/indian-express-malayalam/media/media_files/uploads/2019/08/Sana.jpg)
ശ്രീനഗര്‍: കശ്മീരികളെ മൃഗങ്ങളെപ്പോലെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് മെഹ്ബൂബ മുഫ്തിയുടെ മകള്‍. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് എഴുതിയ കത്തിലാണ് മുഫ്തിയുടെ മകള്‍ സന ഇല്‍തിജ ജാവേദ് കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
വീണ്ടും ശബ്ദമുയര്‍ത്തിയാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്നും സന കത്തില്‍ പറയുന്നു. മെഹ്ബൂബ മുഫ്തിയും ഒമര്‍ അബ്ദുള്ളയും അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ അഭിമുഖങ്ങളിലൂടെ സന കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് തൊട്ട് മുന്‍പത്തെ ദിവസമായിരുന്നു ഇരുവരും കസ്റ്റഡിയിലാകുന്നത്.
Read More: കോണ്‍ഗ്രസിന് 70 വര്‍ഷം കൊണ്ട് ചെയ്യാന്‍ സാധിക്കാത്തത് മോദി 75 ദിവസം കൊണ്ട് ചെയ്തു: അമിത് ഷാ
''ഇന്ന് രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ കശ്മീരികളെ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിച്ച് മൃഗങ്ങളെ പോലെ വീടുകളില്‍ അടച്ചിട്ടിരിക്കുകയാണ്'' അമിത് ഷായ്ക്കുള്ള കത്തില്‍ സന പറയുന്നു. എന്നാല്‍ കത്ത് പോസ്റ്റ് ചെയ്തിട്ടില്ല. ''കത്ത് പോസ്റ്റ് ചെയ്യാന്‍ പറ്റാത്തതില്‍ ക്ഷമ ചോദിക്കുന്നു. പക്ഷെ നിങ്ങള്‍ക്ക് അറിയുന്നത് പോലെ ജമ്മു കശ്മീരിലെ പോസ്റ്റ് ഓഫീസുകളൊക്കെ അടച്ചിട്ടിരിക്കുകയാണ്''.
''നിര്‍ഭാഗ്യവശാല്‍, നിങ്ങള്‍ മാത്രം അറിയുന്ന കാരണങ്ങളാല്‍ ഞാനും വീട്ടുതടങ്കലിലാണ്. ഞങ്ങളോട് ഒന്നും പറയുന്നില്ല. വീടിന് പുറത്തേക്ക് കാലെടുത്ത് വയ്ക്കാന്‍ പോലും അനുമതിയില്ല. ഞാനൊരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ആളല്ല, നിയമങ്ങള്‍ പാലിച്ചിട്ടുള്ള പൗരയാണ്'' കത്തിൽ പറയുന്നു. ശബ്ദര രേഖയോടെ കത്ത് മാധ്യമങ്ങള്‍ക്ക് കൈമാറുകയായിരുന്നു സന.
Also Read: ജമ്മു കശ്മീർ: യുഎൻ രക്ഷാസമിതിയിൽ ഇന്ന് അനൗദ്യോഗിക ചര്‍ച്ച
''ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൗരന്മാര്‍ക്ക് തങ്ങള്‍ക്കെതിരായ അടിച്ചമര്‍ത്തലിനെതിരെ ശബ്ദമുയര്‍ത്താനുള്ള അവകാശമില്ലേ? സത്യം പറഞ്ഞതിന്റെ പേരിലൊരു ക്രിമിനലിനെ പോലെയാണ് എന്നോട് പെരുമാറുന്നത്'' സന കത്തില്‍ പറയുന്നു. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്ന് അറിയണമെന്ന് സന ആവശ്യപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.