വാഗ്ദാനം ചെയ്തതുപോലെ ഇന്ന് പ്രസിഡന്റ് ഗോട്ടബയ രാജപക്സയുടെ രാജിയ്ക്കു കാതോര്‍ത്തിരിക്കുകയായിരുന്നു ശ്രീലങ്കന്‍ ജനത. എന്നാല്‍ ഗോട്ടബയ അര്‍ധരാത്രിയില്‍ സൈനിക വിമാനത്തില്‍ മാലദ്വീപിലേക്കു കടന്നുവെന്ന വാര്‍ത്തയാണ് അവരെ തേടിയെത്തിയത്. കുറച്ച് ദിവസങ്ങളായി, പ്രസിഡന്റ് സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാന്‍ വിവിധ രാഷ്ട്രീയ ക്യാമ്പുകളില്‍ ഊര്‍ജിതമായ ശ്രമങ്ങള്‍ നടക്കുകയാണ്. അതേസമയം, നിലവിലെ സംവിധാനത്തില്‍ ആര്‍ക്കും തുടരാന്‍ കഴിയില്ലെന്ന് ഉറപ്പാക്കാന്‍ തയാറെടുക്കുകയാണു ‘ഗോ ഗോട്ട ഗോ’ പ്രക്ഷോഭകര്‍.
രാജ്യത്തെ തത്സമയം അഭിസംബോധന ചെയ്യാന്‍ അനുവദിക്കണമെന്ന ‘ഗോ ഗോട്ട ഗോ’ പ്രക്ഷോഭകരുടെ ആവശ്യത്തിന്റെയും കൂടുതല്‍ പ്രതിഷേധങ്ങള്‍ പ്രതീക്ഷിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഔദ്യോഗിക ടെലിവിഷനായ രൂപവാഹിനി കോര്പറേഷന് ഓഫിസില്‍ ഇന്നലെ വൈകീട്ട് കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്.
ഭരണഘടനാപരമായി ഇപ്പോള്‍ എന്താണ് സംഭവിക്കേണ്ടത്?
പ്രസിഡന്റ് പദം ഒഴിഞ്ഞുകിടക്കുമ്പോള്‍, ആ സ്ഥാനത്തേക്കു പാര്‍ലമെന്റ് അംഗങ്ങളില്‍നിന്ന് ഒരാളെ തിരഞ്ഞെടുക്കുന്നതുവരെ പ്രധാനമന്ത്രി ഇടക്കാല പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്ക്കണമെന്നാണു ശ്രീലങ്കയുടെ ഭരണഘടന വ്യക്തമാക്കുന്നത്. പുതിയ പ്രസിഡന്റിനെ 20നു തിരഞ്ഞെടുക്കുമെന്ന് പാര്‍ലമെന്റ് സ്പീക്കര്‍ അറിയിച്ചു.
പ്രസിഡന്റ് അധികാരമൊഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കണം. സ്ഥാനാര്‍ത്ഥിക്കു പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷം ലഭിക്കണം.
ശ്രീലങ്കയെ സാമ്പത്തിക തകര്‍ച്ചയില്‍നിന്ന് കരകയറ്റാന്‍ സഹായിക്കുന്നതിനായി മേയ് രണ്ടാം വാരത്തില്‍ പ്രസിഡന്റ് ഗോട്ടബയ പ്രധാനമന്ത്രി സ്ഥാനത്തേക്കു നിയമിച്ച റനില്‍ വിക്രമസിംഗെയെ, രാജപക്സെമാരെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ‘സുഹൃത്ത്’ എന്ന നിലയില്‍ പ്രക്ഷോഭകര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ലക്ഷ്യമിട്ടിരുന്നു.
രാജ്യത്തെ ഭക്ഷ്യ-ഇന്ധന ക്ഷാമം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടതിനു പ്രതിപക്ഷ പാര്‍ട്ടികളും വിക്രമസിംഗെയെ വിമര്‍ശിച്ചു. സ്ഥിതി മെച്ചപ്പെടുന്നതിനു മുമ്പ് സ്ഥിതി കൂടുതല്‍ വഷളാകുമെന്നു പാര്‍ലമെന്റിലെ തന്റെ ആദ്യ പ്രസംഗത്തില്‍ അദ്ദേഹം മുന്നറിയിപ്പ് നല്കിയിരുന്നെങ്കില് പോലും.
ഗോട്ടബായയുടെ പിന്‍ഗാമിയാകുമോ വിക്രമസിംഗെ?
സര്‍വകക്ഷി സര്‍ക്കാരിനു വഴിയൊരുക്കുന്നതിനായി പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്നു റെനില്‍ വിക്രമസിംഗെ ജൂലൈ ഒന്പതിനു ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ചൊവ്വാഴ്ച വൈകീട്ടുവരെ അദ്ദേഹം രാജിവച്ചിരുന്നില്ല.
ഭരണഘടനയനുസരിച്ച്, പ്രധാനമന്ത്രി പദവും ഒഴിഞ്ഞുകിടന്നാല്‍ പാര്‍ലമെന്റ് സ്പീക്കര്‍ ആക്ടിങ് പ്രസിഡന്റാകും. എന്നാല്‍, വിക്രമസിംഗെ പ്രധാനമന്ത്രിയായി തുടരുകയാണെങ്കില്‍, രാജപക്സെ രാജിവയ്ക്കുന്ന മുറയ്ക്ക് ആ സ്ഥാനത്തേക്കു പാര്‍ലമെന്റ് മറ്റൊരാളെ തിരഞ്ഞെടുക്കുന്നതു വരെ അദ്ദേഹം പ്രസിഡന്റാകും.
ഭരണഘടനയ്ക്ക് അപ്പുറത്തേക്ക് പോകാന്‍ ആര്‍ക്കും കഴിയില്ലെന്നും പുറത്തുനിന്നു കാര്യങ്ങള്‍ ചെയ്യാന്‍ പാര്‍ലമെന്റിനെ ആര്‍ക്കും നിര്‍ബന്ധിക്കാനാവില്ലെന്നും വിക്രമസിംഗെ തിങ്കളാഴ്ച പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ”ഞാന്‍ ഇവിടെയുള്ളതു ഭരണഘടന സംരക്ഷിക്കാനാണ്. ജനങ്ങളെ കേള്‍ക്കുക തന്നെ വേണം. പക്ഷേ ഭരണഘടനയ്ക്ക് അനുസൃതമായി വേണം പ്രവര്‍ത്തിക്കാന്‍. ശ്രീലങ്കയ്ക്കു സര്‍വകക്ഷി സര്‍ക്കാര്‍ ആവശ്യമാണ്. അതിനുവേണ്ടി നമുക്ക് പരിശ്രമിക്കണം,” അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി പദത്തില്‍നിന്നു പ്രസിഡന്റ് പദത്തിലേക്കുള്ള വിക്രമസിംഗെയുടെ മാറ്റത്തെ രാജപക്സ കുടുംബത്തിന്റെ പാര്‍ട്ടിയായ ശ്രീലങ്ക പൊതുജന പെരമുനയുടെ (എസ് എല്‍ പി പി) ‘ഭൂരിപക്ഷം’ അംഗങ്ങളും പിന്തുണയ്ക്കുന്നതായാണു ചില ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് അദ്ദേഹം സ്ഥാനാര്‍ത്ഥിയാകുമെന്നു സൂചിപ്പിക്കുന്നു. റെനില്‍ വിക്രമസിംഗെ തന്നെ നോമിനേറ്റഡ് എംപിയാണു വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിക്ക് (യു എന്‍ പി) പാര്‍ലമെന്റില്‍ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്ല.
പ്രസിഡന്റാകാന്‍ മറ്റാര്‍ക്കാണ് അവസരം?
പ്രതിപക്ഷത്തിന്റെ ‘ഇടക്കാല’ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി സ്വയം മുന്നോട്ടുവന്ന സമാഗി ജന ബലവേഗയ (എസ് ജെ ബി) അധ്യക്ഷന്‍ സജിത് പ്രേമദാസ രാജ്യത്തെ നയിക്കാനും നിലവിലെ സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധി മറികടക്കാന്‍ വഴി കണ്ടെത്താന്‍ തയാറാണെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. റെനില്‍ വിക്രമസിംഗെ നയിക്കുന്ന യു എന്‍ പിയുടെ മുന്‍ നേതാവായ സജിത് പ്രേമദാസ. 225 അംഗ പാര്‍ലമെന്റില്‍ സജിത് പ്രേമദാസയുടെ എസ് ജെ ബിക്കു 50 പേരാണുളള്ളത്.
ഗോട്ടബയയുടെ രാജിയെത്തുടര്‍ന്നുള്ള ഒഴിവിലേക്കു പ്രധാനമന്ത്രി ഉടന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ ക്രമീകരണത്തെ വെല്ലുവിളിക്കാന്‍ പ്രേമദാസ തയാറെടുക്കുകയാണോ അതോ തുടര്‍ന്നു നടക്കാനിരിക്കുന്ന പാര്‍ലമെന്റ് നടത്തുന്ന തിരഞ്ഞെടുപ്പിലേക്കാണോ അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വമെന്നു വ്യക്തമല്ല.
രാഷ്ട്രപതി പദം ഇത്തരത്തില്‍ എപ്പോഴെങ്കിലും ഒഴിഞ്ഞുകിടന്നിട്ടുണ്ടോ?
ശ്രീലങ്കയുടെ 44 വര്‍ഷത്തെ എക്സിക്യൂട്ടീവ് പ്രസിഡന്റ് പദവി ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഓഫീസ് ഒഴിഞ്ഞുകിടക്കുന്നത്. ജെ ആര് ജയവര്‍ധനെയായിരുന്നു ശ്രീലങ്കയുടെ ആദ്യ എക്സിക്യൂട്ടീവ് പ്രസിഡന്റ്. 1978 ല്‍ പുതിയ ഭരണഘടനയിലൂടെയാണ് ഈ സംവിധാനം നടപ്പായത്. 1989 വരെ അദ്ദേഹം പ്രസിഡന്റായി തുടര്‍ന്നു. പിന്‍ഗാമിയായി യു എന്‍ പിയിലെ സഹപ്രവര്ത്തകന് രണസിംഗെ പ്രേമദാസ അധികാരത്തിലെത്തി. ഇദ്ദേഹത്തിന്റെ മകനാണ് എസ് ജെ ബി നേതാവ് സജിത് പ്രേമദാസ.
1993-ല്‍ മേയ് ദിന റാലിക്കിടെയുണ്ടായ എല്‍ ടി ടി ഇ ചാവേറാക്രമണത്തില്‍ പ്രേമദാസ കൊല്ലപ്പെട്ടപ്പോഴാണു പ്രസിഡന്റിന്റെ ഓഫീസ് ആദ്യമായി ഒഴിഞ്ഞുകിടന്നത്. പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ പാര്‍ലമെന്റ് ചേരുന്നതു വരെ അന്നത്തെ പ്രധാനമന്ത്രി ഡിങ്കിരി ബണ്ഡാര വിജേതുംഗ ആക്ടിങ് പ്രസിഡന്റായി.
പ്രേമദാസയുടെ ശേഷിക്കുന്ന കാലാവധി പൂര്‍ത്തിയാക്കാന്‍ 1993 മെയ് ഏഴിനു വിജേതുഗയെ പാര്‍ലമെന്റ് ഏകകണ്ഠമായി പ്രസിഡന്റായി തിരഞ്ഞെടുത്തു. മൂന്നാമത്തെ എക്സിക്യൂട്ടീവ് പ്രസിഡന്റായാണു വിജേതുംഗ തിരഞ്ഞെടുക്കപ്പെട്ടത്.
1994-ല്‍ അദ്ദേഹം പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നേരത്തെ നടത്തി. പ്രതിപക്ഷമായ എസ് എല്‍ എഫ് പി അധികാരത്തിലെത്തി. അതിനുശേഷം ഒരു ടേമിന്റെ ഇടയില്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞിട്ടില്ല.
ചന്ദ്രിക കുമാരതുംഗ പ്രധാനമന്ത്രിയായി. വിപുലമായ അധികാരങ്ങള്‍ ഉണ്ടായിരുന്നിട്ടും വിജേതുംഗ ചന്ദ്രിക സര്‍ക്കാരിനെ പ്രവര്‍ത്തിക്കാന്‍ വിജേതുംഗ അനുവദിച്ചു. ആ വര്‍ഷം അവസാന അദ്ദേഹം പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പക്ഷേ അദ്ദേഹം മത്സരിച്ചില്ല. പ്രചാരണത്തിനിടെ യു എന്‍ പി സ്ഥാനാര്‍ഥി ഗാമിനി ദിസനായകെ കൊല്ലപ്പെട്ടു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ സിരിമ സ്ഥാനമേറ്റു. എങ്കിലും എസ് എല്‍ എഫ് പി സ്ഥാനാര്‍ഥി ചന്ദ്രിക കുമാരതുംഗ 62 ശതമാനത്തിലധികം വോട്ടുകള്‍ നേടി നിര്‍ണായക വിജയം നേടി.
ചന്ദ്രിക കുമാരതുംഗ രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. പിന്‍ഗാമിയായി ചന്ദ്രികയുടെ എസ് എല്‍ എഫ് പിയിലെ സഹപ്രവര്ത്തകന് മഹിന്ദ രാജപക്സ രണ്ടു തവണ അധികാരത്തിലെത്തി. 2015 ജനുവരിയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മൈത്രിപാല സിരിസേന വിജയിക്കുകയും 2019 നവംബറില്‍ ഗോട്ടബായ രാജപക്സെ അധികാരത്തിലേറുകയും ചെയ്തു.