ന്യൂഡല്‍ഹി: 2002-ലെ ഗുജറാത്ത് കലാപവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അദ്ദേഹത്തിന്റെ അന്നത്തെ സര്‍ക്കാരിന്റേയും സമീപനത്തേക്കുറിച്ചുമുള്ള ബിബിസി ഡോക്യുമെന്ററി കേന്ദ്ര സര്‍ക്കാര്‍ സെന്‍സര്‍ ചെയ്ത നടപടിക്കെതിരെ പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ സ്ഥാപക എഡിറ്റർ സായിനാഥ് പി സായ്നാഥ്. കേന്ദ്ര നീക്കം വിഷമാണെന്നും അതിനോടുള്ള മാധ്യമ സമീപനം ഭീരുത്വം നിറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബിബിസി ഡോക്യുമെന്ററിയായ ഇന്ത്യ: ദ മോദി ക്വസ്ഷന്റെ ആദ്യ എപ്പിസോഡ് ബ്ലോക്ക് ചെയ്യാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം യുട്യൂബിനോട് ഉത്തരവിട്ടിരുന്നു. യുട്യൂബിൽ ഡോക്യുമെന്ററിയുമായി ലിങ്കുള്ള 50-ലധികം ട്വീറ്റുകൾ ബ്ലോക്ക് ചെയ്യാനും മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു.
അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് കലാപത്തിനോട് സ്വീകരിച്ച സമീപനത്തെക്കുറിച്ചാണ് രണ്ട് എപ്പിസോടുള്ള ഡോക്യുമെന്ററിയാണ് ബിബിസിയുടേത്. ഐടി റൂൾസ്, 2021 പ്രകാരമാണ് വീഡിയോ നീക്കം ചെയ്യാന്‍ കേന്ദ്രം അടിയന്തര ഉത്തരവ് നല്‍കിയത്.
ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഇന്ത്യൻ എക്സ്പ്രസുമായി നടത്തിയ അഭിമുഖത്തിലായിരുന്നു സായിനാഥിന്റെ പ്രതികരണം. “കേന്ദ്ര നടപടി വിഷം നിറഞ്ഞതാണ്. മോദിയെയോ അദ്ദേഹത്തിന്റെ സർക്കാരിനെയോ പാർട്ടികളെയോ വിമർശിക്കുന്ന എന്തും തുടച്ചുമാറ്റാൻ അവർ തയ്യാറാണ്,” അദ്ദേഹം പറഞ്ഞു.
“ഒരു വലിയ വിഭാഗം ഇന്ത്യക്കാർക്ക് ഇപ്പോൾ ഇത് ലഭ്യമല്ല,” സായ്നാഥ് പറഞ്ഞു. “എന്നാൽ ആ ഡോക്യുമെന്ററിയിലെ ഉറവിടങ്ങൾ നോക്കൂ. മുൻ വിദേശകാര്യ സെക്രട്ടറിയും യുകെ ഗവൺമെന്റിന്റെ മന്ത്രിതലത്തിലുള്ള ആളുകളുമാണ് സംസാരിക്കുന്നത്. നിങ്ങൾ (സർക്കാർ) അത് ഇല്ലാതാക്കുകയാണോ?,” അദ്ദേഹം ചോദിച്ചു.
ട്വിറ്ററിനും യൂട്യൂബിനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതില്‍ പ്രതിപക്ഷ നേതാക്കളും വിമര്‍ശനം ഉന്നയിച്ചിരുന്നു.
കേന്ദ്ര നടപടിയോടുള്ള രാജ്യത്തെ വലിയ വിഭാഗം മാധ്യമങ്ങളുടെ സമീപനത്തേയും അദ്ദേഹം വിമര്‍ശിച്ചു. “ഇത് കേവലം സെൻസർഷിപ്പ് അല്ല. മാധ്യമങ്ങളിൽ, സ്വയം സെൻസർഷിപ്പ് വലിയ തോതിൽ സ്വീകരിക്കുന്നത് നാം കാണുന്നു. എന്തെങ്കിലും ചെയ്യരുതെന്ന് അവരോട് പറയേണ്ടതില്ല, വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടാൻ അവർ അനുവദിക്കുന്നില്ല. അതാണ് വലിയ ദുരന്തം,” അദ്ദേഹം പറഞ്ഞു.
200 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം നിലയിലാണ് ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തനമെന്നും അദ്ദേഹം വിമര്‍ശിച്ചു.