/indian-express-malayalam/media/media_files/2025/07/14/nimisha-priya-new-2025-07-14-08-57-51.jpg)
നിമിഷ പ്രിയ
Nimisha Priya Case Updates: യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവയ്ക്കാനുള്ള തീരുമാനത്തിൽ, കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബത്തിന് പങ്കില്ലെന്ന് നിമിഷ പ്രിയയുടെ മോചനത്തിനായി യെമനിൽ നടന്ന ചർച്ചകൾക്കു നേതൃത്വം നൽകുന്ന സാമൂഹിക പ്രവർത്തകനായ സാമുവൽ ജെറോം ബാസ്കരൻ. അൽ വാസബ് മേഖലയുടെ ഭരണാധികാരിയായ അബ്ദുൾ മാലിക് അൽ നെഹായ വെള്ളിയാഴ്ച യെമൻ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് യെമൻ സർക്കാർ വധശിക്ഷ നീട്ടാനുള്ള തീരുമാനമെടുത്തതെന്ന് സാമുവൽ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ചർച്ച നടന്ന് ഒരു ദിവസത്തിനു ശേഷം, വധശിക്ഷ മാറ്റിവയ്ക്കാൻ പ്രസിഡന്റ് റഷാദ് അൽ-അലിമി സമ്മതിക്കുകയായിരുന്നു. വിഷയത്തിൽ ഇന്ത്യൻ സർക്കാരും ഇടപെട്ടുവെന്ന് സാമുവൽ പറഞ്ഞു. 2024 ഡിസംബറിൽ യെമൻ പ്രസിഡന്റായിരുന്നു നിമിഷ പ്രിയയുടെ വധശിക്ഷ അംഗീകരിച്ചത്. പ്രസിഡന്റിന്റെ ഉത്തരവ് തിങ്കളാഴ്ച പ്രോസിക്യൂട്ടർക്ക് കൈമാറുകയായിരുന്നുവെന്ന് സാമുവൽ പറഞ്ഞു.
Also Read: നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു
ജൂലൈ 14 ന് യെമൻ റിപ്പബ്ലിക്കിലെ പബ്ലിക് പ്രോസിക്യൂട്ടർ പുറപ്പെടുവിച്ച ഉത്തരവ് സെൻട്രൽ കറക്ഷണൽ ഫെസിലിറ്റി ഡയറക്ടർക്ക് കൈമാറി. പിന്നീട് അറ്റോർണി ജനറലിന്റെ നിർദേശപ്രകാരം, ശിക്ഷ നടപ്പിലാക്കുന്നത് മാറ്റിവയ്ക്കുന്നതായി അറിയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ക്രമസമാധാന പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനായാണ് വധശിക്ഷ മാറ്റിവയ്ക്കുന്നതു സംബന്ധിച്ച ഉത്തരവ് വൈകിച്ചതെന്നാണ് വിവരം. തലാലിന്റെ കുടുംബവുമായി നടത്തിയ ചർച്ചകളുടെ കൂടുതൽ വിവരങ്ങൾ ഈ ഘട്ടത്തിൽ വെളിപ്പെടുത്താൻ കഴിയില്ലെന്നും സാമുവൽ പറഞ്ഞു.
''തലാലിന്റെ കുടുംബമാണ് വധശിക്ഷ നടപ്പിലാക്കണോ അതോ ഒഴിവാക്കണോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. ഇപ്പോൾ തലാലിന്റെ കുടുംബത്തിന്റെ വാക്കുകളിലാണ് നിമിഷ പ്രിയയുടെ ജീവൻ. അവരാണ് നിമിഷ പ്രിയയോട് ക്ഷമിക്കേണ്ടത്. നിമിഷ പ്രിയയോട് ക്ഷമിക്കാൻ തലാലിന്റെ കുടുംബത്തിനോട് അപേക്ഷിക്കാനേ ഞങ്ങൾക്ക് സാധിക്കൂ,'' സാമുവൽ വ്യക്തമാക്കി.
അതേസമയം,കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ഇതുവരെ നിമിഷ പ്രിയയ്ക്ക് മാപ്പു നൽകിയിട്ടില്ലെന്ന് വൃത്തങ്ങൾ പറഞ്ഞു. തലാലിന്റെ കുടുംബവുമായി സംസാരിക്കാനും പരസ്പര സമ്മതത്തോടെ ഒരു പരിഹാരത്തിലെത്താൻ ശ്രമം നടത്തിയിരുന്നുവെന്നും ഇന്ത്യൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ ഉദ്യോഗസ്ഥർ യെമനിലെ പ്രാദേശിക ജയിൽ അധികൃതരുമായും പ്രോസിക്യൂട്ടർ ഓഫീസുമായും പതിവായി ബന്ധപ്പെട്ടിടുന്നുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചിരുന്നു.
ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചുവെന്ന വിവരം ആശ്വാസജനകമെന്ന് മുഖ്യമന്ത്രി
നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകവും പ്രതീക്ഷാനിർഭരവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശിക്ഷാവിധിയിൽ നിന്ന് മുക്തി നേടാനുള്ള കൂടുതൽ സമയമാണ് ഇതിലൂടെ നിമിഷയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് നയിച്ചത് ശ്രീ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ മുൻകൈയും ഇടപെടലും ആണ്. മനുഷ്യത്വവും സാഹോദര്യവും തുളുമ്പുന്ന സുമനസ്സുകളുടെ അക്ഷീണപ്രയത്നത്തിന്റെ ഫലമാണ് ഈ തീരുമാനം. ശ്രീ കാന്തപുരത്തെയും നിമിഷ പ്രിയയ്ക്ക് നീതി ലഭിക്കുന്നതിന് വേണ്ടി പരിശ്രമിക്കുന്ന ആക്ഷൻ കൗൺസിൽ ഉൾപ്പെടെയുള്ള എല്ലാവരെയും അഭിനന്ദിക്കുന്നു. എല്ലാവരുടെയും പ്രതീക്ഷയും ശ്രമങ്ങളും എത്രയും വേഗം പൂർണ്ണവിജയത്തിൽ എത്തട്ടെ എന്ന് ആഗ്രഹിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
Read More
നിമിഷപ്രിയയുടെ മോചനം; പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.