/indian-express-malayalam/media/media_files/2025/04/09/ZYXkVeKBD4DHPziv4vIz.jpg)
12 അംഗ എൻഐഎ സംഘമാണ് റാണയെ ചോദ്യം ചെയ്യുന്നത്
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ ആസൂത്രകരിൽ ഒരാളായ തഹാവൂർ റാണയുടെ കേരള ബന്ധം നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ) അന്വേഷിക്കുന്നു. മുംബൈ ആക്രമണത്തിനു മുൻപായി റാണ ഇന്ത്യയിൽ എത്തിയിരുന്നു. 2008 ൽ നവംബർ 13 നും നവംബർ 21 നും ഇടയിലാണ് റാണ ഇന്ത്യ സന്ദർശിച്ചത്. ഈ ദിവസങ്ങളിൽ റാണയും ഭാര്യയും ഹാപൂർ, ഡൽഹി, ആഗ്ര, കൊച്ചി, അഹമ്മദാബാദ്, മുംബൈ തുടങ്ങി നിരവധി സ്ഥലങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
''ഭീകരരെ റിക്രൂട്ട് ചെയ്യുന്നതിനായാണ് താൻ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയതെന്ന് റാണ യുഎസ് ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. ഇതിൽ വാസ്തവമുണ്ടോയെന്ന് പരിശോധിക്കുകയാണ്. മറ്റ് ഏതൊക്കെ സ്ഥലങ്ങൾ സന്ദർശിച്ചുവെന്നും അവിടെ എന്താണ് ചെയ്തതെന്നും കണ്ടെത്തേണ്ടതുണ്ട്. റിക്രൂട്ട്‌മെന്റിനായാണ് എത്തിയതെങ്കിൽ ആരുമായിട്ടൊക്കെയാണ് റാണ ബന്ധപ്പെട്ടതെന്നും അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്,'' ഒരു എൻഐഎ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരിലൊരാളായ ഡേവിഡ് കോൾമാൻ ഹെഡ്‌ലിക്കോ ഭീകര സംഘടനയായ ലഷ്കറെ തയിബയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്കോ റാണ സാമ്പത്തിക സഹായം നൽകിയോയെന്നും ഏജൻസി പരിശോധിക്കുന്നുണ്ട്. ഇന്ത്യയിൽ മറ്റ് ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നോയെന്നും കണ്ടെത്തേണ്ടതുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
വ്യാഴാഴ്ച വൈകിട്ടാണ് റാണയെ യുഎസിൽനിന്നും ഇന്ത്യയിൽ എത്തിച്ചത്. രാത്രി പട്യാല ഹൗസ് കോടതിയിലെ പ്രത്യേക എൻഐഎ ജഡ്ജി ചന്ദേർ ജിത് സിങ്ങിനു മുന്നിൽ ഹാജരാക്കി. കോടതി റാണയെ 18 ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. ഡൽഹിയിലെ എൻഐഎ ആസ്ഥാനത്തെ സെല്ലിലാണ് റാണയെ പാർപ്പിച്ചിരിക്കുന്നത്. റൂമിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിലൂടെ ഉദ്യോഗസ്ഥർ റാണയെ നിരന്തരം നിരീക്ഷിക്കും. 24 മണിക്കൂറും സെല്ലിന് പുറത്ത് കാവൽ ഒരുക്കിയിട്ടുണ്ട്.
12 അംഗ എൻഐഎ സംഘമാണ് റാണയെ ചോദ്യം ചെയ്യുന്നത്. എന്‍ഐഎ മേധാവി, ഐജിമാര്‍, ഡിഐജി, എസ്പി ഉള്‍പ്പടെയുള്ളവർ ചോദ്യം ചെയ്യൽ സംഘത്തിലുണ്ട്. എൻഐഎയ്ക്ക് പുറമേ മറ്റു കേന്ദ്ര അന്വേഷണ ഏജൻസികളും റാണയെ ചോദ്യം ചെയ്യാനായി കേന്ദ്ര സർക്കാരിനോട് അനുമതി തേടിയിട്ടുണ്ടെന്നാണ് വിവരം.
Read More
- എഐഎഡിഎംകെ വീണ്ടും എൻഡിഎയിൽ; തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കുമെന്ന് അമിത് ഷാ
- Digital Arrest Victims: ഡിജിറ്റൽ അറസ്റ്റിനെ തുടർന്ന് ദമ്പതികളുടെ ആത്മഹത്യ; ഇരകൾക്ക് നഷ്ടമായത് 60 ലക്ഷം
- Tahawwur Rana Case: മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതി; ആരാണ് തഹാവൂർ റാണ?
- Tahawwur Rana: തഹാവൂർ റാണയെ ഇന്ത്യയിൽ എത്തിച്ചു; ഡൽഹിയിൽ കനത്ത സുരക്ഷ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.