ന്യൂഡൽഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയിൽ ഐക്യരാഷ്ട്രസഭ രക്ഷാസമിതി ഇന്ന് അനൗദ്യോഗിക ചര്ച്ച നടത്തും. ഇന്ത്യൻ സമയം വൈകിട്ട് ഏഴരയ്ക്കാണ് ചർച്ച ആരംഭിക്കുക.
ഈ മാസം യുഎൻഎസ്സി പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന പോളണ്ടിനെ ചൈന സമീപിച്ചതിനെത്തുടർന്നാണ് തീരുമാനം. ജമ്മു കശ്മീരിന് പ്രത്യേക പദവി റദ്ദാക്കാനും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുമുള്ള ഇന്ത്യയുടെ നീക്കത്തെക്കുറിച്ചുള്ള പാകിസ്ഥാന്റെ കത്ത് ചർച്ചചെയ്യാനാണ് തീരുമാനം.
ചർച്ചയ്ക്കായി പ്രേരിപ്പിച്ച ഏക സ്ഥിരാംഗം ചൈനയായതിനാൽ, കേന്ദ്രം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കും. 15 യുഎൻഎസ്സി അംഗങ്ങൾ ഈ വിഷയത്തിൽ എങ്ങനെ മുന്നോട്ടുപോകുന്നുവെന്നും, അഞ്ച് സ്ഥിരാംഗങ്ങൾ കശ്മീരിലെ നിയന്ത്രണങ്ങളെക്കുറിച്ചോ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചോ പരാമർശിക്കുന്ന എന്തെങ്കിലും പ്രസ്താവനകൾ പുറപ്പെടുവിച്ചിട്ടുണ്ടോ എന്നും ഇന്ത്യ നിരീക്ഷിക്കും.
നാല് പതിറ്റാണ്ടിന് ശേഷം ജമ്മു കശ്മീർ ചർച്ച ചെയ്യാൻ യുഎൻഎസ്സിയെ പ്രേരിപ്പിച്ചതിൽ പാകിസ്ഥാൻ സന്തുഷ്ടരായിരിക്കും. ഈ ചർച്ച എന്തെങ്കിലും ഫലം കണ്ടാലും ഇല്ലെങ്കിലും ഇത് ഒരു വലിയ നയതന്ത്ര വിജയമായി പാകിസ്ഥാൻ ചിത്രീകരിക്കും.
എന്നിരുന്നാലും, പാക്കിസ്ഥാന്റെ വിഷയം മുന്നോട്ട് കൊണ്ടുപോകാനുള്ള ചൈനയുടെ നീക്കത്തെ ശേഷിക്കുന്ന സ്ഥിരം അംഗങ്ങളിൽ ആരും ഇതുവരെ ശക്തമായി പിന്തുണച്ചിട്ടില്ല. വാരാന്ത്യത്തിൽ, ജമ്മു കശ്മീർ സംബന്ധിച്ച കേന്ദ്രത്തിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്ന അഞ്ചുപേരിൽ ആദ്യത്തെയാൾ റഷ്യയാണ്.
യുഎസ് ഡെപ്യൂട്ടി സെക്രട്ടറി ജോൺ സള്ളിവൻ ദില്ലിയിലെത്തി വെള്ളിയാഴ്ച ഇന്ത്യൻ ഉദ്യോഗസ്ഥരെ കാണുമെന്ന് പ്രതീക്ഷിക്കുന്ന ദിവസം തന്നെയാണ് യുഎൻഎസ്സിയുടെ തീരുമാനംവും പുറത്തുവരുന്നത്.
അടച്ചിട്ട മുറിയിലാണ് അനൗദ്യോഗിക ചർച്ച നടക്കുക. കശ്മീർ വിഷയം രക്ഷാസമിതി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആഗസ്റ്റ് 14-ന് സമിതിക്ക് ചൈന കത്തയച്ചിരുന്നു. ഇതേത്തുടർന്നാണ് രഹസ്യ സ്വഭാവമുള്ള അടിയന്തര യോഗം ചേരുന്നത്.
അതേസമയം, ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ 370, 35 എ വകുപ്പുകൾ എടുത്ത് കളഞ്ഞ വിജ്ഞാപനത്തിനും മാധ്യമ നിയന്ത്രണത്തിനും എതിരായ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹർജികൾ പരിഗണിക്കുക.
രാഷ്ട്രപതിയുടെ വിജ്ഞാപനത്തിലൂടെ പ്രത്യേക പദവി റദ്ദാക്കിയത് ഭരണ ഘടനാ വിരുദ്ധമാണെന്നാണ് ഹർജിയിലെ വാദം. മാധ്യമപ്രവർത്തനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ചോദ്യം ചെയ്ത് കശ്മീർ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റർ അനുരാധാ ബാസിനാണ് കോടതിയെ സമീപിച്ചത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook