/indian-express-malayalam/media/media_files/2025/09/09/nepal-protest545-2025-09-09-13-49-20.jpg)
Nepal Gen Z Protest Updates
Nepal Gen Z Protest Updates: കാഠ്മണ്ഡു: സാമൂഹ്യമാധ്യമ വിലക്ക് പിൻവലിച്ചിട്ടും സർക്കാരിനെതിരായ പ്രക്ഷോഭം നേപ്പാളിൽ വ്യാപിക്കുന്നു. അഴിമതിക്കെതിരായ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്നും പ്രധാനമന്ത്രി കെ പി ശർമ്മ ഒലി രാജിവെക്കും വരെ പ്രക്ഷോഭത്തിൽ നിന്നും പിന്നോട്ടില്ലെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി. പ്രസിഡന്റ് രാം ചന്ദ്ര പൗഡലിന്റെ കൊട്ടാരം പ്രക്ഷോഭകർ തീവെച്ചു. നിരവധി വാഹനങ്ങൾ നശിപ്പിച്ചു.
Also Read:ജെൻസി പ്രക്ഷോഭം; നേപ്പാളിലുള്ള ഇന്ത്യക്കാർ ജാഗ്രത പാലിക്കണം: വിദേശകാര്യ മന്ത്രാലയം
മുൻ പ്രധാനമന്ത്രിമാരായ പ്രചണ്ഡ ( പുഷ്പ കമൽ ദഹൽ), ഷേർ ബഹാദൂർ ദൂബെ, ഊർജ്ജ മന്ത്രി ദീപക് ഖാഡ്ക എന്നിവരുടെ വസതികളും പ്രക്ഷോഭകർ ആക്രമിച്ച് നശിപ്പിച്ചു. പ്രധാനമന്ത്രി ശർമ്മ ഒലിയുടെ വസതിക്ക് സമീപം സൈന്യം നടത്തിയ വെടിവെപ്പിൽ രണ്ട് പ്രക്ഷോഭകർക്ക് വെടിയേറ്റു. പ്രക്ഷോഭത്തെത്തുടർന്ന് കഴിഞ്ഞദിവസം രാജിവെച്ച ആഭ്യന്തരമന്ത്രി രമേശ് ലേഖകിന്റെ വസതിയും പ്രക്ഷോഭകർ തീയിട്ടു.
Also Read:ജെൻസി പ്രക്ഷോഭം; നേപ്പാളിൽ സമൂഹമാധ്യമങ്ങൾക്കുള്ള നിരോധനം നീക്കി
രാജ്യത്തെ മറ്റു മുതിർന്ന രാഷ്ട്രീയ നേതാക്കളുടെ വീടിനു നേർക്കും ആക്രമണം ഉണ്ടായിട്ടുണ്ട്. തലസ്ഥാനമായ കാഠ്മണ്ഡുവിൽ പ്രതിഷേധക്കാർ സൈന്യത്തിന് നേർക്ക് കല്ലേറിഞ്ഞു. പ്രക്ഷോഭകരെ പിന്തിരിപ്പിക്കാൻ സൈന്യം കണ്ണീർ വാതകം പ്രയോഗിക്കുകയും വെടിയുതിർക്കുകയും ചെയ്തു. ഭരണകക്ഷിയായ നേപ്പാളി കോൺഗ്രസ് പാർട്ടിയുടെ ആസ്ഥാനമന്ദിരത്തിനും സമരക്കാർ തീയിട്ടു.
Also Read:ജെൻ സി പ്രക്ഷോഭം; നേപ്പാൾ ആഭ്യന്തര മന്ത്രി രാജിവെച്ചു
അതേസമയം, കലാപം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി കെപി ശർമ്മ ഒലി സർവ്വകക്ഷി യോഗം വിളിച്ചുചേർത്തു. ചൊവ്വാഴ്ച വൈകിട്ട് ആറിന് കാഠ്മണ്ഡുവിലാണ് സർവ്വകക്ഷി യോഗം. നിലവിൽ നേപ്പാളിലെ എല്ലാ നഗരങ്ങളിലും നിരോധനജ്ഞാന തുടരുകയാണ്.
നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഓലി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്സാപ്പ് അടക്കമുള്ള 26 സമൂഹമാധ്യമങ്ങൾ നിരോധിച്ചുകൊണ്ട് ഉത്തരവിട്ടതിനെ തുടർന്നാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. രാജ്യത്ത് പുതിയ നിയമപ്രകാരം സമൂഹമാധ്യമങ്ങൾ രജിസ്റ്റർ ചെയ്യാത്തതിനാലാണ് നിരോധനമെന്ന് സർക്കാർ വാദം. സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ ഇല്ലാതാക്കാനാണ് നിരോധനമെന്നാണ് പ്രക്ഷോഭം നടത്തുന്നവരുടെ വാദം.
തിങ്കളാഴ്ച പ്രതിഷേധക്കാർക്ക് നേരെ സൈന്യം നടത്തിയ വെടിവെയ്പ്പിൽ 19 പേർ കൊല്ലപ്പെട്ടിരുന്നു. 300ഓളം പേർക്ക് പരിക്കേറ്റിരുന്നു. ഇതേതുടർന്നാണ് പ്രതിഷേധം രാജ്യവ്യാപകമായി പടർന്നത്.
ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം
നേപ്പാളിലെ കലാപങ്ങളുടെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം. സ്ഥിതിഗതികൾ സൂഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും നേപ്പാളിലുള്ള ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നേപ്പാൾ സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നേപ്പാളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ ഇന്ത്യ സുരക്ഷ കർശനമാക്കി.
Read More: യുവത തെരുവിൽ; നേപ്പാളിൽ ആളിപ്പടർന്ന് ജെൻ സി സമരം; 19 മരണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.