scorecardresearch

ബിബിസി ഡോക്യുമെന്ററി: ഐടി നിയമങ്ങളുടെ അടിയന്തര അധികാരങ്ങള്‍ കേന്ദ്രം പ്രയോഗിച്ചത് എങ്ങനെ?

പാകിസ്ഥാന്‍ ഒടിടി ആപ്പിന്റെയും ഏതാനും യൂട്യൂബ് വീഡിയോകളുടെയും സംപ്രേഷണം ഇത്തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ തടഞ്ഞിരുന്നു

പാകിസ്ഥാന്‍ ഒടിടി ആപ്പിന്റെയും ഏതാനും യൂട്യൂബ് വീഡിയോകളുടെയും സംപ്രേഷണം ഇത്തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ തടഞ്ഞിരുന്നു

author-image
WebDesk
New Update
Narendra Modi, BBC documentary pm modi, bbc documentary gujarat riots 2002, bbc documentary PM Modi ban

'ദേശീയ സുരക്ഷയ്ക്ക് ഹാനികരമായ' ഉള്ളടക്കം അടങ്ങിയതെന്ന് ആരോപിച്ച് പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഒടിടി പ്ലാറ്റ്‌ഫോമിന്റെ സംപ്രേക്ഷണം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഡിസംബറില്‍ തടഞ്ഞിരുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി) നിയമം 2021 പ്രകാരമുള്ള അടിയന്തര അധികാരങ്ങള്‍ ഉപയോഗിച്ച്, വെബ്സൈറ്റ്, രണ്ടു മൊബൈല്‍ ആപ്ലിക്കേഷനുകള്‍, നാല് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, വിഡ്ലി ടിവിയുടെ ഒരു സ്മാര്‍ട്ട് ടിവി ആപ്പ് എന്നിവ ബ്ലോക്ക് ചെയ്യാന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്‌കാസ്റ്റിങ് മന്ത്രാലയം ഡിസംബര്‍ 12-നു നിര്‍ദേശം നല്‍കുകയായിരുന്നു.

Advertisment

'ഇന്ത്യ: മോദി ക്വസ്റ്റിയന്‍' എന്ന ബിബിസി ഡോക്യുമെന്ററി പങ്കിടുന്ന ലിങ്കുകള്‍ നീക്കം ചെയ്യാന്‍ യൂട്യൂബിനും ട്വിറ്ററിനും സര്‍ക്കാര്‍ ശനിയാഴ്ച നിര്‍ദേശം നല്‍കി. യൂട്യൂബും ട്വിറ്ററും നിര്‍ദേശം അനുസരിച്ചു. ഇത് ഒരു രാഷ്ട്രീയക്കൊടുങ്കാറ്റ് തന്നെ സൃഷ്ടിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) എം പി ഡെറക് ഒ ബ്രയാനാണു വിഷയം പൊതുജനശ്രദ്ധയില്‍ ആദ്യമെത്തിച്ചത്.

ഡോക്യുമെന്ററിയുടെ ലിങ്ക് അടങ്ങിയ ട്വീറ്റ് സര്‍ക്കാര്‍ ഉത്തരവനുസരിച്ച് ട്വിറ്റര്‍ നീക്കം ചെയ്തതായി അദ്ദേഹം ശനിയാഴ്ചയാണ് ആരോപിച്ചത്. സംഭവത്തെ സെന്‍സര്‍ഷിപ്പ് എന്നാണ് ഒബ്രയാന്‍ വിശേഷിപ്പിച്ചത്. വിഷയം കോണ്‍ഗ്രസും ഏറ്റെടുത്തു.

''തന്നെക്കുറിച്ചുള്ള പുതിയ ബിബിസി ഡോക്യുമെന്ററി അപകീര്‍ത്തികരമാണെന്നു പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ സ്തുതിപാഠകരും ഉറപ്പിച്ചുപറയുന്നു. സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നു. പിന്നെ എന്തിനാണ് 2002-ല്‍ പ്രധാനമന്ത്രി (അടല്‍ ബിഹാരി) വാജ്പേയി പുറത്തുപോകാന്‍ ആഗ്രഹിച്ചത്, (എല്‍ കെ) അദ്വാനിയുടെ രാജി ഭീഷണിയ്ക്കു വഴങ്ങരുതെന്നു സമ്മര്‍ദം ചെലുത്തുക മാത്രമായിരുന്നോ? എന്തിനാണ് വാജ്പേയി തന്റെ രാജധര്‍മത്തെക്കുറിച്ച് അദ്ദേഹത്തെ ഓര്‍മിപ്പിച്ചത്?,''കോണ്‍ഗ്രസിന്റെ കമ്യൂണിക്കേഷന്‍സ് ചുമതലയുള്ള ജയറാം രമേശ് ട്വീറ്റ് ചെയ്തു.

Advertisment

എന്നാല്‍, ഡോക്യുമെന്ററിയെ പിന്തുണച്ചതിനു പ്രതിപക്ഷത്തെ കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു വിമര്‍ശിച്ചു. ഇന്ത്യയിലെ ചില ആളുകള്‍ ബി ബി സിയെ 'സുപ്രീം കോടതിക്ക് മുകളിലാണ്' പരിഗണിക്കുന്നുതെന്ന് അദ്ദേഹം പരിഹസിച്ചു.

''ഇന്ത്യയിലെ ചിലര്‍ കൊളോണിയല്‍ ലഹരിയില്‍നിന്നു മുക്തരായിട്ടില്ല. അവര്‍ ബിബിസിയെ ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിനു മുകളില്‍ പരിഗണിക്കുകയും രാജ്യത്തിന്റെ അന്തസ്സും പ്രതിച്ഛായയും തങ്ങളുടെ ധാര്‍മിക യജമാനന്മാരെ പ്രീതിപ്പെടുത്താന്‍ ഏതറ്റം വരെയും ഇടിച്ചുതാഴ്ത്തുകയും ചെയ്യുന്നു. ഇന്ത്യയുടെ ശക്തിയെ ദുര്‍ബലപ്പെടുത്തുകയെന്ന ലക്ഷ്യം മാത്രമുള്ള ഈ തുക്ഡെ തുക്ഡെ സംഘാംഗങ്ങളില്‍നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കാനില്ല,''അദ്ദേഹം ഞായറാഴ്ച ട്വീറ്റ് ചെയ്തു,

'ഇന്ത്യയുടെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും ദോഷകരം' എന്നു കരുതുന്ന ഉള്ളടക്കം തടയാന്‍ വിവര, പ്രക്ഷേണ മന്ത്രാലയം ഈ അടിയന്തര അധികാരങ്ങള്‍ പല അവസരങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്. 2021 ഫെബ്രുവരി 25-നു വിജ്ഞാപനം ചെയ്ത ഐടി നിയമങ്ങളുടെ ചട്ടം 16ലാണ് 'അടിയന്തര സാഹചര്യത്തില്‍ വിവരങ്ങള്‍ തടയുന്നത്' സംബന്ധിച്ച സര്‍ക്കാരിന്റെ അധികാരത്തെക്കുറിച്ച് പറയുന്നത്. ദേശീയസുരക്ഷയും പൊതുക്രമവും ഉള്‍പ്പെടെ ചില നിര്‍ദ്ദിഷ്ട കാരണങ്ങളാല്‍ അത്തരം ഉത്തരവുകള്‍ സര്‍ക്കാരിനു പുറപ്പെടുവിക്കാവുന്നതാണ്.

'സേവക്: ദി കണ്‍ഫെഷന്‍സ്' എന്ന വെബ് സീരീസ് പ്രക്ഷേപണം ചെയ്തതിനു പിന്നാലെയാണു വിഡ്ലി ടിവി കേന്ദ്ര സര്‍ക്കാരിന്റെ നിരീക്ഷണത്തില്‍ വന്നത്. പാകിസ്ഥാന്‍ ഇന്‍ഫര്‍മേഷന്‍ ഓപ്പറേഷന്‍സ് ഉപകരണങ്ങളാണു സീരീസ് സ്പോണ്‍സര്‍ ചെയ്തതെന്നാണു കേന്ദ്രസര്‍ക്കാര്‍ സംശയിക്കുന്നത്. 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷികമായ നവംബര്‍ 26നാണു വെബ് സീരീസിന്റെ ആദ്യ എപ്പിസോഡ് സംപ്രേക്ഷണം ചെയ്തത്.

ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍, ബാബറി മസ്ജിദ് തകര്‍ക്കല്‍, ക്രിസ്ത്യന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിന്റെ കൊലപാതകം, മലേഗാവ് സ്ഫോടനം, സംഝോത എക്‌സ്പ്രസ് സ്‌ഫോടനം, അന്തര്‍സംസ്ഥാന നദീജല തര്‍ക്കങ്ങള്‍ തുടങ്ങിയ വൈകാരികമായ ചരിത്രസംഭവങ്ങളും ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളും സംബന്ധിച്ച് ഇന്ത്യാ വിരുദ്ധ വിവരണം ചിത്രീകരിച്ചതാണു വെബ് സീരീസെന്നാണു മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറയുന്നത്.

10 ചാനലുകളില്‍നിന്ന് 45 വീഡിയോകള്‍ നീക്കം ചെയ്യാന്‍ യൂട്യൂബിനോട് 2022 സെപ്റ്റംബറില്‍ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. 'മത സമൂഹങ്ങള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള വ്യാജ വാര്‍ത്തകളും മോര്‍ഫ് ചെയ്ത വീഡിയോകളും' ഉള്‍പ്പെടുന്നുവെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

ഇതു തുടര്‍ച്ചയായ പ്രക്രിയയാണെന്നും ഇത്തരം സൈറ്റുകള്‍ക്കും ചാനലുകള്‍ക്കുമെതിരെ ഭാവിയിലും നടപടി തുടരുമെന്നും വിവര, പ്രക്ഷേപണ മന്ത്രി അനുരാഗ് സിങ് താക്കൂര്‍ പറഞ്ഞു.

വിജ്ഞാപനം വന്നതുമുതല്‍ ഐടി നിയമങ്ങള്‍ വിവാദങ്ങളുടെ വഴിയേയായിരുന്നു. സോഷ്യല്‍ മീഡിയയെയും ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്ഫോമുകളെയും നിയന്ത്രിക്കുന്നതിനു കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ട സംവിധാനം രൂപീകരിക്കാനുദ്ദേശിച്ചുള്ള പ്രധാന വ്യവസ്ഥ നടപ്പാക്കുന്നതു മദ്രാസ് ഹൈക്കോടതി 2021 സെപ്റ്റംബറില്‍ സ്റ്റേ ചെയ്തിരുന്നു.

''മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ മാധ്യമങ്ങളുടെ സ്വാതന്ത്ര്യം കവര്‍ന്നെടുത്തേക്കാമെന്നും ജനാധിപത്യത്തിന്റെ നാലാം തൂണ്‍ തകരുമെന്നുമുള്ള ഹര്‍ജിക്കാരന്റെ പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ട്,'' ഐടി ചട്ടങ്ങളിലെ ചട്ടം 9(1), 9(3) എന്നിവ നടപ്പാക്കുന്നതു സ്റ്റേ ചെയ്തുകൊണ്ട് രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചു.

ഐടി ചട്ടങ്ങളിലെ ചട്ടം ഒന്‍പത് ഒരു പരാതിപരിഹാര സംവിധാനം നിര്‍ദേശിക്കുമ്പോള്‍ ഉപവകുപ്പ് ഒന്ന് ആവട്ടെ, മാധ്യമ പ്ലാറ്റ്ഫോമുകള്‍ക്കെതിരായ പരാതികള്‍ സ്വീകരിക്കുന്നതിനു പോര്‍ട്ടല്‍ ആരംഭിക്കാന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി മന്ത്രാലയത്തിനു സാധുത നല്‍കുന്നു. പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ രസീത് ലഭിക്കുമെന്നും പരാതി ബന്ധപ്പെട്ട മീഡിയ പ്ലാറ്റ്ഫോമിന്റെയും ഐടി മന്ത്രാലയത്തിന്റെയും പരിഗണനയ്ക്കുവിടുമെന്നും ഉപവകുപ്പ് മൂന്ന് പറയുന്നു.

റൂള്‍ 9 (1), 9 (3) എന്നിവ ബോംബെ ഹൈക്കോടതി ഒരു മാസം മുമ്പ് സ്റ്റേ ചെയ്തിരുന്നു. ഇവ 'പ്രകടമായി തന്നെ യുക്തിരഹിതമാണെന്നും ഐടി നിയമത്തിനും അതിന്റെ ലക്ഷ്യങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും അതീതമാണ്' എന്നും പറഞ്ഞുകൊണ്ടായിരുന്നു ഇത്.

ഈ വ്യവസ്ഥയെ ഐഇ ഓണ്‍ലൈന്‍ മീഡിയ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് ഉള്‍പ്പെടെയുള്ള രാജ്യത്തെ 13 പ്രമുഖ മാധ്യമ കമ്പനികളുടെ കൂട്ടായ്മയായ ഡിജിറ്റല്‍ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷന്‍ മദ്രാസ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു.

Youtube Narendra Modi It Rule Media

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: