/indian-express-malayalam/media/media_files/2025/06/06/5pOLqpgiHwbnOgXU7c27.jpg)
രാജാ രഘുവംശി, സോനം രഘുവംശി
ഭോപ്പാൽ: മേഘാലയയിൽ ഹണിമൂൺ ആഘോഷിക്കാൻ പോയി കാണാതായ ദമ്പതികളിൽ ഭാര്യയെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഭർത്താവിന്റെ മൃതദേഹം ഏതാനും ദിവസം മുൻപ് കണ്ടെത്തിയിരുന്നു. ഒരു മലയിടുക്കിൽ കൊല്ലപ്പെട്ട നിലയിലായിരുന്നു രാജാ രഘുവംശിയുടെ മൃതദേഹം കണ്ടെത്തിയത്. ഭാര്യ സോനം രഘുവംശിക്കായുള്ള തിരച്ചിൽ തുടരുകയാണ്. രാജ രഘുവംശിയുടെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം കുടുംബാംഗങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
സോനത്തെ അന്വേഷിച്ചുകൊണ്ടിരുന്ന രക്ഷാപ്രവർത്തകർക്ക് കറകളുള്ള ഒരു കറുത്ത റെയിൻകോട്ട് ലഭിച്ചിട്ടുണ്ട്. ''കോട്ടിലുള്ളത് രക്തക്കറകളാണോയെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. അവ രക്തക്കറകളാണോയെന്ന് ഫോറൻസിക് വിദഗ്ധർക്ക് മാത്രമേ പറയാൻ കഴിയൂ. സോനം ധരിച്ചതാണോയെന്ന് സ്ഥിരീകരിക്കാൻ അവരുടെ ചിത്രങ്ങളുമായി താരതമ്യം ചെയ്യും," ഈസ്റ്റ് ഖാസി ഹിൽസിലെ പൊലീസ് സൂപ്രണ്ട് വിവേക് സീയം പറഞ്ഞു.
കുത്തനെയുള്ള മലയിടുക്ക് തിരച്ചിൽ നടത്തുന്ന എൻഡിആർഎഫിന് വളരെ വെല്ലുവിളി ഉയർത്തുന്നുണ്ട്. നനഞ്ഞ പ്രതലവും, കല്ലുകളിൽ വഴുക്കലുള്ളതും തിരച്ചിൽ സംഘത്തിന് ആഴത്തിലേക്ക് ഇറങ്ങി ചെല്ലാൻ ബുദ്ധിമുട്ടിലാക്കുന്നു. 200 മീറ്റർ താഴേക്ക് ഇറങ്ങാൻ ഞങ്ങൾക്ക് കഴിഞ്ഞു, പക്ഷേ ഞങ്ങൾക്ക് ഇപ്പോഴും താഴത്തെ നിലത്ത് എത്താൻ കഴിയുന്നില്ലെന്ന് എൻഡിആർഎഫിന്റെ ഒന്നാം ബറ്റാലിയനിലെ ഇൻസ്പെക്ടർ ലാൽറിങ്‌സൻ പറഞ്ഞു.
Also Read: ബെംഗളൂരു അപകടം: ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ, ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവ്
സോനത്തെ കണ്ടെത്താൻ 17 അംഗ സംഘം ദിവസങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ 300 അടി ഉയരമുള്ള മലയിടുക്കിന്റെ അവസാന 100 അടിയിലേക്ക് മോശം കാലാവസ്ഥ കാരണം എത്താൻ കഴിയില്ല. ഇടതൂർന്ന വനപ്രദേശവും കുറഞ്ഞ ദൃശ്യപരതയും നനഞ്ഞതും വഴുക്കലുള്ളതുമായ പാറക്കെട്ടുകളും ദൗത്യസംഘത്തിന്റെ പ്രവർത്തനം ദുഷ്കരമാക്കിയിട്ടുണ്ട്.
മേഘാലയയിലെ ചിറാപുഞ്ചിയിൽ മേയ് 23ന് ഹണിമൂണിനായി പോയ രാജാ രഘുവംശിയും ഭാര്യ സോനവും പിന്നീട് കാണാതാവുകയായിരുന്നു. മേയ് 11നായിരുന്നു ഇരുവരുടെയും വിവാഹം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.