/indian-express-malayalam/media/media_files/dbVUoWgZc5NDbCTfNU1T.jpg)
ഫൊട്ടോ-(Instagram/@priyankagandhivadra)
ഡൽഹി: 25 വർഷം നീണ്ട ലോക്സഭാ അംഗത്വത്തിൽ നിന്നും ചുവടുമാറ്റാൻ സോണിയാ ഗാന്ധി. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് ഫെബ്രുവരി 27 ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞുപ്പിൽ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ അംഗമായിട്ടായിരിക്കും സോണിയയുടെ സഭ മാറ്റം. കാൽ നൂറ്റാണ്ടായി ഉത്തർ പ്രദേശിലെ റായ്ബറേലിയിൽ നിന്നുള്ള ലോക്സഭാ അംഗമാണ് സോണിയ. സോണിയയുടെ അഭാവത്തിൽ മകളും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി വാദ്ര റായ്ബറേലിയിൽ തന്റെ തിരഞ്ഞെടുപ്പ് അരങ്ങേറ്റം കുറിച്ചേക്കുമെന്നാണ് സൂചന.
ഫെബ്രുവരി 27ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകളിൽ ഒന്നിൽ കോൺഗ്രസിന് ജയിക്കാവുന്ന രാജസ്ഥാനിൽ നിന്നാണ് സോണിയ ഗാന്ധി മത്സരിക്കുക. പാർട്ടി ഭരണത്തിലുള്ള തെക്കൻ സംസ്ഥാനങ്ങളായ തെലങ്കാനയിലോ കർണാടകയിലോ ലഭ്യമായ ഒഴിവുകളിൽ നിന്നല്ല, രാജസ്ഥാനിൽ നിന്ന് മത്സരിക്കാനാണ് അവരുടെ തീരുമാനം, ഗാന്ധി കുടുംബം ഹിന്ദി ഹൃദയഭൂമി കൈവിടുന്നില്ലെന്ന സൂചന നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നേരത്തേ തെലങ്കാനയിൽ നിന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സോണിയയെ ക്ഷണിച്ചിരുന്നു.
2019-ൽ ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസ് വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. രാഹുൽ ഗാന്ധി അമേഠിയിൽ നിന്ന് നിലവിലെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് പരാജയപ്പെട്ടു. രാജസ്ഥാൻ, ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ പാർട്ടി നേരിട്ടത് എക്കലത്തേയും വലിയ പരാജയമായിരുന്നു. മധ്യപ്രദേശ്, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ഓരോ സീറ്റ് മാത്രം നേടുകയും ഛത്തീസ്ഗഡിൽ രണ്ട് സീറ്റുകളിലും കോൺഗ്രസ് ഒതുങ്ങി. വരുന്ന തിരഞ്ഞെടുപ്പിൽ വീണ്ടും അമേഠിയിൽ നിന്നും വയനാട്ടിൽ നിന്നും രാഹുൽ മത്സരിച്ചേക്കുമെന്നും റായ്ബറേലിയിലെ പ്രിയങ്ക അമ്മയ്ക്ക് പകരമാകുമെന്നും വൃത്തങ്ങൾ അറിയിച്ചു.
1999ൽ ഭർത്താവ് രാജീവ് ഗാന്ധി പ്രതിനിധീകരിച്ചിരുന്ന അമേഠിയിൽ നിന്നാണ് സോണിയ ആദ്യമായി എംപിയായത് . 2004-ൽ രാഹുലിനായി അമേഠി വിട്ടുകൊടുത്ത സോണിയ റായ്ബറേലിയിലേക്ക് മാറി. സഭ മാറുന്നതോടെ നെഹ്‌റു-ഗാന്ധി കുടുംബത്തിൽ നിന്ന് രാജ്യസഭയിലെത്തുന്ന രണ്ടാമത്തെ അംഗമായി സോണിയ മാറും. സോണിയയുടെ ഭർതൃമാതാവും മുൻ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധി 1964 മുതൽ 1967 വരെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ നിന്ന് വിജയിക്കുന്നതിന് മുമ്പ് രാജ്യസഭയിൽ അംഗമായിരുന്നു.
ഗാന്ധി കുടുംബത്തിന്റെ ഉത്തരേന്ത്യൻ ബന്ധം
മുൻകാലങ്ങളിൽ ഗാന്ധി കുടുംബത്തിലെ അംഗങ്ങൾ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ തെക്കൻ പ്രദേശങ്ങളിലേക്കുള്ള ചുവടുമാറ്റം തേടിയിരുന്നെങ്കിലും അപൂർവ്വമായി മാത്രമാണ് രാജ്യസഭയിലേക്കുള്ള മാറ്റം സ്വീകരിച്ചിരുന്നത്. തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തിൽ ഇന്ദിര രാജ്യസഭാ അംഗമായിരുന്നു. 1978-ൽ, ചിക്കമംഗളൂരുവിൽ നിന്ന് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി അവർ കർണാടകയിലേക്ക് മാറുകയും ജനതാ പാർട്ടി എതിരാളിയായ വീരേന്ദ്ര പാട്ടീലിനെ പരാജയപ്പെടുത്തുകയും ചെയ്തു. 1980-ൽ ഇന്ദിര അവിഭക്ത ആന്ധ്രാപ്രദേശിലെ മേദക്കിലും ഒപ്പം റായ്ബറേലിയിലും മത്സരിച്ചു. രണ്ടും ജയിച്ച അവർ മേദക്ക് നിലനിർത്താനാണ് അന്ന് തീരുമാനിച്ചത്. 1999ൽ കർണാടകയിലെ ബെല്ലാരിയാണ് സോണിയ രാഷ്ട്രീയ പ്രവേശനം നടത്താനായി തിരഞ്ഞെടുത്തത്.
നിലവിലെ അവസ്ഥയിൽ രാജ്യസഭയിലേക്കുള്ള കർണാടകയിലെ നാലിൽ മൂന്ന് സീറ്റുകളും തെലങ്കാനയിലെ മൂന്നിൽ രണ്ട് സീറ്റുകളും ഹിമാചൽ പ്രദേശിലും മധ്യപ്രദേശിലും ഓരോ സീറ്റും കോൺഗ്രസിന് ലഭിക്കും. ഏപ്രിൽ 2, 3 തീയതികളിൽ വിരമിക്കുന്ന 56 എംപിമാരിൽ 28 പേർ ബിജെപിയിൽ നിന്നും 10 പേർ കോൺഗ്രസിൽ നിന്നുമാണ്. മഹാരാഷ്ട്രയിൽ ഒരു അംഗത്തെ തിരഞ്ഞെടുക്കാനും കോൺഗ്രസിന് കഴിയും. എന്നാൽ മുൻ മുഖ്യമന്ത്രി അശോക് ചവാന്റെ കൂറുമാറ്റവും പാർട്ടി എംഎൽഎമാർ രാജിവച്ചേക്കുമെന്ന ഊഹാപോഹവും ഇക്കാര്യത്തിൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്.
രാജ്യസഭയിലേക്കുള്ള മറ്റ് സ്ഥാനാർത്ഥികളെ കോൺഗ്രസ് ചൊവ്വാഴ്ച രാത്രി പ്രഖ്യാപിച്ചേക്കും. ബുധനാഴ്ച സോണിയ നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സോണിയയെ ജയ്പൂരിൽ അനുഗമിക്കുമെന്നാണ് സൂചന. ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ബുധനാഴ്ച അവധിയായിരിക്കുമെന്ന് പാർട്ടി അറിയിച്ചു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റേയും കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവിന്റേയും വിരമിക്കൽ, ഇപ്പോൾ രാജസ്ഥാൻ കാബിനറ്റ് മന്ത്രിയായ കിരോഡി ലാൽ മീണയുടെ രാജി എന്നിവ കാരണമാണ് രാജസ്ഥാനിൽ മൂന്ന് ഒഴിവുകൾ വരുന്നത്.
Read More
- നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ച; തിരഞ്ഞെടുപ്പിന് മുൻപ് ബിജെപിയുമായി അടുക്കാൻ ജഗൻ മോഹൻ റെഡ്ഡി
- നരസിംഹ റാവു, ചൗധരി ചരൺ സിംഗ്, എം എസ് സ്വാമിനാഥൻ എന്നിവർക്ക് ഭാരതരത്ന
- അഴിമതിക്കേസുകളുടെ കൂട്ടം മുതൽ പണപ്പെരുപ്പവും കിട്ടാക്കടങ്ങളും വരെ; ധവളപത്രത്തിന്റെ രാഷ്ട്രീയം
- ബിജെപിയുടെ വിഭജന രാഷ്ട്രീയത്തിനെതിരെ എങ്ങനെ പോരാടണമെന്ന് ബംഗാൾ വഴി കാട്ടും; മമതാ ബാനർജി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.