മാവോയിസ്റ്റ് ബന്ധം ആരോപിച്ച് തടവിലാക്കപ്പെട്ട ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസർ ജി.എൻ.സായ്ബാബയെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. ശിക്ഷയ്ക്കും ജീവപര്യന്തം തടവിനുമെതിരായ അപ്പീലിലാണ് കോടതി വിധിയെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
അദ്ദേഹത്തെ ഉടൻ തന്നെ ജയിലിൽനിന്ന് മോചിപ്പിക്കാനും ബോംബൈ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് ഉത്തരവിട്ടു. നിലവിൽ നാഗ്പൂർ സെൻട്രൽ ജയിലിലാണ് സായ്ബാബയുള്ളത്.
കേസിലെ മറ്റ് അഞ്ച് പ്രതികളെയും കോടതി വെറുതെ വിട്ടു. പ്രതികളിൽ ഒരാൾ അപ്പീൽ പരിഗണിക്കാനിരിക്കെ മരിച്ചിരുന്നു. മറ്റേതെങ്കിലും കേസിൽ പ്രതികളല്ലെങ്കിൽ ഉടൻ അവരെ ജയിൽ മോചിതരാക്കണമെന്ന് ബെഞ്ച് നിർദേശിച്ചു.
മാവോവാദി ബന്ധത്തെ തുടര്‍ന്ന് 2014ലാണ് സായ്ബാബ അറസ്റ്റിലാകുന്നത്. മാവോയിസ്റ്റ് ബന്ധം തെളിഞ്ഞതിനെ തുടർന്ന് 2017 മാർച്ചിലാണ് മഹാരാഷ്ട്രയിലെ ഗാഡ്ചിറോലി ജില്ലയിലെ സെഷൻസ് കോടതി സായ്ബാബ ഉൾപ്പെടെയുള്ളവർക്ക് ജീവപര്യന്തം തടവ് വിധിച്ചത്.
കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹി സര്‍വകലാശാല ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. രാംലാല്‍ ആനന്ദ് കോളജിലെ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായിരുന്നു സായ്ബാബ.
സായ്ബാബയെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. വിധി പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളിലാണു ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) സുപ്രീം കോടതിയെ സമീപിച്ചത്.