ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന ‘പരീക്ഷ പേ ചർച്ച 2.0’ (പരീക്ഷയെക്കുറിച്ചുള്ള ചർച്ച) എന്ന പരിപാടിയിൽ തന്റെ മകൻ ഓൺലൈൻ ഗെയ്‌മകൾക്കു ‘അഡിക്ടഡ്’ ആണെന്നും പഠനത്തിൽ ശ്രദ്ധിക്കുന്നില്ലായെന്നും ഉത്ഖണ്ഠയോടു കൂടി ഒരമ്മ പരാതിപ്പെടുകയുണ്ടായി. സദസ്സിൽ ഇരിക്കുന്നവരെ ഞെട്ടിച്ചു കൊണ്ട് പ്രധാനമന്ത്രിയുടെ മറുപടി ഇതായിരുന്നു, “പബ്‌ജി വാല ഹേ ക്യാ?” (പബ്‌ജിക്കാരനാണോ മകന്‍?) പ്രധാനമന്ത്രി പരാമർശിച്ച പബ്‌ജി ഗെയിം എന്താണ്?

അടുത്ത കാലത്തായി ഇന്ത്യയിൽ ഏറ്റവുമധികം പ്രചാരമാര്‍ജ്ജിച്ച ‘പ്ലയെർസ് അൺനോൺ ബാറ്റിൽഗ്രൗണ്ട്’ (PlayerUnknown’s Battlegrounds) – അഥവാ പബ്‌ജി (PUBG) ഒരു ഓൺലൈൻ ‘മൾട്ടിപ്ലെയർ’ (ഒന്നിലേറെ കളിക്കാര്‍ ഉള്ള) റോയൽ ഗെയിമാണ്. വിദ്യാർത്ഥികളില്‍ ഗെയിമിന്റെ അമിതമായ ഉപയോഗം കണക്കിലെടുത്ത് സ്കൂളുകളിൽ ഓൺലൈൻ ഗെയിമുകളുടെ ദൂഷ്യവശങ്ങളെക്കുറിച്ചു ബോധവത്കരിക്കാനും, ഗെയിം ബാൻ ചെയ്യാനുള്ള കേന്ദ്ര അനുമതി തേടാനും ഉള്ള നടപടികള്‍ ഗുജറാത്ത് സര്‍ക്കാര്‍ കൈകൊണ്ടു വരികയാണ്. ജമ്മു കശ്മീരിലെ രാഷ്ട്രീയ പ്രവർത്തകരും വിദ്യാർത്ഥി സംഘടനകളും ഇതേ ആവശ്യം ഉന്നയിച്ചു മുന്നോട്ട് വന്നിട്ടുണ്ട്.

 

ഒരു പബ്‌ജി ഗെയിമിൽ നൂറു പോരാളികൾ അവരുടെ ഇഷ്ടപ്രകാരമുള്ള ഒരു യുദ്ധഭൂമിയിലേക്ക്’ ഇറങ്ങുകയും, അവിടെ പ്രതിരോധങ്ങളെ അതിജീവിക്കാനുള്ള കോപ്പുകളും യുദ്ധോപകരണങ്ങളും ശേഖരിക്കുകയും ചെയുന്നു. പല മാപ്പുകളും സ്റ്റേജുകളുമുള്ള ഈ ഗെയിമിൽ, സ്വയമൊരു ‘സേഫ് സർക്കിളിൽ’ ജീവനോടെ നിന്നു കൊണ്ട് ബാക്കിയുള്ള പോരാളികളെ കൊല്ലുക എന്നതാണ് ലക്ഷ്യം. ഏറ്റവും അവസാനം വരെ നിലനിൽക്കുന്ന പ്ലെയറിനു പ്രതീകാത്മകമായ ഒരു ‘ചിക്കൻ ഡിന്നർ’ സമ്മാനമായി ലഭിക്കുന്നു.

2018 ലെ ഗൂഗിൾ പ്ലേയുടെ മികച്ച ആപ്പ് (ആൻഡ്രോയിഡ്) എന്ന നിലക്കു തിരഞ്ഞെടുക്കപ്പെട്ടത് പബ്‌ജി മൊബൈൽ ഗെയിമാണ്. ഇതേ ഘടനയിൽത്തന്നെ 2017 ൽ പുറത്തിറങ്ങിയ ‘ഫോർട്ട് നൈറ്റാണ്’ പബ്‌ജിയുടെ പ്രധാന എതിരാളി.

ഇന്ത്യയുടെ ‘ഇ-സ്പോർട്ട്’ സർക്യൂട്ടുകളിൽ പബ്‌ജി ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ഒരു കോടി രൂപ വരെ പാരിതോഷികം നൽകാൻ തയ്യാറായി നില്‍ക്കുന്ന സ്പോൺസർമാർ പബ്‌ജി ‘ഇ-സ്പോർട്ട്’ ടൂർണമെന്റുകൾക്കുണ്ട്.

ഗെയിമിന്റെ ഉടമസ്ഥരായ ചൈനയിലെ ‘ടെൻസെന്റ് ഹോൾഡിങ്’ എന്ന കമ്പനിക്ക് ഇരുന്നൂറു കോടി ഓൺലൈൻ ഉപയോക്താക്കൾ ദിവസേന ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. മൊബൈലിലും, കംപ്യൂട്ടറിലും പുറമെ എക്സ് ബോക്സ് പോലെയുള്ള ഗെയിമിങ് കൺസോളുകളിലും പബ്ജി ലഭ്യമാണ്.

ഇന്ത്യയിലെ വ്യാപകമായ സ്മാർട്ഫോൺ ഉപയോഗം കാരണമാവണം, പബ്‌ജിയുടെ മൊബൈല്‍ പതിപ്പിന് ഇവിടെ ഉപയോക്താക്കള്‍ കൂടുന്നത്. എന്നാല്‍ രാജ്യം തിരിച്ചുള്ള ഉപയോക്താക്കളുടെ വിവരങ്ങൾ ഔദ്യോഗികമായി കമ്പനി പുറത്തു വിടാത്തതിനാൽ ഇന്ത്യയിൽ എത്രമാത്രം ആളുകൾ പബ്‌ജി ഉപയോഗിക്കുന്നു എന്നത് വ്യക്തമല്ല. പബ്‌ജി പോലുള്ള ഗെയിമുകളുടെ ജനപ്രീതി കൂടാനുള്ള മറ്റൊരു കാരണം തുച്ഛമായ ‘ഡാറ്റ പാക്കു’കളുടെ ലഭ്യതയാണ്. ഒരു ആൻഡ്രോയിഡ്‌ ഫോണില്‍ പബ്ജി ഗെയിം എടുക്കുന്ന സ്പേസും വലുതാണ്. ഏകദേശം 1.6 ജിബി ഡാറ്റ സ്പേസ് ആണ് പബ്‌ജി ഗെയിമിനു ആവശ്യമായി വരുന്നത്.

Read in English Logo Indian Express

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook