/indian-express-malayalam/media/media_files/2025/09/09/nepal-prime-minister-kp-sharma-oli-2025-09-09-14-30-29.jpg)
ചിത്രം: എക്സ്
Nepal Social Media Ban Gen-Z Protest News Updates:കാഠ്മണ്ഡു: സാമൂഹിക മാധ്യമങ്ങൾ നിരോധിച്ചതിന് പിന്നാലെ നേപ്പാളിൽ ആരംഭിച്ച ജെൻസി പ്രക്ഷോഭം തുടർച്ചയായ രണ്ടാം ദിവസവും അക്രമാസക്തമായ സാഹചര്യത്തിൽ, പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി രാജിവച്ചു. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധമായിരുന്നു രാജ്യത്ത് അരങ്ങേറിയത്. ഇതിനു പിന്നാലെ ഏർപ്പെടുത്തിയ സാമൂഹിക മാധ്യമ നിരോധനവും ജനരോക്ഷം ആളിക്കത്തിച്ചു.
അഴിമതിക്കെതിരായ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്നും പ്രധാനമന്ത്രി രാജിവെക്കും വരെ പിന്മാറില്ലെന്നും പ്രതിഷേധക്കാർ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെയും പ്രസിഡന്റ് രാം ചന്ദ്ര പൗഡലിന്റെയും വസതികളടക്കം പ്രക്ഷോഭകർ തീവെച്ചിട്ടുണ്ട്. നിരവധി വാഹനങ്ങൾ നശിപ്പിച്ചു. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി രമേശ് ലേഗഖും രാജിവെച്ചിരുന്നു.
അതേസമയം, കാഠ്മണ്ഡു ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ (ടിഐഎ) എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്തു. കോട്ടേശ്വറിന് സമീപം പുക ഉയർന്നതിനെത്തുടർന്ന് ഉച്ചയ്ക്ക് 12:45 ഓടെ അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവച്ചതായി വിമാനത്താവള അധികൃതർ അറിയിച്ചു. രാജിവച്ച പ്രധാനമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർ രാജ്യം വിടാൻ പദ്ധതിയിടുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ത്രിഭുവൻ വിമാനത്താവളവും അടച്ചുപൂട്ടിയത്.
Also Read: കലാപമായി മാറി നേപ്പാളിലെ പ്രക്ഷോഭം; മന്ത്രിമാരുടെ വീടുകൾക്ക് തീയിട്ടു
നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഓലി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്സാപ്പ് അടക്കമുള്ള 26 സമൂഹമാധ്യമങ്ങൾ നിരോധിച്ചുകൊണ്ട് ഉത്തരവിട്ടതിനെ തുടർന്നാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. രാജ്യത്ത് പുതിയ നിയമപ്രകാരം സമൂഹമാധ്യമങ്ങൾ രജിസ്റ്റർ ചെയ്യാത്തതിനാലാണ് നിരോധനമെന്ന് സർക്കാർ വാദം. സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ ഇല്ലാതാക്കാനാണ് നിരോധനമെന്നാണ് പ്രക്ഷോഭം നടത്തുന്നവരുടെ വാദം.
Also Read:ജെൻസി പ്രക്ഷോഭം; നേപ്പാളിലുള്ള ഇന്ത്യക്കാർ ജാഗ്രത പാലിക്കണം: വിദേശകാര്യ മന്ത്രാലയം
തിങ്കളാഴ്ച പ്രതിഷേധക്കാർക്ക് നേരെ സൈന്യം നടത്തിയ വെടിവെയ്പ്പിൽ 19 പേർ കൊല്ലപ്പെട്ടിരുന്നു. 300ഓളം പേർക്ക് പരിക്കേറ്റിരുന്നു. ഇതേതുടർന്നാണ് പ്രതിഷേധം രാജ്യവ്യാപകമായി പടർന്നത്. മുൻ പ്രധാനമന്ത്രിമാരായ പ്രചണ്ഡ ( പുഷ്പ കമൽ ദഹൽ), ഷേർ ബഹാദൂർ ദൂബെ, ഊർജ്ജ മന്ത്രി ദീപക് ഖാഡ്ക എന്നിവരുടെ വസതികളും പ്രക്ഷോഭകർ ആക്രമിച്ച് നശിപ്പിച്ചു. പ്രധാനമന്ത്രി ശർമ്മ ഒലിയുടെ വസതിക്ക് സമീപം സൈന്യം നടത്തിയ വെടിവെപ്പിൽ രണ്ട് പ്രക്ഷോഭകർക്ക് വെടിയേറ്റു. പ്രക്ഷോഭത്തെത്തുടർന്ന് കഴിഞ്ഞദിവസം രാജിവെച്ച ആഭ്യന്തരമന്ത്രി രമേശ് ലേഖകിന്റെ വസതിയും പ്രക്ഷോഭകർ തീയിട്ടു.
Also Read:ജെൻസി പ്രക്ഷോഭം; നേപ്പാളിൽ സമൂഹമാധ്യമങ്ങൾക്കുള്ള നിരോധനം നീക്കി
രാജ്യത്തെ മറ്റു മുതിർന്ന രാഷ്ട്രീയ നേതാക്കളുടെ വീടിനു നേർക്കും ആക്രമണം ഉണ്ടായിട്ടുണ്ട്. തലസ്ഥാനമായ കാഠ്മണ്ഡുവിൽ പ്രതിഷേധക്കാർ സൈന്യത്തിന് നേർക്ക് കല്ലേറിഞ്ഞു. പ്രക്ഷോഭകരെ പിന്തിരിപ്പിക്കാൻ സൈന്യം കണ്ണീർ വാതകം പ്രയോഗിക്കുകയും വെടിയുതിർക്കുകയും ചെയ്തു. ഭരണകക്ഷിയായ നേപ്പാളി കോൺഗ്രസ് പാർട്ടിയുടെ ആസ്ഥാനമന്ദിരത്തിനും സമരക്കാർ തീയിട്ടു.
Read More:ജെൻ സി പ്രക്ഷോഭം; നേപ്പാൾ ആഭ്യന്തര മന്ത്രി രാജിവെച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.