രൂപീകൃതമായി ഏതാണ്ട് അഞ്ചുവര്‍ഷത്തിനുശേഷവും പ്രവര്‍ത്തനം പൂര്‍ത്തിയാകതെ ഭീമ കൊറേഗാവ് അന്വേഷണ കമ്മിഷന്. ഇതിനിടെ കമ്മിഷന്റെ പ്രവര്‍ത്തനകാലാവധി നീട്ടി നല്കിയതു 10 തവണ.
ഏറ്റവുമൊടുവില്‍, മാര്‍ച്ച് 31 വരെ മൂന്നു മാസത്തെ കാലാവധി കൂടിയാണു മഹാരാഷ്ട്ര സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. രണ്ടംഗ കമ്മിഷന് ഇതിനു മുന്‍പ് അനുവദിച്ച കാലാവധി ഡിസംബര്‍ 31ന് അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണു ജനുവരി 17 ലെ ഉത്തരവ് പ്രകാരം കാലാവധി ദീര്‍ഘിപ്പിച്ചത്.
കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായി വിരമിച്ച ജെ എന്‍ പട്ടേല്‍ അധ്യക്ഷനായുള്ള കമ്മിഷനാണു സംഭവം അന്വേഷിക്കുന്നത്. 2018 ഫെബ്രുവരി ഒന്പതിനു രൂപീകരിച്ച കമ്മിഷനില്‍ മഹാരാഷ്ട്ര മുന്‍ ചീഫ് സെക്രട്ടറി സുമിത് മാലിക്കാണു രണ്ടാമത്തെ അംഗം.
2018 ജനുവരി ഒന്നിനു, കൊറേഗാവ് ഭീമാ യുദ്ധത്തിന്റെ 200-ാം വാര്‍ഷിക വേളയില്‍ അക്രമത്തിലേക്കു നയിച്ച സംഭവങ്ങളുടെ ‘കൃത്യമായ ക്രമം’ കണ്ടെത്താനാണു കമ്മിഷനെ നിയോഗിച്ചത്. അക്രമത്തില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
രൂപീകരിച്ചതിനു പിന്നാലെ, അക്രമവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സത്യവാങ്മൂലമായി സമര്‍പ്പിക്കാന്‍ പൊതുജനങ്ങളോടും സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും കമ്മിഷന് അഭ്യര്‍ത്ഥിച്ചു. ”പൊലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സാധാരണക്കാര്‍ എന്നിവരില്‍നിന്ന് നാനൂറിലധികം സത്യവാങ്മൂലം കമ്മിഷനു ലഭിച്ചു,” കമ്മിഷനെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന് ആശിഷ് സത്പുതെ പറഞ്ഞു.
സത്യവാങ്മൂലങ്ങള്‍ ലഭിച്ചതിനു പിന്നാലെ കമ്മിഷന് വിസ്തരിക്കാന്‍ ആഗ്രഹിക്കുന്ന സാക്ഷികളെ തരംതിരിച്ചു. എല്ലാ മാസവും ഏതാനും ദിവസങ്ങള്‍ മുംബൈയിലും പൂനെയിലും സാക്ഷിവിസ്താരം നടത്തി. വാദത്തിനിടെ എല്ലാ സാക്ഷികളെയും ക്രോസ് വിസ്തരിക്കാന്‍ വിവിധ കക്ഷികളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകരെ അനുവദിച്ചു.
കമ്മിഷനു മുമ്പാകെയുള്ള വ്യത്യസ്ത കക്ഷികളെ രണ്ടു വിഭാഗങ്ങളായി തിരിക്കാം. ഹിന്ദുത്വ നേതാക്കളായ മിലിന്ദ് ഏക്ബോതെയും സംഭാജി ഭിഡെയുമാണ് അക്രമത്തിനു പ്രേരിപ്പിച്ചതെന്ന് ഒരു വിഭാഗം അവകാശപ്പെടുന്നു. അക്രമത്തിന് ഒരു ദിവസം മുമ്പ് പൂണെയില്‍ നടന്ന എല്‍ഗാര്‍ പരിഷത്ത് സമ്മേളനത്തിന്റെ സംഘാടകരെയാണു മറു വിഭാഗം കുറ്റപ്പെടുത്തുന്നത്. എല്‍ഗാര്‍ പരിഷത്ത് സമ്മേളന സംഘാടകര്‍ നിരോധിത സി പി ഐ (മാവോയിസ്റ്റ്) യുടെ നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിച്ചതെന്നാണ് ഈ വിഭാഗത്തിന്റെ ആരോപണം.
വിവിധ കക്ഷികളുടെ അഭിഭാഷകര്‍, അക്രമം നടന്ന ഗ്രാമങ്ങള്‍ ഉള്‍പ്പെടുന്ന വധു ബുദ്രുക്ക് ഗ്രാമപഞ്ചായത്തിന്റെ അഭിഭാഷകന്, മഹാരാഷ്ട്ര പബ്ലിക് പ്രോസിക്യൂട്ടര്‍ ഷിഷിര്‍ ഹിറേ എന്നിവര്‍ സാക്ഷികളെ വിസ്തരിച്ചുകൊണ്ടിരിക്കുകയാണ്.
കമ്മിഷൻ കാലാവധി നീട്ടല്‍ ഇങ്ങനെ
2018 ഫെബ്രുവരി ഒന്പതിനു രൂപീകരിച്ച കമ്മിഷനോട് നാല് മാസം കൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ കാലാവധി പലതവണ നീട്ടുകയായിരുന്നു.
നാല് മാസം വീതമുള്ള മൂന്നു തവണയും ആറു മാസം വീതമുള്ള മൂന്നു തവണയും കമ്മിഷന്റെ കാലാവധി നീട്ടി. രണ്ടു മാസത്തെ ഒരു നീട്ടലും മൂന്നു മാസം വീതമുള്ള രണ്ട് നീട്ടലുമുണ്ടായി. കോവിഡ് സമയത്ത്, 2021 ജൂലൈയില്‍ കമ്മിഷന് കാലാവധി ഏകദേശം അഞ്ചു മാസത്തേക്കു കൂട്ടി നീട്ടി.
കോവിഡ് കേസുകളുളുടെ വര്‍ധന കാരണം 2020 മാര്‍ച്ച് 23 മുതല്‍ 2021 ഓഗസ്റ്റ് ഓഗസ്റ്റ് രണ്ടു കമ്മിഷന് പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. പ്രവര്‍ത്തനം പുനരാരംഭിച്ചശേഷം ‘സെമി വെര്‍ച്വല്‍ വാദംകേള്‍ക്കല്‍’ നടത്തി. തുടര്‍ന്ന് കോവിഡ് സാഹചര്യത്തില്‍ ‘വലിയ സ്ഥലങ്ങളുടെ’ ലഭ്യതക്കുറവ് കാരണം കമ്മിഷന് വാദംകേള്‍ക്കല്‍ മാറ്റിവച്ചു. മുംബൈ സഹ്യാദ്രി ഗസ്റ്റ് ഹൗസില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരു വലിയ സ്ഥലം നല്‍കിയതോടെ 2021 സെപ്റ്റംബറില്‍ കമ്മിഷന് വാദംകേള്‍ക്കല്‍ പുനരാരംഭിച്ചു.
എന്നാല്‍, പ്രസക്തമായ എല്ലാ സാക്ഷികളുടെയും വിസ്താരം പൂര്‍ത്തിയാക്കാന്‍ കമ്മിഷനു കഴിഞ്ഞില്ല. ”ഇതുവരെ 48 സാക്ഷികളെ വിസ്തരിച്ചു. ഇതില്‍ ഏഴു പേരെ ഭാഗികമായി വിസ്തരിച്ചു,”കമ്മിഷന് സെക്രട്ടറി വി വി പല്നിത്കര് പറഞ്ഞു.
എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍, അംബേദ്കറൈറ്റ് നേതാവ് ജോഗേന്ദ്ര കവാഡെ, പൂനെ സിറ്റി, റൂറല്‍ പൊലീസ് ഉദ്യോഗസ്ഥര്‍, ഐ എ എസ് ഉദ്യോഗസ്ഥന് സൗരഭ് റാവു, അക്രമത്തിന്റെ ദൃക്സാക്ഷികള്‍, കൊറേഗാവ് ഭീമ, വധു ബുദ്രുക് ഗ്രാമവാസികള്‍ 1818-ല്‍ നടന്ന യുദ്ധത്തിന്റെ സമകാലിക രേഖകള്‍ സമര്‍പ്പിച്ച ഗവേഷകന് ചന്ദ്രകാന്ത് പാട്ടീല്‍ എന്നിവർ കമ്മിഷനു മുമ്പാകെ മൊഴി നല്കിയവരില് ഉള്‍പ്പെടുന്നു.
ഇനിയെന്ത്?
കമ്മിഷന്റെ ജനുവരി 21 നു മുംബൈയില്‍ വാദംകേള്‍ക്കല്‍ പുനരാരംഭിച്ചു. ജനുവരി 25 വരെ തുടരും. ഐ പി എസുകാരായ വിശ്വാസ് നങ്കാരെ പാട്ടീല്‍, സുവേസ് ഹഖ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍, പൂണെ എ സി പി ശിവാജി പവാര്‍, എല്‍ഗാര്‍ പരിഷത്ത് സമ്മേളനം സംഘടിപ്പിച്ച ആക്ടിവിസ്റ്റ് ഹര്‍ഷാലി പോട്ദാര്‍ എന്നിവരെ ഇത്തവണ ക്രോസ് വിസ്താരം നടത്തുക.
അക്രമം നടക്കുമ്പോള്‍, വിശ്വാസ് നങ്കാരെ പാട്ടീല്‍ തന്റെ അധികാരപരിധിയില്‍ വരുന്ന പൂണെ റൂറലിലെ കോലാപൂര്‍ റേഞ്ച് സ്പെഷല്‍ ഐ ജിയായിരുന്നു. എ സി പി ശിവാജി പവാര്‍ കേസ് അന്വേഷിക്കുമ്പോള്‍ പൂണെ റൂറല്‍ എസ് പിയായിരുന്നു സുവേസ് ഹഖ്.
മാര്‍ച്ച് 31 വരെ പൂനെയിലും മുംബൈയിലും കമ്മിഷന് വാദം കേള്‍ക്കല്‍ തുടരും. പ്രധാന സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായില്ലെങ്കില്‍ കൂടുതല്‍ സമയം കമ്മിഷന് തേടിയേക്കും. ചില മുതിര്‍ന്ന രാഷ്ട്രീയക്കാരെ വരും മാസങ്ങളില്‍ കമ്മിഷന് വിളിച്ചുവരുത്താനും സാധ്യതയുണ്ട്.