/indian-express-malayalam/media/media_files/YWdRyJM8wv6UCrmq4BlF.jpg)
2029ഓടെ രാജ്യത്ത് ഒറ്റ തിരഞ്ഞെടുപ്പ് നടത്താമെന്നാണ് സമിതിയുടെ നിർദ്ദേശം
ഡൽഹി: രാജ്യത്ത് ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' മാർഗരേഖ തയ്യാറാക്കാൻ സർക്കാർ നിയോഗിച്ച ഉന്നതതല സമിതി രാഷ്ട്രപതി ദ്രൗപതി മുർമുവിന് റിപ്പോർട്ട് സമർപ്പിച്ചു. 2029ഓടെ രാജ്യത്ത് ഒറ്റ തിരഞ്ഞെടുപ്പ് നടത്താമെന്നാണ് സമിതിയുടെ നിർദ്ദേശം.
18,000 പേജുകളും എട്ട് വോളിയങ്ങളുമുള്ള റിപ്പോർട്ടാണിത്. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി ഇന്ന് 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പി'ന് കൃത്യമായ മാതൃകയാണ് ശുപാർശ ചെയ്തിരിക്കുന്നതെന്നാണ് സൂചന.
വെറുതെ സാദ്ധ്യതകൾ നിർദ്ദേശിക്കുന്നതിന് വിരുദ്ധമായി, എങ്ങനെ വ്യത്യസ്ത തിരഞ്ഞെടുപ്പുകൾ സമന്വയിപ്പിക്കാമെന്നാണ് സമിതി പഠിച്ചത്. ഒരേസമയം തിരഞ്ഞെടുപ്പുകൾ നടത്തുന്നതിനുള്ള തുടർനടപടികൾ സമിതി ചർച്ച ചെയ്തതായി റിപ്പോർട്ടുണ്ട്.
വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരമനുസരിച്ച്, ക്രിയാത്മകമായ അവിശ്വാസ വോട്ടിൻ്റെ ജർമ്മൻ മാതൃകയും സമിതി ചർച്ച ചെയ്തു. അവിടെ ഒരു പിൻഗാമിക്ക് അനുകൂലമായ വിശ്വാസവോട്ട് ഉണ്ടെങ്കിൽ അധികാരിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാം. എന്നാൽ അത് ശുപാർശ ചെയ്യേണ്ടെന്നാണ് തീരുമാനിച്ചത്. ഇത് ഇന്ത്യൻ ജനാധിപത്യത്തിൻ്റെ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും പാനൽ കണ്ടെത്തി.
/indian-express-malayalam/media/media_files/TascpQpfzQmcbUFiRg2H.jpg)
ലോ കമ്മീഷൻ 2018ലെ കരട് റിപ്പോർട്ടിൽ, സർക്കാരുകളുടെ സ്ഥിരത ഉറപ്പാക്കുന്നതിനുള്ള ഒരു മാർഗമായി "അവിശ്വാസ പ്രമേയ വോട്ട്" ശുപാർശ ചെയ്തിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, വിരമിച്ച ചീഫ് ജസ്റ്റിസുമാർ, മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർമാർ, വ്യവസായികൾ, സാമ്പത്തിക വിദഗ്ധർ എന്നിവരുമായി പാനൽ ചർച്ച നടത്തി.
ജനുവരിയിൽ പൊതുജനങ്ങളിൽ നിന്നും അഭിപ്രായങ്ങൾ ക്ഷണിച്ചിരുന്നു. സമിതി ജനുവരിയിൽ നടത്തിയൊരു പ്രസ്താവനയിൽ, രാജ്യത്ത് നിന്ന് 20,972 പ്രതികരണങ്ങൾ ലഭിച്ചതായും അതിൽ 81 ശതമാനവും ഒറ്റതവണ തിരഞ്ഞെടുപ്പിനെ അനുകൂലിക്കുന്നതായും കമ്മിറ്റി വ്യക്തമാക്കിയിരുന്നു.
രണ്ട് തവണയെങ്കിലും യോഗം ചേരണമെന്ന് ആവശ്യപ്പെട്ട് രാംനാഥ് കോവിന്ദ് അദ്ധ്യക്ഷനായ സമിതി തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയെങ്കിലും രേഖാമൂലം മറുപടി അയക്കുക മാത്രമാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്തത്. ഒരേസമയത്തുള്ള തിരഞ്ഞെടുപ്പുകളുടെ മാക്രോ ഇക്കണോമിക് ആഘാതവും, കുറ്റകൃത്യങ്ങളുടെ നിരക്കും, വിദ്യാഭ്യാസ ഫലങ്ങളും സംബന്ധിച്ച പ്രത്യാഘാതങ്ങളും സമിതി പരിശോധിച്ചു.
ലോക്സഭ, സംസ്ഥാന നിയമസഭകൾ, മുനിസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ എന്നിവയിലേക്ക് ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ശുപാർശകൾ നൽകാൻ കേന്ദ്ര നിയമ മന്ത്രാലയം 2023 സെപ്റ്റംബറിൽ സമിതിയെ നിയോഗിച്ചിരുന്നു.
മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്യസഭയിലെ മുൻ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുൻ ധനകാര്യ കമ്മീഷൻ അധ്യക്ഷൻ എൻ.കെ. സിങ്, മുൻ ലോക്സഭാ സെക്രട്ടറി ജനറൽ സുഭാഷ് സി. കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവരും സമിതിയിൽ ഉൾപ്പെടുന്നു.
Read More:
- ബെംഗളൂരു കഫേ സ്ഫോടനക്കേസിൽ പുതിയ വഴിത്തിരിവ്; നിർണായകമായത് സിസിടിവി ദൃശ്യം?
- 22,217 ഇലക്ടറൽ ബോണ്ടുകൾ വാങ്ങി; 22,030 എണ്ണം പിൻവലിച്ചു; സത്യവാങ്മൂലത്തിന്റെ വിശദാംശങ്ങൾ പുറത്ത്
- റഷ്യൻ 'യുദ്ധ വിസ' കേസിൽ മുഖ്യപ്രതി ബിജെപി നേതാവിന്റെ മകൻ; നിഗൂഢ ഓഫീസ് തിരഞ്ഞ് സിബിഐ
- മുബൈ സെൻട്രൽ ഇനി 'നാനാ ജഗന്നാഥ് സ്റ്റേഷൻ;' 8 റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റാൻ അനുമതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.