/indian-express-malayalam/media/media_files/dZYBzZO9hccZmBjjH9UR.jpg)
രണ്ടാം തവണയും അമേഠിയിൽ പരാജയപ്പെടാൻ രാഹുൽ ആഗ്രഹിക്കുന്നില്ല എന്നത് വ്യക്തമാണ്
ന്യൂഡൽഹി: റായ്ബറേലിയിൽനിന്നും ആര് മത്സരിക്കുമെന്ന സസ്‌പെൻസുകൾ അവസാനമായിട്ടുണ്ട്. അത് രാഹുൽ ഗാന്ധിയാണ്, പ്രിയങ്ക ഗാന്ധി വാധ്‌ര അല്ല. 2004 മുതൽ അഞ്ചു തവണ സോണിയ ഗാന്ധി പ്രതിനിധാനം ചെയ്ത സീറ്റാണിത്. അമേഠിയിൽ കിഷോരി ലാൽ ശർമ്മയാണ് ബിജെപിയുടെ സ്മൃതി ഇറാനിയെ നേരിടുക.
രണ്ടാം തവണയും അമേഠിയിൽ പരാജയപ്പെടാൻ രാഹുൽ ആഗ്രഹിക്കുന്നില്ല എന്നത് വ്യക്തമാണ്. അമേഠിയിൽ ഇറാനിയുമായുള്ള മത്സരം പാർട്ടിക്ക് കടുപ്പമേറിയതാണ്. രാജ്യത്തുടനീളം പ്രചാരണം നടത്തേണ്ടിവരുമെന്നതിനാലാണ് പ്രിയങ്ക മത്സരിക്കേണ്ടെന്ന് പാർട്ടിയിൽ വാദം ഉയർന്നത്. റായ്ബറേലിയിലും വയനാട്ടിലും വിജയിച്ചാൽ രാഹുൽ സ്ഥാനം ഒഴിയാൻ തീരുമാനിക്കുന്ന മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്കയെ മത്സരിപ്പിച്ച് ചിലപ്പോൾ ലോക്‌സഭയിലേക്ക് കൊണ്ടുവന്നേക്കും.
2019-ൽ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയ പ്രിയങ്കയ്ക്ക് 52 വയസ്സായി. രാഹുൽ അഞ്ചാമത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയാണ്. 2024-ൽ പോലും പ്രിയങ്ക തെരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കുന്നില്ല എന്നത് ആശ്ചര്യകരമാണ്. 2004 ലും പാർലമെന്റിലേക്ക് രാഹുലോ, പ്രിയങ്കയോ ഇവരിൽ ആര് മത്സരിക്കണോയെന്ന ആശയക്കുഴപ്പം നിലനിന്നിരുന്നു. ഒടുവിൽ രാഹുൽ മത്സരിക്കട്ടെയെന്ന് ഗാന്ധി കുടുംബം തീരുമാനിക്കുകയായിരുന്നു. ആ സമയത്ത് പ്രിയങ്കയുടെ മക്കൾ ചെറുതായിരുന്നു, അതിനാൽതന്നെ രാഷ്ട്രീയത്തിലേക്ക് മുഴുവൻ സമയം ഇറങ്ങാൻ അവർക്ക് കഴിയുമായിരുന്നില്ലെന്നാണ് അന്ന് കാരണമായി പറഞ്ഞത്.
തന്റെ മുത്തശ്ശി ഇന്ദിര ഗാന്ധിയെ ഓർമ്മിപ്പിക്കുന്നുവെന്ന് പറഞ്ഞ് കോൺഗ്രസിലെ പലരും പ്രിയങ്ക മത്സരരംഗത്തേക്ക് വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ 2019 വരെ അവർ അമേഠിയിലും റായ്ബറേലിയിലും തന്റെ സഹോദരനും അമ്മയ്ക്കും വേണ്ടി ഒതുങ്ങി. എൺപതുകളിൽ രാജീവ് ഗാന്ധിയുമായി പിണങ്ങിപ്പോയ അരുൺ നെഹ്‌റു - 1999-ൽ ബിജെപി ടിക്കറ്റിൽ റായ്ബറേലിയിൽ നിന്ന് മത്സരിച്ചപ്പോൾ പ്രിയങ്ക കളത്തിലിറങ്ങി. “എന്റെ പിതാവിനെ വഞ്ചിച്ച ഒരാളെ നിങ്ങൾ പിന്തുണയ്ക്കാൻ പോകുകയാണോ?'' എന്ന പ്രിയങ്കയുടെ ചോദ്യം കോൺഗ്രസ് സ്ഥാനാർത്ഥി ക്യാപ്റ്റൻ സതീഷ് ശർമ്മയുടെ വിജയത്തിനു വഴി തെളിച്ചു. പ്രിയങ്കയെ തന്റെ രാഷ്ട്രീയ പിൻഗാമിയായി കാണുന്നുവെന്ന് മരിക്കുന്നതിന് തൊട്ടുമുമ്പ് ഇന്ദിരാഗാന്ധി ഒരിക്കൽ പറഞ്ഞിരുന്നുവെന്ന് ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ സഹായിയായ എം.എൽ.ഫോട്ടേദാർ പറയുന്നു.
ഇത്തവണ തിരഞ്ഞെടുപ്പ് റാലികളിൽ പ്രിയങ്ക സജീവമായി പങ്കെടുക്കുന്നുണ്ട്. റായ്ബറേലിയിൽനിന്നും പ്രിയങ്ക മത്സരിച്ച് വിജയിച്ചിരുന്നുവെങ്കിൽ കോൺഗ്രസ് പാർട്ടിയിൽ നേതൃപരമായ റോളിൽ അവരെ കൊണ്ടുവരുമായിരുന്നു. എന്നാൽ, വരും മാസങ്ങളിലും വർഷങ്ങളിലും ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ നയിക്കുന്നത് രാഹുൽ ഗാന്ധിയാണെന്നാണ് പാർട്ടിയുടെ തീരുമാനം.
അമേഠിയിൽ പരാജയം ഏറ്റുവാങ്ങാൻ രാഹുലിന് താൽപ്പര്യമില്ലെന്ന് മനസ്സിലാക്കാം, എന്നാൽ റായ്ബറേലിയിൽ നിന്ന് മത്സരിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം ചില പ്രശ്നങ്ങൾ ഉയർത്തുന്നുണ്ട്. രണ്ട് മണ്ഡലങ്ങളിലും വിജയിച്ചാൽ വയനാട് ആണോ റായ്ബറേലിയാണോ തിരഞ്ഞെടുക്കുകയെന്നത് അത്ര എളുപ്പമാകില്ല.
1980ൽ ഇന്ദിരാഗാന്ധി റായ്ബറേലിയിൽ നിന്നും മേദക്കിൽ നിന്നും, 2014 ൽ നരേന്ദ്ര മോദി വഡോദരയിൽ നിന്നും വാരാണസിയിൽ നിന്നും മത്സരിച്ചപ്പോൾ, അവരുടെ തീരുമാനം രണ്ട് മണ്ഡലങ്ങളിലെയും ജനങ്ങൾക്ക് അറിയാമായിരുന്നു. എന്നാൽ വയനാട്ടിൽ വോട്ടെടുപ്പ് അവസാനിച്ചശേഷമാണ് റായ്ബറേലിയിൽ മത്സരിക്കാനുള്ള തീരുമാനം രാഹുൽ പ്രഖ്യാപിച്ചത്. രാഹുൽ വയനാടിന് മുൻഗണന നൽകുമോ എന്ന് റായ്ബറേലിയിലെ വോട്ടർമാർ ചിന്തിക്കുമോ?.
വയനാടിനെ വിട്ടുകൊടുക്കുന്നത് വടക്കൻ-തെക്ക് ചില പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടായേക്കാം. അമേഠിയിൽനിന്നും സുരക്ഷിതമായ റായ്ബറേലിയിലേക്ക് മാറിയത് അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനോടകം തന്നെ ഇതിനെ ചൊല്ലി രാഹുലിനെ ആക്രമണം കടുപ്പിച്ചിട്ടുണ്ട്.
അമേഠിയും റായ്ബറേലിയും കേവലം രണ്ട് ലോക്‌സഭാ മണ്ഡലങ്ങളല്ല എന്നതിൽ സംശയമില്ല. യുപിയിൽ കോൺഗ്രസിന്റെ പുനഃപ്രവേശനത്തിന്റെയും പുനരുജ്ജീവനത്തിന്റെയും കവാടമായാണ് അവ കാണുന്നത്. അവയിലെ ഫലം പാർട്ടിക്ക് ഏറെ നിർണായകമായിരിക്കും.
(ദി ഇന്ത്യൻ എക്‌സ്‌പ്രസിൻ്റെ കോൺട്രിബ്യൂട്ടിങ് എഡിറ്റർ നീർജ ചൗധരി കഴിഞ്ഞ 10 ലോക്‌സഭാ തിരഞ്ഞെടുപ്പുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.)
Read More
- പൂഞ്ചിൽ സൈനിക വാഹനവ്യൂഹത്തിനുനേരെ ഭീകരാക്രമണം; ഒരു വ്യോമസേനാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു, 4 പേർക്ക് പരുക്ക്
- ലൈംഗികാതിക്രമം: എച്ച്.ഡി. രേവണ്ണ പൊലീസ് കസ്റ്റഡിയില്; പ്രജ്വലിനെതിരെ ബ്ലൂ കോര്ണര് നോട്ടീസ് പുറപ്പെടുവിക്കും
- 'ക്ഷേമപദ്ധതികളെല്ലാം ജീവിതാനുഭവങ്ങളിൽ നിന്നുള്ളത്'; താൻ ദാരിദ്ര്യത്തിൽ ജീവിച്ചവനെന്ന് നരേന്ദ്ര മോദി
- 'പണമില്ലെങ്കിൽ മത്സരിക്കാനുമില്ല'; മത്സര രംഗത്ത് നിന്നും പിന്മാറി കോൺഗ്രസ് സ്ഥാനാർത്ഥി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.