന്നതിനും ചിലർ ശ്രീലങ്കൻ പതാകകൾ വീശിയതിനും ദി ഇന്ത്യൻ എക്‌പ്രസ് സാക്ഷിയായി.

മെക്കാനിക്കൽ എൻജിനീയറിങ് പഠിച്ച് നാനോ-ഇലക്‌ട്രോണിക്‌സിൽ ജോലി ചെയ്യുന്നുവെന്ന് അവരിൽ ഒരാളായ മുപ്പതുകാരൻ ഗെഹാൻ മെൽറോയ് പറഞ്ഞു. "രണ്ട് നേതാക്കളും പോകണം. ഞങ്ങൾക്ക് അവരെ വിശ്വസിക്കാൻ കഴിയില്ല, ഞങ്ങൾക്ക് പുതിയ നേതാക്കളെ, പുതിയ സംവിധാനത്തെ ആവശ്യമുണ്ട്,'' അവൻ പറഞ്ഞു.

മെൽറോയ് മറ്റ് സന്നദ്ധപ്രവർത്തകർക്കൊപ്പം "സ്വാതന്ത്ര്യത്തിനായുള്ള സമരം" എന്ന തലക്കെട്ടിൽ ലഘുലേഖകൾ വിതരണം ചെയ്തു. അതിൽ വിക്രമസിംഗെയും രാജപക്‌സെ ഭരണകൂടവും ഉടൻ രാജിവയ്ക്കണമെന്ന് പറയുന്നു.

ഗോട്ടബയയുടെ സഹോദരനും മുൻ പ്രസിഡന്റുമായ മഹിന്ദ രാജപക്‌സയുടെ രാജിയെത്തുടർന്ന് മേയിലാണ് വിക്രമസിംഗയെ പ്രധാനമന്ത്രിയായി നിയമിച്ചത്.

ബുധനാഴ്ച വൈകുന്നേരം, ദി ഇന്ത്യൻ എക്‌പ്രസ് പ്രതിനിധി പ്രധാനമന്ത്രിയുടെ ഓഫീസ് സന്ദർശിച്ചപ്പോൾ, സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം പുൽത്തകിടിയിൽ ആളുകളും കൂട്ടംകൂടി ഇരിപ്പുണ്ടായിരുന്നു. പുൽത്തകിടികൾ ചെളി നിറഞ്ഞിരുന്നു, മാലിന്യം കുന്നുകൂടിയിരുന്നു. കൂടുതലും ജീൻസും ടീ ഷർട്ടും ധരിച്ച യുവാക്കളായ പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ ഓഫീസിന് അകത്തും പുറത്തും നടക്കുന്നത് കാണാമായിരുന്നു.

Srilanka

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: