/indian-express-malayalam/media/media_files/VvQdz8xjtVgIBkT6nlvG.jpg)
ഫൊട്ടോ: എക്സ്/ മഹുവ മൊയ്ത്ര
ഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ അയോഗ്യയാക്കാനുള്ള ലോക്സഭ എത്തിക്സ് കമ്മിറ്റി തീരുമാനം തിടുക്കപ്പെട്ട് എടുത്തതും, ഔചിത്യമില്ലാത്തതുമാണെന്ന് കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങളുടെ വിമർശനം. ഈ തീരുമാനം ക്യാഷ് ഫോർ ക്വറി ആരോപണങ്ങളെക്കുറിച്ചുള്ള കംഗാരു കോടതിയുടെ ഒത്തുകളിയാണെന്നാണ് പ്രതിപക്ഷ അംഗങ്ങളുടെ വിമർശനം.
മഹുവ മൊയ്ത്രയെ പുറത്താക്കാനുള്ള നീക്കം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും ഇത് അപകടകരമായ കീഴ്‌വഴക്കങ്ങൾ സൃഷ്ടിക്കുമെന്നും പ്രതിപക്ഷ അംഗങ്ങൾ ചൂണ്ടിക്കാട്ടി. ബിജെപി എംപിയായ നിഷികാന്ത് ദുബെ നടത്തിയ ആരോപണങ്ങൾക്ക് പിന്നാലെയാണ് മഹുവ മൊയ്ത്രയ്ക്കെതിരെ ലോക്സഭ എത്തിക്സ് കമ്മിറ്റി 500 പേജുള്ള റിപ്പോർട്ട് തയ്യാറാക്കിയത്.
"കൈക്കൂലി നൽകിയതായി ആരോപിക്കപ്പെടുന്ന ഹിരാനന്ദാനി ഈ കേസിലെ ഒരു പ്രധാന സാക്ഷിയാണ്. വിശദാംശങ്ങളില്ലാതെ അവ്യക്തമായി സ്വമേധയാ സത്യവാങ്മൂലം നൽകുകയാണ് അദ്ദേഹം ചെയ്തത്. മൊയ്‌ത്ര രേഖാമൂലം ആവശ്യപ്പെട്ടത് പോലെ ഹിരാനന്ദാനിയുടെ വാക്കാലുള്ള തെളിവുകളും ക്രോസ് വിസ്താരവുമില്ലാതെ, ന്യായമായ ഹിയറിങ്ങ് പോലുമില്ലാത്ത ഈ അന്വേഷണ പ്രക്രിയ പ്രഹസനമാണ്. എത്തിക്സ് കമ്മിറ്റി വെറുമൊരു കംഗാരു കോടതിയാണ്. മഹുവയെ പുറത്താക്കാനുള്ള സമിതിയുടെ ശുപാർശ തെറ്റാണ്. അത് തികച്ചും രാഷ്ട്രീയ കാരണങ്ങളാൽ രൂപപ്പെടുത്തിയതാണ്," പ്രതിപക്ഷ അംഗങ്ങൾ വിയോജനക്കുറിപ്പിൽ വ്യക്തമാക്കി.
നാലിനെതിരെ ആറ് വോട്ടുകൾക്കാണ് കമ്മിറ്റി റിപ്പോർട്ട് പാസാക്കിയത്. നാല് പ്രതിപക്ഷ അംഗങ്ങളാണ് മഹുവയെ അയോഗ്യയാക്കാനുള്ള തീരുമാനത്തെ എതിർത്ത് വോട്ട് ചെയ്തത്. ബി എസ് പിയുടെ ഡാനിഷ് അലി, കോൺഗ്രസിലെ വി വൈത്തിലിംഗം, ഉത്തം കുമാർ റെഡ്ഡി, സിപിഎമ്മിലെ പി ആർ നടരാജൻ, ജെഡിയുവിലെ ഗിരിധാരി യാദവ് എന്നിവർ തങ്ങളുടെ വിയോജനക്കുറിപ്പുകൾ കമ്മിറ്റിക്ക് അയച്ചിട്ടുണ്ട്.
വ്യവസായിയായ ദർശൻ ഹിരാനന്ദാനിയെ ക്രോസ് വിസ്താരം ചെയ്യാൻ മൊയ്‌ത്രയ്ക്ക് അവസരം നൽകിയിട്ടില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി. വ്യാഴാഴ്ചത്തെ യോഗത്തിൽ ഹാജരാകാതിരുന്ന റെഡ്ഡി തന്റെ വിയോജനക്കുറിപ്പ് ഇ-മെയിൽ മുഖേന അയച്ചു. പാർലമെന്റ് ലോഗിനും പാസ്‌വേഡും പങ്കുവച്ചെന്നാണ് മഹുവയ്ക്കെതിരായ ആരോപണം.
ഹിരാനന്ദാനി എത്തിക്സ് പാനലിന് നൽകിയ സത്യവാങ്മൂലത്തിൽ മൊയ്‌ത്ര തന്റെ പാർലമെന്റ് ലോഗിനും പാസ്‌വേഡും തനിക്ക് നൽകിയിട്ടുണ്ടെന്നും, അതിനാൽ ആവശ്യമുള്ളപ്പോൾ മൊയ്ത്രയുടെ പേരിൽ നേരിട്ട് ചോദ്യങ്ങൾ പോസ്റ്റ് ചെയ്യാമെന്നും അവകാശപ്പെട്ടു. ദ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ, തന്റെ പാർലമെന്റ് ലോഗിൻ, പാസ്‌വേഡ് വിശദാംശങ്ങൾ ഹിരാനന്ദാനിക്ക് നൽകിയതായി മൊയ്ത്ര സമ്മതിച്ചിരുന്നു. എന്നാൽ, ജയ് ആനന്ദ് ദേഹാദ്രായ് സിബിഐക്ക് നൽകിയ പരാതിയിൽ ആരോപിക്കുന്നത് പോലെ അദ്ദേഹത്തിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്നും മഹുവ പറഞ്ഞു.
"ഹിരാനന്ദാനിയുടെ ഓഫീസിൽ നിന്നുള്ള തന്റെ ചോദ്യങ്ങൾക്ക് ടൈപ്പിംഗ് സേവനങ്ങൾ മാത്രമാണ് ഉപയോഗിച്ചത്. ഒടിപി തന്റെ ഐപാഡ്/ ലാപ്‌ടോപ്പ്/ ഫോൺ എന്നിവയിൽ വന്നു. അതിനാൽ മേൽനോട്ടമില്ലാത്ത ആക്‌സസ്സിന് സാധ്യതയില്ല. ദേശീയ സുരക്ഷയുടെ ആരോപണം തീർത്തും അസംബന്ധമാണ്. എൻഐസി പോർട്ടൽ വളരെ രഹസ്യമാണെങ്കിൽ നിയമങ്ങൾ രൂപപ്പെടുത്തുകയും, വിദേശ ഐപി വിലാസങ്ങളിൽ നിന്നുള്ള പ്രവേശനം തടയുകയും ചെയ്യണമായിരുന്നു" മഹുവ പറഞ്ഞു.
അലിയെ വിമർശിക്കാനുള്ള എത്തിക്സ് കമ്മിറ്റി നീക്കത്തേയും പ്രതിപക്ഷാംഗങ്ങൾ വിമർശിച്ചു. അലിയെ 275(2) പ്രകാരമുള്ള നിയമലംഘനം ചൂണ്ടിക്കാട്ടി ഒറ്റപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ല. മാധ്യമങ്ങളെ തുടർച്ചയായി കാണാറുള്ള എത്തിക്സ് കമ്മിറ്റി തന്നെയാണ് നിയമലംഘനം നടത്താറുള്ളതെന്നും പ്രതിപക്ഷ അംഗം വിമർശിച്ചു.
Check out More News Stories Here
- മഹുവ മൊയ്ത്രയെ അയോഗ്യയാക്കാൻ ശുപാർശ ചെയ്ത് ലോക്സഭ എത്തിക്സ് കമ്മിറ്റി
- കോവിഡ് വാക്സിന്റെ പാര്ശ്വഫലങ്ങള് ഇന്ത്യ പഠിക്കണം എന്ന് ആരോഗ്യ വിദഗ്ദന്
- തട്ടിപ്പിന്റെ "സുഭാഷിതം" നാല് വർഷം കൊണ്ട് 1740 കോടി വെട്ടിച്ച തട്ടിപ്പുകാരന്റെ കഥ
- എംപിമാർക്കും എംഎൽഎമാർക്കും എതിരായ ക്രിമിനൽ കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ഹൈക്കോടതികൾക്ക് ഏഴ് നിർദ്ദേശങ്ങളുമായി സുപ്രീം കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.