/indian-express-malayalam/media/media_files/2025/08/20/loksabha-2025-08-20-16-09-39.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
ഡൽഹി: അഞ്ചു വർഷമോ അതിൽ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി 30 ദിവസം ജയിലിൽ കഴിയേണ്ടിവരുന്ന മന്ത്രിമാർക്ക് പദവി നഷ്ടപ്പെടുന്ന ഭരണഘടന ഭേദഗതി ബിൽ അവതരിപ്പിച്ചതിനെച്ചൊല്ലി ലോക്‌സഭയിൽ ബഹളം. നാടകീയ രംഗങ്ങളാണ് ലോക്സഭയിൽ അരങ്ങേറിയത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബിൽ അവതരിപ്പിക്കുന്നതിനിടെ, ബിജെപി, തൃണമൂൽ കോൺഗ്രസ് എംപിമാർ തമ്മിൽ സഭയിൽ കയ്യാങ്കളിയുടെ വക്കിലെത്തി. ബിൽ അവതരണത്തിനിടെ തൃണമൂൽ കോൺഗ്രസ് എംപിമാർ മുദ്രാവാക്യം വിളികളുമായി സഭയുടെ നടുത്തളത്തിലിറങ്ങി. ഇതിനിടെ സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് ഏറ്റുമുട്ടൽ കേസിൽ അമിത് ഷായുടെ അറസ്റ്റ് കോൺഗ്രസ് എംപി കെ.സി വേണുഗോപാൽ ഉന്നയിച്ചതോടെ ബഹളം രൂക്ഷമായി.
തൂടർന്ന്, അമിത് ഷായ്ക്കു നേരെ ബില്ല് വലിച്ചികീറി എറിഞ്ഞ് പ്രതിപക്ഷം പ്രതിഷേധിച്ചു. ബഹളത്തെ തുടര്‍ന്ന് സഭ 3 മണി വരെ നിര്‍ത്തിവയ്ക്കുകയും പിന്നീട്, ശബ്ദവോട്ടിലൂടെ ബിൽ പാസാക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് സഭ വൈകുന്നേരം 5 മണി വരെ നിർത്തിവച്ചു. അമിത് ഷാ അവതരിപ്പിച്ച 3 ബില്ലുകളും പാർലമെന്റിന്റെ സംയുക്ത സമിതിക്ക് വിടാനുള്ള പ്രമേയം പാസാക്കി.
പ്രതിപക്ഷ സർക്കാരുകളെ അട്ടിമറിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് ബില്ലെന്നാണ് ഇന്ത്യാ സഖ്യത്തിന്റെ വിമർശനം. സർക്കാരിനെ തിരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അവകാശത്തെ ദുർബലപ്പെടുത്തുന്ന ബില്ലാണിതെന്ന് എഐഎംഐഎം എംപി അസദുദ്ദീൻ ഒവൈസി പറഞ്ഞു. ദുർബലമായ ആരോപണങ്ങളുടെയും സംശയങ്ങളുടെയും അടിസ്ഥാനത്തിൽ ജഡ്ജിയായും ആരാച്ചാരായും പ്രവർത്തിക്കാൻ എക്സിക്യൂട്ടീവ് ഏജൻസികൾക്ക് സ്വതന്ത്രം നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു.
Also Read: ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കുനേരെ ആക്രമണം; ഗുജറാത്ത് സ്വദേശി അറസ്റ്റിൽ
ഭരണഘടനയുടെ അടിസ്ഥാന ഘടനയെ പൂർണ്ണമായും തകർക്കുന്നതാണ് ബില്ലെന്ന് കോൺഗ്രസ് എംപി മനീഷ് തിവാരി പറഞ്ഞു. നിലവിലെ എല്ലാ ഭരണഘടനാ സംരക്ഷണങ്ങളും ഇതിലൂടെ കാറ്റിൽ പറത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Read More: 30 ദിവസം കസ്റ്റഡിയിൽ കിടന്നാൽ മന്ത്രിമാർക്ക് സ്ഥാനം നഷ്ടമാകും; നിർണായക ഭരണഘടന ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.