/indian-express-malayalam/media/media_files/uploads/2019/01/Plug-and-Play-PUBG.jpg)
രാജ്‌കോട്ട്: ജനപ്രിയ മള്‍ട്ടിപ്ലെയര്‍ ഗെയിമായ പബ്ജി കളിച്ച പത്തു പേരെ രാജ്‌കോട്ട് പൊലീസ് അറസ്റ്റ് ചെയ്തു. നിരോധനത്തിനു ശേഷവും ഗെയിം കളിച്ചവരെയാണ് അറസ്റ്റ് ചെയ്ത്ത്. ഇതില്‍ ആറ് പേര്‍ ബിരുദ വിദ്യാര്‍ത്ഥികളാണ്. മാര്‍ച്ച് ആറിന് സ്ഥലത്ത് ഗെയിം നിരോധിച്ചതായി അറിയിപ്പ് നല്‍കിയ പൊലീസ് കമ്മീഷണര്‍ മനോജ് അഗര്‍വാള്‍ പറയുന്നത് ഇതുവരെ 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നാണ്.
'എന്നാല്‍ ഇത് ജാമ്യം ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ആളുകളെ പിടികൂടിയിണ്ടുണ്ട്. പക്ഷെ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല. കേസ് കോടതിയില്‍ പോകും. അറിയിപ്പ് നല്‍കിയിട്ടും അത് അനുസരിക്കാതിരുന്നതിന്റെ പേരില്‍ വിചാരണയുണ്ടാകും,' അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
Read More: ജീവനെടുത്ത് പബ്‌ജി; സ്‌മാർട്ഫോൺ വാങ്ങി നല്‍കാത്തതിന് പതിനെട്ടുകാരന്‍ ജീവനൊടുക്കി
ബുധനാഴ്ച പൊലീസ് ആസ്ഥാനത്തിനടുത്തു നിന്നും രാജ്‌കോട്ട് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു.
'മൂന്നു പേരെ ഞങ്ങളുടെ സംഘം കൈയ്യോടെ പിടിച്ചു. പബ്ജി കളിക്കുന്നത് കണ്ടു പിടിച്ചപ്പോളാണ് അവരെ കസ്റ്റഡിയില്‍ എടുത്തത്. അവര്‍ക്കെതിരെ രണ്ടു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്,' എസ്ഒജി പൊലീസ് ഇന്‍സ്‌പെക്ടര്‍ രോഹിത്ത് റാവല്‍ പറഞ്ഞു.
Read More: ഇന്ത്യയില്‍ പബ്ജി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് 11 വയസുകാരന്‍ കോടതിയില്‍
അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.
'ഈ ഗെയിം വളരെയധികം അഡിക്ടീവ് ആണ്. ഞങ്ങള്‍ സമീപിച്ചതു പോലും അറഇയാതെ അവര്‍ കളിയില്‍ മുഴുകിയിരിക്കുകയായിരുന്നു,'റാവല്‍ പറയുന്നു.
അറസ്റ്റു ചെയ്യപ്പെട്ട മൂന്നു പേരില്‍ ഒരാള്‍ നഗരത്തിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയും മറ്റൊരാള്‍ താത്കാലിക തൊഴിലാളിയും മൂന്നാമത്തെ ആള്‍ തൊഴില്‍ അന്വേഷിക്കുന്ന ഒരു ബിരുദധാരിയുമാണ്. അവരെ ജാമ്യത്തില്‍ വിട്ടയയ്ക്കുകയാണെന്നും റാവല്‍ പറഞ്ഞു.
Read More: മോദി പറഞ്ഞ 'പബ്‌ജി', യുവ ഇന്ത്യയുടെ പുതിയ ലഹരി
ചൊവ്വാഴ്ചയാണ് ആറ് ബിരുദ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത്. അതിന്റെ തൊട്ടടുത്ത ദിവസം മറ്റു മൂന്നു പേരെയും അറസ്റ്റ് ചെയ്തു. ഒരു ചായക്കടയില്‍ ഇരുന്നു കളിക്കുമ്പോഴായിരുന്നു വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
ചെറിയ കാലയളവില്‍ തന്നെ പബ്ജി യുവാക്കളുടെ ശ്രദ്ധയാകര്‍ഷിച്ചെങ്കിലും വലിയ വിമര്‍ശനം ഗെയിമിനെതിരെ ഉയര്‍ന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പബ്ജിക്കെതിരെ രംഗത്തെത്തിയിരുന്നു. പബ്ജി നിരോധിക്കണം എന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
ഗുജറാത്തിലെ സൂറത്തിലാണ് ആദ്യമായി പബ്ജി നിരോധിച്ചത്. ഗെയിം കുട്ടികളുടെ പഠന മികവിനെ ബാധിക്കുന്നു എന്നാണ് ജില്ല ഭരണകൂടം ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. ഇന്ത്യ മുഴുവന്‍ ഈ ഗെയിം നിരോധിക്കാന്‍ ദേശീയ ബാലാവകാശ കമ്മീഷനോട് ആവശ്യപ്പെട്ടതായി ഗുജറാത്ത് ബാലാവകാശ കമ്മീഷനും പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.