ന്യൂഡല്‍ഹി: സത്യത്തിനായുള്ള നീണ്ട കാത്തിരിപ്പിന്റെ ഫലമാണു മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള കേസില്‍ പ്രൊഫ. ജി എന്‍ സായ്ബാബയെ ബോംബെ ഹൈക്കോടതിയുടെ വിധിയെന്ന് അദ്ദേഹത്തിന്റെ ഭാര്യ വസന്ത. സായ്ബാബയെ മോചിപ്പിക്കുന്നതിനുവേണ്ടിയുള്ള പോരാട്ടത്തില്‍ തനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും അവര്‍ നന്ദി പറഞ്ഞു.
”കോടതി വിധി വളരെ സന്തോഷകരമായ വാര്‍ത്തയാണ്. സ്വാഗതാര്‍ഹമാണ്. ജി എന്‍ സായ്ബാബ ഒരു പ്രൊഫസറും ബുദ്ധിജീവിയുമാണ്. അദ്ദേഹത്തിനെതിരായ ഈ കള്ളക്കേസില്‍ സത്യം പുറത്തുവരാനുള്ള കാത്തിരിപ്പിന്റെ ഫലമാണിത്. എന്നെ പോരാട്ടത്തില്‍ പിന്തുണച്ച എല്ലാവരോടും നന്ദി. ജുഡീഷ്യറിയോടും അഭിഭാഷകരോടും നന്ദി പറയുന്നു,” വസന്ത പറഞ്ഞു.
ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകന്‍ ജി എന്‍ സായ്ബാബയെയും മറ്റ് അഞ്ചു പേരെയും ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചാണ് ഇന്നു കുറ്റവിമുക്തരാക്കിയത്. ഇവരുടെ അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി, ഗഡ്ചിരോളി സെഷന്‍സ് കോടതി 2017-ല്‍ വിധിച്ച ജീവപര്യന്തം തടവ് ശിക്ഷ റദ്ദാക്കുകയായിരുന്നു.
സായ്ബാബയുടെ മോചനത്തിനും അദ്ദേഹത്തെ ഡല്‍ഹി സര്‍വകലാശാലയിലെ രാംലാല്‍ ആനന്ദ് കോളജില്‍നിന്ന് പിരിച്ചുവിട്ടതിനെതിരെയും വസന്ത നിയമപോരാട്ടം തുടരുമ്പോഴും വിധിക്കായുള്ള കാത്തിരിപ്പ് നീളുകയായിരുന്നു. 2014ല്‍ മഹാരാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ സായ്ബാബയെ കോളജ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
”സാമ്പത്തികമായും വൈകാരികമായും ഞങ്ങളുടെ കുടുംബത്തിനു വളരെ ബുദ്ധിമുട്ടുള്ള കാലഘട്ടമാണിത്. 15 വയസ് മുതല്‍ എനിക്ക് അദ്ദേഹത്തെ അറിയാം. പരസ്പരം കാണാതെയോ ഒന്നു തൊടാതെയോ ഞങ്ങള്‍ ഇത്രയും കാലം വേര്‍പിരിഞ്ഞത് ഇതാദ്യമാണ്,”വസന്ത പറഞ്ഞു.
സായ്ബാബ തടവിലാക്കപ്പെട്ട സമയത്ത്, പ്രത്യേകിച്ച് കോവിഡ് സമയത്ത് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കുടുംബം ആശങ്കാകുലരായിരുന്നു. പോളിയോ ബാധിച്ച് വീല്‍ചെയറില്‍ മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന സായ്ബാബയ്ക്കു നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലായിരിക്കെ രണ്ടുതവണ കോവിഡ് ബാധിച്ചിരുന്നു.