കൊച്ചി: ”സ്‌ഫോടനങ്ങളുടെയും അപായ മുന്നറിയിപ്പിന്റെയും ശബ്ദമാണ് എപ്പോഴും. പേടിയാവുകയാണ്. മൂന്നുദിവസമായി മെട്രോ സ്‌റ്റേഷനില്‍ അഭയം തേടിയിരിക്കുകയാണ് ഞങ്ങള്‍. എന്ത് ചെയ്യണമെന്നോ എങ്ങനെ നാട്ടിലെത്തുമെന്നോ അറിയില്ല,” റഷ്യന്‍ ആക്രമണം രൂക്ഷമായ യുക്രൈനിലെ ഹർക്കിവില്‍നിന്ന് മലയാളി വിദ്യാര്‍ഥി കൃഷ്ണപ്രീതി പറഞ്ഞു.
ഹർക്കിവ് വിഎന്‍ കരാസിന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ആറാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായ കൃഷ്ണപ്രീതി മൈദാന്‍ കോണ്‍സ്റ്റിറ്റുട്‌സി മെട്രോ സ്‌റ്റേഷനിലെ അണ്ടര്‍ ഗ്രൗണ്ടിലാണു കഴിയുന്നത്. നാട്ടുകാരും ഇന്ത്യന്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടെ അഞ്ഞൂറോളം പേരാണ് ഇവിടെ അഭയം തേടിയിരിക്കുന്നത്. ഏറ്റവും മോശം സാഹചര്യത്തിലൂടെയാണ് തങ്ങള്‍ കടന്നുപോകുന്നതെന്നും എങ്ങനെയാണ് അതിജീവിക്കുകയെന്ന് അറിയില്ലെന്നും കോഴിക്കോട് സ്വദേശിയായ പ്രീതി ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.
”ബോബ് സ്‌ഫോടനത്തിന്റെയും അപായ മുന്നറിയിപ്പിന്റെയും ശബ്ദം നിരന്തരം കേള്‍ക്കുന്നതിനാല്‍ ഭക്ഷണം കഴിക്കാന്‍ സമീപത്തെ അപ്പാര്‍ട്ട്‌മെന്റിലേക്കു പോകാന്‍ പോലുമുള്ള ധൈര്യമില്ല. വെള്ളിയാഴ്ച രാത്രി മുഴുവന്‍ റഷ്യന്‍ സൈന്യത്തിന്റെ ഷെല്ലിങ്ങായിരുന്നു. ഇന്നു രാവിലെ ആറു മുതല്‍ രണ്ടു മണിക്കൂര്‍ ബോംബ് സ്‌ഫോടന ശബ്ദം കേട്ടില്ല. എന്നാല്‍ എയര്‍ അലാറം എപ്പോഴുമുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ വളരെ പരിമിതമായ മെട്രോ സ്‌റ്റേഷനിലാണെങ്കില്‍ പ്രയാസപ്പെട്ടാണ് കഴിയുന്നത്. ഉറക്കമില്ല. ഒരേ ഒരു ടോയ്‌ലറ്റ് മാത്രമാണുള്ളതെന്നതിനാല്‍ ക്യൂ ആണ്. കഴിഞ്ഞ രണ്ടു ദിവസവും വീട്ടില്‍നിന്ന് ഭക്ഷണം കൊണ്ടുവന്നാണ് കഴിച്ചത്,” പ്രതീ പറഞ്ഞു.

മെട്രോ സ്‌റ്റേഷനില്‍നിന്ന് മൂന്നു മിനുറ്റുകൊണ്ട് നടന്നെത്താവുന്ന ദൂരത്തുള്ള അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന പ്രീതി വ്യാഴാഴ്ച പുലര്‍ച്ചെ റഷ്യ ആക്രമണം തുടങ്ങിയതിനു പിന്നാലെയാണ് മെട്രോ സ്‌റ്റേഷനില്‍ അഭയം തേടിയത്. അന്ന് പുലര്‍ച്ചെ 4.30 മുതല്‍ 5.30 വരെ ശക്തമായ ആക്രണമാണ് നടന്നത്. ആക്രമണത്തില്‍ അല്‍പ്പം ഇടവേള വന്നതോടെ പ്രീതി ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ വീട്ടിലേക്കു പോയിരുന്നു. ഇതിനിടെ സ്‌ഫോടന ശബ്ദം കേട്ടതോടെ മെട്രോ സ്‌റ്റേഷനിലേക്ക് തിരികെ ഓടിപ്പോന്നു.
വെള്ളിയാഴ്ച രാവിലെ ബോംബ് ഷെല്ലിങ് കുറവായിരുന്നു. വൈകുന്നേരത്തോടെ ആക്രണം വീണ്ടും ശക്തമായി. പ്രദേശത്ത് ഒന്നോ രണ്ടോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മാത്രമാണ് തുറന്നിരുന്നത്. യുദ്ധഭീതിയില്‍ സാധനങ്ങള്‍ ശേഖരിച്ചുവയ്ക്കാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയതിനാല്‍ വലിയ ക്യൂ ഉണ്ടായിരുന്നതായും സ്‌റ്റോക്ക് കുറവായിരുന്നുവെന്നും പ്രീതി പറഞ്ഞു.
പറഞ്ഞറിയിക്കാനാവത്ത ആശങ്കയും അരക്ഷിതാവസ്ഥയുമാണ് അനുഭവിക്കുന്നതെന്ന് ഇതേ മെട്രോ സ്‌റ്റേഷനില്‍ അഭയം തേടിയ മറ്റൊരു മലയാളി വിദ്യാര്‍ഥി ആന്‍ എലിസബത്ത് പറഞ്ഞു. ”വീട്ടിലേക്കു വിളിക്കാന്‍ മൊബൈല്‍ ഫോണ്‍ ശരിക്കൊന്നു ചാര്‍ജ് ചെയ്യാന്‍ പോലും കഴിയുന്നില്ല. ഒരു ചാര്‍ജിങ് പോയിന്റ് മാത്രമാണ് സ്‌റ്റേഷനിലുള്ളത്. പലപ്പോഴും 10 ശതമാനം ഫോണ്‍ ബാറ്ററി ചാര്‍ജ് 10 ശതമാനമേ ഉണ്ടാകാറൂള്ളൂ. വീട്ടിലേക്കു വിളിക്കാന്‍ ബുദ്ധിമുട്ടുകയാണ്. അവരെയും ആശങ്കയിലാക്കാതെ നോക്കേണ്ടതുണ്ടല്ലോ,” ആന്‍ പറഞ്ഞു.
പുറത്ത് സ്‌ഫോടനശബ്ദം കേള്‍ക്കുന്നുണ്ടെങ്കിലും ഭക്ഷണമെടുക്കാന്‍ അപ്പാര്‍ട്ട്‌മെന്റിലേക്കു പോകാന്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യമാണെന്നു ഹർക്കിവിലെ തന്നെ നൗക്കോവ മെട്രോ സ്‌റ്റേഷനില്‍ അഭയം തേടിയ കണ്ണൂര്‍ സ്വദേശി ഔസഫ് പറഞ്ഞു. വിഎന്‍ കരാസിന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ നാലാം വര്‍ഷ വിദ്യാര്‍ഥിയാണ് ഔസഫ്.

”ഇപ്പോഴും മെട്രോ സ്‌റ്റേഷനില്‍ തന്നെയാണുള്ളത്. പുറത്തിറങ്ങാന്‍ പറ്റുന്ന സാഹചര്യമല്ല. തുടര്‍ച്ചായി സ്‌ഫോടനശബ്ദം കേള്‍ക്കുന്നുണ്ട്. പുറത്ത് റഷ്യന്‍ സൈന്യം ടാങ്കുകളും കവചിത വാഹനങ്ങളുമായി നീങ്ങുന്നതും കാണാം. എങ്കിലും പുറത്തിറങ്ങാതിരിക്കാൻ പറ്റില്ല. കാരണം കരുതിയ ഭക്ഷണമൊക്കെ തീര്‍ന്നു. നാല് ലിറ്റര്‍ വെള്ളം മാത്രമാണ് കൈയിലുള്ളത്. ഭക്ഷണസാധനങ്ങളും കുടിവെള്ളവുമെടുക്കാന്‍ ഫ്‌ളാറ്റിൽ പോകണം. .രണ്ട് ടോയ്‌ലറ്റുകളാണ് സ്‌റ്റേഷനിലുള്ളത്. വാതില്‍ ഇല്ലാത്ത അവ ഉപയോഗിക്കാന്‍ പറ്റാത്ത അത്രയും മോശം അവസ്ഥയിലാണ്, വെള്ളമില്ല. അതിനാല്‍ പെണ്‍കുട്ടികള്‍ക്കു ഫ്‌ളാറ്റില്‍ പോയേ പറ്റുള്ളൂ,” ഔസഫ് പറഞ്ഞു.
”ഇരുന്നൂറിലേറെപ്പേരാണ് സ്‌റ്റേഷനിലുള്ളത്. ഇതില്‍ പകുതിയോളം പേര്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളാണ്. ഇക്കൂട്ടത്തില്‍ മുപ്പതിലേറെ മലയാളികളുണ്ട്. ആകെ വൃത്തിഹീനമായ നിലത്ത് ബെഡ്ഷീറ്റ് വിരിച്ച് കഴിഞ്ഞ രണ്ടുദിവസവും കിടന്നത്. കുളിക്കണമെങ്കിലും ഫ്‌ളാറ്റില്‍ പോകേണ്ട സ്ഥിതിയാണ്. സ്ത്രീകളും കുട്ടികളുമായി നിരവധി പേര്‍ സ്‌റ്റേഷനിലുണ്ട്. എപ്പോഴും കുട്ടികളുടെ കരച്ചിലാണ്. യഥാര്‍ഥ ബങ്കറുകളില്‍ ഇതിലും ദയനീയമാണ് സ്ഥിതി. സോവിയറ്റ് കാലത്ത് നിര്‍മിച്ച ഇരുണ്ട ബങ്കറുകളിലേത് പേടിപ്പെടുത്തുന്ന അന്തരീക്ഷമാണ്. അതുകൊണ്ടാണ് ബങ്കര്‍ തിരഞ്ഞെടുക്കാതെ മെട്രോ സ്‌റ്റേഷനില്‍ അഭയം തേടിയത്,” ഔസഫ് പറഞ്ഞു.
”ബ്രെഡ്, പുഴുങ്ങിയ മുട്ട, പലഹാരങ്ങള്‍ എന്നിങ്ങനെ വ്യാഴാഴ്ച കുറച്ച് ഭക്ഷണം കരുതിയിരുന്നു. ആറു മാസം മുന്‍പ് നാട്ടില്‍ പോയപ്പോള്‍ കൊണ്ടുവന്ന അരിയുണ്ടയും അവിലുമൊക്കെ സൂക്ഷിച്ചുവച്ചത് ഉപകാരപ്പെട്ടു. അതൊക്കെ തീര്‍ന്നു. ആക്രണം തുടരുന്ന സാഹചര്യത്തില്‍ ഇനി എന്തുചെയ്യണമെന്ന് അറിയില്ല. വെള്ളിയാഴ്ച സാധനങ്ങള്‍ വാങ്ങാന്‍ സ്‌റ്റേഷനില്‍നിന്ന് ഇറങ്ങിയപ്പോള്‍ സൈറണ്‍ കേട്ട് തിരിച്ചുപോരുകയായിരുന്നു. പ്രദേശത്ത് വളരെ കുറച്ച് സൂപ്പര്‍മാര്‍ക്കറ്റുകള്‍ മാത്രമാണ് തുറക്കുന്നത്. കൈയില്‍ കാശില്ല. എടിഎമ്മുകള്‍ കാലിയാണ്. ബാങ്കിലാണെങ്കില്‍ എപ്പോഴും ക്യൂ. അധികനേരം ക്യൂ നില്‍ക്കുന്നതു സുരക്ഷിതമല്ല,” ഔസഫ് കൂട്ടിച്ചേര്‍ത്തു.
നാട്ടിലേക്കു തിരിച്ചെത്തുന്ന കാര്യത്തില്‍ വലിയ ആശങ്കയാണ് മൂവരും പങ്കുവച്ചത്. ഇന്ത്യ നടത്തുന്ന ഒഴിപ്പിക്കല്‍ ദൗത്യത്തില്‍ ചേരാന്‍ യുക്രൈന്റെ പടിഞ്ഞാറന്‍ ഭാഗത്തെ പോളണ്ട് അതിര്‍ത്തി മേഖലയിലെ ലിവിവിലാണ് ഇവര്‍ക്ക് എത്തേണ്ടത്. ഖാര്‍ക്കിവില്‍നിന്ന് 1200 കിലോ മീറ്ററോളമാണ് ലിവിവിലേക്കുള്ള ദൂരം. റഷ്യന്‍ ആക്രമണം രൂക്ഷമായിരിക്കെ ഇത്രയും ദൂരം റോഡ് മാര്‍ഗം സഞ്ചരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ കഴിയില്ലെന്നും എംബസി അധികൃതരെ പലതവണ ബന്ധപ്പെട്ടെങ്കിലും ഒഴിപ്പിക്കല്‍ സംബന്ധിച്ച് കൃത്യമായ മറുപടി ലഭിച്ചിട്ടില്ലെന്നും പ്രീതി പറഞ്ഞു. ഒഴിപ്പിക്കലിനു സന്നദ്ധത അറിയിക്കുന്ന ഫോമുകള്‍ നേരത്തെ തന്നെ പൂരിപ്പിച്ച് നല്‍കിയതായും പ്രീതി പറഞ്ഞു.
ഇതുവരെയുണ്ടായിരുന്നതിന്റെ രണ്ട്-മൂന്ന് ഇരട്ടിയാണ് ആക്രമണമാണ് ഇന്ന് നടക്കുന്നതെന്നും ജനവാസകേന്ദ്രങ്ങളില്‍നിന്ന് ഉള്‍പ്പെടെ ഇടവേളയില്ലാതെ സ്‌ഫോടന ശബ്ദം കേള്‍ക്കുന്നുണ്ടെന്നും യുക്രൈന്‍ തലസ്ഥാനമായ കീവില്‍നിന്ന് മലപ്പറും പെരിന്തല്‍മണ്ണ സ്വദേശിയായ അലി ഷഹീന്‍ പറഞ്ഞു. ഭക്ഷണത്തിന്റെ കാര്യത്തില്‍ ഇന്നുവരെ പിടിച്ചുനില്‍ക്കാവുന്ന അവസ്ഥയാണെന്നും ഞായറാഴ്ചത്തെ കാര്യം എന്താകുമെന്ന് അറിയില്ലെന്നും കീവ് ഒ.ഒ ബോഗോമോലറ്റ്‌സ് നാഷണല്‍ മെഡിക്കൽ യൂണിവേഴ്സ്റ്റിയിലെ എംബിബിഎസ് അഞ്ചാം വര്‍ഷ വിദ്യാര്‍ഥിയായ അലി പറഞ്ഞു.

ഹോസ്റ്റലിന്റെ ബങ്കറിലാണ് അലി ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ കഴിയുന്നത്. അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുകയായിരുന്ന ഇവരോട് ഹോസ്റ്റലിലേക്കു മാറാന്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു. കീവ് പിടിക്കാന്‍ രൂക്ഷമായ ആക്രമണമാണ് റഷ്യന്‍ സൈന്യം നടത്തുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ ഷെല്‍ട്ടറിലേക്കു മാറുന്നതിനായി കഴിഞ്ഞ ദിവസങ്ങളില്‍ ഉറങ്ങാതെയിരിക്കുകയായിരുന്നു അലി ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍. കീവ് നഗരത്തില്‍നിന്ന് നാലു കിലോ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഹോസ്റ്റലില്‍ അറന്നൂറിലേറെ ഇന്ത്യൻ വിദ്യാര്‍ഥികളാണ് ഇപ്പോഴുള്ളത്. ഇതില്‍ ഇരുന്നൂറോളം പേര്‍ മലയാളികളാണ്. ആക്രമണത്തില്‍ യൂണിവേഴ്‌സിറ്റിക്കു സമീപമുള്ള കെട്ടിടത്തിനു തീപിടിച്ചതായും അഞ്ചുകിലോ മീറ്റര്‍ അകലെയുള്ള ജനവാസ കേന്ദ്രങ്ങളില്‍ ഷെല്‍ ആക്രമണം നടന്നതായും അലി പറഞ്ഞു.
26ന് നാട്ടിലേക്കു തിരിക്കേണ്ടതായിരുന്നു അലി ഷഹീന്‍. എന്നാല്‍ റഷ്യന്‍ സൈന്യം കീവ് വിമാനത്താവളം ആക്രിച്ച് കീഴടക്കിയതോടെ യാത്ര മുടങ്ങി. മറ്റു നിരവധി വിദ്യാര്‍ഥികളും ടിക്കറ്റ് ബുക്കറ്റ് ചെയ്തിരുന്നു. അലി താമസിക്കുന്നിടത്തുനിന്ന് 25 കിലോ മീറ്ററോളം മാത്രം അകലെയാണ് വിമാനത്താവളം. യുക്രൈന്റെ മധ്യഭാഗത്തുള്ള കീവിലെ വിദ്യാര്‍ഥികള്‍ക്കു നാട്ടിലേക്കു വരാന്‍ പോളണ്ട്, ഹംഗറി, റുമാനിയ അതിര്‍ത്തികളിലേക്കു റോഡ് മാര്‍ഗം സഞ്ചരിക്കണം. ആയിരത്തി ഇരുന്നൂറോളം കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ യാത്രയ്ക്കു സാധാരണഗതിയില്‍ 10 മണിക്കൂറോളമാണ് വേണ്ടത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഗതാഗത തടസം അനുഭവപ്പെടുന്നതിനാല്‍ കുറഞ്ഞത് 15 മണിക്കൂറെങ്കിലും വേണ്ടിവരും. എന്നാല്‍ കലുഷിതമായ അന്തരീക്ഷത്തില്‍ ഇത്രയും ദൂരം റോഡ് മാര്‍ഗം സഞ്ചരിക്കുന്നത് അപകടമാണെന്ന് അലി പറയുന്നു.
സൂപ്പര്‍മാര്‍ക്കറ്റുകള്‍, പെട്രോള്‍, ഗ്യാസ് സ്‌റ്റേഷനുകള്‍, എടിഎമ്മുകള്‍, കുടിവെള്ളം നിറയ്ക്കുന്ന സ്ഥലങ്ങള്‍ എന്നിവടങ്ങളിലൊക്കെ വലിയ തിരക്കാണ് കഴിഞ്ഞദിവസങ്ങളിലുണ്ടായതെന്നും ആ്‌ളുകള്‍ പലായനം ചെയ്തതോടെ കീവിന്റെ ഉള്‍ഭാഗങ്ങളിലെ റോഡുകളില്‍ വലിയ തോതില്‍ ഗതാഗതസ്തംഭനം അനുഭവപ്പെട്ടതായും അലി പറഞ്ഞു.

യുക്രൈന്‍, റഷ്യന്‍ സര്‍ക്കാരുകളുമായി സംസാരിച്ച് എംബസി സംഘം കൂട്ടിക്കൊണ്ടുപോകാന്‍ വന്നാല്‍ മാത്രമേ അതിര്‍ത്തിയിലേക്കു മടങ്ങാന്‍ കഴിയൂയെന്ന് മറ്റൊരു നഗരമായ സുമിയില്‍നിന്നുള്ള വിദ്യാര്‍ഥി അതുല്‍ ബിജൂര്‍ പറഞ്ഞു. യുക്രൈന്റെ വടക്കുകിഴക്കന്‍ മേഖലയില്‍നിന്ന്, പടിഞ്ഞാറുള്ള പോളണ്ടിന്റെ അതിര്‍ത്തിയിലേക്ക് ആയിരം കിലോ മീറ്ററെങ്കിലും റോഡ് മാര്‍ഗം സഞ്ചരിക്കണം.
കീവില്‍നിന്ന് ആറ് മണിക്കൂറോളം സഞ്ചരിക്കേണ്ടുന്ന ദൂരത്തിലുള്ള സുമി നിലവില്‍ താരതമ്യേന സുരക്ഷിതമാണെന്ന് അതുല്‍ പറഞ്ഞു. സുമി സ്‌റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായ അതുല്‍ കൊച്ചി സ്വദേശിയാണ്. മൂന്നൂറോളം മലയാളി വിദ്യാര്‍ഥികളാണ് ഈ യൂണിവേഴ്‌സിറ്റിയിലുള്ളത്. യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ കഴിയുന്ന ഇവര്‍ ആക്രമണമുണ്ടാകുന്ന ഘട്ടത്തില്‍ ബങ്കറിലേക്കു പോകാനുള്ള തയാറെടുപ്പിലാണ് മൂന്നു ദിവസമായി ഉറക്കമൊഴിഞ്ഞ് നില്‍ക്കുന്നത്. ഇന്നും ഇന്നലെയുമായി ഇവര്‍ക്കു പല തവണ ജാഗ്രതാ നിര്‍ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ബങ്കറിലേക്കു പോകേണ്ടിവന്നെങ്കിലും ദുരനുഭവമൊന്നുമുണ്ടായില്ല.
ക്ലാസുകള്‍ ആദ്യം ഓണ്‍ലൈനിലേക്കു മാറ്റിയിരുന്നു. തുടര്‍ന്ന് രണ്ടാഴ്ചത്തേക്കു ക്ലാസിലെന്നു യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചതായും അതുല്‍ പറഞ്ഞു. റഷ്യ ആക്രമണം ആരംഭിച്ച വ്യാഴാഴ്ച കടകളിലൊക്കെ വലിയ തിരക്കായിരുന്നു. കടകളിലും എടിഎമ്മുകളിലും വലിയ ക്യൂ ആയിരുന്നു. ഭക്ഷണസാധനങ്ങൾ അത്യാവശ്യത്തിനുണ്ടെന്നും അതുല്‍ പറഞ്ഞു.