കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയുടെ ഔദ്യോഗിക വസതിയിൽ അതിക്രമിച്ചു കയറിയ സർക്കാർ വിരുദ്ധ പ്രതിഷേധക്കാർ അദ്ദേഹത്തിന്റെ വസതിയിൽനിന്ന് ദശലക്ഷക്കണക്കിന് രൂപ കണ്ടെടുത്തെന്ന് അവകാശപ്പെട്ടതായി ഞായറാഴ്ച ഒരു മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. കണ്ടെടുത്ത പണം പ്രതിഷേധക്കാർ എണ്ണിത്തിട്ടപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഈ പണം സുരക്ഷാ യൂണിറ്റുകൾക്ക് കൈമാറുമെന്ന് പറഞ്ഞതായി ഡെയ്‌ലി മിറർ പത്രം റിപ്പോർട്ട് ചെയ്തു.
വസ്തുതകൾ പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചതായി ദിനപത്രം റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിൽ രാജപക്‌സെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് സർക്കാർ വിരുദ്ധ പ്രതിഷേധക്കാർ ശനിയാഴ്ച ബാരിക്കേഡുകൾ തകർത്ത് സെൻട്രൽ കൊളംബോയിലെ ഹൈ-സെക്യൂരിറ്റി ഫോർട്ട് ഏരിയയിലെ രാജപക്‌സെയുടെ വസതിയിലേക്ക് എത്തിയിരുന്നു. മറ്റൊരു വിഭാഗം പ്രധാനമന്ത്രി റെനിൽ വിക്രംസിംഗെയുടെ സ്വകാര്യ വസതിയിലേക്ക് എത്തുകയും തീയിടുകയും ചെയ്തു.
പ്രസിഡന്റ് എവിടെയാണെന്ന് ഇപ്പോഴും അറിവായിട്ടില്ല. പ്രതിഷേധക്കാർ നഗരത്തിലേക്ക് ഇരച്ചുകയറിയത് മുതൽ പുറത്തുള്ള അദ്ദേഹത്തിന്റെ ഏക ആശയവിനിമയം പാർലമെന്റ് സ്പീക്കർ മഹിന്ദ യാപ അബേവർധനയുമായി മാത്രമായിരുന്നു. ബുധനാഴ്ച രാജിവയ്ക്കുമെന്ന് ശനിയാഴ്ച രാത്രി വൈകി പ്രസിഡന്റ് പ്രഖ്യാപിച്ചു.
ശനിയാഴ്ച വൈകുന്നേരം നേതാക്കളുടെ സർവകക്ഷി യോഗം നടന്നിരുന്നു. ഇതിനു ശേഷം രാജി ആവശ്യപ്പെട്ട് അബേവർധന അദ്ദേഹത്തിന് കത്തെഴുതിയതിനെ തുടർന്നാണ് രാജിവയ്ക്കാനുള്ള തീരുമാനം പ്രസിഡന്റ് രാജപക്‌സെ സ്പീക്കറെ അറിയിച്ചത്.
പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും അഭാവത്തിൽ സ്പീക്കർ ആക്ടിങ് പ്രസിഡന്റാകും. പിന്നീട്, പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ എംപിമാർക്കിടയിൽ തിരഞ്ഞെടുപ്പ് നടക്കണം. പ്രധാനമന്ത്രി വിക്രമസിംഗെയും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. മേയിൽ പ്രസിഡൻറ് ഗോട്ടബയ രാജപക്‌സെയുടെ മൂത്ത സഹോദരനും പ്രധാനമന്ത്രിയുമായ മഹിന്ദ രാജപക്‌സെയ്ക്ക് വൻ സർക്കാർ വിരുദ്ധ പ്രതിഷേധത്തെ തുടർന്ന് രാജിവയ്ക്കേണ്ടി വന്നിരുന്നു.
എൽ.ടി.ടി.ഇക്കെതിരായ ആഭ്യന്തരയുദ്ധത്തിൽ വിജയിച്ചതിന് ശ്രീലങ്കയിലെ പലരും രാജപക്‌സെ സഹോദരന്മാരായ മഹിന്ദയെയും ഗോട്ടബയയെയും വീരപുരുഷന്മാരായി വാഴ്ത്തിയിരുന്നുവെങ്കിലും അവർ ഇപ്പോൾ രാജ്യത്തിന്റെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിക്ക് ഉത്തരവാദികളാണ്. ഒരു ദശാബ്ദത്തിലേറെയായി ശ്രീലങ്കൻ രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തുന്ന ഒരു ശക്തമായ കുടുംബത്തിന്റെ നാടകീയമായ വീഴ്ചയാണ് പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയുടെ പുറത്തുകടക്കലും മേയിൽ മഹീന്ദ രാജപക്‌സെയുടെ പ്രധാനമന്ത്രി സ്ഥാനമൊഴിയലും.
22 ദശലക്ഷം ജനസംഖ്യയുള്ള ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പിടിയിലാണ്. ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ, വിദേശനാണ്യത്തിന്റെ രൂക്ഷമായ ക്ഷാമം മൂലം അവശ്യ ഇന്ധനത്തിനും മറ്റ് അവശ്യവസ്തുക്കൾക്കുമായി പണം കണ്ടെത്താൻ രാജ്യം ബുദ്ധിമുട്ടുകയാണ്. വിദേശ കടം തിരിച്ചടവിന് കാരണമായ, രൂക്ഷമായ വിദേശ കറൻസി പ്രതിസന്ധി നേരിടുകയാണ് രാജ്യം. 2026-ഓടെ കുടിശ്ശികയുള്ള ഏകദേശം 25 ബില്യൺ യുഎസ് ഡോളറിൽ ഈ വർഷത്തേക്ക് ഏകദേശം 7 ബില്യൺ ഡോളർ വിദേശ കടം തിരിച്ചടവ് താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി ഏപ്രിലിൽ രാജ്യം പ്രഖ്യാപിച്ചിരുന്നു. ശ്രീലങ്കയുടെ മൊത്തം വിദേശ കടം 51 ബില്യൺ ഡോളറാണ്.