/indian-express-malayalam/media/media_files/zVPwJYrBWManliwCCdkb.jpg)
14 ഉൽപ്പന്നങ്ങളുടെ വിൽപ്പന നിർത്തിവെച്ചതായി സുപ്രീം കോടതിയെ അറിയിച്ച് പതഞ്ജലി ആയുർവേദ് ലിമിറ്റഡ് (ഫയൽ ചിത്രം)
ഡൽഹി: ഏപ്രിലിൽ ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസൻസിംഗ് അതോറിറ്റി സസ്‌പെൻഡ് ചെയ്ത 14 ഉൽപ്പന്നങ്ങളുടെ വിൽപ്പന നിർത്തിവെച്ചതായി സുപ്രീം കോടതിയെ അറിയിച്ച് പതഞ്ജലി ആയുർവേദ് ലിമിറ്റഡ്. ഈ ഉൽപ്പന്നങ്ങൾ പിൻവലിക്കാൻ 5,606 ഫ്രാഞ്ചൈസി സ്റ്റോറുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ജസ്റ്റിസുമാരായ ഹിമ കോഹ്‌ലിയും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചിനെ പതഞ്ജലി അറിയിച്ചു.
ഈ 14 ഉൽപ്പന്നങ്ങളുടെ എല്ലാ രൂപത്തിലുമുള്ള പരസ്യങ്ങളും പിൻവലിക്കാൻ മാധ്യമ പ്ലാറ്റ്‌ഫോമുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കമ്പനി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. പരസ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ ഇടനിലക്കാരോട് നൽകിയ അഭ്യർത്ഥന അംഗീകരിച്ചിട്ടുണ്ടോയെന്നും ഈ 14 ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ പിൻവലിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കി രണ്ടാഴ്ചയ്ക്കകം പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ പതഞ്ജലി ആയുർവേദ് ലിമിറ്റഡിനോട് ബെഞ്ച് നിർദേശിച്ചു. കൂടുതൽ വാദം കേൾക്കുന്നതിനായി കേസ് ജൂലൈ 30 ലേക്ക് മാറ്റിവെച്ചു.
കോവിഡ് വാക്‌സിനേഷൻ ഡ്രൈവിനും ആധുനിക വൈദ്യശാസ്ത്രത്തിനും എതിരെ പതഞ്ജലി അപകീർത്തികരമായ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. പതഞ്ജലി ആയുർവേദ് ലിമിറ്റഡിന്റെയും ദിവ്യ ഫാർമസിയുടെയും 14 ഉൽപന്നങ്ങളുടെ നിർമാണ ലൈസൻസുകൾ അടിയന്തര പ്രാബല്യത്തോടെ സസ്പെൻഡ് ചെയ്തതായി ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസൻസിംഗ് അതോറിറ്റി നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രചരിപ്പിച്ചെന്ന കേസിൽ യോഗാ ഗുരു രാംദേവ്, അദ്ദേഹത്തിന്റെ സഹായി ബാലകൃഷ്ണ, പതഞ്ജലി ആയുർവേദ് ലിമിറ്റഡ് എന്നിവർക്ക് നൽകിയ കോടതിയലക്ഷ്യ നോട്ടീസ് സംബന്ധിച്ച ഉത്തരവ് മെയ് 14ന് സുപ്രീംകോടതി മാറ്റിവെച്ചിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.