scorecardresearch

Latest News

കുടിക്കാന്‍ വെള്ളമില്ല, കഴിച്ചത് ബിസ്‌കറ്റും ചോക്ലേറ്റും; യുക്രൈനില്‍നിന്ന് എത്തിയ വിദ്യാര്‍ഥികള്‍ താണ്ടിയത് ദുരിതദിനങ്ങള്‍

അതിര്‍ത്തി കടക്കുന്നതുവരെ പലവിധ ബുദ്ധിമുട്ടുകള്‍ സഹിച്ചു. ആഹാരമോ വെള്ളമോ ഇല്ലായിരുന്നു. വീട്ടിലേക്ക് കൊണ്ടുവരാനായി കുറച്ച് ചോക്ലേറ്റ് വാങ്ങിച്ചിരുന്നു. അതും ബിസ്‌കറ്റും കഴിച്ച് മാത്രമാണ് ജീവന്‍ നിലനിര്‍ത്തിയത്

ukraine,malayalee students, ie malayalam

കൊച്ചി: ”കുടിക്കാന്‍ വെള്ളമുണ്ടായിരുന്നില്ല. കഴിച്ചതു ബിസ്‌കറ്റും ചോക്ലേറ്റും മാത്രം. കൊടും തണുപ്പില്‍ മണിക്കൂറുകളോളം നടക്കേണ്ടിവന്നു,” യുക്രൈനില്‍നിന്നു തിരിച്ചെത്തിയ തിരുവനന്തപുരം അഞ്ചുതെങ് സ്വദേശിയായ അഖില അനുഭവിച്ചത് ദുരിതങ്ങള്‍ മാത്രം. യുക്രൈനിലെ ഷിംഷെര്‍വില്‍നിന്നു പോളണ്ട് അതിര്‍ത്തിവരെ എത്താന്‍ മൂന്നുദിവസമാണ് അഖിലയ്ക്കു വേണ്ടിവന്നത്.

ഫെബ്രുവരി 24 നു നാട്ടിലേക്ക് അഖില ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. അപ്പോഴാണ് വിമാനത്താവളങ്ങള്‍ അടച്ചത്. ഇതോടെ ദുരിതകാലം ആരംഭിക്കുകയായിരുന്നുവെന്ന് ലിവ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ എംബിബിഎസ് ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിയായ അഖില ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

”ഫെബ്രുവരി 25 നു രാവിലെ സൈറണ്‍ ശബ്ദം കേട്ടാണ് അഖില ഉറക്കമുണരുന്നത്. മൂന്നാമത്തെ സൈറണ്‍ കേള്‍ക്കുമ്പോള്‍ ഹോസ്റ്റലിന്റെ ബേസ്‌മെന്റിലേക്ക് പോകണമെന്ന് നിര്‍ദേശം ലഭിച്ചിരുന്നു. അതിനു മുന്‍പ് ഏജന്‍സിയിലുള്ള ഒരാള്‍ വിമാനത്താവളത്തിലേക്കു പോകാന്‍ ബസ് വരുന്നുണ്ടെന്നു പറഞ്ഞു. ആദ്യമൊരു അതിര്‍ത്തിയിലെത്തി. അവിടെനിന്നും ഷെഹനി-മെഡിക്ക അതിര്‍ത്തിയിലേക്കു പോകാന്‍ പറഞ്ഞു. അവിടേക്കു പകുതിവരെ ബസില്‍ പോയി. ഇനി എട്ടു കിലോമീറ്ററേ ഉള്ളൂവെന്നും നടന്നാല്‍ മതിയെന്നും പറഞ്ഞ് ഞാനുള്‍പ്പെടെയുള്ളവരെ ബസ് ഡ്രൈവര്‍ ഇറക്കി വിട്ടു. പക്ഷേ, അതിര്‍ത്തിയിലേക്കു 33 കിലോമീറ്റര്‍ ഉണ്ടായിരുന്നു. വൈകിട്ട് 4.30നു നടക്കാന്‍ തുടങ്ങി, 11.30 ആയപ്പോള്‍ ആദ്യ അതിര്‍ത്തിയിലെത്തി,” അഖില പറഞ്ഞു.

ഈ അതിര്‍ത്തിര്‍ത്തിയിൽ രണ്ടു മണിക്കൂറിലേറെ കാത്തുനില്‍ക്കേണ്ടി വന്നു. കയ്യില്‍ വെളള്ളം ഉണ്ടായിരുന്നില്ല. ബിസ്‌കറ്റ് മാത്രമാണ് കഴിച്ചത്. കൊടും നല്ല തണുപ്പായതിനാല്‍ ബിസ്‌കറ്റ് തൊണ്ടയില്‍നിന്ന് ഇറക്കാന്‍ പറ്റാത്ത അവസ്ഥ. അവിടെനിന്നും രണ്ടാമത്തെ അതിര്‍ത്തിയലേക്ക് എത്താന്‍ വീണ്ടും നടന്നു.

വിമാനത്താവളത്തിലേക്കാണു കൊണ്ടുപോകുന്നതെന്ന് പറഞ്ഞതിനാല്‍ നോര്‍മല്‍ ജാക്കറ്റും ഷൂസുമാണ് ഇട്ടിരുന്നത്. രണ്ടാമത്തെ അതിര്‍ത്തിയില്‍ എത്തും മുന്‍പ് എല്ലാവരും ക്ഷീണിച്ചു. കുറച്ചുനേരം ഒരു വീടിന്റെ ഗേറ്റിനു മുന്നിലിരുന്നു. പിന്നെ ഉറങ്ങിപ്പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ തൊട്ടടുത്തുള്ള കോഫി ഹൗസില്‍ ഷെല്‍ട്ടര്‍ കിട്ടി. 11 മണിവരെ അവിടെ എംബസിക്കാരെ കാത്തിരുന്നു. 12 മണി ആയിട്ടും ആരെയും കാണാത്തതിനാല്‍ അതിര്‍ത്തിയിലേക്കു പോയി. അവിടെ എത്തിയപ്പോള്‍ ഞങ്ങളില്‍ പലരും കൂട്ടം തെറ്റിപ്പോയി.

Read More: ഗ്രൂപ്പുകളായി തുടരുക, അവശ്യ വസ്തുക്കൾ മാത്രം കൊണ്ടുപോകുക: യുക്രൈനിലെ യുദ്ധ മേഖലകളിലൂടെ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അവിടെ നല്ല തിരക്കായിരുന്നു. എങ്ങനെയോ കഷ്ടപ്പെട്ട് രണ്ടാമത്തെ അതിര്‍ത്തി കടന്നു. അവിടെവച്ച് കുടിക്കാന്‍ ചിലര്‍ വെള്ളം തന്നു. അതു കഴിഞ്ഞ് ഷെഹനി-മെഡിക്ക അതിര്‍ത്തി കടക്കാന്‍ വളരെ ബുദ്ധിമുട്ടി. 12 മണിക്കൂറില്‍ കൂടുതല്‍ ഇമിഗ്രേഷനു വേണ്ടി കാത്തുനിന്നു. അവിടെ ഒന്നു ഇരിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. അത്രയും സമയം നില്‍ക്കുകയായിരുന്നു. ഞങ്ങള്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. അവിടുത്തെ തിരക്കിൽപെട്ട് ശ്വാസം കിട്ടാത്ത അവസ്ഥവരെ ഉണ്ടായി.

അതിര്‍ത്തി കടക്കുന്നതുവരെ പലവിധ ബുദ്ധിമുട്ടുകള്‍ സഹിച്ചു. ആഹാരമോ വെള്ളമോ ഇല്ലായിരുന്നു. വീട്ടിലേക്ക് കൊണ്ടുവരാനായി കുറച്ച് ചോക്ലേറ്റ് വാങ്ങിച്ചിരുന്നു. അതും ബിസ്‌കറ്റും കഴിച്ച് മാത്രമാണ് ജീവന്‍ നിലനിര്‍ത്തിയത്. പെട്രോള്‍ പമ്പില്‍ ടോയ്‌ലറ്റ് സൗകര്യം ഉണ്ടായിരുന്നു. പക്ഷേ അവിടെ ഇന്ത്യക്കാരെ കയറ്റുന്നില്ലായിരുന്നു. ഇട്ടിരുന്ന വസ്ത്രം അല്ലാതെ മറ്റൊന്നും കയ്യിലുണ്ടായിരുന്നില്ല.

അതിര്‍ത്തി കടക്കുന്നതുവരെ ആരുടെയും സഹായം കിട്ടിയില്ല. ഒട്ടു പറ്റാതെ വന്നപ്പോള്‍ എംബസിയിലെ ഒരാളെ വിളിച്ചു. അതിര്‍ത്തി കഴിഞ്ഞാല്‍ എല്ലാ സഹായവും ചെയ്യാമെന്നാണ് പറഞ്ഞത്. അതിര്‍ത്തി കടന്നപ്പോള്‍ പോളണ്ടിലെ മലയാളികളാണ് സഹായിച്ചത്. അവര്‍ വെള്ളവും ഭക്ഷണവും ജാക്കറ്റും തന്നു. അവിടെയുള്ള ഹോട്ടലില്‍ എത്തിച്ചു. അവിടെ രണ്ടു ദിവസം ഉണ്ടായിരുന്നു. തുടര്‍ന്ന് വിമാനത്തില്‍ ഡല്‍ഹിയിലും കൊച്ചിയിലുമെത്തുകയായിരുന്നുവെന്നും അഖില പറഞ്ഞു.

യുദ്ധം തുടങ്ങുമെന്ന് സൂചന കിട്ടിയപ്പോള്‍ തന്നെ നാട്ടിലേക്കു ടിക്കറ്റ് എടുത്തിരുന്നതായി കൊട്ടാരക്കര സ്വദേശി അലന്‍ ജേക്കബ് പറഞ്ഞു. ബുക്കോവിയന്‍ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് അലന്‍.

”രക്ഷാദൗത്യത്തിന്റെ ഭാഗമായി യുക്രൈന്‍ വിടാന്‍ തയാറായി ഇരിക്കണമെന്ന് ഫെബ്രുവരി 25നു രാവിലെ തന്നെ നിര്‍ദേശം കിട്ടിയിരുന്നു. രാത്രിയില്‍ നല്ല പേടിയുണ്ടായിരുന്നു. ഒരോ മണിക്കൂര്‍ കഴിയുമ്പോഴും എഴുന്നേറ്റ് സൈറണ്‍ കേള്‍ക്കുന്നുണ്ടോയെന്നും നോക്കും. രാവിലെ ആയപ്പോഴാണ് കുറച്ച് സമാധാനമായത്. യൂണിവേഴ്‌സിറ്റിയില്‍നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള റൊമാനിയയുടെ അതിര്‍ത്തിയിലേക്കു ബസിലാണ് ഞങ്ങളെ കൊണ്ടുപോയത്. ഒരു മണിക്കൂര്‍ ബസില്‍ സഞ്ചരിച്ചു. ഗതാഗത തടസം കാരണം അതിര്‍ത്തിയിലേക്ക് 7-8 കിലോ മീറ്റര്‍ നടക്കേണ്ടി വന്നു. അതിര്‍ത്തിയിലെത്തിയപ്പോള്‍ 3- 4 മണിക്കൂര്‍ ബസിനായി കാത്തുനിന്നു. തുടര്‍ന്ന് ഏഴ് മണിക്കൂര്‍ ബസില്‍ സഞ്ചരിച്ച് വിമാനത്താവളത്തിലെത്തി. അവിടെനിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് വരികയായിരുന്നു,” അലന്‍ പറഞ്ഞു.

Read More: യുക്രൈന്‍ ആണവായുധ ശേഖരം ഉപേക്ഷിച്ചത് എന്തിന്? ബുഡാപെസ്റ്റ് മെമ്മോറാണ്ടം വീണ്ടും ചർച്ചയിൽ

യുദ്ധം തുടങ്ങിയപ്പോള്‍ തന്നെ നാട്ടിലേക്കു പോകാനായി ലഗേജൊക്കെ തയാറാക്കി വച്ചിരുന്നതായി എ.എല്‍ അനഘ പറഞ്ഞു. ”റൊമേനിയയുടെ അതിര്‍ത്തിയിലേക്കു ബസിലാണ് പോയതെങ്കിലും ഗതാഗത സ്തംഭനം കാരണം മൂന്നു മണിക്കൂറിലധികം ലഗേജുമായി നടക്കേണ്ടി വന്നു. അതിര്‍ത്തിക്ക് ഇപ്പുറം നാല് മണിക്കൂറോളം കാത്തുനിന്നു. പിന്നെ റൊമേനിയയില്‍നിന്നുള്ള ബസ് വന്നു. അതില്‍ കയറി അതിര്‍ത്തിയിലെത്തി. അവിടെ എംബസി ആള്‍ക്കാരുണ്ടായിരുന്നു. അതിര്‍ത്തി കഴിഞ്ഞപ്പോള്‍ പിന്നെ പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. ഡല്‍ഹിയിലെത്തി കേരള ഹൗസില്‍ താമസിക്കുകയും തുടര്‍ വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് എത്തുകയായിരുന്നു,” അനഘ പറഞ്ഞു.

Read More: Ukraine Russia War Live Updates: സപൊറീഷ്യ ആണവനിലയം റഷ്യ പിടിച്ചെടുത്തു

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Ukraine russia war malayali medical students evacuation

Best of Express