മുംബൈ: ജനപ്രിയ മൊബൈല്‍ ഗെയിമായ പബ്ജി നിരോധിക്കണമെന്നാവശ്യപ്പെട്ട് പതിനൊന്ന് വയസുകാരന്‍റെ ഹര്‍ജി. അഹ്ദ് നിസാം എന്ന വിദ്യാർഥിയാണ് മുംബൈ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയത്.
പബ്ജി ഗെയിം അക്രമം, കൈയേറ്റം, സൈബര്‍ ഭീഷണി തുടങ്ങിയവയെ പ്രോല്‍സാഹിപ്പിക്കുന്നു എന്നാരോപിച്ചാണ് അഹദ് നിസാം എന്ന ബാലന്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഗെയിം നിരോധിക്കാന്‍ കോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ജമ്മു കശ്മീരില്‍ നിന്നുളള ഒരു വിദ്യാര്‍ത്ഥി യൂണിയനും ദേശീയ ബാലാവകാശ കമ്മീഷനും ഗെയിം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
അക്രമവുമായി ബന്ധപ്പെട്ട ഇത്തരം ഓണ്‍ലൈന്‍ കണ്ടന്റുകള്‍ നിയന്ത്രിക്കുന്നതിന് ഓണ്‍ലൈന്‍ എത്തിക്ക്‌സ് റിവ്യൂ കമ്മിറ്റി രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് എന്‍ എച്ച് പാട്ടീല്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഹരജി പരിഗണിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. രണ്ടോ അതിലധികമോ പേര്‍ ഓണ്‍ലൈനില്‍ യുദ്ധക്കളത്തിന്റെ അന്തരീക്ഷത്തില്‍ കളിക്കുന്ന ഗെയിമാണ് പ്ലയര്‍അണ്‍നോണ്‍ ബാറ്റില്‍ഗ്രൗണ്ട്‌സ് എന്ന പബ്ജി.
കഴിഞ്ഞ മാസം ഈ ഗെയിം ബോംബെ ഹൈക്കോടതി നിരോധിച്ചെന്ന് കാണിച്ച് വ്യാജ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. ഗെയിമിന് അടിമകളായി കുട്ടികള്‍ പരീക്ഷയില്‍ തോല്‍ക്കുന്നെന്ന് പറഞ്ഞായിരുന്നു ജമ്മു കശ്മീര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ രംഗത്തെത്തിയത്. ഇവര്‍ ഗവര്‍ണര്‍ സത്യപാല്‍ നായിക്കിന് ഗെയിം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷയും നല്‍കിയിരുന്നു.