/indian-express-malayalam/media/media_files/2025/10/17/srilanka-pm-2025-10-17-11-56-09.jpg)
ശ്രീലങ്കൻ പ്രധാനമന്ത്രി ഡോ.ഹരിണി അമരസൂര്യ (ഇടത്) ഡൽഹി ഹിന്ദു കോളേജിൽ എത്തിയപ്പോൾ
ന്യൂഡൽഹി: ഡൽഹി ഹിന്ദുകോളേജിന്റെ വിശാലമായ ക്ലാസ് മുറികളുടെ കോണിലിരുന്ന് ഒരുകാലത്ത് കാൾ മാർക്‌സിനെയും മാക്‌സ് വെബറിനെപ്പറ്റിയും സഹപാഠികളുമായി വാദപ്രതിവാദങ്ങൾ നടത്തിയ ആ സോഷ്യോളജി വിദ്യാർഥിനി വീണ്ടും തന്റെ കലാലയത്തിലെത്തി. പഴയ വിദ്യാർഥിയായല്ല, അവർ ഇന്ന് കോളേജിൽ എത്തിയത്. മറിച്ച്, മറ്റൊരുരാജ്യത്തിന്റെ പ്രധാനമന്ത്രിയയാണ്.
ശ്രീലങ്കൻ പ്രധാനമന്ത്രി ഡോ. ഹരിണി അമരസൂര്യയാണ് വ്യാഴാഴ്ച താൻ പഠിച്ച ഡൽഹി ഹിന്ദുകോളേജിൽ വീണ്ടുമെത്തിയത്. രണ്ട് ദിവസം മുമ്പാണ് ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ ഇന്ത്യൻ സന്ദർശനം ആരംഭിച്ചത്. മറ്റൊരു രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെങ്കിലും ക്യാമ്പസിനുള്ളിൽ പ്രവേശിച്ചതോടെ ഔദ്യോഗിക പരിവേഷങ്ങളെല്ലാം ഹരിണി അഴിച്ചുവെച്ചു. വീണ്ടും പഴയ വിദ്യാർഥിയായി. താൻ പഠിച്ച ക്ലാസ് മുറിയിലിരുന്നു തന്നെ പഠിപ്പിച്ച അധ്യാപകരോടും ഇന്നത്തെ വിദ്യാർഥികളോടും അവർ സംവദിച്ചു.
Also Read:ആർഎസ്എസ് പ്രവർത്തനം നിയന്ത്രിക്കാൻ നിയമനിർമാണവുമായി കർണാടക സർക്കാർ
ഓർമകൾ പങ്കിടുന്ന അപൂർവ്വ വേദിയിൽ അന്ന് തന്നെ പഠിപ്പിച്ച അധ്യാപിക സൂസൻ വിശ്വനാഥനെ കണ്ടെത്താനായതോടെ ഹരിണിയുടെ സന്തോഷം ഏറെയായി. ഇവിടേക്ക് തിരിച്ചുവരാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം. ഇപ്പോഴത്തെ വിദ്യാർഥികളെ കാണുന്നത് വളരെ സന്തോഷകരമായ ഒന്നാണ്. ഈ വിദ്യാർഥികളെ കാണുന്നത് എനിക്ക് വളരെയേറെ പ്രതീക്ഷകൾ നൽകുന്നു- ഡോ.ഹരിണി അമരസൂര്യ പറഞ്ഞു. ഗാലെയിൽ നിന്ന് സോഷ്യോളജിയിൽ ഉന്നതപഠനത്തിനാണ് അന്ന് ഹരിണി ഹിന്ദു കോളേജിൽ എത്തിയത്. ശ്രീലങ്കൻ പ്രധാനമന്ത്രിയായതിന് ശേഷമുള്ള ഹരിണിയുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.
വിദ്യാർഥികളുമായുള്ള സംവാദത്തിനിടയിൽ ഇന്ത്യ-ശ്രീലങ്ക ബന്ധത്തെപ്പറ്റിയും ഹരിണി പരമാർശിച്ചു. ഇന്ത്യ-ശ്രീലങ്ക ബന്ധം കൂടുതൽ ശക്തമാക്കുകയെന്നതാണ് തന്റെ സന്ദർശനത്തിന്റെ ലക്ഷ്യമെന്നും അവർ വ്യക്തമാക്കി. അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാതാക്കി രാഷ്ട്രീയ സംസ്‌കാരം പരിവർത്തനം ചെയ്യണം. വിദ്യാർഥികൾ ഒരിക്കലും രാഷ്ട്രീയത്തിൽ നിന്ന് പിന്തിരിയരുത്. ലോകത്ത് അർത്ഥവത്തായ മാറ്റം കൊണ്ടുവരുന്നതിനുള്ള താക്കോലാണ് രാഷ്ട്രീയമെന്ന് അവർ വിദ്യാർഥികളെ ഓർമിപ്പിച്ചു.
Also Read:പ്രത്യേക യാത്രാ ഇടനാഴികൾ, അതിവേഗ ട്രെയിനുകൾ; വരുന്നു റെയിൽവേയുടെ വൻകിട പദ്ധതികൾ
ഡിജിറ്റൽ ഭരണത്തിൽ ഇന്ത്യ കൈവരിച്ച പുരോഗതിയെയും അവർ പ്രശംസിച്ചു. മറ്റ് രാജ്യങ്ങൾക്ക് പിന്തുടരാവുന്ന മാതൃകയാണ് ഇന്ത്യയുടെ ഡിജിറ്റൽ ഇന്ത്യ ക്യാമ്പയിൻ. ഭരണ സംവിധാനങ്ങളുടെ ഡിജിറ്റലൈസേഷൻ പൊതുമേഖലയെ ഡിജിറ്റലൈസ് ചെയ്യുന്നു. ഡിജിറ്റലൈസേഷൻ കൂടുതൽ ഉത്തരവാദിത്തമുള്ള സർക്കാരുകളിലേക്കും കൂടുതൽ പ്രാപ്യമായതും സുതാര്യവുമായ സംവിധാനങ്ങളിലേക്കും എങ്ങനെ നയിക്കുമെന്നതിന്റെ മികച്ച ഉദാഹരണമാണ് ഇന്ത്യ- ഡോ.ഹരിണി പറഞ്ഞു.
Read More:ഇന്ത്യ മുന്നണിയിൽ വീണ്ടും ഭിന്നത; സംയുക്ത പാർലമൻറ് സമിതിയിൽ എൻസിപി അംഗമാകും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.