scorecardresearch

Russia-Ukraine crisis: 'എംബസിയില്‍ വിളിക്കുമ്പോള്‍ ഫോണ്‍ കട്ട് ചെയ്യുന്നു, ശുചിമുറിയില്‍ പോകാന്‍ പോലും വെള്ളമില്ല'; ഒറ്റപ്പെട്ട് സുമിയിലെ വിദ്യാര്‍ഥികള്‍

Russia-Ukraine crisis: മഞ്ഞുകട്ടകള്‍ പാത്രങ്ങളില്‍ ശേഖരിച്ച് ഉരുക്കിയാണ് വിദ്യാർഥികൾ കഴിഞ്ഞദിവസം വെള്ളം ശേഖരിച്ചത്

Russia-Ukraine crisis: മഞ്ഞുകട്ടകള്‍ പാത്രങ്ങളില്‍ ശേഖരിച്ച് ഉരുക്കിയാണ് വിദ്യാർഥികൾ കഴിഞ്ഞദിവസം വെള്ളം ശേഖരിച്ചത്

author-image
Shanil JS
New Update
Russia-Ukraine crisis: 'അവർ എന്ന് വരുമെന്ന് അറിയില്ല,   ദുരിതത്തിലാണ്'; സുമിയിൽ കുടുങ്ങിയ മക്കളെ ഓർത്ത് നിസഹായരായി മാതാപിതാക്കൾ

കൊച്ചി: യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഹാര്‍കിവിലെ അവസാനത്തെ ഇന്ത്യക്കാരനെയും പുറത്തെത്തിക്കുന്നത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്നും ഇപ്പോള്‍ പ്രധാന ശ്രദ്ധ സുമിയിലാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞിരിക്കുന്നത്. എന്നാല്‍ പ്രതീക്ഷാനിര്‍ഭരമായ ഒരു കാര്യവും തങ്ങളെ ഒഴിപ്പിക്കുന്ന കാര്യത്തില്‍ ഇതുവരെയുണ്ടായിട്ടില്ലെന്നാണ് സുമിയിലെ വിദ്യാര്‍ഥികള്‍ക്കു പറയാനുള്ളത്.

Advertisment

''ഒഴിപ്പിക്കലിന്റെ കാര്യത്തില്‍ ഒരു വിവരവും ലഭിച്ചിട്ടില്ല. ഇന്ത്യന്‍ എംബസിയില്‍ പലതവണ വിളിച്ചു. ഫോണ്‍ റിങ് ചെയ്ത് ഉടനെ കട്ട് ചെയ്യുകയാണ്. റഷ്യന്‍ ആക്രമണത്തില്‍ പാലങ്ങളും റെയില്‍വേ ട്രാക്കുകളും തകര്‍ന്നതിനാല്‍ സുമി ഒറ്റപ്പെട്ടിരിക്കുകയാണ്. എംബസിയുടെ സഹായമില്ലാതെ എങ്ങനെ അതിര്‍ത്തിയിലേക്കു പോകുമെന്ന് അറിയില്ല,'' മലയാളി വിദ്യാര്‍ഥിയായ ശില്‍പ്പ സന്തോഷ് നിരാശയും സങ്കടവും കലര്‍ന്ന ശബ്ദത്തില്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു. സുമി സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായ ശില്‍പ്പ കൊല്ലം സ്വദേശിയാണ്.

''റഷ്യ ആക്രണം ആരംഭിച്ച 24നു നഷ്ടപ്പെട്ട ഉറക്കമാണ്. ആക്രമണം ഭയന്നിട്ട് ഒന്നു മയങ്ങുന്നേള്ളൂ. ഓരോ തവണ സ്‌ഫോടന ശബ്ദം കേള്‍ക്കുമ്പോഴും ഞെട്ടിയുണര്‍ന്ന് സുരക്ഷിത സ്ഥലത്തേക്ക് ഓടുകയാണ്. കരുതിയിരുന്ന കുടിവെള്ളവും ഭക്ഷണസാധനങ്ങളും തീരാറായി. അരിയും പാസ്തയും കാന്‍ ഫുഡുമൊക്കെയാണ് വാങ്ങിവച്ചിരുന്നത്. ഒഴിപ്പിക്കല്‍ രണ്ടു ദിവസത്തിനപ്പുറം നീണ്ടാല്‍ പട്ടിണിയാവും. ഇന്നലെ കറന്റില്ലാത്തതിനാല്‍ കടകളൊക്കെ അടച്ചിട്ടിരിക്കുകയായിരുന്നു. ഇന്നാവട്ടെ മിക്ക കടകളിലും സ്‌റ്റോക്കില്ലാത്ത അവസ്ഥയാണ്. ആക്രമണം തുടരുന്നതിനാല്‍ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തുപോകാനും കഴിയുന്നില്ല,'' ശില്‍പ്പ പറഞ്ഞു.

മൂന്നു ദിവസം മുന്‍പുണ്ടായ ആക്രമണത്തില്‍ സുമിയില്‍ വൈദ്യുതിയും ജലവിതരണവും നിലച്ചിരുന്നു. ഇതുകാരണം വിദ്യാര്‍ഥികള്‍ക്കു ശുചിമുറിയില്‍ പോകാനുള്ള വെള്ളം പോലും ലഭിക്കുന്നില്ല. വെള്ളിയാഴ്ച മഞ്ഞുകട്ടകള്‍ പാത്രങ്ങളില്‍ ശേഖരിച്ച് ഉരുക്കിയാണ് ഇവര്‍ വെള്ളം കണ്ടെത്തിയത്. ഇതുപയോഗിച്ചാണ് ഭക്ഷണം വയ്ക്കുന്നതും കഴിക്കുന്നതുമായ പാത്രം കഴുകിയത്. ശനിയാഴ്ച മഞ്ഞുവീഴ്ചയുണ്ടായില്ലെന്നതിനാല്‍ വെള്ളം ഒരു തുള്ളി പോലുമില്ലെന്ന് ശില്‍പ്പ പറഞ്ഞു.

Advertisment
Ukraine, Sumy, Indian students
വെള്ളത്തിനായി മഞ്ഞുകട്ടകൾ ശേഖരിക്കുന്ന വിദ്യാർഥികൾ

സുമി സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ എഴുന്നൂറോളം ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ പകുതിയിലേറെയും പെണ്‍കുട്ടികളാണ്. ഇതില്‍ ഭൂരിഭാഗവും മലയാളികളാണ്. സര്‍വകലാശാലയുടെ ഭാഗത്തുനിന്നുനിന്ന് ഒരു സഹായവുമില്ലെന്നും ആക്രണം രൂക്ഷമാകുന്നതിനിടയിലും ക്ലാസ് നടത്തുന്നതിനെക്കുറിച്ചാണ് അവര്‍ ചിന്തിക്കുന്നതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. 13 കഴിഞ്ഞാല്‍ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കുമെന്നാണ് വിദ്യാര്‍ഥികളെ സര്‍വകലാശാല അറിയിച്ചിരിക്കുന്നത്.

ശില്‍പ്പ പങ്കുവച്ച അതേ അനുഭവമാണ് സുമിയിലെ മറ്റു മലയാളി വിദ്യാര്‍ഥികള്‍ക്കും പറയാനുള്ളത്. ഒഴിപ്പിക്കലിനായി റഷ്യ അതിര്‍ത്തി തുറക്കുമെന്ന് പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കിലും ഔദ്യോഗികമായി എംബസിയില്‍നിന്ന് ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്നു കൊല്ലം കൊട്ടാരക്കര സ്വദേശിയായ മിലന്‍ മാത്യു പറഞ്ഞു.

''യുക്രൈന്റെ മറ്റു ഭാഗങ്ങളിലുള്ള വിദ്യാര്‍ഥികളെല്ലാം പോയി. ഒറ്റപ്പെട്ടുകിടക്കുന്ന സുമിയില്‍ ഞങ്ങള്‍ ഓരോ ദിവസവും തള്ളിനീക്കുകയാണ്. കുറച്ചുദിവസമായി എംബസിയില്‍ വിളിക്കുന്നുണ്ടെങ്കിലും ഫോണ്‍ കട്ട് ചെയ്യുകയാണ്. സുരക്ഷയുടെ കാര്യത്തില്‍ ഉറപ്പില്ലാത്തതിനാല്‍ എംബസിയില്‍നിന്ന് അറിയിപ്പ് ലഭിക്കാതെ അതിര്‍ത്തിയിലേക്കു വിടാന്‍ പറ്റില്ലെന്നാണ് കോണ്‍ട്രാക്റ്റര്‍ (വിദ്യാര്‍ഥികള്‍ക്കും സര്‍വകലാശാലയ്ക്കും ഇടയിലെ ഏജന്റ്) പറയുന്നത്,'' മിലന്‍ പറഞ്ഞു.

Also Read: കുടിക്കാന്‍ വെള്ളമില്ല, കഴിച്ചത് ബിസ്‌കറ്റും ചോക്ലേറ്റും; യുക്രൈനില്‍നിന്ന് എത്തിയ വിദ്യാര്‍ഥികള്‍ താണ്ടിയത് ദുരിതദിനങ്ങള്‍

''ഒഴിപ്പിക്കല്‍ നീണ്ടാല്‍ ഭക്ഷണത്തിന്റെ കാര്യം പ്രശ്‌നമാണ്. രണ്ട്-മൂന്ന് ദിവസത്തേക്കുള്ള അരി മാത്രമേയുള്ളൂ. രണ്ടു നേരം മാത്രം കഞ്ഞിയാണ് കഴിക്കുന്നത്. ഇപ്പോഴത്തെ മാനസികാവസ്ഥയില്‍ അങ്ങനെ കഴിക്കാനും തോന്നുന്നില്ല,''മിലന്‍ പറഞ്ഞു.

പെട്ടെന്നു നാട്ടിലെത്താന്‍ കഴിയുമെന്ന പ്രതീക്ഷ നഷ്ടമായതായും ഇപ്പോഴത്തെ അവസ്ഥ ശീലമായതായും നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥി അതുല്‍ ബിജൂര്‍ പറഞ്ഞു. ആദ്യത്തെ ഒന്നു രണ്ടു ദിവസം മാത്രമേ സുരക്ഷിതാണെന്ന തോന്നലുണ്ടായുള്ളൂവെന്നും ഇപ്പോള്‍ തങ്ങളാകെ ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും കൊച്ചി സ്വദേശിയായ അതുല്‍ പറഞ്ഞു.

''ഫൈറ്റര്‍ ജെറ്റുകളുടെയും സ്‌ഫോടനങ്ങളുടെയും എയര്‍ സൈറണുകളുടെയും ശബ്ദമാണ് എപ്പോഴും. ഓരോ തവണ അപായ സൂചന ലഭിക്കുമ്പോഴും ഹോസ്റ്റലിന്റെ ബേസ്‌മെന്റിലേക്ക് ഓടുകയാണ്. അവിടെ മുഴുവന്‍ സമയവും ഇരിക്കാന്‍ പറ്റില്ല. മണ്ണും ചെളിയുമാണ്. പലകയൊക്കെയിട്ടാണ് ഇരിക്കുന്നത്. ഹീറ്റിങ് സംവിധാനമില്ലാത്തതിനാല്‍ കനത്ത തണുപ്പുമാണ്. ഇതുകാരണം ഇടയ്ക്കിടെ മുറിയിലേക്കു പോകേണ്ടി വരും. വൈദ്യുതിയുലം വെള്ളവുമില്ല. '' അതുല്‍ പറഞ്ഞു.

Ukraine, Students, Evacuation
ചൂടാക്കി വെള്ളമാക്കി മാറ്റുന്നതിനായി പാത്രങ്ങളിൽ ശേഖരിച്ചുവച്ചിരിക്കുന്ന മഞ്ഞുകട്ടകൾ

''കഴിഞ്ഞ 10 ദിവസമായി തയാറായി ഇരിക്കുകയാണ്. സുമിയിലുള്ളവര്‍ മാത്രമേ ഇനി പോകാന്‍ ബാക്കിയുള്ളൂ. ഒഴിപ്പിക്കുന്ന കാര്യത്തില്‍ ശനിയാഴ്ച കൂടി തീരുമാനമായില്ലെങ്കില്‍ ചിലര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ അതിര്‍ത്തിയിലേക്കു പോകാന്‍ തയാറായിരിക്കുകയാണ്. 50 കിലോ മീറ്റര്‍ അപ്പുറത്തുള്ള റഷ്യന്‍ അതിര്‍ത്തിയാണ് ഏറ്റവും അടുത്ത്. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കപ്പെട്ട്, വാഹനം ലഭ്യമായാല്‍ ഒരു മണിക്കൂര്‍ കൊണ്ട് എത്താവുന്നതേയുള്ളൂ. അല്ലെങ്കില്‍ പടിഞ്ഞാറ് ഭാഗത്തേക്ക് ആയിരത്തിലേറെ കിലോ മീറ്റര്‍ സഞ്ചരിച്ച് പോളണ്ട് അതിര്‍ത്തില്‍ എത്തുകയേ നിവൃത്തിയുള്ളൂ. സുമി ഒറ്റപ്പെട്ടു കിടക്കുകയും ആക്രമണം ശക്തമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ അത് പ്രായോഗികമല്ല,'' അതുല്‍ പറഞ്ഞു. യുക്രൈന്റെ വടക്കു-പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മേഖലയാണ് സുമി.

കാത്തിരുന്നു മടുത്ത വിദ്യാര്‍ഥികള്‍ റഷ്യൻ അതിര്‍ത്തിയിലേക്കു നടന്നുപോകാന്‍ തീരുമാനിച്ചതായി വ്യക്തമാക്കുന്ന വിഡിയോ ശനിയാഴ്ച രാവിലെ പോസ്റ്റ് ചെയ്തിരുന്നു. തങ്ങൾക്കെന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി സർക്കാരും ഇന്ത്യൻ എംബസിയുമാണെന്നായിരുന്നു വിഡിയോയിൽ വിദ്യാർഥികൾ പറഞ്ഞിരുന്നത്.

ഇതിനുപിന്നാലെ, അതിര്‍ത്തിയിലേക്കു നടക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഇന്ത്യന്‍ എംബസി വിദ്യാര്‍ഥികളെ ഉപദേശിച്ചിരിക്കുകയാണ്. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് എംബസിയുടെ ഫോണ്‍കോള്‍ വിദ്യാര്‍ഥികളുടെ കോണ്‍ട്രാക്റ്റര്‍ റെനീഷ് ജോസഫിനാണു ലഭിച്ചത്.

സുമിയിലെ വിദ്യാര്‍ത്ഥികളെക്കുറിച്ച് ഞങ്ങള്‍ക്ക് അഗാധമായ ആശങ്കയുണ്ടെന്നും സുരക്ഷിതമായ ഇടനാഴി സൃഷ്ടിക്കുന്നതിന് ഉടനടി വെടിനിര്‍ത്തലിന് ഒന്നിലധികം മാര്‍ഗങ്ങളിലൂടെ റഷ്യന്‍, ഉക്രേനിയന്‍ സര്‍ക്കാരുകള്‍ ശക്തമായി സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തിട്ടുമുണ്ട്. സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാനും ഷെല്‍ട്ടറുകള്‍ക്കുള്ളില്‍ കഴിയാനും അപകടസാധ്യതകള്‍ ഒഴിവാക്കാനും വിദ്യാര്‍ത്ഥികളെ ഉപദേശിച്ചു. മന്ത്രാലയവും എംബസികളും വിദ്യാര്‍ത്ഥികളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുവെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.

സുമിയില്‍നിന്നുള്ള ഒഴിപ്പിക്കല്‍ നീളുന്നതോടെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ കടുത്ത ആശങ്കയിലാണ്. ഇത് വിദ്യാര്‍ഥികളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. ഹര്‍കീവില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടതും കീവില്‍നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്കുള്ള യാത്രയ്ക്കിടെ മറ്റൊരു വിദ്യാര്‍ഥിക്കു വെടിയേറ്റതുമാണ് സുമിയിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ കൂടുതല്‍ ആശങ്കയിലേക്കു നയിച്ചിരിക്കുന്നത്.

Ukraine, Students, Evacuation
സുമിയിലെ ആക്രണദൃശ്യം

''സാധനങ്ങള്‍ വാങ്ങാന്‍ പോലും പുറത്തുപോകാന്‍ പറ്റാത്ത അവസ്ഥയാണ്. ഹോസ്റ്റലില്‍നിന്നു പുറത്തിറങ്ങാന്‍ വീട്ടുകാര്‍ സമ്മതിക്കുന്നില്ല. അമ്മ കരഞ്ഞുകരഞ്ഞ് വയ്യാത്ത അവസ്ഥയിലായിരിക്കുകയാണ്. ടീച്ചറായ അമ്മ രണ്ടു ദിവസമായി ജോലിക്കുപോകാതെ വീട്ടില്‍ തന്നെ ഇരിപ്പാണ്,'' ശില്‍പ്പ പറഞ്ഞു. തങ്ങളുടെ കാര്യത്തില്‍ മന്ത്രിമാരെ ഉള്‍പ്പെടെ ബന്ധപ്പെടുന്നുണ്ടെങ്കിലും വീട്ടുകാര്‍ നിസഹായരാണെന്നു മിലന്‍ മാത്യു പറഞ്ഞു.

Also Read: Russia-Ukraine crisis: ‘പേടിയാവുന്നു, എന്ത് ചെയ്യണമെന്ന് അറിയില്ല’; നാട്ടിലേക്കു മടങ്ങാന്‍ വഴികാണാനാവാതെ യുക്രൈനിലെ മലയാളി വിദ്യാര്‍ഥികള്‍

Students Evacuation Ukraine Russia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: