/indian-express-malayalam/media/media_files/tzTr01PcXk3opxLZkasG.jpg)
ഫൊട്ടോ: (PMO India/ X)
ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് ബിജെപിയുമായി കൂടുതൽ അടുക്കാൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയും വൈഎസ്ആർ കോൺഗ്രസും ശ്രമിക്കുന്നതായി സൂചന. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ജഗന്റെ കൂടിക്കാഴ്ചയാണ് ഇത്തരത്തിലൊരു സൂചന നൽകുന്നത്. അതേ സമയം ആന്ധ്രയിൽ തെലുങ്കുദേശം പാർട്ടി (ടിഡിപി) എൻഡിഎയിലേക്ക് തിരികെയെത്തുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയിൽ ആന്ധ്രയ്ക്ക് പ്രത്യേക കാറ്റഗറി പദവി വേണമെന്ന ആവശ്യം ജഗൻ ആവർത്തിച്ചതായാണ് റിപ്പോർട്ട്. 30 മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്ച ഫലപ്രദമായിരുന്നു എന്നാണ് ജഗൻ പ്രതികരിച്ചത്. പുതിയ പാർലമെന്റ് മന്ദിരത്തിൽ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയും തമ്മിൽ നടത്തിയ ചർച്ചയ്ക്ക് തൊട്ടുപിന്നാലെയാണ് ജഗൻ മോദിയെ പ്രത്യേകം കണ്ടത് എന്നതും ശ്രദ്ധേയമാണ്.
ഏതാനും ദിവസങ്ങളായി രാജ്യതലസ്ഥാനത്തായിരുന്ന ടിഡിപി അധ്യക്ഷൻ എൻ ചന്ദ്രബാബു നായിഡുവും നേരത്തെ അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ആന്ധ്രയിൽ വരാനിരിക്കുന്ന നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകൾക്കായി ടിഡിപിയുമായും സഖ്യകക്ഷിയായ ജനസേനാ പാർട്ടിയുമായും (ജെഎസ്‌പി) ബിജെപി കരാർ ഉറപ്പിച്ചതായി ഇരുവശത്തു നിന്നുമുള്ള വൃത്തങ്ങൾ പിന്നീട് സൂചിപ്പിച്ചു.
ജഗന്റെ കീഴിൽ, എല്ലാ നിർണായക അവസരങ്ങളിലും വൈഎസ്ആർസിപി അതിന്റെ നിയമനിർമ്മാണ സംരംഭങ്ങളിൽ കേന്ദ്രത്തിൽ ബിജെപിക്ക് പിന്തുണ നൽകിയിട്ടുണ്ട്. എന്നിരുന്നാലും, ഔപചാരിക സഖ്യത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിൽ ബിജെപിയിലെ ഒരു വിഭാഗത്തിന് ജഗനോട് അതൃപ്തിയുണ്ടെന്നാണ് വിവരം. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെ പിന്തുണയുള്ള വൈഎസ്ആർസിപി, സംസ്ഥാന-ദേശീയ തെരഞ്ഞെടുപ്പുകളിൽ ബിജെപിയുമായി സഖ്യത്തിലായാൽ അത് തങ്ങളുടെ സാധ്യതകളെ ബാധിക്കുമെന്ന് ഭയക്കുന്നതാണ് ഈ വിട്ടു നിൽക്കലിന് പിന്നിൽ.
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിയും കേവലഭൂരിപക്ഷത്തോടെ അധികാരത്തിലെത്തരുതെന്ന് താൻ ആഗ്രഹിക്കുന്നുവെന്ന് ജഗൻ ഈ ആഴ്ച ആദ്യം പറഞ്ഞിരുന്നു. ഈ പരാമർശം ബിജെപി നേതൃത്വത്തിന് അത്ര പിടിച്ചിട്ടില്ല എന്നാണ് സൂചന. കഴിഞ്ഞ സെപ്റ്റംബറിൽ ജി20 ഉച്ചകോടി നടക്കുന്നതിനിടെ നൈപുണ്യ വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ ചന്ദ്രബാബു നായിഡുവിനെ നാടകീയമായി അറസ്റ്റ് ചെയ്തതാണ് വൈഎസ്ആർസിപി അധ്യക്ഷനെതിരെയുള്ള മറ്റൊരു ബ്ലാക്ക് മാർക്ക്.
എന്നിരുന്നാലും, വൈഎസ്ആർസിപി ബിജെപിയുടെ സഖ്യമായിഎത്താൻ ആഗ്രഹിക്കുന്നു എന്നാണ് വിവരം. ഒടുവിൽ ടിഡിപി-ജെഎസ്പിയുമായി സഖ്യമുണ്ടാക്കിയാലും ബിജെപിക്കെതിരെ ആക്രമണത്തിന് പാർട്ടി പോകില്ലെന്ന് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. “ഞങ്ങൾ എന്തിന് ബിജെപിയെ ആക്രമിക്കണം? ഞങ്ങൾക്ക് ഒരു സമദൂര നയമുണ്ട്, ”വൈഎസ്ആർസിപിയുടെ ഒരു മുതിർന്ന നേതാവ് പറഞ്ഞു.
എല്ലാത്തിലുമുപരി ജഗനും കേന്ദ്ര ഏജൻസികളുടെ ഭീഷണി അഭിമുഖീകരിക്കുന്നു എന്നതും പ്രധാന വസ്തതുതയാണ്. അതേസമയം ബിജെപിയുടെ വേട്ടയാടലിന്റെ സാധ്യതയെക്കുറിച്ച് പാർട്ടിക്ക് ബോധമുണ്ട്. വൃത്തങ്ങൾ പറയുന്നതനുസരിച്ച്, കുറഞ്ഞത് രണ്ട് സിറ്റിംഗ് എംപിമാരെങ്കിലും ബിജെപിയിലേക്ക് ചേക്കേറാനുള്ള ചർച്ചയിലാണ്. രഘു രാമ കൃഷ്ണ രാജു (നരസപുരം), ലവു ശ്രീകൃഷ്ണ ദേവരായലു (നരസറോപേട്ട്) എന്നീ രണ്ട് എംപിമാർ അടുത്തിടെ പാർട്ടി വിടുകയും ചെയ്തിരുന്നു -
ടിഡിപിയുടെ കാര്യത്തിൽ, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി അഞ്ച് മുതൽ ആറ് വരെ സീറ്റുകൾ പങ്കിടാൻ തയ്യാറാണെങ്കിലും, സ്വന്തം ചിഹ്നത്തിൽ പരമാവധി സീറ്റുകൾ നേടണമെന്ന് ആഗ്രഹിക്കുന്ന ബിജെപി കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടതായാണ് വിവരം. ഏതാനും മാസങ്ങളായി ഇരു പാർട്ടികളും തമ്മിൽ ഇത് സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ടെന്നും കൂടുതൽ ചർച്ചകൾ ഇനി നടക്കുമെന്നും റിപ്പോർട്ടുണ്ട്. അധികാരത്തിൽ തിരിച്ചെത്താനുള്ള പോരാട്ടത്തിനിടയിൽ, "തന്റെ പാർട്ടിയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ" "ബിജെപി നേതൃത്വത്തിന്റെ വിശ്വാസവും പിന്തുണയും" വീണ്ടെടുക്കേണ്ടതിനാൽ സീറ്റിന്റെ കാര്യത്തിൽ നായിഡു കാര്യമായ ചെറുത്തുനിൽപ്പ് നടത്തിയേക്കില്ല എന്നാണ് വിവരം.
വൈഎസ്ആർസിപിയുമായുള്ള സൗഹൃദബന്ധവും ടിഡിപി-ജെഎസ്പിയുമായുള്ള ഔദ്യോഗിക സഖ്യവും ആന്ധ്രയിലെ 25 ലോക്‌സഭാ സീറ്റുകളിൽ ചിലതെങ്കിലും ഉറപ്പുനൽകുമെന്നതിനാൽ ബിജെപി കേന്ദ്രനേതൃത്വം ഇതിനെ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത് . 2019ൽ വൈഎസ്ആർസിപി 22 സീറ്റും ടിഡിപി 3 സീറ്റുമാണ് ആന്ധ്രയിൽ നേടിയത്.
എന്നാൽ ബിജെപിയുടെ കേഡർ ശക്തിപ്പെടുത്താനും ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് വേരുകൾ പടർത്താനും ഒറ്റയ്ക്ക് പോകുന്നതാണ് നല്ലതെന്നാണ് പല സംസ്ഥാന നേതാക്കളുടേയും പക്ഷം.
കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സീറ്റുകളൊന്നും ലഭിക്കാതെ വെറും കാഴ്ചക്കാരായി ഒതുങ്ങിയ കോൺഗ്രസ്, ബിജെപിയും ടിഡിപിയും വൈഎസ്ആർസിപിയും തമ്മിലുള്ള സൗഹൃദ ത്രികോണ മത്സരം നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ്. കഴിഞ്ഞ വർഷം നടന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയവും പാർട്ടി അദ്ധ്യക്ഷയായി ജഗന്റെ സഹോദരി വൈ എസ് ശർമ്മിള എത്തിയതും കോൺഗ്രസ് ക്യാമ്പിന് ഊർജ്ജമായിട്ടുണ്ട്.
Read More
- നരസിംഹ റാവു, ചൗധരി ചരൺ സിംഗ്, എം എസ് സ്വാമിനാഥൻ എന്നിവർക്ക് ഭാരതരത്ന
- അഴിമതിക്കേസുകളുടെ കൂട്ടം മുതൽ പണപ്പെരുപ്പവും കിട്ടാക്കടങ്ങളും വരെ; ധവളപത്രത്തിന്റെ രാഷ്ട്രീയം
- ബിജെപിയുടെ വിഭജന രാഷ്ട്രീയത്തിനെതിരെ എങ്ങനെ പോരാടണമെന്ന് ബംഗാൾ വഴി കാട്ടും; മമതാ ബാനർജി
- '10 സാൽ അന്യായ് കാൽ'; മോദി സർക്കാരിനെതിരെ ബ്ലാക്ക് പേപ്പറുമായി കോൺഗ്രസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.