scorecardresearch

ജി എന്‍ സായ്ബാബയെ കുറ്റവിമുക്തനാക്കിയ വിധി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി; നാളെ പ്രത്യേക സിറ്റിങ്

വിഷയത്തില്‍ അടിയന്തര ലിസ്റ്റിങ്ങിനു റജിസ്ട്രി മുന്‍പാകെ അപേക്ഷ നല്‍കാന്‍ കോടതി എന്‍ ഐ എയെ അനുവദിച്ചിരുന്നു

വിഷയത്തില്‍ അടിയന്തര ലിസ്റ്റിങ്ങിനു റജിസ്ട്രി മുന്‍പാകെ അപേക്ഷ നല്‍കാന്‍ കോടതി എന്‍ ഐ എയെ അനുവദിച്ചിരുന്നു

author-image
WebDesk
New Update
GN Saibaba acquitted, GN Saibaba maoist case, GN Saibaba Supreme Court, GN Saibaba Bombay High Court

ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള യു എ പി എ കേസില്‍ ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസര്‍ ജി എന്‍ സായ്ബാബയെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും. രാവിലെ 11നു ചേരുന്ന പ്രത്യേക സിറ്റിങ്ങില്‍ ജസ്റ്റിസ് എം ആര്‍ ഷായും ബേല എം ത്രിവേദിയും ഉള്‍പ്പെടുന്ന ബെഞ്ച് കേസ് പരിഗണിക്കുമെന്നു ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.

Advertisment

സായ്ബാബ ഉള്‍പ്പെടെ ആറു പേരെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള ബോംബെ ഹൈക്കോടതി വിധി പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഇതിനെതിരെ മഹാരാഷ്ട്ര സര്‍ക്കാരും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ)യും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിധി സ്‌റ്റേ ചെയ്യണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇന്ന് വൈകിട്ട് കോടതിയില്‍ വാക്കാല്‍ ആവശ്യപ്പെട്ടെങ്കിലും ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും ഹിമ കോഹ്ലിയും അടങ്ങുന്ന ബെഞ്ച് നിരസിക്കുകയായിരുന്നു.

കക്ഷികള്‍ മുമ്പാകെ ഇല്ലാത്തതു ചൂണ്ടിക്കാട്ടിയാണു സായ്ബാബ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചത്. അതേസമയം, വിഷയത്തില്‍ അടിയന്തര ലിസ്റ്റിങ്ങിനു റജിസ്ട്രി മുന്‍പാകെ അപേക്ഷ നല്‍കാമെന്നു ബെഞ്ച് സോളിസിറ്റര്‍ ജനറലിനോട് പറഞ്ഞിരുന്നു.

Advertisment

''വിഷയം അടിയന്തിരമായി ലിസ്റ്റ് ചെയ്യുന്നതിനുള്ള ഭരണപരമായ തീരുമാനം ചീഫ് ജസ്റ്റിസില്‍നിന്ന് ഉണ്ടാവുന്നതിനു നിങ്ങള്‍ രജിസ്ട്രിക്ക് മുമ്പാകെ അപേക്ഷ സമര്‍പ്പിക്കാം,'' ബഞ്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് പറഞ്ഞതായി പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു. തങ്ങള്‍ കേസ് ഫയലോ ഹൈക്കോടതി വിധിയോ പരിശോധിച്ചിട്ടിലെന്നു ബെഞ്ച് വ്യക്തമാക്കി.

ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചാണു ജി എന്‍ സായ്ബാബ ഉള്‍പ്പെടെ ആറു പേരെ കുറ്റവിമുക്തരാക്കിയത്. ഗഡ്ചിരോളിയിലെ സെഷന്‍സ് കോടതി 2017-ല്‍ വിധിച്ചിരുന്ന ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കിക്കൊണ്ടായിരുന്നു ഹൈക്കോടതി വിധി. കുറ്റാരോപിതര്‍ സമര്‍പ്പിച്ച അപ്പീലില്‍ ജസ്റ്റിസ് രോഹത് ദിയോയും അനില്‍ പന്‍സാരെയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് അനൂകൂല വിധി പുറപ്പെടുവിച്ചത്.

സായ്ബാബയെ കൂടാതെ മഹേഷ് ടിര്‍ക്കി, പാണ്ഡു നരോട്ട്, ഹേം മിശ്ര, പ്രശാന്ത് റാഹി, വിജയ് ടിര്‍ക്കി എന്നിവരെയാണു കുറ്റവിമുക്തരാക്കിത്. ഇവര്‍ക്കെതിരെ യു എ പി എ പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം ക്രിമിനല്‍ ഗൂഢാലോചനയ്ക്കുമാണു കുറ്റം ചുമത്തിയിരുന്നത്.

വിജയ് ടിര്‍ക്കി നിലവില്‍ ജാമ്യത്തിലാണ്. പാണ്ഡു നരോട്ട് കഴിഞ്ഞ വര്‍ഷം ജയിലില്‍വച്ച് പന്നിപ്പനി ബാധിച്ച് മരിച്ചിരുന്നു. ശേഷിക്കുന്ന സായ്ബാബ ഉള്‍പ്പെടെയുള്ള നാല് കുറ്റാരോപിതരെ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് മോചിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. 90 ശതമാനം ശാരീരിക വൈകല്യമുള്ള ജി എന്‍ സായ്ബാബയ്ക്കു വീല്‍ചെയറില്‍ മാത്രമേ സഞ്ചരിക്കാന്‍ കഴിയൂ.

Maoists Supreme Court Bombay High Court Uapa

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: